by liji HP News | Apr 5, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിനെ അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചെന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകൾ പൂർണമായി നശിപ്പിച്ചതായി കണ്ടെത്തി. 12 വ്യത്യസ്ത നമ്പരിലേക്കുള്ള വാട്ട്സ് ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിർണായക കണ്ടെത്തൽ. നടി കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളാണിവർ. ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകൾ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകൾ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുമ്പാണ് തെളിവായേക്കുമെന്ന് കരുതുന്ന സന്ദേശങ്ങൾ നശിപ്പിക്കപ്പെട്ടത്. നശിപ്പിച്ച ചാറ്റുകൾ വീണ്ടെടുക്കാൻ ഫൊറൻസിക് സയൻസ് ലാബിന്റെ സഹായം ക്രൈം ബ്രാഞ്ച് തേടിയിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം.
മൊബൈൽ ഫോണുകളിലെ തെളിവുകൾ മുംബൈയിലെ ലാബിൽ വെച്ച് നശിപ്പിച്ചതിന്റെ മിറർ കോപ്പി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ലാബിൽ നടത്തിയ പരിശോധനയിലാണ് നിർണായക രേഖകൾ കണ്ടെടുത്തത്. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡിൽ നിന്നും ഫോണിലെ വിവരങ്ങൾ മറ്റൊരു ഹാർഡ് ഡിസ്കിലേക്ക് പകർത്തി. ഒരോ ഫയലും പരിശോധിച്ച് തെളിവുകൾ നശിപ്പിക്കുകയായിരുന്നു. ലാബ് സ്വന്തം നിലയിൽ തയ്യാറാക്കിയ ഫോണുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടും പൊലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്ന് കൊറിയർ വഴിയാണ് ലാബിലേക്ക് ഫോണുകൾ അയച്ചത്. ഇതിന്റെ രസീതും ലാബിൽ നിന്ന് കിട്ടി.
ദിലീപിൻറെ അഭിഭാഷകർക്ക് മുംബെയിലെ ലാബുമായി പരിചയപ്പെടുത്തിയത് മുംബൈയിൽ താമസിക്കുന്ന മലയാളി വിൻസെൻറ് ചൊവ്വല്ലുരാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. മുൻ ആദായ നികുതി അസിസ്റ്റൻറ് കമ്മീഷണറായ വിൻസെൻറ് സിബിഐ കുറ്റപത്രം നൽകിയ അഴിമതി കേസിലെ പ്രതിയാണ്. തൻറെയും ദിലീപിൻറെയും അഭിഭാഷകൻ ഒരേ ആളാണെന്നും അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരമാണ് സഹായം നൽകിയതെന്നും വിൻസെൻറ് പറഞ്ഞു. നടി ആക്രമണത്തിനിരയാകുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ കാണാൻ ദിലീപിന്റെ അഭിഭാഷകരെ കോടതി അനുവദിച്ചതിന് പിന്നാലെയാണ് ലാബ് അധികൃതരുടെ ഉപദേശം ആദ്യം തേടിയതെന്നും വിൻസെൻറ് പറഞ്ഞു. ദിലീപിന്റെ അഭിഭാഷകർക്കൊപ്പം ഫോണുകൾ വാങ്ങാൻ താനും മുംബെയിലെ ലാബിൽ പോയിരുന്നുവെന്നും വിൻസെൻറ് സമ്മതിച്ചു.

