വില്ലേജ് ഓഫീസുകളിൽ അധിക തസ്തികകൾ അനുവദിക്കണം: കെ.ആർ.ഡി.എസ്.എ

വില്ലേജ് ഓഫീസുകളിൽ അധിക തസ്തികകൾ അനുവദിക്കണം: കെ.ആർ.ഡി.എസ്.എ

വില്ലേജ് ഓഫീസുകളിൽ അധിക തസ്തികകൾ അനുവദിക്കണമെന്നും തീരുമാനങ്ങൾ എടുക്കുന്നതിന് താഴെത്തട്ടിലുള്ള ഓഫീസുകൾക്ക് കൂടുതൽ അധികാരം കൈമാറുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) നെടുമങ്ങാട് താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജോലിഭാരത്തിന് അനുസൃതമായും ജനസംഖ്യാനുപാതികമായും താലൂക്കുകളെയും വില്ലേജുകളെയും വിഭജിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ സംവിധാനം പുന:സ്ഥാപിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ലീവ്-സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

2026 ജനുവരി 7,8,9 തീയതികളിൽ തൊടുപുഴയിൽ നടക്കുന്ന കെ.ആർ.ഡി.എസ്.എ 36ാം വാർഷിക സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച താലൂക്ക് സമ്മേളനം വി.ആർ ബീനാമോൾ നഗറിൽ (കെഎസ്എച്ച്ബി ആഡിറ്റോറിയം) കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിനോദ് വി. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് ഷിബു ജെ.കെ അധ്യക്ഷത വഹിച്ചു.

കെ.ആർ.ഡി.എസ്.എ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അർ.എസ് സജീവ്, ജി.അനിൽകുമാർ, ജില്ലാ സെക്രട്ടറി എസ്.ജയരാജ്‌, ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ കമ്മിറ്റി അംഗം ജെ.രമേശ്ബാബു, കെആർഡിഎസ്എ ജില്ലാ കമ്മിറ്റി അംഗങ്ങളായ അനുമോദ് കൃഷ്ണൻ, ആർ.വി രാജ്മോഹൻ, താലൂക്ക് കമ്മിറ്റി ഭാരവാഹികളായ ആര്യ എസ്.ആർ, ആകാശ് എം.എസ്, ദേവി ജെ.എസ്, സുഭാഷ് എ.പി എന്നിവർ സംസാരിച്ചു.

കെ.ആർ.ഡി.എസ്.എ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി ഭാരവാഹികളായി ദേവി ജെ.എസ് (പ്രസിഡന്റ്‌), ബിഞ്ജുജാൻ (സെക്രട്ടറി), സുഭാഷ് എ.പി (വൈസ് പ്രസിഡന്റ്), സ്മൃതി വേണുഗോപാൽ (ജോയിന്റ് സെക്രട്ടറി), ആകാശ് പി.എസ് (ട്രഷറർ) എന്നിവരെയും താലൂക്ക് വനിതാ കമ്മിറ്റി ഭാരവാഹികളായി സെലീന.പി (പ്രസിഡന്റ്‌), പ്രിയ കെ.ജെ (സെക്രട്ടറി) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

കടലിൽ മീൻപിടിത്തം കഴിഞ്ഞു മടങ്ങിവരവേ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കടലിൽ മീൻപിടിത്തം കഴിഞ്ഞു മടങ്ങിവരവേ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

വർക്കല: കടലിൽ മീൻപിടിത്തം കഴിഞ്ഞു മടങ്ങിവരവേ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വർക്കല ചിലക്കൂർ അക്കരവിള പടിഞ്ഞാറ്റേവിള ഹക്കിം(45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ താഴെവെട്ടൂർ ഭാഗത്തായിരുന്നു അപകടം. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. ഹക്കിമും ഒപ്പമുണ്ടായിരുന്ന കഫാർ, സലാഹുദീൻ, വഹാബ് എന്നിവരും കടലിൽ തെറിച്ചുവീണു. മറ്റു മൂന്നുപേർ നീന്തി കരയിലെത്തി. മുങ്ങിത്താഴ്ന്ന ഹക്കിമിനെ രക്ഷിക്കാനായില്ല. ഭാര്യ: സഹീറ. മക്കൾ: ഷബാന, അജ്മൽ, നൈഷാന.

കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബര്‍ 18ന് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റലില്‍ പീഡിപ്പിച്ച കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പ്രതി ബെഞ്ചമിന്‍ പീഡനത്തിനുശേഷം മണിക്കൂറുകളോളം സ്ഥലത്ത് തുടരുകയും, രാവിലെ 10 മണിയോടെയുള്ള ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുകയും ചെയ്തതായി വ്യക്തമാവുന്നു.
പ്രതി പൊലീസിന് മൊഴി നല്‍കിയതനുസരിച്ച്, പീഡനത്തിന് ശേഷം ലോറിയില്‍ കിടന്നുറങ്ങിയ ശേഷം തിരികെ പോയതാണ്. പ്രതി പീഡനത്തിനിടെ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, സംഭവ സമയത്ത് മദ്യപിച്ചിരുന്നുവെന്നും സമ്മതിച്ചു.

മധുരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്, അവിടെ പ്രതിക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു.അമ്പതോളം സിസിടിവികള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്താരാഷ്ട്ര അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം, ബെഞ്ചമിന്‍ ഹോസ്റ്റലില്‍ കയറുന്നതിനു മുമ്പ് സമീപത്തെ മൂന്ന് വീടുകളില്‍ മോഷണശ്രമം നടത്തിയിരുന്നു. ഒരു വീട്ടില്‍ നിന്ന് കുട എടുത്ത് മുഖം മറച്ച്, മറ്റൊരു വീട്ടില്‍ നിന്ന് തൊപ്പിയും ഹെഡ് ഫോണ്‍മെടുത്തും ഹോസ്റ്റലില്‍ കയറുകയായിരുന്നു. പൊലീസ് പിന്തുടര്‍ന്നപ്പോള്‍ ഇയാള്‍ കുറ്റിക്കാട്ടില്‍ കയറി ഇരിക്കുന്ന നിലയിലായിരുന്നു.

തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്നും, ഡാന്‍സാഫ് സംഘം സാഹസികമായി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നെന്നുമാണ് പോലീസ് പറയുന്നത്‌. ഒക്ടോബര്‍ 18ന് യുവതി ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പ്രതി മുറിയില്‍ കയറി ലൈംഗിക പീഡനം നടത്താന്‍ ശ്രമിച്ചു. യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

രാഷ്ട്രപതി ദ്രൌപതി മുർമുവിൻ്റെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ ഇന്നുമുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം

രാഷ്ട്രപതി ദ്രൌപതി മുർമുവിൻ്റെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ ഇന്നുമുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം

രാഷ്ട്രപതി ദ്രൌപതി മുർമുവിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ 21.10.2025 , 22.10.2025, 23.10.2025 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.

തിരുവനന്തപുരം നഗരത്തിൽ 21.10.2025 തീയതി ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 8 മണി വരെയും 22.10.2025 തീയതി രാവിലെ 6.00 മണി മുതൽ രാത്രി 10 മണി വരെയും 23.10.2025 തീയതി മുതൽ രാവിലെ 6.00 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് നഗരത്തിലെ റോഡുകളിൽ ഗതാഗത തിരക്ക് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്.

21.10.2025 തീയതി ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 8 മണി വരെ ശംഖുംമുഖം- ആൾസെയിന്റ്സ്-ചാക്ക –പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- വേൾ‍‍ഡ്‍വാർ-മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

22.10.2025 തീയ്യതി രാവിലെ 06.00 മണി മുതൽ വെെകുുന്നേരം 06.00 മണി വരെ ശംഖുംമുഖം- ആൾസെയിന്റ്സ്-ചാക്ക –പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- വി ജെ റ്റി -വേൾ‍‍ഡ്‍വാർ-മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും, വെെകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ കവടിയാർ – വെള്ളയമ്പലം – ആൽത്തറ – ശ്രീമൂലം ക്ലബ് – വഴുതക്കാട്- വിമൻസ്‍കോളേജ് ജംഗ്ഷൻ – മേട്ടുക്കട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

