സൗദി പൗരനുമായി തര്‍ക്കം, മലയാളി യുവാവ് ദമാമില്‍ കൊല്ലപ്പെട്ടു

സൗദി പൗരനുമായി തര്‍ക്കം, മലയാളി യുവാവ് ദമാമില്‍ കൊല്ലപ്പെട്ടു

ദമ്മാം: തിരുവനന്തപുരം സ്വദേശി സൗദി അറേബ്യയിലെ ദമാമില്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം ആറാലുംമൂട് സ്വദേശി അഖില്‍ അശോക് കുമാര്‍ (28) ആണ് മരിച്ചത്. സൗദി പൗരനുമായുള്ള വാക്ക് തര്‍ക്കത്തിനിടെ പടികളില്‍ നിന്ന് വീണാണ് യുവാവ് മരിച്ചത്. സൗദി പൗരനുമായുള്ള സംഘര്‍ഷത്തിന് ദൃക്‌സാക്ഷിയായ സുഡാനി പൗരനാണ് വിവരം പൊലീസിനെ അറിയിച്ചത്.

ദമ്മാമിന് സമീപം ഖത്തീഫില്‍ എ.സി ടെക്‌നീഷ്യനാണ് അഖില്‍. ഏഴ് വര്‍ഷമായി പ്രവാസിയാണ്. റിയാദിലുള്ള അഖിലിന്റെ സഹോദരന്‍ ആദര്‍ശും ബന്ധുക്കളും ദമ്മാമിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട സൗദി പൗരനെ പൊലീസ് പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ആറാലുംമൂട് അതിയന്നൂര്‍ ലോട്ടസ് വില്ലയില്‍ അശോകകുമാര്‍ സുന്ദരേശന്‍ നായര്‍, സിന്ധു തങ്കമ്മ എന്നിവരുടെ മകനാണ് മരിച്ച അഖില്‍. രണ്ട് വര്‍ഷം മുന്‍പാണ് അഖിലിന്റെ വിവാഹം. സന്ദര്‍ശക വിസയിലുണ്ടായിരുന്ന ഭാര്യയും, അച്ഛനും അമ്മയും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. അഖിലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കും.

വികസന സദസ്സിന് ഇന്ന് തുടക്കം; ഭാഗമാകാനില്ലെന്ന് പ്രതിപക്ഷം

വികസന സദസ്സിന് ഇന്ന് തുടക്കം; ഭാഗമാകാനില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ കണ്ടെത്താനും പൊതുജനാഭിപ്രായം രൂപപ്പെടുത്താനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സിന് തിങ്കളാഴ്ച തുടക്കം. സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം കോര്‍പറേഷന്‍ വികസന സദസ്സും തിങ്കള്‍ രാവിലെ 9.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അതേസമയം സര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമാകില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.

ഒക്ടോബര്‍ 20വരെയാണ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍തല വികസന സദസുകള്‍. നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസനനേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളെ അറിയിക്കാനും ലക്ഷ്യമിടുന്നു. പഞ്ചായത്തുകളില്‍ 250 -350 പേരും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 750 -1,000 പേരും പങ്കാളികളാകും.

ജനപ്രതിനിധികളും വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും. തദ്ദേശസ്ഥാപനത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സദസ്സില്‍ പ്രകാശിപ്പിക്കും. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്‍ പദ്ധതികള്‍, തുടങ്ങിയവയില്‍ പങ്കാളികളായവരെയും ഹരിതകര്‍മ സേനാംഗങ്ങളെയും ആദരിക്കും. അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യമുക്ത നവകേരളം തുടങ്ങിയവയുടെ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും സെക്രട്ടറിമാര്‍ അവതരിപ്പിക്കും. പൊതുജനാഭിപ്രായം സ്വീകരിക്കാന്‍ ഓപ്പണ്‍ ഫോറവുമുണ്ടാകും.

