തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ

തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ

കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ 10.01.2026 തീയതി രാത്രി 7.00 മണി മുതൽ 11.30 മണി വരെയും 11.01.2026 തീയതി രാവിലെ 07.00 മണി മുതൽ വെെകുന്നേരം 06.00 മണി വരെയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.

10.01.2026 തീയതി രാത്രി 7.00 മണി മുതൽ 11.30 മണി വരെ ഡൊമസ്റ്റിക് എയർപോർട്ട് ശംഖുംമുഖം ആൾസെയിന്റ്സ്-ചാക്ക പേട്ട പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- പഞ്ചാപുര-ബേക്കറി ഫ്ലെെഓവർ-പനവിള-കലാഭവൻമണി റോഡ്- വിമൻസ് കോളേജ് -ഗസ്റ്റ് ഹൌസ് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

11.01.2026 തീയ്യതി രാവിലെ 07.00 മണി മുതൽ വെെകുന്നേരം 06.00 മണി വരെ വിമൻസ് കോളേജ് -തെെയ്ക്കാട്-തമ്പാനൂർ ഫ്ലൈഓവർ-ചൂരക്കാട്ടുപാളയം -പവർഹൌസ് റോഡ്-തകരപ്പറമ്പ് ഫ്ലൈ ഓവർ -ശ്രീകണ്ഠേശ്വരം പാർക്ക് – എസ് പി ഫോർട്ട്- മിത്രാനന്ദപുരം -വാഴപ്പളളി റോഡിലും, -അരിസ്റ്റോ ജംഗ്ക്ഷൻ -മാരാർജി ഭവൻ റോഡിലും, നോർക്കാ ജംഗ്ക്ഷൻ-സംഗീതകോളേജ് റോഡിലും വിമൻസ് കോളേജ് -വഴുതയ്ക്കാട്-പി എച്ച് ക്യൂ-ആൽത്തറ ജംഗ്ക്ഷൻ -വെളളയമ്പലം – ടി ടി സി – ഗോൾഫ് ലിങ്ക്സ്-ഉദയപാലസ് റോഡിലും, തമ്പാനൂർ ഫ്ലൈ ഓവർ -പൊന്നറ പാർക്ക്- അരിസ്റ്റോ ജംഗ്ക്ഷൻ- മോഡൽ സ്കൂൾ ജംഗ്ക്ഷൻ – പനവിള- ബേക്കറി ഫ്ലെെഓവർ-പഞ്ചാപുര-ആശാൻ സ്ക്വയർ- ജനറൽ ആശുപത്രി- പാറ്റൂർ-പള്ളിമുക്ക്-പേട്ട-ചാക്ക –ആൾസെയിന്റ്സ്-ശംഖുംമുഖം-ഡൊമസ്റ്റിക് എയർപോർട്ട് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതും അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.

വിമാനത്താവളത്തിലേക്കും, റെയിൽവെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്.

തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055,എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെടാവുന്നതാണ്.

പ്ലാസ്റ്റിക് ക്യാനിൽ തല അകപ്പെട്ട നായയെ രക്ഷിച്ചു

പ്ലാസ്റ്റിക് ക്യാനിൽ തല അകപ്പെട്ട നായയെ രക്ഷിച്ചു

ആറ്റിങ്ങൽ റ്റി.ബി ജംഗ്ഷന് സമീപം ക്ലബ്റോഡിൽ തെരുവ് നായയുടെ തല വാട്ടർപ്യൂരിഫയറിൻ്റെ ക്യാനിൽ അകപ്പെട്ടു. നാട്ടുകാർ അറിയച്ചതിനെ തുടർന്ന് ആറ്റിങ്ങൽ അഗ്നിശമനാരക്ഷാസേന ഗ്രേഡ്അസ്സി. സ്റ്റേഷൻഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സതീശൻ, വൈശാഖൻ, ഫയർഓഫീസർ ഡ്രൈവർ പ്രശാന്ത്, വിജയ് എന്നിവർ സ്ഥലത്തെത്തി റോപ്പ്, ഷിയേഴ്സ് ഹാഡ്സ എന്നിവ ഉപയോഗിച്ച് പ്ലാസ്റ്റിക് ക്യാൻ മുറിച്ച് മാറ്റി നായയെ രക്ഷിച്ചു.

