സഹപാഠികൾക്ക് കൈത്താങ്ങുമായി എൻ എസ് എസ് വോളന്റീയേഴ്‌സ്

സഹപാഠികൾക്ക് കൈത്താങ്ങുമായി എൻ എസ് എസ് വോളന്റീയേഴ്‌സ്

ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ഈ അധ്യയന വർഷത്തെ പ്രവർത്തനോദ്‌ഘാടനം ഹയർ സെക്കന്ററി എൻ എസ് എസ് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. എസ്. സന്തോഷ്‌കുമാർ നിർവഹിച്ചു.

ഇതിനോടാനുബന്ധിച്ചു ഈ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന ശിഖ എന്ന വിദ്യാർത്ഥിനിയുടെ ചികിത്സക്കായി ഭക്ഷ്യമേള വഴി സമാഹരിച്ച 60000 രൂപ വിതരണം ചെയ്തു. കൂടാതെ സെറിബ്രൽ പാൾസി ബാധിച്ചു കിടപ്പിലായ ഒരു വിദ്യാർത്ഥിക്ക് വീൽചെയറും നൽകി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു വിദ്യാർത്ഥിയുടെ രക്ഷാകർത്താവിനു ഉപജീവനമാർഗ്ഗമായി ഒരു തയ്യൽ മെഷീൻ വാങ്ങി നൽകി. സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം നിർമ്മിച്ചു നൽകി.പി ടി എ പ്രസിഡന്റ്‌ അധ്യക്ഷനായ ചടങ്ങിൽ എൻ എസ് എസ്പ്രോഗ്രാം ഓഫിസർ കാവ്യ കെ എ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

എൻ എസ് എസ് ജില്ലാ കൺവീനർ ശ്രീജ പി, മുൻ പ്രിൻസിപ്പൽ ജവാദ് എസ്, വർക്കല ക്ലസ്റ്റർ കൺവീനർ ഉണ്ണികൃഷ്ണൻ എസ്, പ്രിൻസിപ്പൽ അജിത മോഹൻ, വൈസ് പ്രിൻസിപ്പൽ അനിൽകുമാർ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹസീന, മുൻ പ്രോഗ്രാം ഓഫീസർമാരായ ഡോ ബിനു എസ്, സജിത വി, കോമൺ സ്റ്റാഫ്‌ സെക്രട്ടറി കിരൺ എന്നിവർ ആശംസകൾ അറിയിക്കുകയും ഹയർ സെക്കന്ററി സ്റ്റാഫ്‌ സെക്രട്ടറി സബിത നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

വൈകുണ്ഠനാഥ് (95) നിര്യാതനായി

വൈകുണ്ഠനാഥ് (95) നിര്യാതനായി

വഞ്ചിയൂർ പുതിയ തടം വാഴോട്ടുകോണം ഭഗവതി വിലാസത്തിൽ വൈകുണ്ഠനാഥ് (95) നിര്യാതനായി.

മക്കൾ: ഇന്ദു വി നാഥ്, ഷിബു വി നാഥ്, മഞ്ചു വി നാഥ്, മനോജ് വി നാഥ്
മരുമക്കൾ: ശ്രീകുമാർ, ആമിന, വിജയകുമാർ, സംഗീത

ആറ്റിങ്ങൽ നഗരസഭയിലെ ക്യുറെക്സ് ബയോ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്ക് പുരസ്കാരം

ആറ്റിങ്ങൽ നഗരസഭയിലെ ക്യുറെക്സ് ബയോ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്ക് പുരസ്കാരം

ആറ്റിങ്ങൽ: കാൽ നൂറ്റാണ്ടിലേറെയായി ഖരമാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിച്ചു വരുന്ന ക്യുറെക്സ് ബയോ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് പുരസ്കാരം ലഭിച്ചത്.
തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ വെച്ചുനടന്ന പരിപാടിയിൽ
കമ്പനിയുടെ പ്രൊപ്രൈറ്റർ കാസർകോട് സ്വദേശി മോഹൻകുമാർ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