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം, ഇത്തവണ 11 ദിവസം

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം, ഇത്തവണ 11 ദിവസം

തിരുവനന്തപുരം: ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാ​ഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഇത്തവണ 9 ദിവസമല്ല 11 ദിവസം നീണ്ടുനിൽക്കുന്നതാണ് ആഘോഷങ്ങൾ. പത്താം ദിവസമാണ് മഹാനവമി. 11ാം ദിവസം വിജയ ദശമി. പുസ്തക പൂജ നാല് ദിവസമാണ്. സാധാരണയായി 9 രാത്രികളും 10 പകലുകളുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ 10 രാത്രികളും 11 പകലുകളുമാണ്.

അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജവയ്പ്പ്. സെപ്റ്റംബർ 29നാണ് പൂജ വയ്ക്കേണ്ടത്. ദശമി തിഥി ഉദയം മുതൽ ആറ് നാഴിക എങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കും. ഇതിനിടെയിൽ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് ഇത്തവണ പൂജവയ്പ്പ് നാല് ദിവസവും മൊത്തം നവരാത്രി ദിനങ്ങൾ 11 ദിവസവുമായി മാറുന്നത്. ഒക്ടോബർ രണ്ടിനാണ് വിദ്യാരംഭം.

തോന്നയ്ക്കലിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം

തോന്നയ്ക്കലിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം

ദേശീയപാതയിൽ മംഗലപുരം തോന്നയ്ക്കലിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന് സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ വെള്ളറട സ്വദേശികളായ ഡ്രൈവർ രതീഷിനും ക്ലീനർ അഖിലിനും പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ആക്സിൽ ഒടിഞ്ഞതാണ് അപകടത്തിന് കാരണം എന്നാണ് അറിയുന്നത്.

അറ്റകുറ്റപ്പണിയ്ക്ക് കൊണ്ടുപോയ ശബരിമല സന്നിധാനത്തെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു

അറ്റകുറ്റപ്പണിയ്ക്ക് കൊണ്ടുപോയ ശബരിമല സന്നിധാനത്തെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു

പത്തനംതിട്ട: ശബരിമല ദ്വാരാപലക ശിൽപ്പങ്ങളുടെ സ്വർണപ്പാളികൾ ചെന്നൈയിലെ കമ്പനിയിൽ നിന്നു സന്നിധാനത്തു തിരിച്ചെത്തിച്ചു. കോടതി അനുമതി വാങ്ങി തിരികെ സ്ഥാപിക്കാനാണ് തീരുമാനം. സ്വർണപ്പാളികൾ തീരുമാനമാകുന്നതു വരെ സ്ട്രോങ് റൂമിൽ സൂക്ഷിക്കും. അറ്റകുറ്റപ്പണികൾക്കായി കൊണ്ടു പോയി ഒരു മാസത്തിനു ശേഷമാണ് ഇവ സന്നിധാനത്ത് തിരിച്ചെത്തിച്ചത്.

കോടതി അനുമതിയില്ലാതെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത് വലിയ വിവാദമായിരുന്നു. വിഷയത്തിൽ കോടതി ഇടപെട്ടു. അന്വേഷണത്തിനു ദേവസ്വം വിജിലൻസിനെ ചുമതലപ്പെടുത്തി. അതിനാൽ കോടതി അനുമതിയോടെയായിരിക്കും തുടർ നടപടികൾ. തന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ശുദ്ധികലശം ചെയ്തു പ്രത്യേക പൂജകളോടെയായിരിക്കും സ്വർണപ്പാളി തിരികെ സ്ഥാപിക്കുക.

