by Midhun HP News | Feb 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന് തിരുവനന്തപുരം കിംസ് ഹെൽത്തിൽ അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഒൻപത് മാസം പ്രായമുള്ള മസ്തിഷ്കമരണം സ്ഥിരീകരിച്ച ദാതാവായ ആലിന്‍റെ കരളാണ് മാറ്റിവെച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നാണ് അവയവം ലഭ്യമായത്. പ്രൈമറി ബിലിയറി അത്രേസിയ മൂലമുള്ള ഗുരുതര രോഗം കാരണം കുട്ടിയുടെ കരളിന്‍റെ പ്രവർത്തനം തകരാറിൽ ആരുന്നു. മൂന്ന് മാസം പ്രായമുള്ളപ്പോൾ മറ്റൊരു ആശുപത്രിയിൽ കാസായ് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ പിന്നീട് കരൾ പ്രവർത്തനം ക്രമേണ മോശമാകുകയും ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവെക്കൽ നിർദ്ദേശിക്കപ്പെടുക ആയിരുന്നു.

ഫെബ്രുവരി 13-ന് രാത്രി 10:30-ന് ആരംഭിച്ച ശസ്ത്രക്രിയ ഇന്ന് രാവിലെ 6:00-ന് വിജയകരമായി പൂർത്തിയാക്കി. കുഞ്ഞിന്‍റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മാറ്റിവെച്ച കരളുമായി ബന്ധപ്പെട്ട മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതി കാണപ്പെടുന്നുണ്ട്. ഈ അവയവ ദാനത്തിനു സന്നദ്ധത പ്രകടിപ്പിച്ച ആലിൻ ഷെറിൻ എബ്രഹാമിന്‍റെ കുടുംബത്തിനു നന്ദി രേഖപെടുത്തുന്നതിനോടൊപ്പം ഈ ദൗത്യത്തിൽ മികച്ച പിന്തുണയും ഏകപനവും നൽകിയ കേരള സർക്കാരിനും കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനും, സിവിൽ-പോലീസ് അധികാരികൾക്കും, കൊച്ചി അമൃത ആശുപത്രിക്കും, കിംസ്ഹെൽത്തിലെ ട്രാൻസ്‌പ്ലാന്റ് സംഘത്തിനും, മാധ്യമങ്ങൾക്കും കിംസ്ഹെൽത്ത് നന്ദി അറിയിച്ചു.
സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. ഇതോടെ സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിനും കരൾ സ്വീകരിക്കുന്ന കുഞ്ഞും ചരിത്രത്തിന്‍റെ ഭാഗമായി. 10 മാസമുള്ള ഏക മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയിൽ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാം ഇനി 4 പേരിലൂടെയാണ് ജീവിക്കുക.
ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം എതിർദിശയിൽ നിന്നുവന്ന കാർ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു. കുട്ടിയ്ക്ക് ഗുരുതമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കൾക്കും സാരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തു.

by Midhun HP News | Feb 14, 2026 | Latest News, ജില്ലാ വാർത്ത
വർക്കല മുത്താന ശിവപുരം രമ്യ ഭവനിൽ സജന്റെയും സൗമ്യയുടെയും മകനായ വൈഷ്ണവിനെയാണ് (11) കാണാതായത്. വർക്കല ഞെക്കാട് ഹൈസ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വൈഷ്ണവ് സ്കൂളിൽ നിന്നും വീട്ടിലെത്തിയശേഷം സ്കൂൾ ബാഗിൽ കുട്ടിയുടെ ഡ്രസ്സുകൾ എടുത്ത് ബാഗിനുള്ളിൽ വച്ചതിനുശേഷം കുട്ടിയുടെ അമ്മൂമ്മയുടെ പേഴ്സിൽനിന്നും 100 രൂപയും എടുത്ത് മൂന്നര മണിയോട് കൂടി വീട്ടിനു മുന്നിലുള്ള സ്വകാര്യ ബസ്സിൽ കയറി പാരിപ്പള്ളി ജംഗ്ഷനിൽ എത്തുകയും ബസ് ഇറങ്ങിയതിനു ശേഷം മടത്തറ ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചിരുന്നു.

