by Midhun HP News | Sep 18, 2025 | Latest News, ജില്ലാ വാർത്ത
അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ പ്രൈമറി വിഭാഗത്തിൽ നടപ്പിലാക്കിയ ‘ഹരിതകൂടാരം’ പദ്ധതിയുടെ ഭാഗമായി കുട്ടികൾ കൃഷി ചെയ്തുണ്ടാക്കിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം സംഘടിപ്പിച്ചു. ഈ പദ്ധതി പ്രകാരം കുട്ടികൾക്ക് വിതരണം ചെയ്ത പച്ചക്കറി വിത്തുകൾ അവർ വീട്ടിൽ നട്ടുവളർത്തുകയും അതിൽ നിന്ന് ഉണ്ടായ വിളവ് സ്കൂളിൽ എത്തിച്ചാണ് വിപണി ഒരുക്കിയത്.
സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റും നഗരസഭ കൗൺസിലറുമായ ആർ.എസ്. അനൂപ് വിപണനോദ്ഘാടനം നിർവ്വഹിച്ചു. വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയതാണ് ഹരികൂടാരം പദ്ധതി. 150 ൽ അധികം വീടുകളിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. സ്കൂളിൽ നിന്ന് ലഭ്യമാക്കിയ ഗുണമേന്മയുള്ള വിത്തിനങ്ങൾ കുട്ടികൾ നട്ടുനനച്ച് വളർത്തിയാണ് ഇപ്പോൾ വിപണനോദ്ഘാടനത്തിൽ എത്തിയത്. വളർച്ചയുടെ ഘട്ടങ്ങൾ കുറിപ്പുകളാക്കി മാറ്റാനുള്ള നിർദ്ദേശം കൂടിയായപ്പോൾ കുട്ടികളുടെ നിരീക്ഷണ പാടവവും വർദ്ധിച്ചു എന്ന് അധ്യാപകർ വിലയിരുത്തുന്നു. അധ്യാപകരായ സാബു നീലകണ്ഠൻ, ജെ. രാജേഷ്, പി.എസ്. ജൂലി, എസ്. കാവേരി, എം. എസ്. ജസ്‌ന, ആർ.എസ്. റീജറാണി, ശരണ്യ ദേവ്, എം.എസ്. ശ്രീലേഖ, രാഖി രാമചന്ദ്രൻ, ദീപാറാണി എന്നിവർ പങ്കെടുത്തു.
by Midhun HP News | Sep 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍. കേസ് നടത്താന്‍ പണം ചോദിച്ച് ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ കത്തയച്ചു.

കേസിന് ചെലവായ വക്കീല്‍ ഫീസ് നല്‍കാനാണ് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയത്. രണ്ട് സര്‍വകലാശാലകളും ചേര്‍ന്ന് 11 ലക്ഷം രൂപയാണ് നല്‍കേണ്ടത്. വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിിരെ സുപ്രിംകോടതിയില്‍ നല്‍കിയ കേസുകള്‍ക്കാണ് തുക ആവശ്യപ്പെട്ടത്. രാജ്ഭവന്‍ അയച്ച കത്തില്‍ രണ്ട് സര്‍വകലാശാലകളും 5.5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് ആവശ്യം. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളുടെ താത്കാലിക വി സി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയായിരുന്നു രാജ്ഭവന്‍ സ്വന്തം നിലയില്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട തുകയാണ് ഇപ്പോള്‍ സര്‍വകലാശാലകള്‍ വഹിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


by Midhun HP News | Sep 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ കേരള സര്‍വകലാശാല. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരോ പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടവരോ ആയ വിദ്യാര്‍ഥികള്‍ക്ക് കോളജുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്കു സര്‍വകലാശാല നിര്‍ദേശം നല്‍കി.

പഠനം ഉപേക്ഷിച്ചവര്‍ സംഘടനാ പ്രവര്‍ത്തനം ലക്ഷ്യം വച്ച് കോഴ്‌സുകളില്‍ പുനഃപ്രവേശനം നേടുന്നത് ശ്രദ്ധയില്‍പപെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. ബിരുദ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ കേസുകളില്‍പ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്.