23.10.2025 തീയ്യതി രാവിലെ 06.00 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെ കവടിയാർ-വെള്ളയമ്പലം-മ്യൂസിയം-പാളയം-വി ജെ റ്റി- ആശാൻ സ്ക്വയർ-ജനറൽ ആശുപത്രി-പാറ്റൂർ-പള്ളിമുക്ക്-പേട്ട -ചാക്ക -ആൾസെയിന്റ്സ്-ശംഖുംമുഖം-റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

കൂടാതെ 21.10.2025, 22.10.2025 , 23.10.2025 തീയതികളിൽ ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട് – ഈഞ്ചയ്ക്കൽ – അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കൽ – മിത്രാനന്ദപുരം – എസ് പി ഫോർട്ട് – ശ്രീകണ്ഠേശ്വരം പാർക്ക് – തകരപ്പറമ്പ് മേൽപ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂർ ഫ്ലൈഓവർ – തൈയ്കക്കാട് -വഴുതയ്ക്കാട് – വെള്ളയമ്പലം റോഡിലും 22.10.2025 തീയതി വെള്ളയമ്പലം-മ്യൂസിയം-കോർപ്പറേഷൻ ഓഫീസ്-രക്തസാക്ഷി മണ്ഡപം-ബേക്കറി ജംഗ്ഷൻ-വിമൻസ്‍കോളേജ് റോഡിലും ,23.10.2025 തീയതി വെള്ളയമ്പലം-കവടിയാർ-കുറവൻകോണം-പട്ടം-കേശവദാസപുരം-ഉള്ളൂർ-ആക്കുളം-കുഴിവിള-ഇൻഫോസിസ്-കഴക്കൂട്ടം-വെട്ടുറോഡ് റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതും അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്. റൂട്ട് സമയത്ത് പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്.

വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം , ചാക്ക ഫ്ളൈ ഓവർ , ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റർനാഷണൽ ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ളൈ ഓവർ , ഈഞ്ചക്കൽ ,കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകേണ്ടതാണ്.‍

തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒളിംപിക്‌സ് മാതൃകയിലുള്ള 67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കാണ് തലസ്ഥാനം ഒരുങ്ങിയത്. 21 മുതല്‍ 28 വരെയാണ് കായികമേള. മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ ഫുട്ബോൾ താരവുമായ ഐഎം വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ചേർന്നു ദീപശിഖ തെളിയിക്കും.

കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും. മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയില്‍ നിന്നും മുന്നൂറ് കുട്ടികള്‍ പങ്കെടുക്കുന്ന വിപുലമായ മാര്‍ച്ച് പാസ്റ്റുമാണ് ഒരുക്കിയിരിക്കുന്നത്. പതിനാറോളം സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മേളയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍. ചലച്ചിത്ര താരം കീര്‍ത്തി സുരേഷ് മേളയുടെ ഗുഡ്‍വിൽ അംബാസഡര്‍ ആണ്.

ഒക്ടോബര്‍ 22 മുതല്‍ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങള്‍ നടക്കും. മേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി 1944 കായിക താരങ്ങള്‍ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കുന്നു. ഗള്‍ഫ് മേഖലയില്‍ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളില്‍ നിന്നും 35 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെണ്‍കുട്ടികള്‍ കൂടി ഈ സംഘത്തില്‍ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്. ആയിരത്തോളം ഒഫീഷ്യല്‍സും രണ്ടായിരത്തോളം വോളന്റിയേഴ്‌സും കായിക മാമാങ്കത്തിന്റെ ഭാഗമാകുന്നു. സ്‌കൂള്‍ കായിക മേള ചരിത്രത്തില്‍ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിര്‍വ്വഹിച്ച തീം സോങാണ് ഇത്തവണത്തേത്.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വര്‍ണ്ണക്കപ്പാണ് നല്‍കുന്നത്. ഒക്ടോബര്‍ 16 ന് കാസര്‍കോട് നീലേശ്വരത്ത് നിന്ന് ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയുടെ പര്യടനം മറ്റെല്ലാ ജില്ലകളും താണ്ടി ഞായറാഴ്ച തിരുവനന്തപുരത്തെത്തിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലൂടെയും സ്വര്‍ണ്ണക്കപ്പുമായുള്ള ഘോഷയാത്ര സഞ്ചരിച്ചു. നാളെ രാവിലെ 10ന് പട്ടം ഗേള്‍സ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചേരുന്ന സ്വര്‍ണ്ണക്കപ്പ് ഘോഷയാത്ര അവിടെ നിന്നും ഉദ്ഘാടന വേദിയായ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തും.