ആസ്മയ്ക്ക് ആയുര്‍വേദ മരുന്നുണ്ടെന്ന് പ്രചാരണം; ഡോക്ടര്‍ക്ക് 50,000 രൂപ പിഴ

ആസ്മയ്ക്ക് ആയുര്‍വേദ മരുന്നുണ്ടെന്ന് പ്രചാരണം; ഡോക്ടര്‍ക്ക് 50,000 രൂപ പിഴ

തിരുവനന്തപുരം: ആസ്മയ്ക്ക് ആയുര്‍വേദ തുള്ളി മരുന്ന് ചികിത്സയുണ്ടെന്ന് പറഞ്ഞ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ പത്തനംതിട്ട എന്‍പി ആയുര്‍വേദ ആശുപത്രിയിലെ ഡോ. കെ സി സിദ്ധാര്‍ഥന് സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ 50,000 രൂപ പിഴയിട്ടു.

ആസ്മയ്ക്ക് കേരളത്തില്‍ 25 കേന്ദ്രങ്ങളില്‍ ചികിത്സ ലഭ്യമാണെന്നും പ്രഹേം, തൈറോയിഡ്, കാന്‍സര്‍, ആസ്മ, ബ്രെയിന്‍ ട്യൂമര്‍, ലിവര്‍ സിറോസിസ്, രക്തസമ്മര്‍ദം, അലര്‍ജി രോഗങ്ങള്‍, വെരിക്കോസ് തുടങ്ങിയ രോഗങ്ങള്‍ക്കും ചികിത്സയുണ്ടെന്നും സിദ്ധര്‍ഥന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. കേരള സാഹതിത്യ പരിഷത്തിന്റെ പൊതുജനാരോഗ്യ കൂട്ടായ്മയായ കാപ്‌സ്യൂള്‍ കേരള നല്‍കിയ പരാതിയിലാണ് നടപടി.

താഴമണ്‍ മഠം ശബരിമല തന്ത്രി സ്ഥാനത്ത് എത്തിയത് എപ്പോള്‍?; പരശുരാമ കഥ യാഥാര്‍ഥ്യമോ?

താഴമണ്‍ മഠം ശബരിമല തന്ത്രി സ്ഥാനത്ത് എത്തിയത് എപ്പോള്‍?; പരശുരാമ കഥ യാഥാര്‍ഥ്യമോ?

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കണ്ഠരര് രാജീവരുടെ അറസ്റ്റ് ചെങ്ങന്നൂരിലെ താഴമണ്‍ കുടുംബത്തിന് തിരിച്ചടിയായിരിക്കുകയാണ്. ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനുള്ള പരമ്പരാഗത അവകാശം താഴമണ്‍ കുടുംബത്തിനാണ്. ശബരിമലയിലെ താന്ത്രികാവകാശം നിലവില്‍ താഴമണ്‍ പരമ്പരയിലെ രണ്ട് കുടുംബങ്ങള്‍ക്കാണ്. രാജീവരുടെ കുടുംബവും മോഹനരുടെ കുടുംബവുമാണിവ.ഈ രണ്ടു കുടുംബവും ഒരു വര്‍ഷം വീതം താന്ത്രിക പദവിയില്‍ എത്തുകയാണ് ചെയ്യുന്നത്.

ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഭക്തര്‍ തന്ത്രിയെ അയ്യപ്പന്റെ പ്രതിനിധിയായി ആരാധിക്കുകയും പൂജകള്‍ക്കും ബിസിനസ് അഭിവൃദ്ധിക്കും വേണ്ടി അദ്ദേഹത്തിന്റെ അനുഗ്രഹവും ഉപദേശവും തേടുകയും ചെയ്യുന്നു. ബംഗളൂരുവിലെ ജലഹള്ളിയിലെ അയ്യപ്പ ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളിലെ പ്രധാന പുരോഹിതനായി കണ്ഠരര് രാജീവര് സേവനമനുഷ്ഠിക്കുന്നുണ്ട്. എല്ലാ വര്‍ഷവും രാജീവര് ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും പൂജകള്‍ നടത്തുകയും ചെയ്യുന്നു.

വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്‍ കേരളത്തിലേക്ക് കൊണ്ടുവന്ന ആന്ധ്രയില്‍ നിന്നുള്ള ബ്രാഹ്മണരാണ് തങ്ങള്‍ എന്നാണ് താഴമണ്‍ കുടുംബത്തിന്റെ അവകാശവാദം. 1902ല്‍ ശബരിമല ക്ഷേത്രത്തില്‍ ഉണ്ടായ ആദ്യത്തെ തീപിടുത്തത്തിന് ശേഷം തന്ത്രിയുടെ പാരമ്പര്യ അവകാശം താഴമണ്‍ കുടുംബത്തിന് നല്‍കിയതായി ചരിത്രകാരന്മാര്‍ പറയുന്നു. അതിനു മുന്‍പ് പുതുമന കുടുംബവും കുഴിക്കാട്ടില്ലവുമാണ് ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. 1951ല്‍ രണ്ടാം തീപിടിത്തത്തിന് ശേഷം ശബരിമലയില്‍ നിലവിലുള്ള പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചത് കണ്ഠരരു ശങ്കരരാണ്. അതിനുശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ പരമേശ്വരരുവാണ് ആചാരങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. അടുത്ത തലമുറയില്‍ കണ്ഠരരു നീലകണ്ഠരരു, മഹേശ്വരരു, കൃഷ്ണരരു എന്നിവര്‍ തന്ത്രി സ്ഥാനത്തേയ്ക്ക് വന്നു.

2006ല്‍ ബ്ലാക്ക് മെയിലിങ് കേസില്‍ കണ്ഠരരു മോഹനരു ഇരയാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം താഴമണ്‍ കുടുംബത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തി. ഒരു വേലക്കാരനെ അന്വേഷിച്ചുകൊണ്ടിരുന്ന തന്ത്രിയെ കബളിപ്പിച്ച് ശോഭ ജോണിന്റെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയി, ബലംപ്രയോഗിച്ച് ഒരു സ്ത്രീയ്‌ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് വലിയൊരു തുക ആവശ്യപ്പെട്ടു എന്നതാണ് ബ്ലാക്ക് മെയിലിങ് കേസ്. 2012ല്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പ്രതികളെ കുറ്റക്കാരെന്ന് വിധിച്ചു. പിന്നീട് ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്‍ മോഹനരുവിന് പൂജകള്‍ നടത്താനുള്ള അടിസ്ഥാന സംസ്‌കൃത പരിജ്ഞാനമില്ലെന്ന് കണ്ടെത്തി. തര്‍ക്കത്തെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അദ്ദേഹത്തിന്റെ താന്ത്രികാവകാശം റദ്ദാക്കി.

ആറ്റിങ്ങൽ നഗരസഭയുടെ പുതിയ ചെയർമാൻ എം. പ്രദീപിന് ആദരവ് നൽകി

ആറ്റിങ്ങൽ നഗരസഭയുടെ പുതിയ ചെയർമാൻ എം. പ്രദീപിന് ആദരവ് നൽകി

കലാ സാംസ്കാരിക രംഗത്തെ എക്കാലവും പ്രോത്സാഹിപ്പിച്ചിട്ടുള്ള ആറ്റിങ്ങൽ നഗരസഭയുടെ പുതിയ ചെയർമാൻ എം. പ്രദീപിനെ, ആറ്റിങ്ങലിലെ കലാ സാംസ്കാരിക പ്രവർത്തകരുടെ പ്രതിനിധികൾ ആദരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. കലാ സാംസ്കാരിക രംഗത്തിന്റെ ഉന്നമനത്തിനായുള്ള നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം നൽകുകയും ചെയ്തു.