മാതാപിതാക്കൾ അയിരൂർ പോലീസ് സ്റ്റേഷനിലും പാരിപ്പള്ളി പോലീസ് സ്റ്റേഷനിലും വിവരം നൽകിയിരുന്നു. എന്നാൽ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും മാതാപിതാക്കൾക്ക് യാതൊരുവിധ സഹായവും ലഭിച്ചില്ല എന്ന് കുടുംബം ആരോപിക്കുന്നു.
അയിരൂർ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ സജീവും സംഘവും കുട്ടിക്കായി തിരച്ചിൽ ഊർജിതപ്പെടുത്തി. എന്നാൽ കുടുംബം കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടി മടത്തറ ബസ്സിൽ കയറിയെന്ന് വിവരം ലഭിച്ചത്. തുടർന്ന് പാരിപ്പള്ളി മടത്തറ അഞ്ചൽ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളിലെ ജീവനക്കാരുമായി കുടുംബം ബന്ധപ്പെടുകയും ഇവരുടെ സഹായത്തെ തുടർന്ന് കുട്ടിയെ മടത്തറ ബസ്റ്റാൻഡിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞു. കുട്ടിയെ മടത്തറ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി ബന്ധുക്കൾക്ക് കൈമാറി.

by Midhun HP News | Feb 14, 2026 | Latest News, ജില്ലാ വാർത്ത
കർണാടകയിലെ ഹോസ്‌കോട്ടിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ, വർക്കല ചെറുന്നിയൂർ സ്വദേശിയായ പതിനേഴുകാരൻ അശ്വിൻ എ. നായർ വിടവാങ്ങി എന്ന വാർത്ത വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

ബംഗളൂരുവിൽ ഉദ്യോഗസ്ഥയായ മാതാവിനൊപ്പം താമസിച്ച് പഠിക്കുകയായിരുന്ന അശ്വിനും അഞ്ച് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചിരിച്ചുല്ലസിച്ച് യാത്ര തിരിച്ച ആ ആറ് കൂട്ടുകാരെയും മരണം ഒരേ നിമിഷം കവർന്നെടുത്തു എന്നത് നൊമ്പരമുണർത്തുന്ന യാഥാർത്ഥ്യമാണ്.
ചെറുന്നിയൂർ ചെക്കാല വിളാകത്തിൽ (ശ്രീവിലാസം) ടി.എസ്. അജിത്തിന്റെയും സ്മിത നായരുടെയും മകനാണ് അശ്വിൻ. പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിന്റെ അപ്രതീക്ഷിത വിയോഗം ഒരു കുടുംബത്തിന്റെയാകെ താളം തെറ്റിച്ചിരിക്കുകയാണ്.

by Midhun HP News | Feb 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവാഹ സത്കരത്തിനു പപ്പടം വിളമ്പാത്തതിന്റെ പേരിൽ അരങ്ങേറിയത് കൂട്ടയടി. വധുവിന്റേയും വരന്റേയും വീട്ടുകാർ തമ്മിലാണ് പൊരിഞ്ഞ അടി നടന്നത്. ഊരുട്ടമ്പലത്തിനു സമീപം നീറമൺകരയിലാണ് സംഭവം.

വിവാഹ സത്കാര ഹാളിൽ പപ്പടം എത്താതിരുന്നതോടെ ഊട്ടുപുരയിൽ നിന്നാണ് അടി തുടങ്ങിയത്. നേരിയ വാക്കേറ്റം പിന്നീട് തർക്കത്തിലേക്ക് നീങ്ങി. സംഭവം ഇരു ഭാഗത്തേയും ആളുകൾ ഏറ്റുപിടിച്ചതോടെ തല്ലിലേക്കു നീങ്ങുകയായിരുന്നു.
മാറനല്ലർ- നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശത്താണ് വിവാഹ സത്കാരം നടന്നത്. സംഭവമറിഞ്ഞ് മാറനല്ലൂരിൽ നിന്നും നരുവാമൂട്ടിൽ നിന്നും പൊലീസ് എത്തി. എന്നാൽ പരാതി നൽകാൻ ഇരു കൂട്ടരും വിസമ്മതിച്ചു. ഇതോടെ പൊലീസ് മടങ്ങി. അടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലാണ് പ്രചരിച്ചത്.

by Midhun HP News | Feb 14, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ശ്രീമഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 18 മുതൽ 26 വരെ നടക്കും

