രാഷ്ട്രപതി ഇന്ന് ശബരിമലയില്‍; പ്രത്യേക വാഹനത്തില്‍ സന്നിധാനത്തെത്തും; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

രാഷ്ട്രപതി ഇന്ന് ശബരിമലയില്‍; പ്രത്യേക വാഹനത്തില്‍ സന്നിധാനത്തെത്തും; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. രാവിലെ രാജ് ഭവനില്‍ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി വ്യോമസേന ഹെലികോപ്റ്ററിലാണ് ശബരിമലയിലേക്ക് പോകുക. നിലയ്ക്കലിന് പകരം രാവിലെ 9. 05 ന് പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറങ്ങും. തുടര്‍ന്ന് റോഡു മാര്‍ഗം പമ്പയിലെത്തും. തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ സന്നിധാനത്തേക്ക് തിരിക്കും.

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി രാഷ്ട്രപതി സ്വാമി അയ്യപ്പനെ ദര്‍ശിക്കും. രാവിലെ 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. രാഷ്ട്രപതിക്ക് ദേവസ്വം ബോര്‍ഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയില്‍ കൊത്തിയെടുത്ത അയ്യപ്പ രൂപം നല്‍കും. ഉച്ചയ്ക്ക് 12.20 ന് ദര്‍ശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടന് അനുബന്ധിച്ച് ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതു വരെ മറ്റു തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലിന് അപ്പുറത്തേക്ക് പ്രവേശനം അനുവദിക്കില്ല. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ശബരിമലയിലും പമ്പയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പൊലീസ് കഴിഞ്ഞദിവസം സുരക്ഷാപരിശോധന നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ 10ന് രാജ്ഭവന്‍ വളപ്പില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനംചെയ്യും. 12.20ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട് 4.15ന് പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച പകല്‍ 12.10ന് എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കൊച്ചിയില്‍ നിന്നും രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും.

സിപിഐയെ അവഗണിക്കില്ല; ‘പിഎം ശ്രീ’ പദ്ധതി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും; എംഎ ബേബി

സിപിഐയെ അവഗണിക്കില്ല; ‘പിഎം ശ്രീ’ പദ്ധതി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും; എംഎ ബേബി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’ സംസ്ഥാനത്ത് നടപ്പാക്കുന്നതിനെ കുറിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സംസ്ഥാന ഘടകമെടുക്കുന്ന തീരുമാനത്തില്‍ ആവശ്യമെങ്കില്‍ ദേശീയ നേതൃത്വം ഇടപെടും. സിപിഐയെ അവഗണിക്കില്ലെന്നും ദേശീയ വിദ്യാഭ്യസനയം ഒരു കാരണവശാലും കേരളം അംഗികരിക്കില്ലെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

‘എങ്ങനെയാണ് വളരെയധികം സാമ്പത്തിക ഞെരുക്കം നേരിടുന്ന കേരളത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനമാകുന്ന വിധത്തില്‍ കേന്ദ്രഫണ്ട് വിനിയോഗിക്കാന്‍ കഴിയുക എന്നുള്ളത് പരിശോധിക്കുകയെന്നാണ് ഇതിനെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചത്. സിപിഐ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ ഇടതുമുന്നണി ഈ വിഷയം ചര്‍ച്ച ചെയ്യും. സിപിഐയെ അവഗണിക്കുന്ന ഒരു സമീപനം അഖിലേന്ത്യാതലത്തിലോ സംസ്ഥാനതലത്തിലോ ഉണ്ടാകില്ല. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ ഇടുതുമുന്നണിക്കും സര്‍ക്കാരിനും കഴിയും. അവര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമ്പോള്‍ അതില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ, അതുതന്നെ അംഗീകരിച്ചാല്‍ മതിയോ എന്നത് ദേശീയനേതൃത്വം ചര്‍ച്ച ചെയ്യും’ -എംഎ ബേബി പറഞ്ഞു.

‘പിഎം ശ്രീ’യില്‍ ഒപ്പിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫോ മന്ത്രിസഭയോ ചര്‍ച്ച ചെയ്യാത്ത വിഷയം സ്വന്തംനിലയ്ക്കു നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പു തീരുമാനിക്കുകയാണ് ഉണ്ടായതെന്നാണ് സിപിഐ പറയുന്നത്. പദ്ധതിയുടെ ഭാഗമായാല്‍ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയ സമീപനം ഇല്ലാതാകുമോ എന്ന് ആശങ്കയുണ്ടെന്നും എതിര്‍പ്പറിയിക്കേണ്ടിടത്ത് അറിയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

നവി മുംബൈയിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടത് ചിറയിൻകീഴ് സ്വദേശികൾ

നവി മുംബൈയിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടത് ചിറയിൻകീഴ് സ്വദേശികൾ

