പത്താം ക്ലാസുകാർക്ക് കേന്ദ്ര സർക്കാർ ജോലി; കേരളത്തിലും നിരവധി ഒഴിവ്,ശമ്പളം 56900 വരെ

പത്താം ക്ലാസുകാർക്ക് കേന്ദ്ര സർക്കാർ ജോലി; കേരളത്തിലും നിരവധി ഒഴിവ്,ശമ്പളം 56900 വരെ

കേന്ദ്ര സർക്കാരിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച അവസരം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐബി) എംടിഎസ് റിക്രൂട്ട്മെന്റ് 2025 (IB MTS Recruitment 2025) വിജ്ഞാപനം പുറത്തിറക്കി. മൾട്ടി ടാസ്കിങ് സ്റ്റാഫ് (ജനറൽ) തസ്തികയിൽ 362 ഒഴിവുകൾ ആണ് ഉള്ളത്. തിരുവനന്തപുരത്തും ഒഴിവുകൾ ഉണ്ട്‌. അപേക്ഷകൾ നവംബർ 22 മുതൽ 14 ഡിസംബർ വരെ നൽകാം.

വിദ്യാഭ്യാസ യോഗ്യത & പ്രായം

മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (ജനറൽ) തസ്തികയിലേക്ക് അപേക്ഷിക്കാൻ അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ (പത്താം ക്ലാസ് പാസായതോ) തത്തുല്യമായ യോഗ്യത.

അപേക്ഷകന്റെ പ്രായം 18 നും 25 നും ഇടയിൽ ആയിരിക്കണം. വിവിധ സംവരണ വിഭാഗങ്ങൾക്ക് ഇന്ത്യാ ഗവൺമെന്റ് നിയമങ്ങൾ അനുസരിച്ച് വയസ്സിളവ് ലഭിക്കും.

ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ (CPC) പേ മാട്രിക്സിന്റെ ലെവൽ-1 ന് കീഴിലുള്ള ഈ തസ്തിക വരുന്നത് 18,000–₹56,900 രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം.

ടയർ 1: കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT)
മോഡ്: ഓൺലൈൻ (കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്)

ആകെ മാർക്ക്: 100

ആകെ ചോദ്യങ്ങൾ: 100 (ഓരോന്നിനും 1 മാർക്ക്)

ദൈർഘ്യം: 1 മണിക്കൂർ

നെഗറ്റീവ് മാർക്ക്: ഓരോ തെറ്റായ ഉത്തരത്തിനും 1/4 മാർക്ക് (0.25) നെഗറ്റീവ് മാർക്ക്.

വിഷയങ്ങൾ: പൊതു അവബോധം (40 ചോദ്യങ്ങൾ),ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (20 ചോദ്യങ്ങൾ),സംഖ്യാ/വിശകലന/ലോജിക്കൽ എബിലിറ്റി & റീസണിംഗ് (20 ചോദ്യങ്ങൾ),ഇംഗ്ലീഷ് ഭാഷ (20 ചോദ്യങ്ങൾ).

ടയർ 2: വിവരണാത്മക പരീക്ഷ
ഇംഗ്ലീഷ് ഭാഷയിലുള്ള നിങ്ങളുടെ അടിസ്ഥാന പ്രാവീണ്യം പരിശോധിക്കുക എന്നതാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യം, കൂടാതെ യോഗ്യത നേടുന്നതിനുള്ള സ്വഭാവം മാത്രമേയുള്ളൂ.

മോഡ്: വിവരണാത്മക, ഓഫ്‌ലൈൻ പരീക്ഷ

ആകെ മാർക്ക്: 50

ദൈർഘ്യം: 1 മണിക്കൂർ

ഉള്ളടക്കം: ഇംഗ്ലീഷ് ഭാഷയും ഗ്രാഹ്യവും ഈ പരീക്ഷയിൽ ഉൾപ്പെടും. ഇംഗ്ലീഷിന്റെ അടിസ്ഥാനകാര്യങ്ങൾ, പദാവലി, ശരിയായ വ്യാകരണം, വാക്യഘടന, പര്യായപദങ്ങൾ, വിപരീതപദങ്ങൾ, ഒരു ഖണ്ഡിക എഴുതാനുള്ള നിങ്ങളുടെ കഴിവ് (ഏകദേശം 150 വാക്കുകൾ) എന്നിവയെക്കുറിച്ചുള്ള നിങ്ങളുടെ കഴിവ് ഈ ടെസ്റ്റിലൂടെ വിലയിരുത്തും.

യോഗ്യതാ മാർക്കുകൾ: യോഗ്യത നേടുന്നതിന് നിങ്ങൾ 50 ൽ 20 മാർക്കെങ്കിലും നേടണം.

