ട്രെയിനില്‍ നിന്ന് അക്രമി ചവിട്ടിതള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍

ട്രെയിനില്‍ നിന്ന് അക്രമി ചവിട്ടിതള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍

ട്രെയിനില്‍ നിന്ന് അക്രമി ചവിട്ടിതള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍. ശ്രീക്കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളാകാത്തതിനാല്‍ ഡോക്ടര്‍മാര്‍ പ്രതീക്ഷയിലാണ്. രണ്ടു ദിവസം ഈ സ്ഥിതി തുടര്‍ന്നാല്‍ പതിയെ മെച്ചപ്പെടുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ ഐ.സി.യുവില്‍ വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി ഉള്ളത്.

അബോധാവസ്ഥയിലാണെങ്കിലും ഇടയ്ക്ക് കൈകാലുകള്‍ അനക്കാന്‍ ശ്രമിച്ചു. ഇന്നലെ രാവിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കിരണിന്റെ നേതൃത്വത്തില്‍ സര്‍ജറി, ന്യൂറോ മെഡിസിന്‍, ന്യൂറോ സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍, ഇ.എന്‍.ടി,ഓര്‍ത്തോ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ശ്രീക്കുട്ടിയുടെ ആരോഗ്യനില വിലയിരുത്തി. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്സോണല്‍ ഇന്‍ജുറിയുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.

ഗൗരിയമ്മയുടെ രാഷ്ട്രീയമാറ്റം വേദനിപ്പിച്ചു; മുഖ്യമന്ത്രി

ഗൗരിയമ്മയുടെ രാഷ്ട്രീയമാറ്റം വേദനിപ്പിച്ചു; മുഖ്യമന്ത്രി

തിരുവനന്തപുരം: സാമ്പത്തികവും സാമൂഹികവുമായി ഉയര്‍ന്ന നിലയില്‍ കഴിയാവുന്ന ജീവിത സാഹചര്യങ്ങളുണ്ടായിട്ടും അവ വേണ്ടെന്നുവച്ച് ജനസേവനത്തിനായി പ്രക്ഷുബ്ദമായ വഴികള്‍ തെരഞ്ഞെടുത്തവരാണ് ഗൗരിയമ്മയും അരുണാ റോയിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവരുടെയും ജീവിതങ്ങള്‍ തമ്മില്‍ ഇത്തരത്തില്‍ സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെആര്‍ ഗൗരിയമ്മ ഫൗണ്ടേഷന്റെ ഗൗരിയമ്മ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്റെ സ്ഥാപകയുമായ അരുണാറോയിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇടയ്ക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് പടിയിറങ്ങിപ്പോയത് നിര്‍ഭാഗ്യകരമായിരുന്നു. ആ രാഷ്ട്രീയ മാറ്റം ഗൗരിയമ്മയെ സ്‌നേഹിച്ചവരെ വേദനിപ്പിച്ചു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ അവരെ കര്‍ക്കശക്കാരിയായി കാണാന്‍ പ്രേരിപ്പിച്ചു. പക്ഷേ നാടിന്റെ ക്ഷേമത്തിന്റെ കാര്യത്തിലായിരുന്നു ആ വിട്ടുവീഴ്ചയില്ലായ്മ. സ്ത്രീകള്‍ക്ക് സ്വന്തം മുഖവും വ്യക്തിത്വവുമുണ്ടെന്ന് പൊരുതി തെളിയിച്ച സ്ത്രീയായിരുന്നു ഗൗരിയമ്മയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം മുഖ്യമന്ത്രി അരുണാറോയിക്ക് കൈമാറി. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, രമേശ് ചെന്നിത്തല തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ട്രെയിനുകളില്‍ മദ്യപിച്ചെത്തിയാല്‍ പണിപാളും; പിടികൂടുന്നവര്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്

ട്രെയിനുകളില്‍ മദ്യപിച്ചെത്തിയാല്‍ പണിപാളും; പിടികൂടുന്നവര്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്

ട്രെയിന്‍ യാത്രികരുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊലീസുകാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കര്‍ശന നിര്‍ദേശം. വര്‍ക്കലയില്‍ പെണ്‍കുട്ടിയെ യാത്രക്കാരന്‍ ആക്രമിച്ച് പുറത്തേക്കു തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. റെയില്‍വേ പൊലീസിനു പുറമേ ആവശ്യമെങ്കില്‍ ലോക്കല്‍ സ്‌റ്റേഷനുകളിലെ പൊലീസുകാരെയും താല്‍ക്കാലികമായി റെയില്‍വേ സ്‌റ്റേഷനിലേക്ക് നല്‍കി സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദേശം.