by Midhun HP News | Apr 4, 2022 | Accidents, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഐടിഐക്കുമുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോക്കു പിന്നിൽ ബൈക്കിടിച്ച് അപടമുണ്ടായി. ഡിവൈഡറിന്റെ അടുത്ത് ഇൻഡിക്കേറ്റർ ഇട്ട് തിരിയാൻ വേണ്ടി നിർത്തിയിരുന്ന ഓട്ടോക്ക് പിന്നിലായിരുന്നു ബൈക്ക് വന്നിടിച്ചത്. തുടർന്ന് പുറകെ വന്ന മറ്റു മൂന്ന് ബൈക്കുകൾ ആദ്യം ഇടിച്ച ബൈക്കിനു പുറകിലായി ഇടിച്ചു. അവയിൽ ഒരു ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയും ചെയ്തു. ആദ്യം ഓട്ടോയിൽ വന്നിടിച്ച ഡോമിനോർ ബൈക്ക് അതിവേഗത്തിലായിരുന്നു എന്ന് ഓട്ടോക്കാരൻ പറഞ്ഞു. ഓട്ടോക്കുള്ളിൽ യാത്രികർ ആരും തന്നെ ഉണ്ടായിരുന്നില്ല. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്, എന്നാൽ ആളപായമില്ല.

by liji HP News | Apr 4, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം ആഘോഷിക്കാൻ ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല.
വിവിധ വകുപ്പുകൾ പൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കലക്ടർക്ക് റിപ്പോർട്ട് ചെയ്യണം. തുടർന്ന് ഏപ്രിൽ പകുതിയോടെ മന്ത്രിതല യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ മന്ത്രി കെ.രാജൻ, പി.ബാലചന്ദ്രൻ എംഎൽഎ, തൃശൂർ മേയർ എം.കെ.വർഗീസ്, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, ദേവസ്വം പ്രിൻസിപ്പൽ സെകട്ടറി കെ.ആർ. ജ്യോതിലാൽ, തൃശൂർ ഡിഐജി എ.അക്ബർ, കലക്ടർ ഹരിത വി. കുമാർ , തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ.ആദിത്യ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ, കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ, പൊലീസ്, ഫയർഫോഴ്സ്, റവന്യൂ ഉദ്യാഗസ്ഥരും പങ്കെടുത്തു.

by Midhun HP News | Apr 4, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു ഗ്രാമിന് 4,780 രൂപയും പവന് 38,240 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും കുറഞ്ഞ വിലയാണിത്.
ഗ്രാമിന് 4,795 രൂപയിലും പവന് 38,360 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്. ഏപ്രിൽ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,810 രൂപയും പവന് 38,480 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. രാജ്യാന്തര വിപണിയിൽ ബോണ്ട് വരുമാനത്തിലെ പുതിയ ക്രമങ്ങൾ മാന്ദ്യ ലക്ഷണമായി കണക്കാക്കപ്പെടുന്നത് സ്വർണത്തിന് തികച്ചും അനുകൂലമാണ്. 1900 ഡോളറിലാണ് സ്വർണത്തിന്റെ പ്രധാന പിന്തുണ.

by liji HP News | Apr 4, 2022 | Latest News, ജില്ലാ വാർത്ത, മരണം
കോഴിക്കോട്: കുറ്റ്യാടിയില്‍ വിവാഹ ഫോട്ടോഷൂട്ടിനെത്തിയ നവവരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലേരി സ്വദേശി രജിൻലാൽ (28) ആണ് മരിച്ചത്. ഭാര്യയെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.
കുറ്റ്യാടി പുഴയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഒരാഴ്ച മുമ്പാണ് റജിലിന്റെ വിവാഹം കഴിഞ്ഞത്. ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്നു ദമ്പതിമാര്‍. കാല്‍വഴുതി പുഴയില്‍ വീണെന്നാണ് വിവരം.

by Midhun HP News | Apr 4, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിന് 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി നടത്തിയ ‘ഓപ്പറേഷന്‍ പി-ഹണ്ടി’ലാണ് ഐ.ടി. വിദഗ്ധര്‍ അടക്കമുള്ളവരെ പോലീസ് പിടികൂടിയത്.
ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസിന്റെ റെയ്ഡ് ആരംഭിച്ചത്. വിവിധയിടങ്ങളിലായി ആകെ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവയടക്കം 267 ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു.
അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളാണ് പ്രതികള്‍ പ്രചരിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇതില്‍ മിക്കതും പ്രാദേശികമായി ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു. പിടിയിലായവരില്‍ ചിലര്‍ക്ക് കുട്ടിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Recent Comments