ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് കൂടുതല്‍ സൗകര്യം; ഉച്ചയ്ക്ക് ഒരു മണിക്കൂറേ അടയ്ക്കൂ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് കൂടുതല്‍ സൗകര്യം; ഉച്ചയ്ക്ക് ഒരു മണിക്കൂറേ അടയ്ക്കൂ

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനിമുതല്‍ ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമേ അടയ്ക്കൂ. ഉച്ചയ്ക്ക് മൂന്നിന് നടയടച്ചാല്‍ നാലിന് തുറന്ന് രാത്രി 9 വരെ ദര്‍ശനം തുടരും. പുലര്‍ച്ചെ മൂന്നിന് നട തുറക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കൂടുതല്‍ ദര്‍ശന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഇന്നലെ ദേവസ്വം ഭരണസമിതി തീരുമാനം എടുത്തതായി ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ പറഞ്ഞു. ഇപ്പോള്‍ ഉച്ചയ്ക്ക് രണ്ടിന് നട അടച്ചാല്‍ വൈകീട്ട് 4.30നാണ് തുറക്കുന്നത്. അവധി ദിവസങ്ങളില്‍ 3.30നാണ് തുറക്കുന്നത്. എന്നാല്‍ ഭക്തരുടെ തിരക്ക് കാരണം ഉച്ചയ്ക്ക് രണ്ടിന് നട അടയ്ക്കാന്‍ കഴിയാറില്ല. 2.45 വരെ ദര്‍ശനം അനുവദിക്കാറുണ്ട്. തിരക്ക് പരിഗണിച്ച് തന്ത്രിയുടെ നിര്‍ദേശം കൂടി സ്വീകരിച്ചാണ് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.

മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്, നടപടി 2023ല്‍; ഹാജരായില്ലെന്ന് വിവരം

മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്, നടപടി 2023ല്‍; ഹാജരായില്ലെന്ന് വിവരം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയ ഇഡി അതിന്റെ ഭാഗമായാണ് സമന്‍സ് അയച്ചതെന്നാണ് വിവരം. 2023ലാണ് ഇഡി വിവേകിന് സമന്‍സ് അയച്ചത്. എന്നാല്‍ വിവേക് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്തിലാണ് സമന്‍സ് നല്‍കിയതെന്നതില്‍ വ്യക്തതയില്ല. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമന്‍സ് അയച്ചിരിക്കുന്നത്. വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ് എന്നു രേഖപ്പെടുത്തി 2023ല്‍ അയച്ച സമന്‍സിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. അന്നത്തെ ഇഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ പികെ ആനന്ദ് ആണ് സമന്‍സ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകാനായിരുന്നു സമന്‍സ്.

എന്നാല്‍, വിവേക് ഹാജരായില്ല. അതേ ഓഫിസില്‍ 3 ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അന്നു രാത്രിയിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. സമന്‍സില്‍ ഹാജരാകാതിരുന്ന വിവേകിനെതിരെ ഇഡിയുടെ ഭാഗത്തുനിന്നു പിന്നീട് എന്തു നടപടിയുണ്ടായി എന്നതു പുറത്തു വന്നിട്ടില്ല. അബുദാബിയില്‍ ജോലി ചെയ്യുന്ന വിവേകിന്റെ വിവരങ്ങള്‍ യുഎഇ അധികൃതരില്‍നിന്ന് ഇഡി തേടിയിരുന്നതായി സൂചനയുണ്ട്. അതിനു ശേഷം എന്തു സംഭവിച്ചെന്ന് അറിവായിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 50-ാം വകുപ്പിലെ 2,3 ഉപവകുപ്പുകള്‍ പ്രകാരമാണ് വിവേകിനു സമന്‍സ് അയച്ചത്.

‘സംസാരിക്കാൻ പഠിക്കാൻ രണ്ട് വർഷമെടുത്തു, നിശബ്ദത പാലിക്കാൻ 80 വർഷവും’; ഹാപ്പി ബർത്ത് ഡേ ബച്ചൻ ജി…

‘സംസാരിക്കാൻ പഠിക്കാൻ രണ്ട് വർഷമെടുത്തു, നിശബ്ദത പാലിക്കാൻ 80 വർഷവും’; ഹാപ്പി ബർത്ത് ഡേ ബച്ചൻ ജി…

ഇന്ത്യൻ സിനിമയുടെ ‘ബി​ഗ് ബി’ അമിതാഭ് ബച്ചന് ഇന്ന് 83-ാം പിറന്നാൾ. പ്രിയതാരത്തിന് ആശംസകൾ നേരുകയാണ് സിനിമാ ലോകവും ആരാധകരും. ശബ്‍ദ സൗകുമാര്യം ഇല്ലെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച യുവാവ്, അമിതാഭ് ശ്രീവാസ്‍തവ ബച്ചൻ എന്ന അമിതാഭ് ബച്ചൻ അതേ ശബ്‍ദത്തിന്റെ ശുദ്ധിയും ഗാംഭീര്യവും പേറിയാണ് ഇന്ത്യൻ സിനിമാ ചരിത്രത്തിലേക്ക് നടന്ന് കയറിയത്.

