തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം

തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം

വത്തിക്കാൻ: യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്. ഇരുനൂറിലേറെ അംഗങ്ങൾ അണിനിരക്കുന്ന ഗായകസംഘവും ചടങ്ങുകളും ഭാഗമായി.

ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട് അൾത്താരയുടെ മുന്നിലുള്ള ബൈബിൾ പ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന ഉണ്ണിയേശുരൂപം മാർപാപ്പ അനാവരണം ചെയ്തു. അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്തു. സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും ക്രിസ്മസ് രാവിലെ ദിവ്യബലിയിൽ മാർപ്പാപ്പ വിശ്വാസികളോട് പറഞ്ഞു. ആറായിരത്തോളം പേർ ബസിലിക്കയിലെ ചടങ്ങുകൾക്ക് നേരിട്ട് സാക്ഷ്യംവഹിച്ചു.

യേശുദേവന്‍റെ ജന്മസ്ഥലമായ ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷമാണ് ക്രിസ്മസ് ആഘോഷം. ഗാസയിലെ യുദ്ധം കാരണം ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല പലസ്തീനിലെ ക്രൈസ്തവർ. നേറ്റിവിറ്റി പള്ളിയിലെ പാതിരാകുര്‍ബാനയിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.

ഗൾഫിലെ ആരാധനാലയങ്ങളിലും തിരുപിറവി ആഘോഷം
ഗൾഫിലെ ആരാധനാലയങ്ങളിലും തിരുപിറവി ആഘോഷം നടന്നു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ പള്ളികളിൽ സന്ധ്യാ നമസ്കാരവും തീ ജ്വാല ശുശ്രൂഷയും വിശുദ്ധ കുർബ്ബാനയിലും വിശ്വാസികൾ പങ്കുചേർന്നു. റിയാദിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ ആഘോഷം തന്നെ നടന്നു. ദുബായ് ഊദ് മേത്ത സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം വഹിച്ചു.

വർക്കലയിൽ വിദ്യാർത്ഥി എലിപ്പനി ബാധിച്ചു മരിച്ചു

വർക്കലയിൽ വിദ്യാർത്ഥി എലിപ്പനി ബാധിച്ചു മരിച്ചു

വർക്കല മുട്ടപ്പലം ശ്രീനിവാസപുരത്ത് വാടകയ്ക്ക് താമസിക്കുന്ന കാർത്തിക് ലിസി ദമ്പതികളുടെ മകൻ മഹി പനിബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിൽ ഇരിക്കവേയാണ് ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്.

വർക്കല ശിവഗിരി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മഹി. മൃതദേഹം കുടുംബസ്ഥലമായ ഇടവ വെങ്കുളം വീട്ടുവളപ്പിൽ സംസ്കരിക്കും.

ക്രിസ്മസ് തിരക്ക്: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്ക് 17 സ്‌പെഷ്യല്‍ ബസ്

ബെംഗളുരു: ക്രിസ്മസ് സീസണില്‍ നാട്ടിലെത്തണമെങ്കില്‍ മലയാളികള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. പ്രമുഖ നഗരങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള ബസ് യാത്രയുടെ ടിക്കറ്റ് നിരക്ക് അത്രയ്ക്കും കൂടുതലാണ്. ഇത്തവണ തിരക്ക് പരിഗണിച്ച് ബാംഗ്ലൂരില്‍ നിന്നും പ്രത്യേക ബസ് സര്‍വീസ് ആരംഭിച്ചതായി കര്‍ണാടക കെഎസ്ആര്‍ടിസി അറിയിച്ചു.

ഏട്ട് ജില്ലകളിലേയ്ക്കായി ബാംഗ്ലൂരില്‍ നിന്ന് 17 ബസുകളാണ് പ്രത്യേക സര്‍വീസ് നടത്തുക. ശബരിമല തീര്‍ത്ഥാടകരെ കൂടി പരിഗണിച്ച് പമ്പയിലേയ്ക്കും സര്‍വീസ് നടത്തും. എറണാകുളത്തേക്ക് 5, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മൂന്നും കോട്ടയം, കണ്ണൂര്‍, പമ്പ എന്നിവിടങ്ങളിലേക്ക് ഓരോന്നും വീതം സര്‍വീസുകളാണ് ഈ തീയതികളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

എസ്‌ഐആര്‍: ജില്ലകളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ നടപടികള്‍ ( എസ്‌ഐആര്‍ ) സുഗമവും സുതാര്യവുമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി 14 ജില്ലകളിലേക്കും നിരീക്ഷകരെ നിയമിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതി രഹിതമായി നടപടികള്‍ പൂര്‍ത്തിയാക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

മുതിര്‍ന്ന നാല് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെയാണ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. ഡോ. എം ജി രാജമാണിക്യം, കെ ബിജു, ടിങ്കു ബിസ്വാള്‍, കെ വാസുകി എന്നിവരെയാണ് എസ്‌ഐആര്‍ നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്.