സത്യവാങ്മൂലം ലംഘിക്കുന്നവരുടെ പ്രവേശനം പ്രിന്‍സിപ്പല്‍മാര്‍ക്ക് റദ്ദാക്കാനാകും. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കോളജ് കൗണ്‍സിലിനാണ്. വിസി ഡോ. മോഹനന്‍ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് തീരുമാനം എടുത്തത്. വാട്‌സാപ് വഴി കോപ്പിയടിച്ചതിനെത്തുടര്‍ന്ന് 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യപ്പെട്ട വിദ്യാര്‍ഥി മറ്റൊരു വിഷയത്തില്‍ പുനഃപ്രവേശനം നേടിയത് കേരള സര്‍വകലാശാല റദ്ദാക്കിയിരുന്നു.

by Midhun HP News | Sep 18, 2025 | Latest News, ജില്ലാ വാർത്ത
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ 11കാരി കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. ഇനി രോഗം ബാധിച്ച് കോഴിക്കോട് ജില്ലയില്‍ 10 പേരാണ് ചികിത്സയിലുള്ളത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന് കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറുപേരും സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്.

ആരോഗ്യവകുപ്പിന്റെ ബുധനാഴ്ചത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് നിലവില്‍ 71 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 24 പേര്‍ക്കും രോഗം ബാധിച്ചത് ഈ മാസമാണ്. ഈ വര്‍ഷം 19 മരണമുണ്ടായതില്‍ ഒന്‍പതെണ്ണമുണ്ടായതും സെപ്റ്റംബറിലാണ്. രോഗം ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ല.

കഴിഞ്ഞ ദിവസം പാലക്കാട് പട്ടാമ്പിയില്‍ രോഗം സ്ഥിരീകരിച്ച യുവാവിനെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഇയാള്‍ക്ക് രോഗം പിടിപെടാന്‍ കാരണമായ ജലസ്രോതസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇയാള്‍ രണ്ട് മാസം മുന്‍പ് പ്രദേശത്തെ ഒരു നീന്തല്‍ കുളത്തില്‍ കുളിച്ചിരുന്നു. പിന്നാലെ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

by Midhun HP News | Sep 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പേട്ടയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ വിനോദ് കണ്ണന്‍, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. കൊല്ലം- തിരുനെല്‍വേലി ട്രെയിന്‍ ഇടിച്ചാണ് അപകടം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയാണ് സംഭവം. ഇരുവരും മധുര സ്വദേശികളാണ്. ഗാര്‍ഡുമാരാണ് ട്രെയിന്‍ തട്ടിയ വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് ഒരു പുരുഷന്റെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. ഇരുവരും സുഹൃത്തുക്കള്‍ ആണ് എന്നാണ് പൊലീസ് പറയുന്നത്.
by Midhun HP News | Sep 17, 2025 | Latest News, ജില്ലാ വാർത്ത
ഹരിത കേരളം മിഷന്റെ മികച്ച പച്ചത്തുരുത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരത്തിൽ ജില്ലാതലത്തിൽ വിവിധ ഇനങ്ങളിലായി നാല് പുരസ്കാരങ്ങൾ നേടുകയും സംസ്ഥാനതല മികച്ച പരിസ്ഥിതി പ്രവർത്തകനുമുള്ള പ്രത്യേക ജൂറി പുരസ്കാരവും നേടി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്.
ജില്ലയിൽ നൂറിലധികം പച്ചത്തുരുത്തുകൾ ഉള്ള കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും അധികം പച്ചത്തുരുത്തുകൾ ഉള്ള കരവാരം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ എൻജിനീയർ അനീഷ് പപ്പൻ സംസ്ഥാനതല ജൂറി പ്രത്യേക പുരസ്‌കാരം നേടി.
ജില്ലാതല തദ്ദേശ സ്വയംഭരണ വകുപ്പ് ഇനത്തിൽ ഒന്നാം സ്ഥാനം കരവാരം ഗ്രാമപഞ്ചായത്ത്, പ്രകൃതി പച്ചത്തുരുത്ത് മൂന്നാം സ്ഥാനം കിളിമാനൂർ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വളപ്പിലെ ബ്ലോക്ക് പച്ച തുരുത്തിനും വിദ്യാലയങ്ങളുടെ വിഭാഗത്തിൽ നഗരൂർ ഗ്രാമപഞ്ചായത്തിലെ പേരൂർ യുപിഎസിലെ കാട്ടുചന്ത പച്ചതുരുത്ത് രണ്ടാം സ്ഥാനവും, മറ്റ് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കരവാരം ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം വളപ്പിലെ പി എച്ച് സി പച്ചത്തുരുത്ത് മൂന്നാം സ്ഥാനവും നേടി.
ജില്ലാതലത്തിൽ വിവിധ വിഭാഗങ്ങളിലായി നൂറിലധികം പച്ചത്തുരുത്തുകൾ മത്സരിച്ചതിൽ ആണ് കിളിമാനൂർ ബ്ലോക്കിന് ഈ അഭിമാനകരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.
Recent Comments