മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു

മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു

ഫസ്റ്റ് ക്ലാപ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ സമ്മാനത്തുക നൽകുന്ന ഫെസ്റ്റിവലാണ് ഫസ്റ്റ് ക്ലാപ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ പി സുകുമാറാണ് ജൂറി ചെയർമാൻ. കൂടാതെ തിരക്കഥാകൃത്ത് ഷഹാന റഫീഖ്, ക്രിട്ടിക്കും സംവിധായകനുമായ പ്രേംചന്ദ്, സംവിധായകരായ എം പത്മകുമാർ, രതീഷ് അമ്പാട്ട്, ദിൻജിത്ത് അയ്യത്താൻ തുടങ്ങിയ പ്രഗത്ഭരാണ് മറ്റു ജൂറി അംഗങ്ങൾ.

ഷോർട്ട് ഫിലിംസിനു പുറമേ മ്യൂസിക് ആൽബവും മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംവിധായകൻ ജയസൂര്യ, സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെ മകനും പ്രശസ്ഥ സംഗീത സംവിധായകനുമായ സാജൻ മാധവ്, ഗാനരചയിതാവ് ദിൻനാഥ് പുത്തഞ്ചേരി തുടങ്ങിയവരാണ് മ്യൂസിക് ആൽബത്തിൻ്റെ ജൂറി അംഗങ്ങൾ \.

2025 ഡിസംബർ 5 ആണ് എൻട്രികൾ നൽകേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് https://www.firstclapfilmsociety.com സന്ദർശിക്കുക

വര്‍ക്കലയിൽ സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ പെൺകുട്ടികളെ കടന്നു പിടിച്ചു; ഉദ്യോഗസ്ഥനെതിരെ കേസ്

വര്‍ക്കലയിൽ സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ പെൺകുട്ടികളെ കടന്നു പിടിച്ചു; ഉദ്യോഗസ്ഥനെതിരെ കേസ്

വർക്കല: സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ കടന്നു പിടിച്ച പരിശീലകനെതിരെ പരാതി നല്‍കി പെണ്‍കുട്ടികള്‍. വര്‍ക്കല കാപ്പില്‍ വെച്ചായിരുന്നു സംഭവം. വെള്ളത്തിനടിയില്‍ വച്ച് പരിശീലകന്‍ പെണ്‍കുട്ടികളെ കടന്നു പിടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വിദ്യാലയത്തിലെ എന്‍സിസി കേഡറ്റുകളാണ് പെണ്‍കുട്ടികള്‍.

പരിശീലനത്തിന്റെ ഭാഗമായാണ് കാപ്പില്‍ എത്തിയത്. നിരവധി പെണ്‍കുട്ടികള്‍ക്ക് സമാന അനുഭവം ഉണ്ടായതാണ് സൂചന. രണ്ട് പെണ്‍കുട്ടികളാണ് പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയത്. എയർഫോഴ്സ് ഉദ്യോഗസ്ഥനാണ് പരിശീലകന്‍. സംഭവത്തില്‍ അയിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

വർക്കലയിൽ വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമം; മുൻ മയക്കുമരുന്ന് കേസിൽ പ്രതിയെന്ന് വിവരം

വർക്കലയിൽ വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമം; മുൻ മയക്കുമരുന്ന് കേസിൽ പ്രതിയെന്ന് വിവരം

വർക്കല: ടൂറിസ്റ്റ് കേന്ദ്രമായ നോർത്ത്‌ക്ലിഫ് സമീപത്ത് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ടൂറിസം പൊലീസ് പിടികൂടി. ചങ്ങനാശ്ശേരി സ്വദേശിയായ അമൽ ബൈജു (25) യാണ് വർക്കല പോലീസിന്റെ പിടിയിലായത്.

തിരുവനന്തപുരത്ത് നിന്നുള്ള ദമ്പതികൾ നോർത്ത്‌ക്ലിഫ് ഭാഗത്തെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന പ്രതി, വീട്ടമ്മയെ റൂമിലേക്കു വരണമെന്ന് ആവശ്യപ്പെട്ട് കയ്യിൽ പിടിച്ച് വലിക്കാൻ ശ്രമിച്ചതായാണ് പരാതി. സംഭവം കണ്ട ഭർത്താവ് എതിർത്തതിനെ തുടർന്ന് വാക്കേറ്റമുണ്ടായി.

ഭർത്താവ് ഉടൻ പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ടൂറിസം പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഇരുട്ടിന്റെ മറവിൽ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അമൽ ബൈജുവിനെ പോലീസ് പിടികൂടിയത്. സംഭവം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് ദമ്പതികളെ മൂന്ന് അംഗസംഘം ഭീഷണിപ്പെടുത്തിയതായും ഇതുമായി ബന്ധപ്പെട്ടും വർക്കല പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അഞ്ച് വർഷങ്ങൾക്കു മുമ്പ് ബംഗളൂരുവിൽ ഡാർക്ക് വെബിലൂടെ മയക്കുമരുന്ന് വാങ്ങിയ കേസിൽ നൈജീരിയൻ പൗരൻ ഉൾപ്പെട്ട പത്തംഗ സംഘത്തെ ബംഗളൂരു പൊലീസ് പിടികൂടിയിരുന്നു. ആ കേസിൽ പ്രതികളിലൊരാളായിരുന്നുവെന്നാണ് അമൽ ബൈജുവിനെക്കുറിച്ച് ലഭിച്ച വിവരം.