‘മോഹൻലാൽ എന്ന നടനെ നാളെ മുതൽ നിങ്ങൾ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ ഒരു ബഹുമതിയുമില്ല, അത് പോയി’

‘മോഹൻലാൽ എന്ന നടനെ നാളെ മുതൽ നിങ്ങൾ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ ഒരു ബഹുമതിയുമില്ല, അത് പോയി’

കൊച്ചി: വിമർശനങ്ങൾ വരുമെന്നും അതൊന്നും തോളിലേറ്റി നടക്കുന്ന ആളല്ല താനെന്നും നടൻ മോഹൻലാൽ. ദാദാ സാഹിബ് പുരസ്കാരം ലഭിച്ചതിൽ നന്ദി പറയാനായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. “വിമർശനങ്ങൾ വരും, അത് തോളിലേറ്റി നടക്കുന്ന ആളല്ല ഞാൻ. എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ. സിനിമ വിജയിക്കും പരാജയപ്പെടും.

സിനിമ ഒരു വിഷ്യസ് സർക്കിളാണ്, ഒരു മാജിക് ആണ്. നമുക്ക് അതിനേക്കുറിച്ച് ഒന്നും പറയാൻ പറ്റില്ല. സിനിമ വിജയിച്ചാൽ അത് ഭയങ്കരമായിട്ട് ആഘോഷിക്കപ്പെടും. ഒരു സിനിമ മോശമായാൽ താഴേക്ക് വരും. അത് പ്രത്യേകതരം ഒരു സൈക്കിളാണ്. അതിനകത്ത് 48 വർഷം നിൽക്കുക എന്ന് പറയുന്നത് ഒരു വലിയ സർക്കസ് ആണ്.

വളരെ വിദ​ഗ്ധമായിട്ട് നമ്മളെ താങ്ങി നിർത്താൻ ഒരുപാട് പേരുണ്ട്. നമ്മുടെ കൂടെ സഞ്ചരിക്കുന്ന ഒരുപാട് പേരുണ്ട്. അതുകൊണ്ടാണ് ഒരു ആർട്ടിസ്റ്റിന് നല്ല സിനിമകൾ ഉണ്ടാകണമെന്ന് പറയുന്നത്. തുടരും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിട്ട് മാറി. വളരെ വിജയമായ ഒരു സിനിമയാണ്. എംപുരാൻ, ഹൃദയപൂർവം അങ്ങനെ.

ഇനി വരാനിരിക്കുന്ന സിനിമകൾ വലിയ മഹത്തരമായ സിനിമകളാണെന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. അതിലും ഇത്തരം നല്ല സിനിമകൾ ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കാനേ പറ്റുകയുള്ളൂ. ഞാനൊരുപാട് സ്വപ്നം കാണുന്ന ഒരാളല്ല. കാരണം പിന്നെ അത് കിട്ടിയില്ലെങ്കിൽ സങ്കടമാകും. വളരെ കുറച്ച് മാത്രം സ്വപ്നം കാണുന്ന ആളാണ് ഞാനും. എനിക്ക് കിട്ടുന്ന കാരക്ടർ നന്നായി ചെയ്യാൻ ശ്രമിക്കും.

നന്നായി ചെയ്യുമെന്ന് ഞാൻ പറയില്ല. ആ ശ്രമം സക്സസ് ആയാൽ നിങ്ങൾ സ്വീകരിക്കും. നമ്മളെ സഹായിക്കാൻ ഒരുപാട് പേര് വേണം. തനിച്ചൊരു സിനിമ ചെയ്യാൻ പറ്റില്ല. അത്തരം നല്ല സിനിമകളുണ്ടാകാൻ പ്രാർഥിക്കും. അതിന് വേണ്ടി ഒരു കൂട്ടായ ശ്രമത്തിന്റെ ഭാ​ഗമാകാൻ ഞാൻ തയ്യാറാണ്. എനിക്ക് ഈ ജോലി അല്ലാതെ വേറൊന്നും അറിയില്ല. മോഹൻലാൽ എന്ന നടനെ നാളെ മുതൽ നിങ്ങൾ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ ഒരു ബഹുമതിയുമില്ല, അത് പോയി. ആ ബഹുമതിയുള്ള പേര് ചീത്തയാക്കാതെ പോവുക എന്നേയുള്ളൂ.- മോഹൻ‌ലാൽ പറഞ്ഞു.