ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്, ഒ പി ബഹിഷ്‌കരിക്കും; രോഗികള്‍ വലയും

ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്, ഒ പി ബഹിഷ്‌കരിക്കും; രോഗികള്‍ വലയും

തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതല്‍. വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കാന്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം. ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണവും അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണവും ആരംഭിക്കും.

ആവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കി. എല്ലാ മെഡിക്കല്‍ കോളജുകളിലും ഇന്ന് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.

സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 19 ന് സെക്രട്ടേറിയേറ്റിനു മുന്നില്‍ സംഘടന ധര്‍ണ നടത്തും. രാവിലെ 10 മണി മുതല്‍ ആണ് ധര്‍ണ്ണ. അന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തും. ഫെബ്രുവരി 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കാനാണ് കെജിഎംസിറ്റിഎ ആഹ്വാനം ചെയ്തിരിക്കുന്നത്.

കഴക്കൂട്ടത്ത് പ്രേംകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി?; നേതാക്കളുമായി ഇന്ന് ചര്‍ച്ച

കഴക്കൂട്ടത്ത് പ്രേംകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി?; നേതാക്കളുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച നടനും ചലച്ചിത്ര അക്കാദമി മുന്‍ അധ്യക്ഷനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. ഇന്നലെ പ്രേംകുമാറുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചിരുന്നു.

കഴക്കൂട്ടത്ത് പ്രേംകുമാറിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി പ്രവേശനത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുക. കോണ്‍ഗ്രസ് നേതൃയോഗ ചര്‍ച്ചയ്ക്കായി ഇന്നു തിരുവനന്തപുരത്തുള്ള വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എന്നിവരുമായി പ്രേംകുമാര്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ പ്രേംകുമാറിന്റെ കഴക്കൂട്ടത്തെ വീട്ടില്‍ എത്തിയിരുന്നു. നടന്‍ വീട്ടിലില്ലാത്തതിനാല്‍ കാണാനാകാതെ മടങ്ങുകയും ചെയ്തു. പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍. നിലവില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യങ്ങള്‍ പ്രേംകുമാറുമായി സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ അതൃപ്തി പരസ്യമാക്കിയത്. തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാതിരിക്കുകയും തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നീക്കിയതും ഇരട്ട നീതിയെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.

ശാർക്കര പൊങ്കാലക്കിടയിലെ തിക്കിലും തിരക്കിലും 20പവനോളം സ്വർണം നഷ്ടപ്പെട്ടു

ശാർക്കര പൊങ്കാലക്കിടയിലെ തിക്കിലും തിരക്കിലും 20പവനോളം സ്വർണം നഷ്ടപ്പെട്ടു

ചിറയിൻകീഴ്: ശാർക്കര പൊങ്കാലക്കിടയിലെ തിക്കിലും തിരക്കിലും 7 പേരുടെ സ്വർണ്ണമാല നഷ്ടപ്പെട്ടു. ശാർക്കര പൊങ്കാലയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് സ്ത്രീ ഭക്തരാണ് പൊങ്കാല സമർപ്പിച്ചത്. ഇവരിൽ നിന്നുമാണ് 7 പേർക്ക് ആഭരണങ്ങൾ നഷ്ടമായത്.

ഏഴ് പേരാണ് ഇതുവരെ ചിറയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയത്. അതെ സമയം 9 പേര് ക്ഷേത്ര പറമ്പിൽ ആഭരണം നഷ്ടപ്പെട്ടതായി പരാതി അറിയിച്ചിരുന്നു. അവർ എല്ലാവരും സ്റ്റേഷനിൽ പരാതി നൽകിയിട്ടില്ല. പരാതി നൽകിയ 7 പേരുടെ 19 പവൻ സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. എല്ലാ വർഷവും പൊങ്കാലയ്ക്ക് ഇടെ സ്വർണ്ണം നഷ്ടപ്പെടാറുണ്ട്. ഇത് തടയുവാൻ പോലീസ് താൽക്കാലിക സിസിടിവികൾ വരെ സ്ഥപിച്ചിരുന്നു. എന്നിട്ടും ഇത്തവണ മോഷണം കൂടി. പൊങ്കാലയോട് അനുബന്ധിച്ച് വിവിധ സ്ഥലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള ഭക്ഷണവിതരണ കേന്ദ്രങ്ങൾക്കിടയിൽ നിന്നാണ് സ്വർണ്ണമാലകൾ നഷ്ടപ്പെട്ടത്.

