by Midhun HP News | Oct 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്പ് വന് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷേമ പെന്ഷന് രണ്ടായിരം രൂപയാക്കി വര്ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 1600 രൂപയില് 400 രുപയാണ് കൂട്ടിയത്. പെന്ഷന്കാര് എന്നിവര്ക്കു നല്കാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4% നവംബറിലെ ശമ്പളത്തിനൊപ്പം നല്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീ സുരക്ഷയ്ക്കു സഹായം നല്കുന്ന പുതിയ പദ്ധതി പ്രകാരം ആയിരം രൂപ വീതം അര്ഹരായ സ്ത്രീകള്ക്കു നല്കും. 33 ലക്ഷത്തിലേറെ സ്ത്രീകള്ക്കു സഹായം കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം യുവാക്കള്ക്ക് സ്കോളര്ഷിപ്പ് പദ്ധതിയും പ്രഖ്യാപിച്ചു. പ്രതിവര്ഷ കുടുംബവരുമാനം ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ള വിദ്യാര്ഥികള്ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപയായി വര്ധിപ്പിക്കും. ഇതുവരെയുള്ള കുടിശിക നല്കും. പ്രീപ്രൈമറി ടീച്ചര്മാരുടെയും ആയമാരുടെയും പ്രതിമാസ വേതനം ആയിരം രൂപ വര്ധിപ്പിച്ചു. ഗസ്റ്റ് ലക്ചര്മാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വരെ വര്ധിപ്പിക്കും. റബര് കര്ഷകര്ക്കു നല്കിവരുന്ന റബറിന്റെ താങ്ങുവില കിലോയ്ക്ക് 180 രൂപയില്നിന്ന് 200 രൂപയാക്കി ഉയര്ത്തും. നവംബര് 1 മുതല് പ്രാബല്യത്തില് വരും. നെല്ലിന്റെ സംഭരണ വില 28.20ല്നിന്ന് 30 രൂപയായി വര്ധിപ്പിക്കാനും തീരുമാനിച്ചു.
യുവതലമുറയ്ക്ക് കണക്ട് ടു വര്ക്ക് സ്കോളര്ഷിപ്പ് നടപ്പാക്കും. വിദ്യാര്ഥികള്ക്ക് മികച്ച ജോലി ലഭിക്കാന് സ്റ്റൈപ്പന്ഡ് അല്ലെങ്കില് സാമ്പത്തിക സഹായം നല്കുന്ന പദ്ധതി ആരംഭിക്കും. പ്രതിവര്ഷ കുടുംബ വരുമാനം ഒരുലക്ഷത്തില് താഴെയുള്ള പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി എന്നീ പഠനങ്ങള്ക്കു ശേഷം വിവിധ നൈപുണ്യ കോഴ്സുകളില് പഠിക്കുന്നവരോ വിവിധ ജോലി-മത്സര പരീക്ഷകള്ക്ക് തയ്യാറെടുക്കുന്നവരോ ആയ 18-30 വയസ്സുള്ളവര്ക്ക് പ്രതിമാസം ആയിരംരൂപ ധനസഹായം നല്കും. കണക്ട് ടു വര്ക്ക് എന്ന ഈ പദ്ധതിയില് അഞ്ചുലക്ഷം പേര്ക്ക് ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി സര്ക്കാര് പ്രതിവര്ഷം 600 കോടി രൂപ ചെലവിടേണ്ടിവരും.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടതില് വിവാദങ്ങളും ആശങ്കകളും ഉയര്ന്ന പശ്ചാത്തലത്തില് നടപടി പുനപരിശോധിക്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് റിപ്പോര്ട്ട് തയ്യാറാക്കുന്നതിനായി ഏഴ് അംഗങ്ങളുള്ള ഉപസമിതി രൂപീകരിച്ചു. ഉപസമിതിയുടെ റിപ്പോര്ട്ട് വരുന്നതുവരെ പിഎം ശ്രീയുമായി ബന്ധപ്പെട്ട തുടര്നടപടികള് നിര്ത്തിവയ്ക്കും. ഇക്കാര്യം കേന്ദ്രസര്ക്കാരിനെ കത്തുമൂലം അറിയിക്കും. കെ രാജന്, റോഷി അഗസ്റ്റിന്, പി രാജീവ്, വി ശിവന് കുട്ടി, പി പ്രസാദ്, എകെ ശശീന്ദ്രന്, കെ കൃഷ്ണന്കുട്ടി എന്നിവരാണ് സമിതിയില് ഉണ്ടാകുക.


