ചിറയിൻകീഴിൽ 455gm എം ഡി എം എയുമായി യുവാവ് പിടിയിൽ

ചിറയിൻകീഴിൽ 455gm എം ഡി എം എയുമായി യുവാവ് പിടിയിൽ

ചിറയിൻകീഴിൽ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. പുതുക്കുറിച്ചി സ്വദേശി ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് ട്രെയിൻ മാർഗ്ഗം വരുകയായിരുന്ന ഇയാൾ ചിറയിൻകീഴ് പെരുങ്കുഴി ഇടഞ്ഞിമൂലയിൽ വച്ച് ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. ഇയാളിൽ നിന്ന് ഏകദേശം 2,50,000 ലക്ഷം രൂപ വരുന്ന 455 ഗ്രാം എംഡിഎം എ ആണ് പിടികൂടിയത്.

ചോദ്യോത്തരവേളയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം; മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയില്‍

ചോദ്യോത്തരവേളയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം; മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയില്‍

തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോഴാണ് ശിവന്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.

ഓണ്‍ലൈന്‍ ഡെലിവറി ജോലിക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഉടന്‍ തന്നെ മന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചു. മന്ത്രി ശിവൻകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദേശ പ്രകാരം ശിവന്‍കുട്ടി മറുപടി പറയേണ്ടിയിരുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു.

വൈദ്യുതി ബിൽ എങ്ങനെയാണ് അടയ്ക്കുന്നത്? ഇനി കൗണ്ടർ വഴി 1000 രൂപ മാത്രം

വൈദ്യുതി ബിൽ എങ്ങനെയാണ് അടയ്ക്കുന്നത്? ഇനി കൗണ്ടർ വഴി 1000 രൂപ മാത്രം

തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കുമ്പോൾ ഇനി 1000 രൂപ വരെ മാത്രമേ കൗണ്ടറുകൾ വഴി പണമായി സ്വീകരിക്കു. ആയിരത്തിനു മുകളിലുള്ള ബില്ലുകൾ ഇനി ഓൺലൈനായി അടയ്ക്കണം. തീരുമാനം കർശനമായി നടപ്പാക്കാൻ കെഎസ്ഇബി നിർദ്ദേശം നൽകിയിട്ടുണ്ട്.

രണ്ട് ക്യാഷ് കൗണ്ടറുകൾ ഉള്ള സ്ഥലങ്ങളിൽ ഇനി ഒന്നാക്കി ചുരുക്കും. 70 ശതമാനം ബില്ലുകളും ഇപ്പോൾ ഓൺലൈനായാണ് അടയ്ക്കുന്നത്. ഇതു കണക്കിലെടുത്താണ് കൗണ്ടറുകൾ കുറയ്ക്കുന്നത്. ബിൽ അടയ്ക്കാനുള്ള സമയക്രമത്തിലും മാറ്റമുണ്ട്.

നേരത്തെ എട്ട് മുതൽ ആറ് വരെയാണ് പണം സ്വീകരിച്ചിരുന്നത്. ഇനി മുതൽ 9 മുതൽ 3 വരെയായിരിക്കും പണം സ്വീകരിക്കുക.

ഒരേ കെട്ടിടത്തിൽ രണ്ട് സെക്ഷൻ ഓഫീസുകൾ പ്രവർത്തിക്കുന്നയിടത്തും ഒരു കൗണ്ടർ മാത്രമേ ഇനിയുണ്ടാകു. അധികം വരുന്ന ജീവനക്കാരെ ഡിവിഷൻ, സർക്കിൾ ഓഫീസുകളിലേക്കു പുനർവിന്യസിക്കുകയോ പൊതു സ്ഥലംമാറ്റത്തിന്റെ ഭാ​ഗമായി സ്ഥലം മാറ്റുകയോ ചെയ്യും.

അധിക തീരുവ നവംബറിൽ പിൻവലിച്ചേക്കും? ഇന്ത്യ- യുഎസ് ചർച്ച പ്രതീക്ഷയെന്ന് സാമ്പത്തിക ഉപദേഷ്ടാവ്

അധിക തീരുവ നവംബറിൽ പിൻവലിച്ചേക്കും? ഇന്ത്യ- യുഎസ് ചർച്ച പ്രതീക്ഷയെന്ന് സാമ്പത്തിക ഉപദേഷ്ടാവ്

ഡൽഹി: ഇന്ത്യക്കെതിരെ ഏർപ്പെടുത്തിയ അധിക തീരുവ അമേരിക്ക പിൻവലിച്ചേക്കുമെന്നു സൂചന. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാ​ഗേശ്വരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ പിഴത്തീരുവ നവംബർ 30നു ശേഷം പിൻവലിക്കാൻ സാധ്യതയുണ്ടെന്നു അദ്ദേഹം പറയുന്നു. കൊൽക്കത്തയിൽ മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ വലിയ പുരോ​ഗതിയുണ്ടാകും. സാഹചര്യങ്ങളെ മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ- യുഎസ് വ്യാപരക്കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതിനു പിന്നാലെയാണ് ഇത്തരത്തിൽ ഒരു പരാമർശം കേന്ദ്ര സർക്കാരന്റെ ഭാ​ഗത്തു നിന്നുണ്ടാകുന്നത്.