ടയർ-II വിവരണാത്മക പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി ടയർ-I പരീക്ഷയിൽ ലഭിച്ച മാർക്കിനെ അടിസ്ഥാനമാക്കി അന്തിമ ലിസ്റ്റ് തയ്യാറാക്കും. അപേക്ഷ ഫീസ്,മറ്റു വിവരങ്ങൾ എന്നിവയ്ക്കായി https://www.mha.gov.in/en സന്ദർശിക്കുക

‘യോഗ്യത ഇല്ലാത്തവര്‍ കോളജ് അധ്യാപകരായി വേണ്ട, നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കണം’; നിര്‍ദേശവുമായി ഗവര്‍ണര്‍

‘യോഗ്യത ഇല്ലാത്തവര്‍ കോളജ് അധ്യാപകരായി വേണ്ട, നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കണം’; നിര്‍ദേശവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: കോളജ് അധ്യാപകരായി യോഗ്യത സംബന്ധിച്ച യുജിസി നിര്‍ദേശം കര്‍ശനമായി പാലിക്കണെന്ന് ഗവര്‍ണറുടെ ഉത്തരവ്. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള അഫിലിയേറ്റഡ്/സ്വാശ്രയ കോളജുകളിലെ അധ്യാപക നിയമനങ്ങള്‍ സംബന്ധിച്ചാണ് ചാന്‍സലർ കൂടിയായ ഗവര്‍ണർ രാജേന്ദ്ര ആര്‍ലേക്കറിന്റെ നിര്‍ദേശം. കോളജ് അധ്യാപക നിയമനങ്ങളില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപെടല്‍.

സര്‍വകലാശാല വൈസ്ചാന്‍സലര്‍മാര്‍, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കയച്ച സര്‍ക്കുലറിലാണ് ഗവര്‍ണര്‍ നിര്‍ണായക നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത്. അധ്യാപക നിയമനങ്ങളില്‍ പൂര്‍ണമായും യുജിസി ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. അധ്യാപകരുടെ യഥാര്‍ഥ യോഗ്യത വിവരങ്ങള്‍ കോളജ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കണം എന്നും സര്‍ക്കുലര്‍ പറയുന്നു.

ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള പിജി ബിരുദവും യുജിസി നാഷനല്‍ എലിജിബിലിറ്റ് ടെസ്റ്റുമാണ് (നെറ്റ്)/പിഎച്ച്ഡിയും ആണ് അധ്യാപക നിയമനത്തിനുള്ള യോഗ്യത. എന്നാല്‍ സ്വാശ്രയ കോളജുകളിലും എയ്ഡഡ് കോളജുകളിലെ സ്വാശ്രയ കോഴ്‌സുകളിലും ഉള്‍പ്പെടെ നിയമിക്കപ്പെടുന്നവര്‍ക്ക് ഇത്തത്തിലുള്ള യോഗ്യതകള്‍ പലതും ഇല്ലെന്നാണ് വിലയിരുത്തല്‍. ഈ വിഷയം ശ്രദ്ധയിപ്പെട്ടതോടെയാണ് ഗവര്‍ണറുടെ ഇടപെടല്‍.

യുജിസി യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുമ്പോള്‍ ഇതേ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഉയര്‍ന്ന ശമ്പളം നല്‍കേണ്ടിവരും. ഇതൊഴിവാക്കാനാണ് പല കോളജുകളും മതിയായ യോഗ്യതയില്ലാത്തവരെ നിയമിക്കുന്നത്. ഒട്ടേറെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ എഐസിടിഇ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയില്ലാത്ത അധ്യാപകര്‍ പഠിപ്പിക്കുന്നുണ്ട്. ഉത്തരക്കടലാസ് മൂല്യനിര്‍ണയം ഉള്‍പ്പെടെ ഇവര്‍ ചെയ്യാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത്; ശബരിമലയില്‍ ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത്; ശബരിമലയില്‍ ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍. ഇന്നു നട തുറന്നത് മുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തുന്നുണ്ട്. സന്നിധാനത്തെ തിരക്ക് കണക്കിലെടുത്തു മാത്രമാണ് നിലക്കലില്‍ നിന്ന് പമ്പയിലേക്ക് തീര്‍ത്ഥാടകരെ കടത്തി വിടുന്നത്. ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഇന്നുമുതല്‍ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കലില്‍ ഏഴ് സ്പോട്ട് ബുക്കിങ്ങ് ബൂത്തുകള്‍ അധികമായി ഉടന്‍ പ്രവർത്തനം ആരംഭിക്കും. പമ്പയിലെ സ്പോട്ട് ബുക്കിങ്ങ് താൽക്കാലികമായി നിർത്തി. നിലയ്ക്കലിലാകും ഇനി സ്പോട്ട് ബുക്കിങ്ങ് അനുവദിക്കുക. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകള്‍ കൂടുതല്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും.

