കിളിമാനൂരിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിലായി

കിളിമാനൂരിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിലായി

കിളിമാനൂരിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിലായി. ബയോളജി അധ്യാപകനായ എൻ. ശാലുവിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
എട്ടാം ക്ലാസ്സ്‌ വിദ്യാർഥിനിക്ക് മുന്നിൽ വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ചു എന്ന പരാതിയിലാണ്. അറസ്റ്റ്.പരീക്ഷയുടെ തലേന്ന് ഫോണിൽ വിളിച്ചാണ് നഗ്നത പ്രദർശിപ്പിച്ചത് പെൺകുട്ടിയോടും ഇയാൾ നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.

മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗൺസിലിംഗിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്. കുടുംബം സ്കൂളിൽ പരാതി നൽകിയെങ്കിലും അധികൃതർ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാണ് മാതാവിന്റെ ആരോപണം. തുടർന്ന് വിദ്യാഭ്യാസ മന്ത്രിക്കും സിഡബ്ല്യുസിക്കും പരാതി നൽകുകയയിരുന്നു. സിഡബ്ല്യുസി നിർദേശപ്രകാരം കിളിമാനൂർ പൊലീസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

അതേസമയം, സ്കൂൾ അധികൃതർ മകളെ മോശക്കാരിയാക്കാൻ ശ്രമിച്ചുവെന്നും സ്കൂളിലെ PTA പ്രസിഡന്റ്‌ കുട്ടിയുടെ പേരും ഐഡന്റിറ്റിയും വെളുപ്പെടുത്തിയെന്നും മാതാവ് ആരോപിച്ചു. സ്കൂളിനും പിടിഎ പ്രസിഡന്റിനുമെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

‘തര്‍ക്കം തീരട്ടെ’; വി കെ പ്രശാന്ത് ഓഫീസ് മാറുന്നു; വിവാദം ഒഴിവാക്കാനെന്ന് വിശദീകരണം

‘തര്‍ക്കം തീരട്ടെ’; വി കെ പ്രശാന്ത് ഓഫീസ് മാറുന്നു; വിവാദം ഒഴിവാക്കാനെന്ന് വിശദീകരണം

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുമായുള്ള ഓഫീസ് തര്‍ക്കത്തെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എയും സിപിഎം നേതാവുമായ വി കെ പ്രശാന്ത് ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയുന്നു. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തില്‍ നിന്ന് ഓഫീസ് മാറ്റാനാണ് വി കെ പ്രശാന്ത് തീരുമാനിച്ചത്. പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് മാര്‍ച്ച് വരെ കാലാവധിയുള്ളപ്പോഴാണ് ഓഫീസ് മാറാന്‍ പ്രശാന്ത് തീരുമാനിച്ചത്. തര്‍ക്കം അവസാനിക്കട്ടെയെന്നാണ് പ്രശാന്ത് പ്രതികരിച്ചത്.

മരുതുംകുഴിയിലേക്കാണ് എംഎല്‍എ ഓഫീസ് മാറ്റുന്നത്. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന്റെ സമീപത്തേക്കാണ് മാറുന്നത്. അനാവശ്യ വിവാദം ഒഴിവാക്കാനാണ് നടപടിയെന്ന് വി കെ പ്രശാന്ത് വ്യക്തമാക്കി.

എംഎല്‍എ ഓഫീസ് വി കെ പ്രശാന്ത് ഒഴിയണമെന്നാവശ്യപ്പെട്ട് ശാസ്തമംഗലം കൗണ്‍സിലര്‍ ശ്രീലേഖ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിക്കുന്നതിന് പ്രശാന്ത് ഓഫീസ് ഒഴിയണമെന്നായിരുന്നു ശ്രീലേഖ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടത്.