ട്രെയിനുകളില്‍ പ്രത്യേക പരിശോധന കൂടാതെ പ്ലാറ്റ്‌ഫോമുകളിലും പരിശോധന കര്‍ശനമാക്കി. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഇവര്‍ക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. ട്രെയിനുകള്‍ക്കുളളില്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തിയാല്‍ അടുത്ത സ്‌റ്റേഷനില്‍ ഇറക്കി, പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം.

44 മുൻസിപ്പാലിറ്റികളിലും മൂന്ന് കോർപ്പറേഷനുകളിലും വനിതാ സംവരണം: ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റ്

44 മുൻസിപ്പാലിറ്റികളിലും മൂന്ന് കോർപ്പറേഷനുകളിലും വനിതാ സംവരണം: ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ സംവരണ പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആറില്‍ മൂന്ന് കോര്‍പ്പറേഷനുകളില്‍ വനിതാ സംവരണമാണ്. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലാണ് വനിതകള്‍ മേയര്‍ സ്ഥാനത്തെത്തുക. ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത് വനിതകള്‍ക്കും ഒരിടത്ത് പട്ടികജാതി വിഭാഗത്തിനുമാണ് അധ്യക്ഷസ്ഥാനത്തിന് സംവരണമേര്‍പ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിലാണ് സംവരണം. എറണാകുളത്താണ് പട്ടികജാതി വിഭാഗത്തില്‍ നിന്നുളള അംഗത്തിന് സംവരണമേര്‍പ്പെടുത്തിയിരിക്കുന്നത്. 87 മുന്‍സിപ്പാലിറ്റികളില്‍ 44 അധ്യക്ഷ സ്ഥാനങ്ങള്‍ വനിതകള്‍ക്കും ആറെണ്ണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരെണ്ണം പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്.

പത്തനംതിട്ട : തിരുവല്ല (പട്ടികജാതി സ്ത്രീ), പാലക്കാട്: ഒറ്റപ്പാലം (പട്ടികജാതി സ്ത്രീ), കോഴിക്കോട്: ഫറോക്ക് (പട്ടികജാതി സ്ത്രീ), കൊല്ലം: കരുനാഗപ്പളളി (പട്ടിക ജാതി), ആലപ്പുഴ: കായംകുളം (പട്ടിക ജാതി), കോഴിക്കോട്: കൊയിലാണ്ടി (പട്ടികജാതി) ,വയനാട്: കല്‍പ്പറ്റ (പട്ടിക വര്‍ഗം), തിരുവനന്തപുരം: (നെയ്യാറ്റിന്‍കര സ്ത്രീ), വര്‍ക്കല (സ്ത്രീ), കൊല്ലം: കൊട്ടാരക്കര (സ്ത്രീ) , പത്തനംതിട്ട: അടൂര്‍ (സ്ത്രീ), പത്തനംതിട്ട (സ്ത്രീ), പന്തളം (സ്ത്രീ), ആലപ്പുഴ: മാവേലിക്കര (സ്ത്രീ), ആലപ്പുഴ (സ്ത്രീ), കോട്ടയം: പാല (സ്ത്രീ) ഇടുക്കി: തൊടുപുഴ (സ്ത്രീ), എറണാകുളം: മുവാറ്റുപുഴ (സ്ത്രീ), കോതമംഗലം (സ്ത്രീ), പെരുമ്പാവൂര്‍(സ്ത്രീ), ആലുവ (സ്ത്രീ), അങ്കമാലി (സ്ത്രീ), ഏലൂര്‍ (സ്ത്രീ), മരട് (സ്ത്രീ), തൃശൂര്‍: ചാലക്കുടി (സ്ത്രീ), ഗുരുവായൂര്‍ (സ്ത്രീ), കുന്നംകുളം (സ്ത്രീ) വടക്കാഞ്ചേരി (സ്ത്രീ), പാലക്കാട്: ഷൊര്‍ണൂര്‍ (സ്ത്രീ), ചെര്‍പുളശേരി (സ്ത്രീ), മണ്ണാര്‍ക്കാട് (സ്ത്രീ), മലപ്പുറം: നിലമ്പൂര്‍ (സ്ത്രീ), താനൂര്‍ (സ്ത്രീ), പരപ്പനങ്ങാടി (സ്ത്രീ), വളാഞ്ചേരി (സ്ത്രീ), തിരൂരങ്ങാടി (സ്ത്രീ), കോഴിക്കോട്: പയ്യോളി (സ്ത്രീ), കൊടുവളളി (സ്ത്രീ), മുക്കം(സ്ത്രീ). വയനാട്: സുല്‍ത്താന്‍ ബത്തേരി (സ്ത്രീ), കണ്ണൂര്‍ : മട്ടന്നൂര്‍ (സ്ത്രീ), പാനൂര്‍ (സ്ത്രീ), ആന്തൂര്‍ (സ്ത്രീ). കാസര്‍കോട് (സ്ത്രീ) എന്നിങ്ങനെയാണ് വനിതാ സംവരണമുളള തദ്ദേശസ്ഥാപനങ്ങള്‍.