കവിയായ ഹരിവംശ് റായ് ബച്ചന്റെയും സാമൂഹിക പ്രവർത്തക തേജി ബച്ചന്റെയും മൂത്ത പുത്രന്റെ ആദ്യ സിനിമാ വേഷം മൃണാൾ സെന്നിന്റെ വിഖ്യാതമായ ഭുവൻ ഷോമിന്റെ ആഖ്യാതാവായിട്ടായിരുന്നു. കഥാപാത്രമായുള്ള അരങ്ങേറ്റം കെ എ അബ്ബാസിന്റെ സാത് ഹിന്ദുസ്‍താനിയിൽ. മെലിഞ്ഞ് നീണ്ട പുതുമുഖ നടൻ‌ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയത് ഹൃഷികേശ് മുഖർജിയുടെ ആനന്ദിലൂടെയായിരുന്നു.

അന്നത്തെ സൂപ്പർതാരം രാജേഷ് ഖന്നയുടെ നായക കഥാപാത്രത്തിന്റെ സ്നേഹിതനായെത്തിയ ഡോക്ടർ ഭാസ്‍കറായി അമിതാഭ് മിന്നി. പിന്നീട് അമിതാഭിനെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ സിനിമാ മുഖമാക്കി സഞ്ജീ‍ർ എന്ന സിനിമ. സലീം ജാവേദ് ജോഡിയും അമിതാഭും പിന്നീടും നൽകി നിരവധി ഹിറ്റ് സിനിമകൾ. യാഷ് ചോപ്രക്കൊപ്പം പ്രണയനായകനായി തിളങ്ങിയ സിനിമകൾ വേറെ.

ഷോലെ, നമക് ഹരം, അമർ അക്ബർ ആന്റണി, കഭീ കഭീ, അഭിമാൻ, മജ്ബൂർ, ചുപ്കെ ചുപ്കെ, ദീവാർ, മിസ്റ്റർ നടവ്ർ ലാൽ അങ്ങനെ അങ്ങനെ പല തരം സിനിമകളിൽ നായകനായും ഒന്നിലധികം നായകരിൽ ഒരാളായും എല്ലാം ബച്ചൻ ബോളിവുഡ് അടക്കി വാണു. 82 ൽ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു.

തൊട്ടുമുന്നിൽ വന്നു നിന്ന മരണത്തെ തോൽപ്പിച്ച് ബച്ചൻ തിരിച്ചെത്തി. പ്രാർഥനകളുമായി കഴിഞ്ഞ ആരാധകലോകം അദ്ദേഹത്തിന്റെ മടങ്ങിവരവ് ഉത്സവമാക്കി. പ്രായത്തിന് ചേരുന്ന വിവിധ കഥാപാത്രങ്ങളിലൂടെ ബച്ചൻ ഇപ്പോഴും തലമുറകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. സെക്ഷൻ 84, ബ്രഹ്മാസ്ത്ര പാർട്ട് 2 എന്നിവയാണ് അമിതാഭ് ബച്ചന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ. “സംസാരിക്കാൻ പഠിക്കാൻ രണ്ട് വർഷമെടുത്തു; നിശബ്ദത പാലിക്കാൻ പഠിക്കാൻ 80 വർഷവും”.- എന്നാണ് പിറന്നാളിന് മുന്നോടിയായി ഇന്നലെ അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇന്ത്യൻ സിനിമയുടെ ഷെഹൻ ഷായ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ.

പത്ത് മാസത്തിനിടെ സംസ്ഥാനത്ത് 18 ശൈശവ വിവാഹങ്ങള്‍; കൂടുതല്‍ തൃശൂരില്‍

പത്ത് മാസത്തിനിടെ സംസ്ഥാനത്ത് 18 ശൈശവ വിവാഹങ്ങള്‍; കൂടുതല്‍ തൃശൂരില്‍

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് 2024-25 ല്‍ കേരളത്തില്‍ ബാല വിവാഹങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജനുവരി 15 വരെ 18 ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. 2023-24ല്‍ 14 ഉം 2022-23 ല്‍ 12 ആയിരുന്നു കണക്ക്. ഈ വര്‍ഷം കൂടുതല്‍ ശൈശവ വിവാഹം നടന്നത് തൃശൂരാണ്. ഈ വര്‍ഷം റിപ്പോർട്ട് ചെയ്ത 18 കേസുകളില്‍ 10 ഉം തൃശൂരാണെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