‘താരിഫിനെക്കുറിച്ചു പറയാൻ ഏറെ സമയമെടുക്കും. 25 ശതമാനം തീരുവയും 25 ശതമാനം പിഴത്തീരുവയും പ്രതീക്ഷിച്ചില്ല. ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളാകാം പിഴത്തീരുവയിലേക്ക് നയിച്ചതെന്നാണ് വിശ്വസിക്കുന്നത്. കഴിഞ്ഞ കുറച്ചു ആഴ്ചകളിൽ നടന്ന കാര്യങ്ങൾ പരി​ഗണിച്ചാൽ നവംബർ 30നു ശേഷം പിഴത്തീരുവ ഉണ്ടാകില്ലെന്നു വിശ്വസിക്കുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ തന്നെ അധിക തീരുവകളിൽ പരിഹാരമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. തുടർ ചർച്ചകൾ അതാണു സൂചിപ്പിക്കുന്നത്’- അദ്ദേഹം പറയുന്നു.

‌റഷ്യയിൽ നിന്നു എണ്ണ വാങ്ങുന്ന എന്നു ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇന്ത്യക്കു മേൽ തീരുവ ഏർപ്പെടുത്തിയത്. എന്നാൽ ഇന്ത്യ എണ്ണ വാങ്ങുന്നതു തുടർന്നു. 50 ശതമാനമാണ് തീരുവ ഏർപ്പെടുത്തിയത്. ആദ്യം പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓ​ഗസ്റ്റ് ഏഴിനാണ് പ്രാബല്യത്തിൽ വന്നത്. രണ്ടാമത് പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓ​ഗസ്റ്റ് 27നും നിലവിൽ വന്നു.

വിലക്കയറ്റം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് പി സി വിഷ്ണുനാഥ്

വിലക്കയറ്റം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില വര്‍ധന ജനജീവിതത്തെ സാരമായ ബാധിച്ചിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം. അവശ്യവസ്തുക്കളുടെ വിലവര്‍ധന സംബന്ധിച്ച് പ്രതിപക്ഷം നിയമ സഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെയാണ് പി സി വിഷ്ണുനാഥാണ് സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോണങ്ങള്‍ ഉന്നയിച്ചത്. കേരളത്തില്‍ വിലക്കയറ്റ തോത് ക്രമാതീതമായി ഉയര്‍ന്ന നിലയിലാണ്. ഉപഭോക്തൃ വില (സിപിഐ) സൂചിക ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റിലെ വിലക്കയറ്റ തോത് കേരളത്തില്‍ 9 ആണ്. പട്ടികയില്‍ രണ്ടാമതുളള കര്‍ണാടകയില്‍ അത് വെറും 3.8 ആണെന്നും പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. വിലക്കയറ്റ തോതില്‍ തുടര്‍ച്ചയായി എട്ടു മാസങ്ങളായി കേരളം നമ്പര്‍ വണ്‍ ആണെന്നും പി സി വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ വിപണിയില്‍ നടത്തുന്ന ഇടപെടല്‍ കാര്യക്ഷമമല്ലെന്നും പി സി വിഷ്ണുനാഥ് ആരോപിച്ചു. വെളിച്ചെണ്ണയുടെ ഉയര്‍ന്ന വില ചൂണ്ടിക്കാട്ടിയായിരുന്നു പി സി വിഷ്ണുനാഥിന്റെ ആക്ഷേപങ്ങള്‍. ഓണക്കാലത്ത് വിപണി ഇടപെടലിന് 420 കോടി രൂപയാണ് സപ്ലൈകോ ആവശ്യപ്പെട്ടത്. 205 കോടി മാത്രമാണ് വകയിരുത്തിയത്. 176 കോടി രൂപയാണ് ചെലവഴിച്ചത്. ഇത്തരത്തിലായാല്‍ എങ്ങനെയാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുക. സബ്സിഡി സാധനങ്ങള്‍ക്ക് പോലും വില വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് പപ്പടം ചുട്ട് തിന്നേണ്ട അവസ്ഥയാണ്. സപ്ലൈകോ കേര വെളിച്ചെണ്ണയ്ക്ക് 429 രൂപയാണ്. പപ്പടവും വെളിച്ചെണ്ണയും തമ്മിലുള്ള സമാഗമം അടുത്തിടെ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല.

