by Midhun HP News | Dec 24, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആശ്രയമറ്റ കുടുംബത്തെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. നഗരസഭ 28ആം വാർഡായ കുഴിമുക്കിൽ പുത്തൻവീട്ടിൽ താമസിക്കുന്ന കാഴ്ച ശക്തി നഷ്ടപ്പെട്ട 71 വയസ്സുള്ള ഓമന അമ്മ, മാനസിക വൈകല്യങ്ങൾ നേരിടുന്ന രമ, രമ്യ എന്നിവരെയാണ് കരുണാലയം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചത്. വാർഡ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട രമ്യ പ്രചരണ പ്രവർത്തനങ്ങൾക്കിടയിൽ ഈ കുടുംബം നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധിച്ചിരുന്നു.
നാട്ടുകാരും ഇവരെ സംരക്ഷിക്കാൻ ഉതകുന്ന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്ന് രമ്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ അവരുടെ പുനരധിവാസം ഉറപ്പാക്കും എന്ന് രമ്യ നാട്ടുകാർക്ക് ഉറപ്പു നൽകിയിരുന്നു. ഇലക്ഷൻ കഴിഞ്ഞ ഉടനെ ഇതിനുള്ള ശ്രമം ആരംഭിച്ചു.
ഇതേ സ്ഥലത്ത് ഇവരെ താമസിപ്പിച്ച് സംരക്ഷിക്കുന്നതിനേക്കാൾ നല്ലത് ഇവർക്ക് അനുയോജ്യമായ പുനരധിവാസ കേന്ദ്രം കണ്ടെത്തി അവിടേക്ക് മാറ്റുന്നതാണെന്നു വിലയിരുത്തിയിരുന്നു. ഇതിനെ തുടർന്ന് വിവിധ പുനരധിവാസ കേന്ദ്രങ്ങൾ സന്ദർശിച്ച് ശ്രമിക്കുകയും ഈ കുടുംബത്തിന് അനുയോജ്യമായ പുനരധിവാസി കേന്ദ്രം കരുണാലയം ആണെന്ന് കണ്ടെത്തി അവരോട് സംസാരിച്ച് ഏറ്റെടുക്കൽ ഉറപ്പുവരുത്തുകയായിരുന്നു. വാർഡ് മെമ്പറായി സത്യപ്രതിജ്ഞ ചെയ്ത് ഉടൻ രമ്യ പൂർത്തിയാക്കിയതും ഈ മാനുഷിക സേവനമാണ്.
വാർഡ് മെമ്പർ രമ്യയ്ക്ക് പുറമേ ജോയ്, അനി, അമ്പാടി, വിപിൻ, ബിനു എന്നിവർ അടങ്ങുന്ന സംഘമാണ് കുടുംബത്തിന് ആവശ്യമായ മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങൾ ഉൾപ്പെടെ ലഭ്യമാക്കി പുനരധിവാസ കേന്ദ്രത്തിലേക്ക് എത്തിച്ചത്.
by Midhun HP News | Dec 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ മുന്‍ എംഎല്‍എയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. തിരുവനന്തപുരം എഴാം നമ്പർ ആഡീ. സെഷന്‍സ് കോടതി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് നടപടി.
ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം എന്നായിരുന്നു കോടതി നിര്‍ദേശം. അറസ്റ്റ് ചെയ്താന്‍ ജാമ്യം നല്‍കണം എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ മാസമാണ് ചലച്ചിത്ര പ്രവര്‍ത്തക കുഞ്ഞു മുഹമ്മദിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ കാര്യങ്ങള്‍ പൊലീസിനോടും പരാതിക്കാരി ആവര്‍ത്തിച്ചു. തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിന്റെ ഭാഗമായി പരാതിക്കാരിയും പി ടി കുഞ്ഞു മുഹമ്മദും താമസിച്ചിരുന്നത് നഗരത്തിലെ തന്നെ ഹോട്ടലിലായിരുന്നു. ഹോട്ടലില്‍ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി.