ഓണക്കാലത്ത്‌, കൂടുതൽ മികച്ച സമിതികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ശ്രദ്ധേയമായ നാടകോത്സവം സംഘടിപ്പിക്കുക, ചിത്ര രചന ക്യാമ്പുകൾ സംഘടിപ്പിക്കുക, കേരളോത്സവ മത്സരങ്ങളിലെ കഥ, കവിത, ഉപന്യാസ വിഭാഗങ്ങളിലെ ശ്രദ്ധേയങ്ങളായ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മാഗസീൻ തയ്യാറാക്കുക, ടൗൺ ഹാൾ പ്രവർത്തനം ആരംഭിക്കുമ്പോൾ അംഗീകൃത കലാ സംഘടനകൾക്ക് സൗജന്യ നിരക്കിൽ കലാ പരിപാടികൾ അവതരിപ്പിക്കുവാൻ അവസരം നൽകുക തുടങ്ങിയ വിഷയങ്ങളിൽ ഗൗരവതരമായ ചർച്ചകളിലൂടെ ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്ന് ചെയർമാൻ ഉറപ്പ് നൽകി.

കലാകാരന്മാരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരളാ സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും നാടക സംവിധായകനും സീരിയൽ നടനുമായ അനിൽ ആറ്റിങ്ങൽ, ചിത്ര രചന കൂട്ടായ്മയായ ആർട്ട് 4 ന്റെ പ്രസിഡന്റ് രാധകൃഷ്ണൻ നായർ, മോഹന കുമാരൻ നായർ (വൈസ് പ്രസിഡന്റ് ആർട്ട് 4), ജയചന്ദ്രൻനായർ (സെക്രട്ടറി ആർട്ട് 4), ഉമേഷ്‌ അനുഗ്രഹ (നാടക നിർമ്മാതാവ്), ബർമ്മ ബഷീർ (നാടക ഷോർട് ഫിലിം അഭിനേതാവ്) കൊടുമൺ വിജയകുമാർ (നാടക ആസ്വാദകൻ) എന്നിവർ പങ്കെടുത്തു.

പ്രവാസി ഭാരതി ബാലപ്രതിഭ അവാർഡ് റാപ്പ് സിംഗർ ആദി സൂര്യയ്ക്ക്

പ്രവാസി ഭാരതി ബാലപ്രതിഭ അവാർഡ് റാപ്പ് സിംഗർ ആദി സൂര്യയ്ക്ക്

ആറ്റിങ്ങൽ: പ്രവാസി ഭാരതി ബാലപ്രതിഭ അവാർഡ് റാപ്പ് സിംഗർ ആദി സൂര്യയ്ക്ക്. 2026 ജനുവരി 9 ന്
പ്രവാസി ഭാരതി ബാലപ്രതിഭ അവാർഡ് തിരുവനന്തപുരം ഗാന്ധി പാർക്കിൽ 24-മത് പ്രവാസി ഭാരതീയ ദിനാഘോഷ (കേരള) ഉദ്ഘാടന സമ്മേളനത്തിൽ വച്ച് റാപ്പർ ആദി സൂര്യ, മുൻ മന്ത്രി ദിവാകരനിൽ നിന്നും ഏറ്റുവാങ്ങി. എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ്, പ്രൊഫ. പി ജെ കുര്യൻ (ഫോർമർ ഡെപ്യൂട്ടി ചെയർമാൻ, രാജ്യ സഭ), എൻ കെ പ്രേമചന്ദ്രൻ എം പി (ചീഫ് പാറ്റ്റൺ എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ), കലാഭവൻ മണി സേവനസമിതി ചെയർമാൻ അജിൽ മണിമുത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കൂടിയാണ് റാപ്പ് സിംഗർ ആദി സൂര്യ.