വോള്‍വോ 9600 എസ്എല്‍എക്സുമായി കെഎസ്ആര്‍ടിസി; വളയം പിടിച്ച് ഗണേഷ് കുമാര്‍

വോള്‍വോ 9600 എസ്എല്‍എക്സുമായി കെഎസ്ആര്‍ടിസി; വളയം പിടിച്ച് ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബസ് നിരയില്‍ പുതുചരിത്രം കുറിച്ചുകൊണ്ട്, വോള്‍വോ 9600 എസ്എല്‍എക്സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് വളയം പിടിച്ചത്.വോള്‍വോ പുതിയതായി നിര്‍മ്മിച്ച ഈ മോഡല്‍, ഒരു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെഎസ്ആര്‍ടിസിക്കാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ ഈ വണ്ടി വാങ്ങിയിട്ടുണ്ടാകാമെങ്കിലും, ഒരു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ആദ്യമായി ബുക്ക് ചെയ്യുന്നതും ഡെലിവറി എടുക്കുന്നതും കെഎസ്ആര്‍ടിസിയാണെന്നത് ശ്രദ്ധേയമാണ്. 2002-ല്‍ ആദ്യമായി വോള്‍വോ ഇന്ത്യയില്‍ വന്നപ്പോഴും ആദ്യത്തെ രണ്ട് ബസുകള്‍ വാങ്ങിയത് കെഎസ്ആര്‍ടിസി ആയിരുന്നു എന്ന ചരിത്രവും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇന്ന് ഇന്ത്യയില്‍ കിട്ടാവുന്നതില്‍ ഏറ്റവുമധികം സൗകര്യങ്ങളുള്ള ഒരു വണ്ടിയാണ് കെഎസ്ആര്‍ടിസി വാങ്ങിയിരിക്കുന്നതെന്നും, വണ്ടിയുടെ സുരക്ഷാ സംവിധാനങ്ങള്‍ വളരെ ഗംഭീരമാണെന്നും മന്ത്രി പറഞ്ഞു. ഒരു നിശ്ചിത ആംഗിളിന് മുകളിലേക്ക് വണ്ടി ചരിഞ്ഞാല്‍ ഉടന്‍ തന്നെ സഡന്‍ ബ്രേക്ക് ചെയ്ത് വാഹനം നിര്‍ത്താനുള്ള സാങ്കേതികവിദ്യ ഇതിലുണ്ട്. മികച്ച സസ്പെന്‍ഷന്‍ ഉള്ള സീറ്റാണ് ഡ്രൈവര്‍ക്ക് ലഭിക്കുന്നത്. കൂടാതെ, കുഴികളിലോ കട്ടറുകളിലോ കയറുമ്പോള്‍ ബസ് ലിഫ്റ്റ് ചെയ്ത് ഉയര്‍ത്താനുള്ള ലിഫ്റ്റിംഗ് സൗകര്യവും (വേഗത 20 കി.മീ. ആയി പരിമിതപ്പെടുത്തും) ക്യാമറകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സാങ്കേതികവിദ്യകളും ലഭ്യമാണ്.

കെ.എസ്.ആര്‍.ടി.സി. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളും പരിഷ്‌കാരങ്ങളും വിശദീകരിക്കുന്ന ഒരു പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. പുതിയ ബസ് സ്റ്റേഷനുകളുടെ രൂപകല്പന, ഡിജിറ്റല്‍ ടെക്നോളജികളുടെ ഉപയോഗം, മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായത് തുടങ്ങിയ വിവരങ്ങളെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുടവൂർക്കോണം ഗവൺമെൻ്റ് ഹൈസ്കൂളിൽ സയൻസ് ലാബ് നിർമ്മാണോദ്ഘാടനം നടന്നു

കുടവൂർക്കോണം ഗവൺമെൻ്റ് ഹൈസ്കൂളിൽ സയൻസ് ലാബ് നിർമ്മാണോദ്ഘാടനം നടന്നു

ആറ്റിങ്ങൽ: കുടവൂർക്കോണം ഗവൺമെൻ്റ് ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് സജ്ജീകരിക്കുന്ന സയൻസ് ലാബിൻ്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ് നിർവ്വഹിച്ചു. കടയ്ക്കാവൂർ പഞ്ചായത്ത് മെമ്പർ സദാശിവൻപിള്ള അധ്യക്ഷനായിരുന്നു. പി.ടി.എ പ്രസിഡൻ്റ് മുബാറഖ് ഹുസൈൻ, മുൻ അധ്യാപകരായ ജസി, ബിന്ദു, ജ്യോതി, സീനിയർ അസിസ്റ്റൻ്റ് ജോയ്.ജി, സൈജു, നസീർ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എസ്. സജികുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷെറിൻ എസ് നന്ദിയും പറഞ്ഞു.