വിഴുങ്ങിയത് മാലയല്ലേ? കൂട്ടിന് ദാ ഒരു കമ്മൽ കൂടി! പോലീസിനെ വട്ടംകറക്കി ഈ ‘സ്വർണ്ണ’ വയർ!

വിഴുങ്ങിയത് മാലയല്ലേ? കൂട്ടിന് ദാ ഒരു കമ്മൽ കൂടി! പോലീസിനെ വട്ടംകറക്കി ഈ ‘സ്വർണ്ണ’ വയർ!

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുമായി ഒരു കള്ളനും പോലീസും കളി! നിലമ്പൂർ ജില്ലാ ആശുപത്രിയിൽ വെച്ച് ഒരു കുഞ്ഞിന്റെ സ്വർണ്ണമാല കവർന്ന് അത് വിഴുങ്ങിയ യുവതിയെ പിടികൂടിയപ്പോൾ പോലീസ് കരുതി പണി കഴിഞ്ഞെന്ന്. എന്നാൽ അസ്സൽ പണി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

മാല പുറത്തെടുക്കാൻ പോലീസ് കാത്തിരിപ്പ് തുടങ്ങിയിട്ട് ഇപ്പോൾ നാല് ദിവസമായി. പഴവും വെള്ളവും മറ്റ് മരുന്നുകളുമൊക്കെ നൽകി നോക്കിയെങ്കിലും മാല മാത്രം പുറത്തുവരുന്നില്ല. ഇതിനിടെ നടത്തിയ എക്സ്റേ പരിശോധനയിലാണ് പോലീസുകാരെ അമ്പരപ്പിച്ച ആ പുതിയ വിവരം പുറത്തുവന്നത്. യുവതിയുടെ വയറ്റിൽ ഒരു മാല മാത്രമല്ല, ഒരു സ്വർണ്ണ കമ്മൽ കൂടി സുഖമായി ഇരിപ്പുണ്ട്!

ഈ കമ്മൽ എവിടെ നിന്ന് കിട്ടി? എപ്പോഴാണ് വിഴുങ്ങിയത്? ഈ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ മൗനം പാലിക്കുകയാണ് പാലേമാട് സ്വദേശിയായ സമീറ. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ് യുവതി. ശാരീരിക അസ്വസ്ഥതകൾ ഇല്ലാത്തതിനാൽ സർജറി വഴി സ്വർണ്ണം പുറത്തെടുക്കാൻ കഴിയില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. അതുകൊണ്ട് തന്നെ സ്വർണ്ണമാലയും കമ്മലും ‘സ്വാഭാവികമായി’ പുറത്തുവരുന്നത് വരെ കാത്തിരിക്കുകയല്ലാതെ പോലീസിന് ഇപ്പോൾ മറ്റ് വഴികളൊന്നുമില്ല.

എന്തായാലും ഈ വിചിത്രമായ മോഷണവും അതിനെത്തുടർന്നുള്ള സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഇനിയെന്തൊക്കെ ആ വയറ്റിൽ നിന്ന് പുറത്തുവരുമെന്നാണ് പോലീസിന്റെയും നാട്ടുകാരുടെയും ഇപ്പൊഴത്തെ പേടി!

ശബരിമല കൊടിമര പുനര്‍നിര്‍മാണം: ഷാജി കൈലാസും രഞ്ജി പണിക്കരും മൊഴി നല്‍കി, സുരേഷ് ഗോപിയും വിജിലന്‍സിന് മുന്നിലേക്ക്

ശബരിമല കൊടിമര പുനര്‍നിര്‍മാണം: ഷാജി കൈലാസും രഞ്ജി പണിക്കരും മൊഴി നല്‍കി, സുരേഷ് ഗോപിയും വിജിലന്‍സിന് മുന്നിലേക്ക്

തിരുവനന്തപുരം: ശബരിമല കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്‍കി സിനിമ പ്രവര്‍ത്തകര്‍. കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നല്‍കിയതിലാണ് സംവിധായകരായ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‌കുമാര്‍ എന്നിവര്‍ വിജിലന്‍സിന് മൊഴി നല്‍കിയത്.

അതേസമയം, സ്വര്‍ണം സംഭാവന നല്‍കിയതില്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിജിലന്‍സിനെ അറിയിച്ചു. സ്വര്‍ണം സംഭാവനയായി നല്‍കിയ 27 പേരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്.