സബ്സിഡി ഉല്‍പ്പന്നങ്ങള്‍ക്കു വില വര്‍ധിപ്പിച്ചതിന് എതിരെ സിപിഐ സമ്മേളനങ്ങളില്‍ പോലും വിമര്‍ശനം ഉയര്‍ന്നു. കരാറുകാര്‍ക്കു കൊടുക്കാനുള്ള പണം കൊടുക്കാത്തതിനാല്‍ അവര്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനു മുന്നിലുള്ള ഏക പോംവഴി രാജ്യാന്തര വിലക്കയറ്റ വിരുദ്ധ കോണ്‍ക്ലേവ് സംഘടിപ്പിക്കുക എന്നതാണ് എന്നും പി സി വിഷ്ണുനാഥ് പരിഹസിച്ചു.

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പിസി വിഷ്ണുനാഥിനെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അഭിനന്ദിച്ചു. അതേസമയം പതിനഞ്ചാം നിയമസഭ ചര്‍ച്ചയ്ക്കെടുത്ത 16 അടിയന്തരപ്രമേയങ്ങളില്‍ നാലെണ്ണം വിഷ്ണുനാഥിന്റേതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഭിന്ദനം.

നിയമസഭയില്‍ അതിഥിയായെത്തി മൂന്നാം ക്ലാസുകാരന്‍

നിയമസഭയില്‍ അതിഥിയായെത്തി മൂന്നാം ക്ലാസുകാരന്‍

തിരുവനന്തപുരം: ‘സ്പൂണും നാരങ്ങയും’ കളിക്ക് നിയമാവലി എഴുതി വൈറലായ മൂന്നാം ക്ലാസുകാരന്‍ അഹാന്‍ നിയമ സഭയില്‍ അതിഥി. ഇന്ന് സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ക്ഷണം സ്വീകരിച്ച് നിയമസഭയിലെത്തിയ അഹാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ കണ്ടു.

മൂന്നാം ക്ലാസ് പരീക്ഷയിലെ അഹാന്റെ ഉത്തരക്കടലാസ് കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഷെയര്‍ ചെയ്തിരുന്നു. വാട്സ്ആപ്പില്‍ സ്റ്റാറ്റസായും ഇന്‍സ്റ്റ സ്റ്റോറിയായും റീലായും ഫെയ്‌സ്ബുക്കില്‍ നീണ്ട കുറിപ്പുകളായും പിന്നീടത് വൈറലായി. പരീക്ഷയില്‍ ഇഷ്ടകളിക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിനാണ് ‘സ്പൂണും നാരങ്ങയും’ കളിയുടെ നിയമാവലിയില്‍ ‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’ എന്ന വലിയ നിയമം അഹാന്‍ എഴുതിച്ചേര്‍ത്തത്.

ഏറ്റവും ജനാധിപത്യപരമായി ഒരു കളിയെ ആവിഷ്‌കരിക്കാന്‍ പോന്ന സാമൂഹികബോധമുള്ള അഹാനെ ജനാധിപത്യത്തിന്റെ വേദിയായ നിയമസഭയിലേക്ക് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ക്ഷണിക്കുകയായിരുന്നു.രാവിലെ സ്പീക്കറുടെ വസതിയിയായ ‘നീതി’യിലെത്തിയ അഹാന്‍ സ്പീക്കറോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. തുടര്‍ന്ന് നിയമസഭയിലെത്തി സഭാ നടപടികള്‍ കാണുകയും, സ്പീക്കറുടെ ചേംബറിലെത്തി കുറച്ചു സമയം ചിലവിടുകയും ചെയ്തു. സ്‌നേഹസമ്മാനങ്ങള്‍ നല്‍കിയാണ് അഹാനെ സ്പീക്കര്‍ യാത്രയാക്കിയത്.

മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെയും അഹാന്‍ കണ്ടു. ഇരുവരും അഹാനെ കണ്ടതിന്റെ സന്തോഷം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. ‘കൊച്ചുമിടുക്കന്‍ അഹാന്‍ മാതാപിതാക്കളോടൊപ്പം ഇന്ന് നിയമസഭാ മന്ദിരത്തില്‍ വന്ന് കണ്ടിരുന്നു. പരസ്പര സ്‌നേഹത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒരുപാട് ഉയരങ്ങളിലെത്താന്‍ അഹാന് സാധിക്കട്ടെ’യെന്നും മുഖ്യമന്ത്രി ആശംസിച്ചു.

‘അഹാനെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ ഇത്രയും പക്വതയാര്‍ന്നതും മൂല്യവത്തായതുമായ ഒരു ചിന്ത പങ്കുവെച്ച അഹാന്‍ ഏവര്‍ക്കും മാതൃകയാണ്. അറിവിനൊപ്പം തിരിച്ചറിവും നേടുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണിത്. ഇതുപോലുള്ള കുഞ്ഞുങ്ങളാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തും ഭാവിയും. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെയാണ് മുന്നേറുന്നത്. അഹാനും അവനെ ഈ നിലയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ച അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍’ മന്ത്രി ശിവന്‍കുട്ടി ഫെയ്ബുക്കില്‍ കുറിച്ചു.