രാജമാണിക്യത്തിന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ ചുമതലയാണ് നല്‍കിയിട്ടുള്ളത്. ബിജുവിന് മലപ്പുറം, പാലക്കാട് തൃശൂര്‍ ജില്ലകളുടേയും, ടിങ്കു ബിസ്വാളിന് എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടേയും ചുമതലയാണ്. കെ വാസുകിക്ക് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടേയും ചുമതല നല്‍കിയിട്ടുണ്ട്.

എസ്‌ഐആര്‍ നടപടികളുടെ വിവിധ ഘട്ടങ്ങളില്‍ നിരീക്ഷകരായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ അതത് ജില്ലകളില്‍ മൂന്ന് സന്ദര്‍ശനങ്ങള്‍ നടത്തും. കരട് വോട്ടര്‍ പട്ടികയെക്കുറിച്ചുള്ള അവകാശവാദങ്ങളും എതിര്‍പ്പുകളും പരിഗണിക്കുന്ന നോട്ടീസ് കാലയളവിലായിരിക്കും ആദ്യ സന്ദര്‍ശനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന വേളയിലാകും മൂന്നാമത്തെ സന്ദര്‍ശനം. ആദ്യ സന്ദര്‍ശന വേളയില്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായി നിരീക്ഷകര്‍ കൂടിക്കാഴ്ചകള്‍ നടത്തുകയും, അവരുടെ പരാതികളും ആശങ്കകളും കേള്‍ക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

കെ എസ് ശബരിനാഥന്‍ മേയര്‍ സ്ഥാനാര്‍ത്ഥി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്

കെ എസ് ശബരിനാഥന്‍ മേയര്‍ സ്ഥാനാര്‍ത്ഥി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. ശബരിനാഥനാണ് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. കവടിയാര്‍ വാര്‍ഡില്‍ നിന്നാണ് ശബരിനാഥന്‍ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ മേരി പുഷ്പവും മത്സരിക്കും. കുന്നുകുഴി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ്. എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ സിപിഎമ്മിലെ ഐ പി ബിനുവിനെ പരാജയപ്പെടുത്തിയാണ് മേരി പുഷ്പം നഗരസഭയിലെത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മേരി പുഷ്പമാണ് വിജയിച്ചിരുന്നത്.

നഗരസഭയില്‍ രാഷ്ട്രീയ പോരാട്ടം കടുത്ത സാഹചര്യത്തിലാണ് ശക്തമായ സ്ഥാനാര്‍ത്ഥികളെ തന്നെ അണിനിരത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇടതുമുന്നണിയും തീരുമാനിച്ചിട്ടുണ്ട്. പുന്നക്കാമുഗള്‍ വാര്‍ഡില്‍ നിന്നും വിജയിച്ച ആര്‍ പി ശിവജിയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം തീരുമാനം.101 വാർഡുകളുള്ള തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റുകൾ ബിജെപി നേടി. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് കുറവുള്ളത്. 29 സീറ്റ് മാത്രമാണ് കോർപറേഷനിൽ ഇത്തവണ എൽഡിഎഫിന് നേടാനായത്. യുഡിഎഫിന് 19 സീറ്റും ലഭിച്ചു. രണ്ട് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ചർച്ചകൾ തുടരുകയാണ്.

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണം: കെ.എസ്.എസ്. പി. എ

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണം: കെ.എസ്.എസ്. പി. എ

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി കോട്ടാത്തല മോഹൻ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ രക്ഷാധികാരി മാമ്പഴക്കര സദാശിവൻ നായർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ ബാബുരാജ്, പരമേശ്വരൻ നായർ, ബാബു രാജേന്ദ്രൻ നായർ, ജില്ലാ വൈസ് പ്രസിഡൻ്റ് വിജയകുമാർ ജോയിൻ്റ് സെക്രട്ടറി മസൂദ്, നാരായണൻ നായർ, ശ്രീകുമാർ, ഡി. പ്രഭാകരൻ, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

യോഗത്തിൽ നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: പ്രസിഡൻ്റ് ഉദയകുമാർ എം.കെ, വൈസ് പ്രസിഡൻ്റുമാർ: വിൻസൻ്റ്, രാജേന്ദ്രനാചാരി, ശശികുമാർ, സെക്രട്ടറി സുനിൽ കുമാർ. കെ, ജോയിൻ്റ് സെക്രട്ടറിമാർ: ഭുവനേശ്വരി തങ്കച്ചി,ചമ്പയിൽ സുരേഷ്, രത്നരാജ്, ട്രഷറർ: മനോമോഹനൻ