ശബരിമലയിലേക്ക് സുരേഷ് ഗോപി, ഷാജി കൈലാസ്, രഞ്ജി പണിക്കര്‍ എന്നിവര്‍ സ്വര്‍ണം സംഭാവന നല്‍കിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 2017 ല്‍ പുതിയ കൊടിമരം സ്വര്‍ണം പൂശി സ്ഥാപിക്കാന്‍ തീരുമാനിച്ച സമയത്ത് നല്‍കിയ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

കൊടിമരം സ്വര്‍ണം പൂശാന്‍ വിശ്വാസികളായ വിവിധ ആളുകളില്‍ നിന്നും സ്വര്‍ണം ഇത്തരത്തില്‍ വാങ്ങിയിരുന്നു. 2017 ജൂണ്‍ അഞ്ചാം തീയതി പമ്പയില്‍ വെച്ചായിരുന്നു ഈ ചടങ്ങ് നടന്നത്. സ്വര്‍ണം പൂശാനോ, പാളി ഉണ്ടാക്കാനോ പറ്റുന്ന തരത്തില്‍ സ്വര്‍ണത്തകിടുകളാണ് സംഭാവനയായി സ്വീകരിച്ചത്. അന്ന് 80.49 ഗ്രാം സ്വര്‍ണം ലഭിച്ചുവെന്നാണ് ദേവസ്വം രേഖകളില്‍ വ്യക്തമാക്കിയിട്ടുള്ളത്. ജൂണ്‍ 10 ന് 246 ഗ്രാം സ്വര്‍ണം ലഭിച്ചുവെന്നും ദേവസ്വം രേഖകളില്‍ പറയുന്നു.

ഈ സ്വര്‍ണം സംഭാവന ചെയ്തത് ഒരു സിനിമാ നിര്‍മ്മാതാവ് ആണെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നടന്മാരും വ്യവസായികളും അടക്കം സ്വര്‍ണം സംഭാവന ചെയ്തവരുടെ പേരുവിവരങ്ങളും അളവും ശരിയായി രേഖപ്പെടുത്താതിരുന്നതിലും ഇവര്‍ക്ക് രസീതു നല്‍കാതിരുന്നതിലും തട്ടിപ്പു നടന്നിട്ടുണ്ടോയെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. സംഭാവന നല്‍കിയവരുടെ മൊഴിയെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

വിശ്വാസികളില്‍ നിന്നും വലിയ അളവില്‍ സ്വര്‍ണം സംഭാവനയായി ലഭിച്ചിട്ടുണ്ട്. കൂടാതെ 9 കിലോയോളം സ്വര്‍ണം ദേവസ്വം ബോര്‍ഡ് പണം നല്‍കി വാങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെ സ്വര്‍ണം പൂശിയതില്‍ ഏതാണ്ട് 30 പവനോളം സ്വര്‍ണം മിച്ചം വന്നു. ആ സ്വര്‍ണം എവിടെയെന്ന് കൃത്യമായ കണക്കില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കൊടിമരപ്രതിഷ്ഠയിലെ സ്വര്‍ണത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലയിരുത്തിയിരുന്നു.

അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി വിട; കേരളത്തിന്റെ മനസില്‍ തീരാനോവായി ആലിന്‍, സംസ്കാരം ഇന്ന്

അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി വിട; കേരളത്തിന്റെ മനസില്‍ തീരാനോവായി ആലിന്‍, സംസ്കാരം ഇന്ന്

തിരുവനന്തപുരം: അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ചരിത്രം കുറിച്ച കുഞ്ഞ് ആലിന്‍ ഷെറിന്‍ എബ്രഹാമിന് ഇന്ന് കേരളം ആദരവോടെ വിട നല്‍കും. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ഇന്ന് വൈകീട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളിയില്‍ നടക്കും. ആലിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം തന്നെ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ചാപ്പലില്‍ ഇന്ന് രാവിലെ ഏഴോടെ പ്രാര്‍ത്ഥന തുടങ്ങി. അരമണിക്കൂര്‍ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പൊതുദര്‍ശനമുണ്ടാകും. ആശുപത്രിയിലേക്ക് നിരവധി പേരാണ് ആലിന് അന്തിമോപചാരമര്‍പ്പിക്കാനായി എത്തുന്നത്. ആശുപത്രിയിലെ പൊതുദര്‍ശനത്തിനുശേഷമായിരിക്കും പത്തനംതിട്ട നെടുങ്ങാടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോവുക. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് യാത്രയാക്കിയത്.

പത്ത് മാസം മാത്രം പ്രായമുള്ള ആലിന്റെ അവയവങ്ങള്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്കാണ് പുതുജീവിതമേകുന്നത്. ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ആലിന്‍ ഷെറിന് കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളാണ് ആലിന്‍. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്.