തൃശൂരില്‍ അമ്മയും കുഞ്ഞും മരിച്ചനിലയില്‍; അന്വേഷണം

തൃശൂരില്‍ അമ്മയും കുഞ്ഞും മരിച്ചനിലയില്‍; അന്വേഷണം

തൃശൂര്‍: തൃശൂരില്‍ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അടാട്ട് അമ്പലക്കാവിലാണ് സംഭവം. ശില്‍പ (30), അക്ഷയജിത്ത് (അഞ്ച്) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മോഹിത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പനിയായതിനാല്‍ രണ്ടുദിവസമായി മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. രാവിലെ ശില്‍പ വാതില്‍ തുറക്കാത്തതിനാല്‍ മോഹിത്തിന്റെ അമ്മ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരെത്തി ജനലിന്റെ ഗ്ളാസ് തകര്‍ത്ത് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും ജീവനൊടുക്കുന്നുവെന്ന് വെളിപ്പെടുത്തി ഫോണില്‍ റെക്കോര്‍ഡ് ചെയ്തു വച്ചിട്ടുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

സാമ്പത്തികമായി കുടുംബത്തിന് പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ശില്‍പ പിഎസ്സി പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നു. പേരാമംഗലം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

വർക്കലയിൽ ചന്ദനത്തടികളുമായി അഞ്ചുപേർ പിടിയിൽ; അറസ്റ്റിലായവരിൽ ഗുണ്ടാ ലിസ്റ്റിലെ പ്രതിയും

വർക്കലയിൽ ചന്ദനത്തടികളുമായി അഞ്ചുപേർ പിടിയിൽ; അറസ്റ്റിലായവരിൽ ഗുണ്ടാ ലിസ്റ്റിലെ പ്രതിയും

വർക്കലയിൽ ചന്ദനത്തടികളുമായി അഞ്ചുപേർ വനംവകുപ്പിന്റെ പിടിയിൽ. വർക്കലയിൽ നിന്ന് 66 കിലോ ചന്ദനത്തടികളുമായി കടന്നവരാണ് പിടിയിലായത്. അറസ്റ്റിലായവരിൽ ഗുണ്ടാ ലിസ്റ്റിലെ പ്രതിയും ഉണ്ട്. വർക്കല സ്വദേശി നിഷാദ് അയിരൂർ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ കരം, വർക്കല – ശിവഗിരി സ്വദേശി നസറുള്ള, ഇടവ സ്വദേശികളായ നൗഫൽ, ഹുസൈൻ എന്നിവരാണ് പിടിയിലായത്.

പിടിയിലായവരുടെ പ്രധാന ജോലി ചന്ദന മോഷണവും ചന്ദന കളളക്കടത്തുമാണെന്ന് പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒന്നാം പ്രതിയും പ്രധാന കണ്ണിയുമായ ‘പട്ടി നിഷാദ്’ എന്നറിയപ്പെടുന്ന വർക്കല സ്വദേശി നിഷാദ് അയിരൂർ, പരവൂർ, വർക്കല , കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ 15ൽ അധികം കേസുകളിലെ പ്രതിയാണ്. മോഷണം, ഭവനഭേദനം, ക്രിമിനൽ കേസ്, പിടിച്ച് പറി ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണിയാള്‍.

വക്കം ജിവിഎച്ച്എസ്എസ്സിൽ നൂറ്റി ഇരുപത്തിഅഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘രുചിമേളം’ ഫുഡ്‌ ഫെസ്റ്റ് നടന്നു

വക്കം ജിവിഎച്ച്എസ്എസ്സിൽ നൂറ്റി ഇരുപത്തിഅഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘രുചിമേളം’ ഫുഡ്‌ ഫെസ്റ്റ് നടന്നു

വക്കം ജി വി എച്ച് എസ് എസ്സിൽ നൂറ്റി ഇരുപത്തിഅഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രുചിമേളം ഫുഡ്‌ ഫെസ്റ്റ് നടന്നു. സ്കൂളിലെ മൊത്തം കുട്ടികളും നാട്ടുരുചികളുടെയും പുത്തൻ രുചികളുടെയും വളരെ വലിയ ഒരു കലവറ തന്നെയാണ് ഒരുക്കിയത്. കുട്ടികളും രക്ഷകർത്താക്കളും സ്റ്റാഫും പിടിഎയും എല്ലാം ഒരുമിച്ചു പങ്കെടുത്ത ഈ ഫുഡ്‌ ഫെസ്റ്റ് വക്കം സ്കൂളിന്റെ ഈ വർഷത്തെ ശ്രെദ്ധേയമായ വേറിട്ട ഒരു പ്രവർത്തനമായി മാറി.