സംസ്ഥാന സ്കൂൾ കായിക മേളയുടെ സമ​ഗ്ര വിവരങ്ങൾ കൈറ്റ് പോർട്ടൽ വഴി അറിയാം. sports.kite.kerala.gov.in എന്ന പോർട്ടൽ വഴി 12 വേദികളിലായി നടക്കുന്ന കായികോത്സവത്തിന്റെ എല്ലാ വേദികളിലേയും തത്മസമയ ഫലങ്ങളും മത്സര പുരോ​ഗതിയും മീറ്റ് റെക്കോർഡുകളും സർട്ടിഫിക്കറ്റുകളും എല്ലാം ലഭിക്കും. ഓരോ കുട്ടിയുടേയും ഉപജില്ലാ തലം മുതൽ ദേശീയ തലം വരെയുള്ള എല്ലാ പ്രകടനങ്ങളുടേയും വിവരങ്ങളും ട്രാക്ക് ചെയ്യാം. കൈറ്റ് വിക്ടേഴ്സ് ആപ് victers.kite.kerala.gov.in സൈറ്റിലും itsvicters യുട്യൂബ് ചാനലിലും ഇ വിദ്യ കേരളം ചാനലിലും മത്സരങ്ങൾ തത്സമയം കാണാം.

പകല്‍ ആറു മണിക്കൂര്‍, രാത്രി 12; എല്ലാ ആശുപത്രികളിലും ഇനി ഒരേ ഷിഫ്റ്റ്, ഉത്തരവിറക്കി സര്‍ക്കാര്‍

പകല്‍ ആറു മണിക്കൂര്‍, രാത്രി 12; എല്ലാ ആശുപത്രികളിലും ഇനി ഒരേ ഷിഫ്റ്റ്, ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ അടക്കം നഴ്‌സുമാര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ ജോലി സമയം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കിടക്കകളുടെ എണ്ണം നോക്കാതെയാണ് ഡ്യൂട്ടി സമയം ഏകീകരിച്ചത്. ഇതോടെ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഒരേ ഷിഫ്റ്റ് സമ്പ്രദായമായി.

മുഴുവന്‍ ജീവനക്കാര്‍ക്കും 6-6-12 മണിക്കൂര്‍ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്നാണ് തൊഴില്‍ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് നല്‍കണം. മാസത്തിൽ 208 മണിക്കൂർ അധികരിച്ചാലാണ് അലവൻസ്. വി.വീരകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചു 2021ല്‍ പുറത്തിറക്കിയ ഉത്തരവാണ് എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാക്കിയത്.

100 കിടക്കളിൽ അധികമുള്ള സ്വകാര്യ ആശുപത്രികളിൽ മാത്രമായിരുന്നു ഇതുവരെ പകൽ 6 മണിക്കൂർ വീതവും, രാത്രി 12 മണിക്കൂറും എന്ന ഷിഫ്റ്റ് സമ്പ്രദായമുണ്ടായിരുന്നത്. പുതിയ ഉത്തരവോടെ, കിടക്കകളുടെ എണ്ണം നോക്കാതെ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരും. നഴ്സുമാരുടെ സമരത്തെത്തുടർന്നാണ് സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ ജോലിസമയം സംബന്ധിച്ചു പഠനം നടത്താൻ മുൻ ജോയിന്റ് ലേബർ കമ്മിഷണർ വി. വീരകുമാർ അധ്യക്ഷനായ കമ്മിറ്റിയെ 2012 നവംബറിൽ സർക്കാർ നിയോഗിച്ചത്.