by Midhun HP News | Oct 29, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പുലരി ടി.വി. ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിന്ദു നന്ദനയ്ക്ക് മികച്ച ഡോക്യുമെൻ്ററി സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ചായമൻസ – അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ സംവിധാനത്തിനാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം കേസരി മെമ്മോറിയൽ ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപനം നടന്നു. പ്രമുഖ സംവിധായകൻ ടി. എസ് സുരേഷ് ബാബു ജൂറി ചെയർമാനായുള്ള സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. നിരൂപകൻ സുനിൽ സി ഇ, ചലച്ചിത്ര താരം മായ വിശ്വനാഥ്, സംവിധായകൻ ടി എസ് സുരേഷ് ബാബു, ദീപ സുരേന്ദ്രൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എഴുത്തുകാരനും സംവിധായകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് സ്ക്രിപ്റ്റ് എഴുതി സംവിധാനം നിർവഹിച്ചത് കവയിത്രി കൂടിയായ ബിന്ദുനന്ദനയാണ്. ഡിസംബർ 7ന് തിരുവനന്തപുരം ഏരീസ്പ്ലക്സ് എസ് എൽ സിനിമാസിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം നടക്കും. സാമൂഹിക സാംസ്കാരിക സിനിമാരംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
by Midhun HP News | Oct 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട തീരുമാനം മന്ത്രിസഭാ യോഗത്തില് അറിയാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി. പിഎം ശ്രീ പദ്ധതി മരവിപ്പിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കാബിനറ്റ് വൈകീട്ട് 3.30 ന് ചേരുന്നുണ്ട്. സര്ക്കാരിന്റെ തീരുമാനം അപ്പോഴാണ് അറിയാനാകുക എന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതി മരവിപ്പിച്ചോ എന്നൊന്നും തനിക്കറിയില്ല. മരവിപ്പിക്കണോ എന്ന് ആവശ്യം വന്നോ എന്നും അറിയില്ല. അക്കാര്യമെല്ലാം 3.30 ന് കാബിനറ്റില് അറിയാം. ഈ വിഷയത്തില് ഇടതുമുന്നണിയിലെ നേതാക്കളും മുഖ്യമന്ത്രിയുമെല്ലാം ഇടപെട്ട് ചര്ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തില് ഇപ്പോള് താന് കയറി വാര്ത്താസമ്മേളനത്തില് അഭിപ്രായം പറയുന്നത് ശരിയാണോയെന്ന് മന്ത്രി ശിവന്കുട്ടി ചോദിച്ചു.
സിപിഎം മന്ത്രിമാര് കാബിനറ്റില് പങ്കെടുക്കുമോയെന്ന ചോദ്യത്തിന് അറിയില്ല എന്നും ശിവന്കുട്ടി പറഞ്ഞു. പട്ടയം കൊടുക്കുന്ന ഒരു പരിപാടിയില് താനും മന്ത്രി രാജനും ഒരുമിച്ചുണ്ടായിരുന്നു. അപ്പോള് ഒന്നും പറഞ്ഞില്ല. എന്റെ അടുത്ത് ഇരുന്നപ്പോള് പിണക്കമുണ്ടെന്ന് തോന്നിയില്ല. കേരളത്തില് എല്ലാ കാര്യങ്ങളും വ്യക്തത വരുത്തിയല്ലേ മുന്നോട്ടു പോകുന്നത്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം, മുഖ്യമന്ത്രി ചുമതലപ്പെടുത്തിയാല് താന് വിശദീകരിക്കുമെന്നും ശിവന്കുട്ടി പറഞ്ഞു.