ക്യൂ കോംപ്ലക്‌സുകളില്‍ എല്ലായിടത്തും ഭക്തര്‍ക്ക് കുടിവെള്ളവും, ലഘുഭക്ഷണവും ചുക്കു കാപ്പിയും നല്‍കും. പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപോകാന്‍ സാഹചര്യമൊരുക്കും. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും.

വിര്‍ചല്‍ ക്യൂ ബുക്കിങ്ങിലൂടെ 70,000 പേരേയും സ്‌പോട്ട് ബുക്കിങ്ങിലൂടെ 20,000 പേരേയും ഉള്‍പ്പടെ പരമാവധി 90,000 തീര്‍ഥാടകര്‍ക്കാണ് ഒരു ദിവസം ദര്‍ശനം അനുവദിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂരില്‍ നിന്നുള്ള എന്‍ഡിആര്‍എഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. ചെന്നൈയില്‍ നിന്നുള്ള അടുത്ത സംഘം വൈകിട്ടോടെ എത്തും. കൂടുതല്‍ കേന്ദ്രസേന വൈകാതെ എത്തുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി സുരക്ഷയ്ക്കായി 3500 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം

ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം

ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം. ചിറയിൻകീഴ് പതിനാറാം വാർഡ് പുതുക്കരി വയലിൽ വീട്ടിൽ ടിന്റു ജി വിജയന്റെ വീടിനു നേരെയായിരുന്നു പുലർച്ചെ ഒരു മണിയോടെ ആക്രമണം നടന്നത്.
സംഭവ സമയത്ത് ടിന്റുവും രണ്ടു കുട്ടികളും അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടിൽ. ഉറക്കത്തിലായിരുന്ന ഇവർ ശബ്ദം കേട്ട് ഉണർന്നു നോക്കുമ്പോൾ ഹെൽമറ്റും റെയിൻ കോട്ടും ധരിച്ച് രണ്ടുപേർ വീടിന് പുറകുവശത്ത് തീയിടുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. ഫ്ലോർമാറ്റും കതകും കത്തിക്കാൻ ശ്രമിച്ചു. ടിന്റു ജി വിജയൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്.

കളമച്ചൽ ആനച്ചലിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർത്ഥിക്ക് പരിക്ക്

കളമച്ചൽ ആനച്ചലിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർത്ഥിക്ക് പരിക്ക്

കളമച്ചൽ ആനച്ചലിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർത്ഥിക്ക് പരിക്ക്. വെഞ്ഞാറമൂട് ജ്യോതിസ് സ്കൂളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ ബസ് ഇറക്കം ഇറങ്ങുന്നതിനിടയിൽ എതിരെ വന്ന സ്വകാര്യ ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് ഓടയിലേക്ക് മറിഞ്ഞത്.

മെഡിക്കൽ പി ജി; നീറ്റ് ഫലം 20 ന്, മറ്റ് തീയതികൾ അറിയാം

മെഡിക്കൽ പി ജി; നീറ്റ് ഫലം 20 ന്, മറ്റ് തീയതികൾ അറിയാം

മെഡിക്കൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള നീറ്റ് – പി ജി ആദ്യ റൗണ്ട് അലോട്ട്മെന്റ് ഫലം ഈ മാസം 20 ന് പ്രഖ്യാപിക്കും. മെഡിക്കൽ കൗൺസിൽ കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അലോട്ട്മെന്റിൽ ഉൾപ്പെട്ടവർക്ക് 21 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ബന്ധപ്പെട്ട കോളജുകളിൽ എത്തി പ്രവേശനം നേടാം.

രണ്ടാം ഘട്ട നടപടികൾ അടുത്ത മാസം രണ്ടിന് ആരംഭിക്കും. അലോട്ട്മെന്റ് ഫലം ഡിസംബർ 10 ന് ആണ് പ്രസിദ്ധീകരിക്കുന്നത്. രണ്ടാം റൗണ്ട് അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് 11 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ കോളജുകളിൽ എത്തി പ്രവേശനം നേടണം. മൂന്നാം ഘട്ട പ്രവേശന നടപടികൾ ഡിസംബർ 23 ന് ആരംഭിക്കും. അലോട്ട്മെന്റ് ഫലം 31 ന് പ്രസിദ്ധീകരിക്കും. ജനുവരി 1 മുതൽ 8 വരെയുള്ള തീയതികളിൽ കോളജുകളിൽ എത്തി അഡ്മിഷൻ നേടണം.

ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സ്‌ട്രെ വേക്കൻസി റൗണ്ട് അടുത്ത വർഷം ജനുവരി 13ന് തുടങ്ങും. അലോട്ട്മെന്റ് ഫലം 21 ന് പ്രഖ്യാപിക്കും. ജനുവരി 22 നും 31നും ഇടയിൽ കോളജിൽ എത്തി പ്രവേശനം നേടണം.