ഒന്നാം ദിവസം രാത്രി നടക്കുന്ന തൃക്കൊടിയേറ്റോടെ ഉത്സവത്തിന് തുടക്കമാകും. രണ്ടാം ദിവസം രാവിലെ എട്ടുമണിക്ക് പാൽപ്പായസം പൊങ്കാല, 9. 30ന് കാപ്പി സദ്യ,
മൂന്നാം ദിവസം രാത്രി ഏഴുമണിക്ക് വേണി ഭജൻസിന്റെ സ്വര ജപലഹരി,
നാലാം ദിവസം രാത്രി ഏഴിന് കരോക്കെ ഗാനമേള,
അഞ്ചാം ദിവസം രാവിലെ 10. 30 ന് ഉത്സവ ബലി ഉത്സവദർശനം,
ആറാം ദിവസം രാത്രി ഏഴിന് അക്ഷയ എസ് അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്,
ഏഴാം ദിവസം രാത്രി 7. 30ന് ആവണീശ്വരം കലാസമിതി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി,
എട്ടാം ദിവസം രാത്രി ഏഴിന് ശിവധ്വനി അവതരിപ്പിക്കുന്ന തിരുവാതിര, രാത്രി 9 30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്
ഒമ്പതാം ദിവസം രാവിലെ എട്ടിന് ആറാട്ട് ബലി തുടർന്ന് തൃക്കൊടിയിറക്കോടെ ഉത്സവം സമാപിക്കും.

by Midhun HP News | Feb 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന് നടക്കും. ഭക്തലക്ഷങ്ങള്‍ എത്തുന്ന മഹോത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഇത് സംബന്ധിച്ച റൂട്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കും. പതിവ് പോലെ നിവേദ്യത്തിനു ശേഷം ഭക്തജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി നഗരത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് വിവിധ ഡിപ്പോകളുടെ ബസുകള്‍ ലൈന്‍ അപ്പും പാര്‍ക്കിങ്ങും ചെയ്യുന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഭക്തര്‍ക്ക് ഈ സ്ഥലങ്ങളില്‍ എത്തി യാത്ര ചെയ്യാം.