ശുചിത്വമിഷൻ ക്ലീൻ കേരളമിഷനുകൾ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച മുതൽ മാലിന്യ പരിപാലന രംഗത്ത് എംപാനൽ ചെയ്ത കമ്പിനി കൂടിയാണിത്. നിലവിൽ വിഴിഞ്ഞം തുറമുഖത്തെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതും ഇവരാണ്.
25 വർഷത്തോളമായി ആറ്റിങ്ങൽ നഗരസഭയിലെ ഖരമാലിന്യ സംസ്കരണ ചുമതലയും ഈ കമ്പനിക്കാണ്. 2010 ൽ ലഭിച്ച ഇന്നോവേഷൻ അവാർഡും, മാലിന്യ പരിപാലനത്തിന് 16 വർഷം തുടർച്ചയായി നഗരസഭയെ പുരസ്കാരത്തിന് അർഹമാക്കിയതിലും ക്യൂറെക്സ് കമ്പനി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഓണാഘോഷ തർക്കം, സംഘർഷം നാല് പേർ റിമാൻഡിൽ

ഓണാഘോഷ തർക്കം, സംഘർഷം നാല് പേർ റിമാൻഡിൽ

കല്ലമ്പലം: ഓണാഘോഷ തർക്കം, സംഘർഷം നാല് പേർ റിമാൻഡിൽ. ചാവർകോട് സ്വദേശികളായ അനീഷ് എന്ന ഹരിലാൽ (34), ഉണ്ണി എന്ന സുമേഷ് (34), ബിജു (47), പൊടി എന്നറിയപ്പെടുന്ന വിനോദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുഹമ്മദ് ബിലാലിനെ ആക്രമിച്ച സംഭവത്തിൽ ആണ് അറസ്റ്റ്.

ഓണാഘോഷത്തിന്റെ ഭാഗമായി നിർമ്മിച്ച അത്തത്തിട്ട പ്രതികൾ പൊളിച്ചുമാറ്റാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ മുഹമ്മദ് ബിലാൽ ഇടപെട്ടതിലുള്ള വിരോധത്തെ തുടർന്നാണ് ഇയാളെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ആഗസ്റ്റ് 11-ന് രാത്രി 9.30ഓടെ ജോലി കഴിഞ്ഞ് ചാവർകോട് നിന്ന് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന കല്ലമ്പലം വെട്ടിയറ സ്വദേശി മുഹമ്മദ് ബിലാലിനെ വീടിന് സമീപത്തെ ചപ്പാത്തിക്കടയ്ക്ക് സമീപത്ത് പ്രതികളിൽ ഒരാൾ തടഞ്ഞുനിർത്തി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മറ്റ് പ്രതികളും ചേർന്ന് ബിലാലിനെ നിലത്തിട്ട് മർദിക്കുകയും, തുണിക്കയർ ഉപയോഗിച്ച് ഇരുകൈകളും കൂട്ടിക്കെട്ടിയശേഷം പാറക്കല്ല് ഉപയോഗിച്ച് തലയ്ക്ക് നിരവധി തവണ അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.

