ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.

വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരത്തിന് ഫെബ്രുവരി 26 വരെ അപേക്ഷിക്കാം

വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരത്തിന് ഫെബ്രുവരി 26 വരെ അപേക്ഷിക്കാം

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരം (CM Scholarship) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023-24 അദ്ധ്യയന വർഷത്തിൽ ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്.

താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണമെന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

തെരഞ്ഞെടുക്കപ്പെടുന്ന 1000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. ഓരോ വിദ്യാർത്ഥിക്കും ഒരു ലക്ഷം രൂപ വീതമാണ് സ്‌കോളർഷിപ്പായി നൽകുന്നത്.

ആർക്കൊക്കെ അപേക്ഷിക്കാം
യോഗ്യത:

കേരളത്തിലെ 13 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിവിധ വിഷയങ്ങളിലായി ബിരുദ (3/4/5 വർഷ കോഴ്‌സുകൾ) പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ബിരുദതല പരീക്ഷയിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് നേടിയവർക്കാണ് അർഹത. സർവകലാശാല നിശ്ചയിച്ച മാർക്ക് കണക്കാക്കൽ രീതിയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. മെറിറ്റ് അടിസ്ഥാനത്തിൽ ഉയർന്ന മാർക്ക് നേടിയവരിൽ നിന്നും സ്‌കോളർഷിപ്പിന് അർഹരായവരെ തെരഞ്ഞെടുക്കും.

വരുമാനം: അപേക്ഷകരുടെ വാർഷിക കുടുംബവരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.

അപേക്ഷിക്കേണ്ട രീതിയും സമർപ്പിക്കേണ്ട രേഖകളും അവസാന തീയതിയും
സമർപ്പിക്കേണ്ട രേഖകൾ: അപേക്ഷിക്കുന്ന സമയത്ത് ഡിഗ്രി സർട്ടിഫിക്കറ്റ്/കൺസൊളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ്‌ ചെയ്യണം.

അപേക്ഷ സമർപ്പിക്കേണ്ട രീതി: അപേക്ഷകൾ പൂർണമായും ഓൺലൈൻ വഴിയായിരിക്കണം

രേഖകളുടെ പ്രിന്റ് കോപ്പികൾ ഓഫീസിലേക്ക് അയയ്‌ക്കേണ്ടതില്ലെന്നും കോളജ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : 2026 ഫെബ്രുവരി 26.

കൂടുതൽ വിവരങ്ങൾക്ക് : 9447096580, 9446780308 എന്നീ ഫോൺ നമ്പറുകളിലോ dcecmscholarship@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

കൗമാരക്കാർക്കിടയിലെ കൊറിയൻ ഭ്രമം തടയാൻ പൊലീസ് ബോധത്കരണത്തിന്

കൗമാരക്കാർക്കിടയിലെ കൊറിയൻ ഭ്രമം തടയാൻ പൊലീസ് ബോധത്കരണത്തിന്

കൗമാരക്കാര്‍ക്കിടയില്‍ വ്യാപകമാകുന്ന കൊറിയന്‍ ഭ്രമം നിയന്ത്രിക്കുകയും അതുമായി ബന്ധപ്പെട്ട ചതിക്കുഴികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യാന്‍ സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ കാമ്പെയിന്‍ സംഘടിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നു. ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആദിത്യ (16) ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കുന്നത്.

കെ-പോപ് സംഗീതം, കൊറിയന്‍ വെബ് സീരീസുകള്‍, സിനിമകള്‍ തുടങ്ങിയവയോടുള്ള അമിതമായ ആഭിമുഖ്യം കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതായി പൊലീസ് വിലയിരുത്തുന്നു. കൊറിയന്‍ ഭാഷ പഠിക്കാനും അവിടെ ജോലി തേടിപ്പോകാനുമുള്ള താല്‍പര്യവും കൂടിവരുന്നു. ഈ പ്രവണത മുതലെടുത്ത് ഓണ്‍ലൈനില്‍ ഉള്‍പ്പെടെ ചതിക്കുഴികളൊരുക്കുന്നവരും സജീവമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

സ്റ്റുഡന്റ്സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെയും അധ്യാപകരുടെയും സഹകരണത്തോടെ കാമ്പെയിന്‍ നടപ്പാക്കാനാണ് തീരുമാനം. സൈബര്‍ പൊലീസ് സംഘത്തെയും ഇതിനായി വിനിയോഗിക്കും. പരീക്ഷാകാലമായതിനാല്‍ അടുത്ത അധ്യയന വര്‍ഷത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.

കൗമാരക്കാര്‍ക്കിടയിലെ കൊറിയന്‍ ഭ്രമം നിയന്ത്രിക്കുകയും ചതിക്കുഴികളെക്കുറിച്ച് ബോധവത്കരിക്കുകയുമാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് എറണാകുളം റൂറല്‍ എസ്.പി. കെ.എസ്. സുദര്‍ശന്‍ വ്യക്തമാക്കി.