കീം അപേക്ഷയ്ക്ക് ചെലവ് കൂടും; ഫീസ് കൂട്ടി

കീം അപേക്ഷയ്ക്ക് ചെലവ് കൂടും; ഫീസ് കൂട്ടി

തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള കീം അപേക്ഷാഫീസില്‍ വര്‍ധന. ജനറല്‍ വിഭാഗത്തിനും എസ്സി വിഭാഗത്തിനും ഫീസ് വര്‍ധിപ്പിച്ചു. വ്യത്യസ്ത കോഴ്‌സുകള്‍ക്ക് ഒന്നിച്ച് ഫീസടച്ച് അപേക്ഷിക്കുന്ന രീതിയും നിര്‍ത്തലാക്കി. എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകള്‍ക്ക് കഴിഞ്ഞ വര്‍ഷം 875 രൂപയായിരുന്നത് ഇത്തവണ 925 രൂപയാക്കി. എസ്സി വിഭാഗത്തിന്റെ ഫീസ് 375ല്‍നിന്ന് 400 രൂപയാക്കി.

കഴിഞ്ഞവര്‍ഷം എന്‍ജിനീയറിങ്ങിനും ഫാര്‍മസിക്കും ജനറല്‍ വിഭാഗത്തിന് ഒന്നിച്ച് 1125 രൂപ അടച്ച് അപേക്ഷിക്കാമായിരുന്നു. ഇത്തവണ ഇത് വെവ്വേറെ 925 രൂപ അടച്ച് അപേക്ഷിക്കണം. എസ്.സി വിഭാഗത്തിന് രണ്ട് കോഴ്‌സുകള്‍ക്കും ഒന്നിച്ച് 500 രൂപ അടച്ച് അപേക്ഷിക്കാമായിരുന്നത് ഇത്തവണ 400 രൂപ വീതം വെവ്വേറെ അടക്കണം. മെഡിക്കല്‍, അനുബന്ധ കോഴ്‌സുകള്‍ക്കും ആര്‍ക്കിടെക്ചറിനും കഴിഞ്ഞവര്‍ഷം ജനറല്‍ വിഭാഗത്തിന് 625 രൂപ ഫീസുണ്ടായിരുന്നത് ഇത്തവണ 650 രൂപയാക്കി. എസ്.സി വിഭാഗത്തിന് ഇത് 250 രൂപയുള്ളത് 260 ആക്കി.

എന്‍ജിനീയറിങ്, മെഡിക്കല്‍ സ്ട്രീമുകളിലെ കോഴ്‌സുകള്‍ക്ക് കഴിഞ്ഞവര്‍ഷം 1125 രൂപ അടച്ച് ഒന്നിച്ച് അപേക്ഷിക്കാന്‍ അവസരമുണ്ടായിന്നു. ഇത്തവണ അതും നിര്‍ത്തലാക്കി. പകരം രണ്ടിനും വെവ്വേറെ (925, 650 രൂപ) ഫീസടച്ച് അപേക്ഷിക്കണം. ഫലത്തില്‍ ഒന്നിലധികം സ്ട്രീമുകളിലെ കോഴ്‌സുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഇരട്ടിയാണ് ഫീസ് വര്‍ധന. യു.എ.ഇ പരീക്ഷാകേന്ദ്രമായി അപേക്ഷിക്കുന്നവര്‍ അധികം അടക്കേണ്ട തുക 15,000ല്‍നിന്ന് 16,000 ആയി വര്‍ധിപ്പിച്ചിലട്ടുണ്ട്.