മർദനത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിലാലിനെ വീണ്ടും പിടികൂടി പാറക്കല്ല് ഉപയോഗിച്ച് നടുവിലും വലത് കൈയിലും ഇടത് കാലിലും ആക്രമിച്ചതായും, ഇതുമൂലം നട്ടെല്ലിനും തലയ്ക്കും ഉൾപ്പെടെ ഗുരുതര പരിക്കേറ്റതായും പോലീസ് പറഞ്ഞു.
ആക്രമണത്തിൽ മുഹമ്മദ് ബിലാലിന്റെ തലയ്ക്ക് 25 തുന്നിക്കെട്ടുകൾ വേണ്ടിവന്നതോടൊപ്പം നട്ടെല്ലിന് പൊട്ടലും സംഭവിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ബിലാൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവിവരം അറിഞ്ഞെത്തിയ കല്ലമ്പലം പോലീസ് മുഹമ്മദ് ബിലാലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കി നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിൽ ഉൾപ്പെട്ട നാലും, ആറും പ്രതികളെ ഉടൻ പിടികൂടുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സർക്കാരിന്റെ അഭ്യർഥന മാനിച്ചും ഉന്നയിച്ച ആവശ്യങ്ങൾ വിശദമായി പരിശോധിച്ച് പരിഹാരം കാണാൻ സർക്കാരിന് 45 ദിവസത്തെ സാവകാശം നൽകിയ പശ്ചാത്തലത്തിലുമാണ് ഉദ്യോഗാർഥികൾ സമരം പിൻവലിച്ചത്.

കഴിഞ്ഞ 17 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു യുപിഎസ്ടി ഉദ്യോഗാർഥികൾ. മൂന്ന് പ്രധാന ആവശ്യങ്ങളാണ് അവർ സർക്കാരിന് മുന്നിൽ വെച്ചിരുന്നത്. വിദ്യാർഥി-അധ്യാപക ആനുപാതം കുറയ്ക്കുക, ഹെഡ്മാസ്റ്റർമാർക്കുള്ള ക്ലാസ് ഡ്യൂട്ടി ഒഴിവാക്കി പകരം പിഎസ്സി വഴി പുതിയ അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, പട്ടികജാതി-പട്ടികവർ​ഗ വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിലൂടെ പിഎസ്സിക്ക് വിടുക എന്നിവയായിരുന്നു ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യങ്ങൾ.

മന്ത്രിയുമായി നടന്ന ചർച്ചയിൽ വിദ്യാർഥി-അധ്യാപക ആനുപാതം കുറയ്ക്കുന്നതും എച്ച്.എം മാരുടെ ക്ലാസ് ഡ്യൂട്ടി ഒഴിവാക്കി പുതിയ തസ്തിക സൃഷ്ടിക്കുന്നതുമുൾപ്പെടെയുള്ള ആദ്യത്തെ രണ്ട് ആവശ്യങ്ങളും ഒന്നാംഘട്ടത്തിൽ തന്നെ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചു. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട മൂന്നാമത്തെ വിഷയം പട്ടികജാതി-പട്ടികവർ​ഗ വകുപ്പുമായി ബന്ധപ്പെട്ട് കിടക്കുന്നതായതിനാൽ, വിഷയത്തിൽ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർ ഓഫ് ജനറൽ എജ്യുക്കേഷനെ (ഡിജിഇ) ചുമതലപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ എൽപിഎസ്ടി ഉദ്യോഗാർഥികളുടെ 37 ദിവസം നീണ്ട സമരവും, വളർമതി ടീച്ചറുടെ 13 ദിവസത്തെ നിരാഹാര സമരവും മന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് 45 ദിവസത്തെ സാവകാശത്തിൽ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ യുപിഎസ്ടി ഉദ്യോഗാർഥികളും സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

തീവ്ര ന്യൂനമര്‍ദം: ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തീവ്ര ന്യൂനമര്‍ദം: ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ജാര്‍ഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളില്‍ തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

ജാര്‍ഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളില്‍ തീവ്ര ന്യൂനമര്‍ദം തുടരുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗംഗാതട പശ്ചിമ ബംഗാളിനും ജാര്‍ഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാന്‍ സാധ്യത. അടുത്ത 12 മണിക്കൂറിനുള്ളില്‍ ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഢ് മേഖലകളിലൂടെ പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ശക്തി കൂടിയ ന്യൂനമര്‍ദമായി ആയി ദുര്‍ബലപ്പെടാന്‍ സാധ്യത.

തല്‍ഫലമായി കേരളത്തില്‍ 2026 ആഗസ്റ്റ് 14 മുതല്‍ 18 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും, ആഗസ്റ്റ് 14ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.