by Midhun HP News | Dec 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം – കാസർകോട്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. മധുരപലഹാരങ്ങൾ, മലയാളി വിഭവങ്ങൾ എന്നിവ കൂടുതൽ ഉൾപ്പെടുത്തിയാണ് മെനു പരിഷ്കരിക്കുക. ഐആർസിടിസിയുടെ നിർദേശങ്ങൾ അനുസരിച്ചാകും മെനുവിൽ മാറ്റങ്ങൾ വരുത്തുക.
കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്‌ളൈറ്റ് സർവീസസ് ആണ് വന്ദേഭാരതിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. ഏതെല്ലാം വിഭവങ്ങളാണ് ഉൾപ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് ഐആർസിടിസിയുമായി ചർച്ചകൾ നടക്കുകയാണ്. ഓടുന്ന ട്രെയിനിൽ കറികൾ യാത്രക്കാരുടെ വസ്ത്രങ്ങളിൽ വീഴുക പതിവാണ്.
ഇത് ഒഴിവാക്കാൻ കറികൾക്ക് കട്ടി കൂട്ടും. ഇപ്പോൾ നൽകുന്ന കേസരിക്ക് പുറമെ ഗുലാബ് ജാമുൻ, മഫിൻ, ബനാന കസ്റ്റാഡ്, ഫ്രൂട്ട് ട്രൈഫുൽ എന്നിവയാണ് മധുരത്തിനായി കമ്പനി ശുപാർശ ചെയ്തിട്ടുള്ളത്.
ഉച്ചഭക്ഷണത്തിലും വലിയ മാറ്റമുണ്ടായേക്കും. ചോറിന് പുറമെ തലശ്ശേരി ബിരിയാണി, മലബാർ ദം ബിരിയാണി എന്നിവയാണ് ശുപാർശ ചെയ്തിട്ടുളളത്. പ്രഭാതഭക്ഷണത്തിൽ പാലപ്പം, വെജിറ്റബിൾ കുറുമ, ഇടിയപ്പവും മുട്ടക്കറിയും പലഹാരങ്ങളായി ഉണ്ണിയപ്പം, നെയ്യപ്പം, പരിപ്പുവട, പഴംപൊരി എന്നിവയും ശുപാർശ ചെയ്തിട്ടുണ്ട്. മലയാളികൾക്ക് ഇഷ്ടമുള്ള തരത്തിൽ മെനു പരിഷ്കരിക്കാനാണ് കമ്പനിയുടെ നീക്കം. വിമാനങ്ങളിൽ ഭക്ഷണവിതരണം ചെയ്യാൻ കമ്പനിയായ കാസിനോ ഡിസംബർ 16 -ാം തിയതി മുതൽക്കാണ് വന്ദേ ഭാരതിലെ ഭക്ഷണവിതരണം ഏറ്റെടുത്തത്.



by Midhun HP News | Dec 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. ശബരിനാഥനാണ് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. കവടിയാര്‍ വാര്‍ഡില്‍ നിന്നാണ് ശബരിനാഥന്‍ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ മേരി പുഷ്പവും മത്സരിക്കും. കുന്നുകുഴി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ്. എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ സിപിഎമ്മിലെ ഐ പി ബിനുവിനെ പരാജയപ്പെടുത്തിയാണ് മേരി പുഷ്പം നഗരസഭയിലെത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മേരി പുഷ്പമാണ് വിജയിച്ചിരുന്നത്.
നഗരസഭയില്‍ രാഷ്ട്രീയ പോരാട്ടം കടുത്ത സാഹചര്യത്തിലാണ് ശക്തമായ സ്ഥാനാര്‍ത്ഥികളെ തന്നെ അണിനിരത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇടതുമുന്നണിയും തീരുമാനിച്ചിട്ടുണ്ട്. പുന്നക്കാമുഗള്‍ വാര്‍ഡില്‍ നിന്നും വിജയിച്ച ആര്‍ പി ശിവജിയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം തീരുമാനം.
101 വാർഡുകളുള്ള തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റുകൾ ബിജെപി നേടി. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് കുറവുള്ളത്. 29 സീറ്റ് മാത്രമാണ് കോർപറേഷനിൽ ഇത്തവണ എൽഡിഎഫിന് നേടാനായത്. യുഡിഎഫിന് 19 സീറ്റും ലഭിച്ചു. രണ്ട് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ചർച്ചകൾ തുടരുകയാണ്.



by Midhun HP News | Dec 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞ് കൂടി. അഞ്ചു ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ് ഞായറാഴ്ച രാത്രി 9.40ന് അമ്മത്തൊട്ടിലില്‍ എത്തിയത്. തണുപ്പേല്‍ക്കാതിരിക്കാന്‍ കമ്പിളി ചുറ്റി സുരക്ഷിതനാക്കിയ നിലയിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്.
തിരുപ്പിറവിയുടെ ആഘോഷമായ ക്രിസ്മസ് രാവുകളിലൊന്നില്‍ ലഭിച്ച പുതിയ അതിഥിയ്ക്ക് ലിയോ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി എല്‍ അരുണ്‍ ഗോപി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 3.245 കിഗ്രാം ഭാരമാണ് കുഞ്ഞിനുണ്ടായിരുന്നത്. ദത്തെടുക്കല്‍ കേന്ദ്രത്തിലെ ജീവനക്കാര്‍ കുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക പരിശോധനകള്‍ നടത്തിയതിനുശേഷം തൈക്കാട് സര്‍ക്കാര്‍ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ പൂര്‍ണ്ണ ആരോഗ്യവാനാണ് ലിയോ.
കുട്ടിയുടെ ദത്തെടുക്കല്‍ നടപടികള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. ഒക്ടോബര്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് 10 കുട്ടികളെയാണ് ലഭിച്ചത്. ഇതില്‍ ആറ് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.