അതേസമയം, ആദിത്യയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് കൊറിയന്‍ സുഹൃത്തുണ്ടെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. സംഗീതരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കൊറിയന്‍ സുഹൃത്ത് അപകടത്തില്‍ മരിച്ചതായി അറിഞ്ഞതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന് ജീവന്‍ വെടിയുകയാണെന്ന് ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

പാളയത്തെ ജയലക്ഷ്മി ടെക്സ്റ്റൈൽസിന്‍റെ കെട്ടിടത്തിൽ വൻ തീ പിടിത്തം

പാളയത്തെ ജയലക്ഷ്മി ടെക്സ്റ്റൈൽസിന്‍റെ കെട്ടിടത്തിൽ വൻ തീ പിടിത്തം

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം. കോഴിക്കോട് പാളയത്ത് റെയിൽവെ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി ടെകസ്റ്റൈൽസിലാണ് തീപിടിത്തമുണ്ടായത്. അൽപ്പസമയം മുമ്പാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടെകസ്റ്റൈൽസിന്‍റെ രണ്ടും മൂന്നു നിലകളിൽ തീ ആളിപ്പടരുകയാണ്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നീ ഫയര്‍ സ്റ്റേഷനുകളിൽ നിന്നുള്ള ഫയര്‍ഫോഴ്സാണ് സ്ഥലത്തെത്തിയിട്ടുള്ളത്. തീപടര്‍ന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തിറക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. കൂടുതൽ സ്ഥലത്തേക്ക് തീ ആളിപടരുകയാണ്.

കെട്ടിടത്തിനുള്ളിൽ ആളുകള്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്‍റെ മൂന്നു നിലകളിലായാണ് തീപിടിച്ചത്. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്‍റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത്. തീപിടിച്ചതിനെതുടര്‍ന്ന് ടെകസ്റ്റൈൽസിലെ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്. പാളയത്തെ തിരക്കേറിയ സ്ഥലത്തുണ്ടായ തീ പടര്‍ന്ന് ഒരു മണിക്കൂറിലധികം കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.

സ്ഥാപനത്തിന് സമീപത്തെ റോഡിലൂടെയുള്ള ഗതാഗതമടക്കം നിരോധിച്ചിട്ടുണ്ട്. കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ സമീപത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്സ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ കെട്ടിടത്തിൽ തീപിടിത്തമുണ്ടായിരുന്നെങ്കിലും ഇത്രയധികം ആളിപടര്‍ന്നിരുന്നില്ല.

സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടുന്നു; രാവിലെ 10 മുതല്‍ രാത്രി 12 വരെ

സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടുന്നു; രാവിലെ 10 മുതല്‍ രാത്രി 12 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടും. രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ പ്രവര്‍ത്തന സമയം നീട്ടാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. എക്‌സൈസിന്റെ ശുപാര്‍ശയില്‍ വൈകാതെ തന്നെ ഉത്തരവിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സമയം നീട്ടണമെന്ന ബാറുടമകളുടെ ദീര്‍ഘകാലമായ ആവശ്യമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി പലതലത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിലവില്‍ രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ഇതാണ് നീട്ടുന്നതാണ്. ഇതോടെ അധികമായി രണ്ടു മണിക്കൂര്‍ ബാറുകള്‍ തുറന്നിരിക്കും.വിനോദ സഞ്ചാര മേഖലകളില്‍ ഈ പ്രവര്‍ത്തന സമയത്തില്‍ മാറ്റം ഉണ്ടാവാന്‍ സാധ്യതയുണ്ട്. കുറച്ചുംകൂടി സമയം ഈ മേഖലയില്‍ അനുവദിച്ചേക്കും. വിജ്ഞാപനം ഇറങ്ങിയാല്‍ മാത്രമാണ് ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. വിനോദസഞ്ചാര മേഖലയെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വാദം.

കാപ്പിൽ ബീച്ച് കൊട്ടിയടക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം

കാപ്പിൽ ബീച്ച് കൊട്ടിയടക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം

വർക്കല: നിരവധി സഞ്ചാരികളെത്തുന്ന കാപ്പിൽ ബീച്ച് കൊട്ടിയടക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധമുയർത്തി. വിദേശ സഞ്ചാരികളും വിനോദസഞ്ചാരികളും ഉൾപ്പെടെ നിരവധി യാത്ര പ്രേമികളെത്തുന്ന കാപ്പിൽ ബീച്ചിൽ പൊതുവഴി മതിൽ കെട്ടാൻ ഉള്ള ശ്രമത്തെ എതിർത്തു പ്രദേശവാസികൾ എത്തി കാപ്പിൽ പൊഴിയിലേക്ക് പോകുന്ന വഴിയാണ് അടക്കാൻ ശ്രമിച്ചത്.

പ്രതിഷേധം തുടർന്ന് നിർമ്മാണ പ്രവർത്തനം ഭാഗികമായി നിർത്തിവച്ചു വർഷത്തിൽ രണ്ട് തവണ പൊഴി മുറിക്കുന്ന പ്രവണത ഉണ്ടെന്നിരിക്കെ, മതിൽക്കെട്ട് വന്നാൽ പൊഴി മുറിക്കുന്ന വാഹനങ്ങൾക്ക് കടന്നു പോകാനുള്ള ബുദ്ധിമുട്ടും നേരിടേണ്ടിവരുമെന്ന് പ്രദേശവാസികൾ പറഞ്ഞു. വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ച് നിരവധി കച്ചവട വ്യാപാര സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞാൽ വ്യാപാരികളുടെ ജീവിതത്തെ ഇത് കാര്യമായി ബാധിക്കും.