ചിറയിൻകീഴ്: നവി മുംബൈയിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മൂന്നുപേർ ചിറയിൻകീഴ് സ്വദേശികൾ. ഇന്ന് പുലർച്ചെ നടന്ന തീപിടുത്തത്തിൽ ചിറയിൻകീഴ് ആൽത്തറമൂട് നന്ദനത്തിൽ രാജൻ -വിജയലക്ഷ്മി ദമ്പതികളുടെ മകൾ പൂജയും, ഭർത്താവ് സുന്ദർ ബാലകൃഷ്ണൻ, മകൾ ആറു വയസ്സുള്ള വേദിക സുന്ദർ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഏറെനാളായി ഈ കുടുംബം മുംബൈയിലാണ് താമസം.
ഇക്കഴിഞ്ഞ ഓണത്തിന് ഇവർ നാട്ടിൽ വന്നിരുന്നതായി ബന്ധുക്കൾ പറയുന്നു.

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു. കഴിഞ്ഞ 16 ന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പോത്തൻകോട് വാവറ അമ്പലം സ്വദേശിനിയായ ഹബ്സാ ബീവി (79) ആണ് മരിച്ചത്.

മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെയാണ് മരണം
രണ്ടാഴ്ച മുൻപാണ് ഇവർക്ക് പനി വന്നത്. തുടർന്ന് പോത്തൻകോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നു. മുഖത്ത് നീരും പനിയും കുറയാത്തതിനാൽ അവിടെ ഐസിയുവിൽ ആയിരുന്നു. നാല് ദിവസത്തിനുശേഷം സ്ട്രോക്ക് പോലെ വന്നതിനാൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ (SUT) പ്രവേശിപ്പിച്ചിരുന്നു.

അവിടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇവർ വൃക്കകൾ തകരാറിലായതിനാൽ മൂന്നുതവണ ഡയാലിസിസ് നടത്തിയെങ്കിലും
പനി കുറയാത്തതിനാൽ വീണ്ടും വിശദമായി രക്തം പരിശോധിച്ചപ്പോഴാണ് ജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ കിണറ്റിലെ വെള്ളത്തിൻ്റെ സാമ്പിൾ ഇന്ന് ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി എടുത്തിരുന്നു.

ഇന്നും നാളെയും പെരുമഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, അഞ്ചിടത്ത് ഓറഞ്ച്, മറ്റിടങ്ങളില്‍ യെല്ലോ

ഇന്നും നാളെയും പെരുമഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, അഞ്ചിടത്ത് ഓറഞ്ച്, മറ്റിടങ്ങളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. നാളെ മൂന്ന് ജില്ലകളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കണ്ണുര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വ്യാഴം വെള്ളി ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മാത്രമാണ് മഴ മുന്നറിയിപ്പ്. വ്യാഴാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയും വെള്ളിയാഴ്ച കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യത.

ഇന്ന് രാവിലെയോടെ തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഈ സാഹചര്യത്തില്‍ ഈ മാസം 24 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

‘പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല’; എയര്‍ ഹോണുകള്‍ ചതച്ചരച്ച റോഡ് റോളറിന് എംവിഡി നോട്ടീസ്

‘പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല’; എയര്‍ ഹോണുകള്‍ ചതച്ചരച്ച റോഡ് റോളറിന് എംവിഡി നോട്ടീസ്

കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ തകര്‍ത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോര്‍ വാഹന വകുപ്പ്. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാണ് നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് സാമൂഹിക മാധ്യമത്തില്‍ പരിഹസിച്ചതിന് തൊട്ടു പിന്നാലെയാണ് നടപടി. ഏഴു ദിവസത്തിനകം പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം.

‘ശബ്ദമലിനീകരണം തടയാന്‍ വായു മലിനീകരണം ആകാമെന്ന’് പരിഹസിച്ചുകൊണ്ടായിരുന്നു ജ്യോതികുമാര്‍ ചാമക്കാലയുടെ പോസ്റ്റ്. പിടിച്ചെടുത്ത എയര്‍ഹോണുകള്‍ ഫൈന്‍ ഈടാക്കിയതിന് പുറമെയാണ് റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ചത്. ജില്ലയില്‍നിന്ന് പിടികൂടിയ 500 ഓളം എയര്‍ ഹോണുകള്‍ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റിനുസമീപം കമ്മട്ടിപ്പാടത്ത് റോഡില്‍ നിരത്തി മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചശേഷം മണ്ണുമാന്തിയന്ത്രത്തില്‍ ഘടിപ്പിച്ച റോളര്‍ ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു.

എയര്‍ഹോണ്‍ പരിശോധന ഇനിയും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശാനുസരണമായിരുന്നു എയര്‍ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചത്.