by Midhun HP News | Nov 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മുന് കമ്മീഷണറും തിരുവിതാംകൂര് ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റുമായ എന് വാസു അറസ്റ്റില്. കട്ടിളപ്പാളിയിലെ സ്വര്ണം കവർന്ന കേസിലാണ് വാസുവിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഈ കേസില് വാസുവിനെ എസ്ഐടി മൂന്നാം പ്രതിയാക്കി കേസെടുത്തിരുന്നു.
ശബരിമലയിലെ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുമ്പോള് എന് വാസുവായിരുന്നു ദേവസ്വം കമ്മീഷണര്. വിജയ് മല്യ സ്വര്ണം പൊതിഞ്ഞ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുന്ന വേളയില്, ദേവസ്വം കമ്മീഷണര് വാസുവിനും വാസുവിന്റെ ഓഫീസിനും വീഴ്ച സംഭവിച്ചിരുന്നതായി ദേവസ്വം വിജിലന്സ് കണ്ടെത്തിയിരുന്നു. വാസുവിനെതിരെ എസ്ഐടിക്ക് മൊഴിയും ലഭിച്ചിരുന്നു.
മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കസ്റ്റഡി റിപ്പോര്ട്ടിൽ 2019-ല് ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് എസ്ഐടി വ്യക്തമാക്കിയിരുന്നു. സ്വര്ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര് എന് വാസുവിന്റെ ശുപാര്ശയിലാണ് എന്നാണ് എസ്ഐടി വ്യക്തമാക്കിയത്. സ്വര്ണം പൊതിഞ്ഞ ചെമ്പുപാളികള് എന്ന ശുപാര്ശ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഓഫീസില് നിന്നും എക്സിക്യൂട്ടീവ് ഓഫീസ് വഴി ദേവസ്വം കമ്മീഷണറുടെ ഓഫീസിലെത്തിയിരുന്നു. പിന്നീട് സ്വര്ണം പൂശിയത് വെറും ചെമ്പുപാളികളായി രേഖപ്പെടുത്തിയതില് ദേവസ്വം കമ്മീഷണര്ക്ക് വീഴ്ചയുണ്ടെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. കേസിൽ എൻ വാസുവിനെ നേരത്തെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.


by Midhun HP News | Nov 11, 2025 | Latest News, ജില്ലാ വാർത്ത
ദേശീയപാതയിലെ സർവീസ് റോഡുകൾ ഇനി വൺവേ; യാത്രക്കാർ അറിയാൻ, ദേശീയപാത 66ലെ നിർദേശങ്ങൾ ഇവ….
ദേശീയപാത 66ലെ (കാസർകോട്–തിരുവനന്തപുരം) സർവീസ് റോഡുകൾ ഇനി വൺവേ. കലക്ടർ വി.ആർ.വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിലാണു തീരുമാനം. നേരത്തേ സർവീസ് റോഡുകളിൽ ഇരുവശത്തുകൂടിയും സർവീസ് അനുവദിച്ചിരുന്നതാണ് ഒഴിവാക്കിയത്. അതോടൊപ്പം സർവീസ് റോഡ് തടസ്സപ്പെടുത്തുന്ന ഓട്ടോ സ്റ്റാൻഡുകൾ, വാഹന പാർക്കിങ് എന്നിവ ഒഴിവാക്കാനും അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യാനും തീരുമാനം.
ദീർഘദൂര ബസുകൾ മാത്രം
∙ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ദീർഘദൂര ബസുകൾ മാത്രമേ ഹൈവേ വഴി സർവീസ് നടത്താവൂ.
∙ സ്റ്റേജ് ക്യാരേജ് ബസുകൾ സർവീസ് റോഡുള്ള ഭാഗങ്ങളിൽ അതുവഴി മാത്രമേ പോകാവൂ. നിർദിഷ്ട സ്റ്റോപ്പുകളിൽ നിർത്തണം.
∙ ദേശീയപാതയിൽ ബസുകൾ നിർത്തുകയോ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്.
∙ ഹൈവേയിലെ ക്യാമറകൾ പരിശോധിച്ചു നടപടി സ്വീകരിക്കും
∙ ഡ്രൈവർമാരുടെ കാഴ്ചയ്ക്ക് തടസ്സമാകുന്ന രീതിയിൽ റോഡരികിൽ അനധികൃതമായി സ്ഥാപിച്ച പരസ്യബോർഡുകൾ, ബാനറുകൾ, പെട്ടിക്കടകൾ മറ്റു കച്ചവട സ്ഥാപനങ്ങൾ എന്നിവ നീക്കം ചെയ്യും.