പൊങ്കാല നിവേദ്യത്തിനു രണ്ടു മണിക്കൂര്‍ മുന്‍പ് മുതല്‍ ബസുകള്‍ ലൈന്‍ അപ്പ് ചെയ്ത് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും. ഉള്ളൂര്‍, ശ്രീകാര്യം, എം സി റോഡ്, പേരൂര്‍ക്കട എന്നീ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ വികാസ് ഭവനില്‍ നിന്ന് ഗവ.ലോ കോളേജ്, ബാര്‍ട്ടന്‍ഹില്‍ സ്‌കൂള്‍ ഗ്രൗണ്ട്, പാറ്റൂര്‍, വഞ്ചിയൂര്‍, ഉപ്പിടാംമൂട് പാലം, ഫോര്‍ട്ട് സ്‌കൂള്‍, എസ്.പി ഫോര്‍ട്ട് ആശുപത്രി, വാഴപ്പള്ളി ജംഗ്ഷന്‍, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി ഓവര്‍ ബ്രിഡ്ജ് വരെ നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് ലൈന്‍ അപ്പ് ചെയ്യുന്നതും പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളെ ഈസ്റ്റ് ഫോര്‍ട്ട് നോര്‍ത്ത് സ്റ്റാന്റില്‍ നിന്നും കയറ്റി സര്‍വീസ് നടത്തുന്നതുമാണ്. വികാസ് ഭവന്‍, ഫോര്‍ട്ട് സ്‌കൂള്‍, കിഴക്കേകോട്ട എന്നിവിടങ്ങളില്‍ പാര്‍ക്കിംഗിന്റെയും ലൈനപ്പിന്റെയും ക്രമീകരണത്തിനായി ഓഫീസുകള്‍ പ്രവര്‍ത്തിക്കും.
നെയ്യാറ്റിന്‍കര, നേമം ഭാഗത്തേക്കുള്ള ബസുകള്‍ കരമന – പി.ആര്‍.എസ് ഹോസ്പിറ്റല്‍ -കിള്ളിപ്പാലം റൗണ്ട് കറങ്ങി നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റി കരമന, നെയ്യാറ്റിന്‍കര ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തും. കരമന, പാപ്പനംകോട് എന്നിവിടങ്ങളില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.
നെയ്യാറ്റിന്‍കര, നേമം ഭാഗങ്ങളില്‍ നിന്നും വരുന്ന 15 ഓളം ബസുകള്‍ കൈമനം, കരുമം റോഡ് വഴി കാലടി സ്‌കൂള്‍ മുതല്‍ മരുതൂര്‍ക്കടവ് പാലം വരെ നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുമ്പ് ലൈന്‍അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി തിരികെ ഈ റൂട്ട് വഴി മുന്‍ വര്‍ഷങ്ങളിലേതുപോലെ സര്‍വീസ് നടത്തുന്നതാണ്. മരുതൂര്‍ക്കടവില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കും.
മലയിന്‍കീഴ് – കാട്ടാക്കട ഭാഗത്തേക്കുള്ള ബസുകള്‍ ബേക്കറി ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്ത് നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് ലൈന്‍ അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി മലയിന്‍കീഴ്, കാട്ടാക്കട ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതാണ്. ബേക്കറി ജംഗ്ഷനില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കും.
വിഴിഞ്ഞം, തിരുവല്ലം ഭാഗത്ത് നിന്നുള്ള ബസുകള്‍ തിരുവല്ലത്തു നിന്നും തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി ബൈപ്പാസ് പരുത്തിക്കുഴി തിരിഞ്ഞു സര്‍വീസ് റോഡ് വഴി ആര്യന്‍കുഴി റോഡിലൂടെ കമലേശ്വരം സ്‌കൂളിനടുത്ത് നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പായി ലൈന്‍ അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി അമ്പലത്തറ, തിരുവല്ലം, വിഴിഞ്ഞം ഭാഗത്തേക്ക് വണ്‍വേ ആയി മുന്‍ വര്‍ഷത്തെ പോലെ സര്‍വീസ് നടത്തുന്നതാണ്. കമലേശ്വരം സ്‌കൂള്‍ കേന്ദ്രീകരിച്ച് ഇതിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതാണ്.
തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ കൃത്യമായി വന്നുപോകുന്നതിനുള്ള സംവിധാനം മുന്‍ വര്‍ഷത്തെ പോലെ ക്രമീകരിക്കും. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ പാളയം ജംഗ്ഷന്‍ മുതല്‍ പനവിള ജംഗ്ഷന്‍ വരെ ലൈന്‍ അപ്പ് ചെയ്യും. പൊങ്കാല നിവേദ്യത്തിനു ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ തിരക്കനുസരിച്ച് പനവിള നിന്നും തിരു. സെന്‍ട്രല്‍ യൂണിറ്റിലേക്ക് ബസുകള്‍ കടത്തിവിട്ട് സര്‍വീസ് ക്രമീകരിക്കുന്നതാണ്. മോഡല്‍ സ്‌കൂള്‍ ജംഗ്ഷനിലും തമ്പാനൂര്‍ ബസ് സ്റ്റാന്റിലും ഇതിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതാണ്.
സ്റ്റാച്യുവില്‍ നിന്നും കിഴക്കേകോട്ടയിലേക്ക് വരുന്ന ബസുകള്‍ എസ്എംവി സ്‌കൂള്‍ വരെ ബസ് പാര്‍ക്ക് ചെയ്ത് പൊങ്കാല നിവേദ്യത്തിനു ശേഷം കിഴക്കേകോട്ടയില്‍ എത്തി യാത്രക്കാരെ കയറ്റി മുന്‍ വര്‍ഷത്തെ പോലെ സര്‍വീസ് നടത്തുന്നതാണ്. പാര്‍ക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന ഏഴ് സ്ഥലങ്ങളില്‍ നിന്നും ഭക്തജനങ്ങളെ തിരികെ കൊണ്ടു പോകുന്നതിനും കെഎസ്ആര്‍ടിസി ബസ് പാര്‍ക്ക് ചെയ്യുന്നതിനും വേണ്ടി സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് കര്‍ശനമായി ഒഴിവാക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്.
ഉത്സവം തുടങ്ങുന്ന ഫെബ്രുവരി 23 മുതല്‍ ഉത്സവ ദിവസങ്ങളില്‍ ആറ്റുകാല്‍ ക്ഷേത്രത്തിലെക്കെത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് വേണ്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ആറ്റുകാല്‍ ക്ഷേത്ര നടയില്‍ ഉത്സവം അവസാനിക്കുന്നതുവരെ പ്രത്യേക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും പ്രവര്‍ത്തിക്കും.

Recent Comments