മലപ്പുറത്ത് മൂന്ന് ബാലവിവാഹങ്ങളും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം, ആലപ്പുഴ, വയനാട് എന്നിവിടങ്ങളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ശൈശവ വിവാഹങ്ങളെ പ്രതിരോധിക്കുന്നതിലും കുറവ് വന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2022-23 ല്‍ 108 ബാലവിവാഹങ്ങള്‍ ഔദ്യോ​ഗികമായി തടഞ്ഞിരുന്നു. 2023-24ല്‍ ഇത് 52 ആയും 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയില്‍ 48 ആയും കുറഞ്ഞു. കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പ്രതിഫലം നല്‍കുന്ന സംസ്ഥാനത്തിന്റെ പൊന്‍വാക്ക് പദ്ധതിപ്രകാരം 2022-2023 ല്‍ എട്ട് ബാലവിവാഹങ്ങള്‍ തടയാന്‍ കഴിഞ്ഞു. 2023-24ല്‍ ഏഴ് കേസുകളും 2024- 25 ല്‍ 10 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിരീക്ഷണം ശക്തമായതിനാലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്ന് വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നതിനായി പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മൂലകാരണങ്ങള്‍ മനസിലാക്കുന്നതിനായി കേരള സര്‍വകലാശാലയിലെ ജനസംഖ്യാ വകുപ്പുമായി ഏകോപിപ്പിച്ച് സംസ്ഥാനത്തെ ശൈശവ വിവാഹങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം നടക്കുന്നുണ്ടെന്ന് വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2022-23 ല്‍, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12 സംഭവങ്ങളില്‍ 11 എണ്ണം പാലക്കാടും മലപ്പുറത്തുമാണ്.

2023-24 ല്‍, മലപ്പുറത്തും തൃശൂരും നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് കേസുകള്‍ പാലക്കാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2024-25 ല്‍, സംസ്ഥാനത്തെ ആകെ കേസുകളുടെ പകുതിയിലധികവും റിപ്പോര്‍ട്ട് തൃശൂര്‍ ജില്ലയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ബാലവിവാഹ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നത് മലപ്പുറത്താണ്. ഇതിന്റെ ഫലമായി 2022-23 ല്‍ 56 ബാലവിവാഹങ്ങള്‍ തടയാന്‍ കഴിഞ്ഞു. 2023-24 ല്‍ 21, 2024-25 ല്‍ 17, 2024-25 ല്‍ എട്ട് ബാലവിവാഹങ്ങളും തടയാന്‍ കഴിഞ്ഞു. കൃത്യമായ ഇടപെടലുണ്ടായതിനെത്തുടര്‍ന്ന് ഇടുക്കിയില്‍ ഒരു കേസു പോലും റിപ്പോര്‍ട്ട് ചെയ്തില്ല. തൃശൂരില്‍ മൂന്ന് സംഭവങ്ങള്‍ മാത്രമാണ് തടയാന്‍ കഴിഞ്ഞത്. ചില വീടുകളിലെ സാമ്പത്തിക അസ്ഥിരത, ചില ഗ്രാമീണ പ്രദേശങ്ങളില്‍ ശൈശവ വിവാഹത്തിന് നിലനില്‍ക്കുന്ന സാമൂഹിക സ്വീകാര്യത എന്നിവ കാരണങ്ങളാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുമ്പോഴും, ഉയര്‍ന്ന നിലവാരമുള്ള മധ്യവര്‍ഗക്കാര്‍ക്കിടയില്‍ പോലും, സ്ത്രീകളെ വീട്ടുജോലികളില്‍ മാത്രം ഒതുക്കുന്ന പ്രവണതയുണ്ട്. ഈ മനോഭാവം പലപ്പോഴും പെണ്‍മക്കളുടെ ശൈശവ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലേക്ക് വ്യാപിക്കുന്നു. കാലഹരണപ്പെട്ട മതപരമായ ആചാരങ്ങളുടെ സ്വാധീനം, ആഴമില്ലാത്ത രാഷ്ട്രീയ അവബോധം, അത്തരം ആചാരങ്ങളെ സഹായിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയും ഘടകങ്ങളാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പല സംഭവങ്ങളും ഒളിച്ചോട്ടങ്ങളാകാമെന്നാണ് സാമൂഹിക പ്രവര്‍ത്തകയും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മുന്‍ അംഗവുമായ ജെ സന്ധ്യ പറയുന്നത്. രക്ഷാകര്‍തൃ ശൈലികള്‍, സോഷ്യല്‍ മീഡിയ സ്വാധീനങ്ങള്‍ എന്നിവയാണ് പ്രധാന ഘടകങ്ങള്‍. രക്ഷാകര്‍തൃത്വം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