by Midhun HP News | Nov 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്ണ്ണക്കൊള്ളയില് മുന് ദേവസ്വം കമ്മീഷണര് എന്.വാസുവിനെ കസ്റ്റഡിയില് എടുത്ത് ചോദ്യം ചെയ്തേക്കും. സ്വമേധയാ ഹാജരാവുന്നത് നീണ്ടുപോയാല് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് എസ്ഐടി നീക്കം.
വാസുവിനെ നേരത്തേ എസ്ഐടി ചോദ്യം ചെയ്ത് വിട്ടയച്ചുവെങ്കിലും വീണ്ടും ഹാജരാകാന് നോട്ടീസ് നല്കിയിരുന്നു. എസ്ഐടി കസ്റ്റഡിയിലുള്ള സുധീഷ് കുമാറുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയേക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയും മുരാരി ബാബുവും റിമാന്റിലാണ്.
കട്ടിലപ്പാളി കേസില് മൂന്നാം പ്രതിയാണ് എന് വാസു. ഹൈക്കോടതിയില് അന്തിമ റിപ്പോര്ട്ട് സമര്പ്പിക്കാന് രണ്ടാഴ്ച മാത്രമാണ് ഇനി എസ് ഐ ടി സംഘത്തിന് മുന്നിലുള്ളത്. അവസാന ഘട്ടത്തില് ശാസ്ത്രീയ തെളിവുകള് ഉള്പ്പെടെ പരമാവധി വിവരങ്ങള് ശേഖരിക്കാന് ആണ് എസ്ഐ ടി നീക്കം.


by Midhun HP News | Nov 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പേട്ട പാറ്റൂർ ജങ്ഷനിൽ കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നന്ദാവനം റസിഡൻസ് അസോസിയേഷൻ എൻആർഎ 133ൽ മുനീറ ബീവി (47) ആണ് മരിച്ചത്.
ഭർത്താവ് അബ്ദുൾ റഷീദ് (56) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മകൾ ഫിദ ഫാത്തിമ (25), മുനീറയുടെ സഹോദരന്റെ മകനും കാർ ഓടിച്ചിരുന്നയാളുമായിരുന്ന സൽമാൻ (19) എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായർ രാത്രി 12 മണിഓടെയാണ് അപകടം.
ബൈപാസിൽ നിന്നെത്തിയ കാർ പാറ്റൂർ ജങ്ഷനിലെ ആർട്ടെക് ബിൽഡിങ്ങിനുമുന്നിൽവച്ച് നിയന്ത്രണം തെറ്റി ഡിവൈഡറിന് മുകളിലേക്ക് കയറി പോസ്റ്റിലിടിച്ച് നിൽക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായി തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഇടതുവശത്തെ എയർബാഗ് പൊട്ടിയിട്ടുണ്ട്. അബ്ദുൾ റഷീദാണ് അവിടെയിരുന്നത്. എയർബാഗ് ഓണായതിനാൽ ഡ്രൈവർ സൽമാന് കൈയിൽ പൊട്ടലുണ്ടായതൊഴിച്ചാൽ വലിയ പരിക്കുകളില്ല. പിന്നിലിരുന്ന മുനീറ ബീവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.


by Midhun HP News | Nov 11, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലം: ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുന്നതിനെതിരെ മിന്നൽ പരിശോധനയുമായി മോട്ടർ വാഹന വകുപ്പ്. മഫ്തിയിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി ഓട്ടം പിടിച്ചാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കെഎസ്ആർടിസി ബസ് ഡിപ്പോ, റെയിൽവേ സ്റ്റേഷൻ, രണ്ടാംകുറ്റി, കലക്ടറേറ്റ് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഉദ്യോഗസ്ഥർ ഓരോരുത്തരായി ആശ്രാമത്തേക്ക് ഓട്ടോ പിടിച്ചത്.
ഇവയിൽ ഒരു ഓട്ടോറിക്ഷക്കാരൻ ഒഴികെ ബാക്കി ആരും മീറ്റർ ഇട്ടിരുന്നില്ല. ഇവരെല്ലാം ഇരട്ടിയോളം തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുകയും ചെയ്തു. നിയമലംഘനം നടത്തിയ ഓട്ടോറിക്ഷ തൊഴിലാളികൾക്കെതിരെ കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. മീറ്റർ ശരിയായി പ്രവർത്തിപ്പിക്കുകയും കൃത്യമായ നിരക്ക് ഈടാക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർ സന്തോഷ് കുമാറിനെ ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.


by Midhun HP News | Nov 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാലോട് പടക്കനിര്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില് മൂന്ന് പേര്ക്ക് പരിക്കേറ്റു. നന്ദിയോട് പേരയം താളിക്കുന്നിലെ ആൻ ഫയർ വർക്സിലായിരുന്നു സംഭവം. ഷീബ, അജിത, മഞ്ജു എന്നിവര്ക്കാണ് പരിക്കേറ്റത്. മൂവരും പടക്ക നിര്മ്മാണശാലയിലെ തൊഴിലാളികളാണെന്നാണ് സൂചന. ഇതില് ഷീബയുടെ നില ഗുരുതരമാണ്. പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു പേരെയും മെഡിക്കല് കോളേജിലേക്ക് മാറ്റി. അജിത് കുമാർ എന്നയാളുടേതാണ് പടക്ക നിർമാണ ശാല. പാലോട് പൊലീസ് സ്ഥലത്തെത്തി.


Recent Comments