‘പുരുഷ ടീം ഇന്നുവരെ ചെയ്യാത്ത കാര്യം… ആ ഇതിഹാസങ്ങളാണ് വിത്തെറിഞ്ഞത്’

‘പുരുഷ ടീം ഇന്നുവരെ ചെയ്യാത്ത കാര്യം… ആ ഇതിഹാസങ്ങളാണ് വിത്തെറിഞ്ഞത്’

ചെന്നൈ: ഇന്ത്യന്‍ വനിതാ ടീം ഏകദിന ലോകകപ്പ് നേടി ചരിത്രമെഴുതിയ രാത്രിയില്‍ മൈതാനത്ത് നിരവധി ഹൃദ്യമായ രംഗങ്ങളും അരങ്ങേറിയിരുന്നു. അതിലൊന്നു മുന്‍ താരങ്ങളും ഇതിഹാസങ്ങളുമായവരെ ഒപ്പം നിര്‍ത്തി നിലവിലെ ടീമിലെ താരങ്ങള്‍ ലോകകപ്പ് കൈമാറിയതായിരുന്നു ആരാധകരുടെ ശ്രദ്ധേയിലേക്ക് എത്തിയ സവിശേഷ നിമിഷങ്ങള്‍. മുന്‍ ക്യാപ്റ്റന്‍മാരും ഇതിഹാസങ്ങളുമായ മിതാലി രാജ്, അഞ്ജും ചോപ്ര, ജുലന്‍ ഗോസ്വാമി അടക്കമുള്ള താരങ്ങള്‍ക്ക് ലോകകപ്പ് ട്രോഫി കൈമാറിയാണ് ഇന്ത്യയുടെ നിലവിലെ താരങ്ങള്‍ കൈയടി നേടിയത്.

അവരുടെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസ സ്പിന്നറുമായ ആര്‍ അശ്വിന്‍. സ്വന്തം യു ട്യൂബ് ചാനലിലാണ് അശ്വിന്‍ ഇക്കാര്യം എടുത്തു പറഞ്ഞത്. പുരുഷ ടീമിന്റെ ഭാഗത്തു നിന്നു ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കാര്യമാണിതെന്നും അശ്വിന്‍ ചൂണ്ടിക്കാണിക്കുന്നു.

‘ഇന്ത്യന്‍ ടീമിന് എന്റെ സല്യൂട്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പുരുഷ ടീം ഇതുവരെ ചെയ്തിട്ടില്ല. മാധ്യമങ്ങള്‍ക്കു മുന്നില്‍ പുരുഷ ടീം വിജയത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ കിരീട നേട്ടത്തിന്റെ ക്രഡിറ്റ് മുന്‍ തലമുറയിലെ താരങ്ങള്‍ക്കു നല്‍കുന്നത് ഇതുവരെ കണ്ടിട്ടില്ല. ഞങ്ങളുടെ തലമുറയിലെ ടീമാണ് നിങ്ങളേക്കാള്‍ മികച്ചത് എന്നാണ് എല്ലായ്‌പ്പോഴും പുരുഷ ടീം പറഞ്ഞിട്ടുള്ളത്.’

‘എന്നാല്‍ ഈ വനിതാ ടീമിനെ നിങ്ങള്‍ നോക്കു. അഞ്ജും ചോപ്രയുണ്ട് ഗ്രൗണ്ടില്‍, മിതാലി രാജുണ്ട് ഗ്രൗണ്ടില്‍. മുന്‍ തലമുറ എറിഞ്ഞു മുളപ്പിച്ച വിത്തുകളാണ് ഇന്ന് ലോകകിരീടം എടുത്ത് ഇതിഹാസ താരങ്ങളുടെ കൈകളില്‍ വച്ചു കൊടുത്തത്. അതുകണ്ടപ്പോള്‍ എനിക്കു സന്തോഷം തോന്നി.’

‘ഇന്ന് ഒരൊറ്റ ദിവസം കൊണ്ടല്ല ഈ നേട്ടം. കഴിഞ്ഞ 25 വര്‍ഷമായി പല പല വനിതാ താരങ്ങളും നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമാണ് ഈ ലോക കിരീടം. ഡയാന എഡുല്‍ജി, സുധ ഷാഹ്‌സ്, അഞ്ജും ചോപ്ര, ജുലന്‍ ഗോസ്വാമി… ആ പട്ടിക നീണ്ടതാണ്’- അശ്വിന്‍ വ്യക്തമാക്കി. ഫൈനലില്‍ 52 റണ്‍സിനു ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി ലോക കിരീടം ഉയര്‍ത്തിയത്. 2005, 2017 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയ ഇന്ത്യ രണ്ട് തവണയും വീണു പോയിരുന്നു. ഈ നിരാശകളെല്ലാം അവസാനിപ്പിച്ചാണ് 20 വര്‍ഷത്തെ കാത്തിരിപ്പിനു ടീം ഇന്ത്യ വിരാമമിട്ടത്.