by Midhun HP News | Dec 24, 2025 | Latest News, ജില്ലാ വാർത്ത
തന്റെ കൂടെ നിൽക്കുന്നവരെയെല്ലാം സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന നല്ല മനസിന് ഉടമ കൂടിയായിരുന്നു നടൻ ശ്രീനിവാസൻ. പലപ്പോഴും നമ്മൾ അത് വിഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയുമൊക്കെ കണ്ടറിഞ്ഞിട്ടുമുണ്ട്. അവസാന നിമിഷം വരെ ഒരു കൂടപ്പിറപ്പിനെപ്പോലെ ശ്രീനിവാസന്റെ കൂടെ നിന്ന ഡ്രൈവർ ഷിനോജും കർഷകനായ മനു ഫിലിപ്പ് തുകലനുമാണിപ്പോൾ മലയാളികളുടെ ഹൃദയം കീഴടക്കുന്നത്.
അതോടൊപ്പം ശ്രീനിവാസൻ എന്ന കറകളഞ്ഞ മനുഷ്യ സ്നേഹിയെ കൂടിയാണ് മലയാളികൾ ചർച്ചയാക്കുന്നത്. കഴിഞ്ഞ 17 വർഷമായി ശ്രീനിവാസനൊപ്പം കൂടെ നിന്ന ആളാണ് ഡ്രൈവർ ഷിനോജ്. വെറുമൊരു ഡ്രൈവർ എന്നതിനപ്പുറം അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരംഗമായിരുന്നു ഷിനോജ്. രാപ്പകലില്ലാതെ തന്റെ കൂടെ നിൽക്കുന്ന ഷിനോജിന് കഴിഞ്ഞ വിഷുവിന് കൈനീട്ടമായി ശ്രീനിവാസൻ നൽകിയത് വീട് തന്നെയായിരുന്നു.
വീട് വേണ്ടെന്നു പറഞ്ഞ് മാറി നടന്ന ഷിനോജിനെ വിനീത് ഇടപെട്ടാണ് സമ്മതിപ്പിച്ചത്. അതുവരെ ശ്രീനിവാസന്റെ വീടിനോടു ചേർന്നുള്ള ഔട്ട് ഹൗസിലായിരുന്നു ഷിനോജിന്റെ താമസം. തന്റെ ആരോഗ്യപ്രശ്നങ്ങളെപ്പോലും അവഗണിച്ചുകൊണ്ടാണ് ശ്രീനിവാസൻ ഷിനോജിന്റെ ഗൃഹപ്രവേശന ചടങ്ങിനെത്തിയത്. ശ്രീനിവാസന്റെ ഭാര്യ വിമലയാണ് ഗൃഹപ്രവേശന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ഇഷ്ടമുള്ള സ്ഥലം കണ്ടെത്താൻ ശ്രീനിവാസൻ നിർബന്ധിച്ചതനുസരിച്ചാണ് കണ്ടനാട് ഭൂമി തരപ്പെടുത്തിയതെന്ന് ഷിനോജ് ഗൃഹപ്രവേശന ചടങ്ങിൽ പറഞ്ഞിരുന്നു. കണ്ടനാട് വീട് വാങ്ങിയ സമയത്തായിരുന്നു അയൽവാസിയായ മനു ഫിലിപ്പിനെ ശ്രീനിവാസൻ പരിചയപ്പെടുന്നത്. ജൈവ കൃഷിയിലുള്ള മനുവിന്റെ താല്പര്യമാണ് ശ്രീനിവാസനെ ആകർഷിച്ചത്. പിന്നീട് ശ്രീനിവാസന്റെ കൃഷിയിലെ ഉപദേശകനും കൂട്ടായും മനു മാറി. രണ്ടേക്കറിൽ തുടങ്ങിയ ജൈവ കൃഷി 102 ഏക്കറിലേക്ക് വളർന്നതിന് പിന്നിൽ ശ്രീനിവാസനും മനുവും തമ്മിലുള്ള ആത്മബന്ധം കൂടിയായിരുന്നു. ഒടുവിൽ മരിക്കുന്നതിന്റെ അന്ന് രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴും തന്റെ വലംകൈയ്യും ഇടംകൈയ്യുമായ ഷിനോജും മനുവും ശ്രീനിവാസനൊപ്പമുണ്ടായിരുന്നു.



Recent Comments