ആർ. കൃഷ്ണൻ കുട്ടി നായർ (76) അന്തരിച്ചു

ആർ. കൃഷ്ണൻ കുട്ടി നായർ (76) അന്തരിച്ചു

ആറ്റിങ്ങൽ: മാമം കുന്നുംപുറം ലെയ്നിൽ മകം വീട്ടിൽ (സി.എം.ആർ.എ:31) ആർ കൃഷ്ണൻ കുട്ടി നായർ (76)അന്തരിച്ചു.

ഭാര്യ: എസ് വനജകുമാരി.
മകൾ: രേഷ്മ കെ നായർ.
മരുമകൻ: അരുൺ രാജ് ആർ(ബഹ്റിൻ).

സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8 മണിക്ക്.

വീട്ടമ്മമാരുടെ പെന്‍ഷന് ഇപ്പോള്‍ അപേക്ഷിക്കാം; മാനദണ്ഡങ്ങള്‍ ഇങ്ങനെ

വീട്ടമ്മമാരുടെ പെന്‍ഷന് ഇപ്പോള്‍ അപേക്ഷിക്കാം; മാനദണ്ഡങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍. സാമൂഹ്യക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ അല്ലാത്ത പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും ട്രാന്‍സ് വനിതകള്‍ക്കും പ്രതിമാസം 1000 രൂപ വീതം ലഭിക്കും. 35 മുതല്‍ 60 വയസ്സ് വരെയുള്ള, എഎവൈ (മഞ്ഞക്കാര്‍ഡ്), പിഎച്ച്എച്ച് ( പിങ്ക് കാര്‍ഡ്) വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം.

പൊതു മാനദണ്ഡങ്ങള്‍

1. അപേക്ഷകര്‍ മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ ഒന്നും തന്നെ ഗുണഭോക്താക്കള്‍ ആകാത്തവരും അന്ത്യോദയ അന്നയോജനയിലും [എഎവൈ- മഞ്ഞ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലും [പിഎച്ച്എച്ച – പിങ്ക് കാര്‍ഡ്) ഉള്‍പ്പെടുന്നവരുമായ 35 നും 60 നും ഇടയില്‍ പ്രായമുള്ള ട്രാന്‍സ് വുമണ്‍ അടക്കമുള്ള സ്ത്രീകള്‍ ആയിരിക്കണം.

2. പ്രസ്തുത പ്രായപരിധി കടക്കുന്ന ദിവസം മുതല്‍ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

3. സംസ്ഥാനത്തു സ്ഥിരതാമസം ഉള്ളവര്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുന്നത്.

4. പദ്ധതിയുടെ പ്രതിമാസ അനുകൂല്യം 1000 രൂപ (ആയിരം രൂപ) ആയിരിക്കും.

5. വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍, വിവിധ തരം സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ക്ഷേമ നിധി ബോര്‍ഡുകളില്‍ നിന്നുള്ള കടുംബ പെന്‍ഷന്‍, ഇപിഎഫ് പെന്‍ഷന്‍ മുതലായവ ലഭിക്കുന്നവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.

6. സംസ്ഥാനത്തിനകത്ത് നിന്നും താമസം മാറുകയോ, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ്, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, പദ്ധതികള്‍, സര്‍വ്വകലാശാലകള്‍, മറ്റ് സ്വയം ഭരണ/ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്ഥിരം/കരാര്‍ നിയമനം ലഭിക്കുകയോ ചെയ്യുന്നതോട് കൂടി അനുകൂല്യത്തിനുള്ള അര്‍ഹത ഇല്ലാതാകുന്നതാണ്.

7. അന്ത്യോദയ അന്നയോജന, മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ ആയി തരം മാറ്റപ്പെടുന്ന പക്ഷം പദ്ധതി ആനുകൂല്യത്തിനുള്ള അര്‍ഹത ഇല്ലാതാകുന്നതാണ്.

8. ഗുണഭോക്താവ് മരണപ്പെട്ടതിനു ശേഷമുള്ള ആനുകൂല്യത്തിന് അവകാശികള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

9. എല്ലാ ഗൂണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയില്‍ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നല്‍കേണ്ടതാണ്.

10. ഗുണഭോക്താവ് ഒരു മാസമോ അതിലധികമോ കാലം റിമാന്‍ഡ് ചെയ്യപ്പെടുകയോ ജയിലില്‍ അടക്കപ്പെടുകയോ ചെയ്യുന്ന പക്ഷം പ്രസ്തുത കാലയളവിലെ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

11. പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവ ഉപയോഗിക്കാം. ഇവയുടെ അഭാവത്തില്‍ മാത്രം വയസ് തെളിയിക്കുന്നതിനു മറ്റ് രേഖകളൊന്നും ലഭ്യമല്ല എന്നുള്ള അപേക്ഷകരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാവുന്നതാണ്.

12. അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റുന്നവരില്‍ നിന്നും ഇത്തരത്തില്‍ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരികെ ഈടാക്കുന്നതാണ്.

13. ഗുണഭോക്താക്കള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.

താക്കോൽ കൂട്ടം കളഞ്ഞു കിട്ടി

താക്കോൽ കൂട്ടം കളഞ്ഞു കിട്ടി

ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ മാർക്കറ്റ് റോഡിൽ മേലതിൽ ബേക്കറിയുടെ മുൻവശത്ത് നിന്നുമാണ് താക്കോൽ കൂട്ടം കളഞ്ഞു കിട്ടിയത്. ഉടമസ്ഥർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
മൊബൈൽ നമ്പർ: 8943625792