പേട്ട എസ്‌ബിഐ ബാങ്കിന് മുന്നില്‍ കാറിനുള്ളില്‍ ഒരാള്‍ മരിച്ചനിലയില്‍

പേട്ട എസ്‌ബിഐ ബാങ്കിന് മുന്നില്‍ കാറിനുള്ളില്‍ ഒരാള്‍ മരിച്ചനിലയില്‍

പേട്ട എസ്‌ബിഐ ബാങ്കിന് മുന്നില്‍ കാറിനുള്ളില്‍ ഒരാള്‍ മരിച്ചനിലയില്‍. എസ് എൻ നഗറില്‍ അശ്വതി വീട്ടില്‍ മാധവൻ അജയ കുമാർ എന്നയാളാണ് മരിച്ചത്. എസ്ബിഐയിലെ ജീവനക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിന്റെ ഡ്രെെവർ സീറ്റില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം.

വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു. ഉടൻ ജീവനക്കാർ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം മാധവൻ ബാങ്കിലെത്തിയതായി ജീവനക്കാ‌ർ പറയുന്നു. എന്നാല്‍ വെെകിട്ട് ബാങ്ക് അടയ്ക്കുന്ന സമയം ഈ കാർ അവിടെ ഉണ്ടായിരുന്നില്ല.

തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു

തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു

തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു. രക്ഷിക്കാൻ പിന്നാലെ ചാടിയ യുവതിയുടെ സഹോദരന് ഗുരുതര പരുക്ക്. വിഴിഞ്ഞം കരിച്ചൽപള്ളി സ്വദേശി, 27 വയസ്സുകാരിയായ അർച്ചന ചന്ദ്രയാണ് മരിച്ചത്. അർച്ചനയെ രക്ഷിക്കാൻ പിന്നാലെ ചാടിയ സഹോദരൻ ഭവന ഇന്ദ്രനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. മരിച്ച അർച്ചന വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്.

ഗതാഗത നിയന്ത്രണം ഇന്നും നാളെയും

ഗതാഗത നിയന്ത്രണം ഇന്നും നാളെയും

പുളിമാത്ത്, നഗരൂർ, കരവാരം പഞ്ചായത്തുകളുടെ സംയുക്ത ശുദ്ധജല പദ്ധതിയുടെ ഭാഗമായ റോഡ് പുനഃസ്ഥാപന ജോലികളുടെ ഭാഗമായി ഇന്നും നാളെയും നഗരൂർ– കല്ലമ്പലം റോഡിലും പുതുശേരി മുക്ക്– പോങ്ങനാട് റോഡിലും ടാറിങ് ജോലി നടക്കുന്നതിനാൽ രാവിലെ 7 മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

സി ഉഷാകുമാരി (72) അന്തരിച്ചു

സി ഉഷാകുമാരി (72) അന്തരിച്ചു

ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് കക്കാട്ടുവിള വീട്ടിൽ (വി.വി.എം.ആർ.എ:64) സി ഉഷാകുമാരി (72) അന്തരിച്ചു.

ഭർത്താവ്: പരേതനായ മുകുന്ദ ദാസൻ നായർ എസ് (ബാബു).
മക്കൾ: വിക്രം ബി നായർ (ഖത്തർ), വിനീത ബി നായർ, വിപിൻ ബി നായർ(ഡ്രൈവർ).
മരുമക്കൾ: വി.എൽ ജിജി, സി ബാലചന്ദ്രൻ (ചാർട്ടേഡ് അക്കൗണ്ടന്റ്).
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക്

പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ ഇനിയും അവസരം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ ഇനിയും അവസരം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയില്‍ നവംബർ 4, 5 തീയതികളില്‍ പേര് ചേർക്കാൻ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ.

2025 ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയില്‍ പേര് ചേർക്കുന്നതിനാണ് അവസരമുള്ളത്.

അനർഹരെ ഒഴിവാക്കുന്നതിനും നിലവിലുള്ള ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും നവംബർ 4, 5 തീയതികളില്‍ അപേക്ഷിക്കാം. പ്രവാസി ഭാരതീയർക്കും പട്ടികയില്‍ പേര് ചേർക്കാൻ അപേക്ഷിക്കാം.

ഇലക്ടറല്‍ രജിസ്‌ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച്‌ സപ്ലിമെന്ററി പട്ടികകള്‍ നവംബർ 14 ന് പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിച്ച പട്ടികയുടെ പകർപ്പുകള്‍ അംഗീകൃത രാഷ്ട്രീയപാർട്ടികള്‍ക്ക് സൗജന്യമായി നല്‍കും.

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 23, 24 വകുപ്പുകള്‍ പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 79, 80 വകുപ്പുകള്‍ പ്രകാരവുമാണ് ഈ അവസരം നല്‍കുന്നത്.

2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയായവർക്ക് വോട്ടർപട്ടികയില്‍ പേര് ചേർക്കാം. വോട്ടർപട്ടികയില്‍ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4), ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7), പ്രവാസി വോട്ടർപട്ടികയില്‍ പേരു ചേർക്കുന്നതിനും (ഫാറം 4 A) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

ഓണ്‍ലൈനായി അപേക്ഷിക്കുമ്ബോള്‍ ഹിയറിംഗിനുള്ള കമ്ബ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം. പേരൊഴിവാക്കുന്നതിനും (ഫാറം 5, ഫാറം 8) അപേക്ഷിക്കാം.