കോട്ടയം റൂട്ടില്‍ ഇന്ന് ട്രെയിന്‍ നിയന്ത്രണം; ക്രമീകരണം ഇങ്ങനെ

കോട്ടയം റൂട്ടില്‍ ഇന്ന് ട്രെയിന്‍ നിയന്ത്രണം; ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം : ചിങ്ങവനം- കോട്ടയം സെക്ഷനില്‍ പാലത്തിന്റെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ശനിയാഴ്ച ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കൊല്ലം ജങ്ഷന്‍- എറണാകുളം ജങ്ഷന്‍ (66310) മെമു എക്സ്പ്രസ് റദ്ദാക്കിയപ്പോള്‍ നിരവധി ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുകയും ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്തു.

ആലപ്പുഴ വഴി തിരിച്ചുവിടുന്നവ

1.തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് (16319). കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചു.

2. കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (22503). ആലപ്പുഴയിലും എറണാകുളം ജങ്ഷനിലും അധിക സ്റ്റോപ്പ്

3. തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്സ്പ്രസ് (16343). ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ്

4. തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് (16347). കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ്.

ഭാഗികമായി റദ്ദാക്കിയവ

മധുര-ഗുരുവായൂര്‍ എക്സ്പ്രസ് (16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും, ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) 12ന് പകല്‍ 12.10ന് കൊല്ലത്ത് നിന്നായിരിക്കും പുറപ്പെടുക. കോട്ടയം-നിലമ്പൂര്‍ റോഡ് എക്സ്പ്രസ് (16326) 11ന് രാവിലെ ഏറ്റുമാനൂരില്‍ നിന്നായിരിക്കും പുറപ്പെടുക

വൈകിയോടുന്നവ

കൊല്ലം ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് (66322) 15 മിനിറ്റും, തൂത്തുക്കുടി-പാലക്കാട് ജങ്ഷന്‍ പാലരുവി എക്സ്പ്രസ് (16791) 10 മിനിറ്റും വൈകിയോടും.

സഞ്ജു സാംസൺ എത്തിയത് ആരും അറിഞ്ഞില്ല! കലൂർ സ്റ്റേഡിയത്തിൽ വാം അപ്

സഞ്ജു സാംസൺ എത്തിയത് ആരും അറിഞ്ഞില്ല! കലൂർ സ്റ്റേഡിയത്തിൽ വാം അപ്

കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ വാം അപ് നടത്താനെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇന്നലെയാണ് താരം സ്റ്റേഡിയത്തിലെത്തി വാം അപ് നടത്തി മടങ്ങിയത്. അർജന്റീന ടീമിന്റെ മത്സരം നടക്കാനിരിക്കെ സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് താരമെത്തി ഒരു മണിക്കൂറോളം വാം അപ് നടത്തി മടങ്ങിയത്. വ്യായാമം നടത്തി താരം മടങ്ങിയത് ഓട്ടോയിലായിരുന്നു എന്നതും കൗതുകമായി.

ഈ മാസം ആരംഭിക്കുന്ന രഞ്ജി ട്രോഫി പോരാട്ടത്തിനുള്ള കേരള ടീമിൽ സഞ്ജവും ഉൾപ്പെട്ടിട്ടുണ്ട്. മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കുന്ന ടീം എലീറ്റ് ​ഗ്രൂപ്പ് ബിയിലാണ് മത്സരിക്കുന്നത്. ടീമിന്റെ ആദ്യ പോരാട്ടം 15നു തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കും. മഹാരാഷ്ട്രയാണ് എതിരാളി.

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിലും സഞ്ജുവുണ്ട്. ടി20 പോരാട്ടങ്ങൾക്കുള്ള ടീമിലാണ് മലയാളി താരമുള്ളത്. ഈ മത്സരങ്ങൾക്കായുള്ള ഒരുക്കത്തിലാണ്.

കലൂർ സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികളെപ്പറ്റിയുള്ള ചർച്ചയ്ക്കായി കായിക മന്ത്രി വി അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവർ സ്റ്റേഡിയത്തിലേക്ക് വരുന്നുണ്ടായിരുന്നു. അതിനിടെയാണ് സഞ്ജു ഒരു മണിക്കൂറോളം വാം അപ് നടത്തി മടങ്ങിയത്. ലയണൽ മെസി അടക്കമുള്ള അർജന്റീന ടീം നവംബർ 17നാണ് കലൂർ സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങുന്നത്. ലോക ചാംപ്യൻമാരുടെ വരവ് പ്രമാണിച്ച് 70 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് സ്പോൺസർമാർ വ്യക്തമാക്കിയിരിക്കുന്നത്.