by Midhun HP News | Oct 29, 2025 | Latest News, കായികം, ജില്ലാ വാർത്ത
38-ആം വയസില് ഇന്ത്യന് മുന് നായകന് രോഹിത് ശര്മ ഐസിസി ഏകദിന റാങ്കിംഗില് ഒന്നാം സ്ഥാനം സ്വന്തമാക്കി. കരിയറിലാദ്യമായാണ് രോഹിത് ഈ നേട്ടത്തിലെത്തുന്നത്.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില് അര്ധസെഞ്ചുറിയും മൂന്നാം മത്സരത്തില് അപരാജിത സെഞ്ചുറിയും നേടിയ പ്രകടനമാണ് രോഹിത്തിനെ റാങ്കിംഗിന്റെ മുകളിലേക്കെത്തിച്ചത്. ഇന്ത്യന് ക്യാപ്റ്റന് ശുഭ്മാന് ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്ന്നത്. ഇതോടെ, ഏകദിന റാങ്കിംഗില് ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന് താരം എന്ന റെക്കോഡും രോഹിത്തിന് സ്വന്തമായി.
ഓസ്ട്രേലിയ പരമ്പരയ്ക്ക് മുമ്പ് 743 റേറ്റിംഗ് പോയിന്റുമായിരുന്ന രോഹിത്, പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെ 781 പോയിന്റ് നേടി ഒന്നാം സ്ഥാനത്തേക്ക് ഉയര്ന്നു.
ഐസിസി ഏകദിന റാങ്കിംഗില് ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യന് താരം കൂടിയാണ് രോഹിത്. അദ്ദേഹത്തിന് മുമ്പ് സച്ചിന് ടെന്ഡുല്ക്കര്, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, ശുഭ്മാന് ഗില് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.


by Midhun HP News | Oct 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 5 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, നിലവിൽ നാളെ മുതൽ രണ്ടാം തീയതി വരെ എല്ലാ ജില്ലയിലും നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്നാണ് പ്രവചനം.
മോൻത ചുഴലിക്കാറ്റ് ഉയർത്തിയ ആശങ്ക ഒഴിയുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത മോൻത ചുഴലിക്കാറ്റ് ഉയർത്തിയ ആശങ്ക ഒഴിയുന്നു. ഇന്നലെ അർധരാത്രിക്ക് ശേഷം തീരം തൊട്ട മോൻത സാധാരണ ചുഴലിക്കാറ്റായി മാറി. മോൻതയുടെ സ്വാധീനഫലമായി ആന്ധ്ര, തെലങ്കാന ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. അഞ്ചര മണിക്കൂറെടുത്ത് ലാൻഡ് ഫാളിംഗ് പൂർത്തിയാക്കിയ മോൻത ആന്ധ്രയുടെ തീരം തൊട്ടത് രാത്രി 12.30ന്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ തീരം കടന്ന ചുഴലിക്കാറ്റ് വിശാഖപട്ടണം, കൊണസീമ, വിജയനഗര ജില്ലകളിൽ വ്യാപക നാശം വിതച്ചു. പ്രാഥമിക കണക്കുകൾ അനുസരിച്ച് ഒന്നേമുക്കാൽ ലക്ഷം ഹെക്ടറിൽ ആന്ധ്രയിൽ കൃഷിനാശം നേരിട്ടു. വൈദ്യുതി മേഖലയിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ നേരിട്ടു. മുടങ്ങിയ വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികൾ തുടരുകയാണ്.
അതേസമയം വലിയ തോതിൽ ആളപായം ഉണ്ടാക്കാതെ മോൻത കടന്നുപോയത് ആന്ധ്രയ്ക്കും ഒഡിഷയ്ക്കും ആശ്വാസമായി. കോണസീമ ജില്ലയിൽ വീട്ടിന് മുകളിലേക്ക് മരം വീണാണ് ഒരു സ്ത്രീ മരിച്ചത്. പലയിടങ്ങളിലായി ഇരുപതോളം പേർക്ക് പരിക്കേറ്റു. മോൻതയെ ഭയന്ന് മുക്കാൽ ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ആന്ധ്ര സർക്കാർ മാറ്റിയിരുന്നു. ഇത് ആഘാതം കുറയ്ക്കാൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ. അതേസമയം മോൻതയുടെ സ്വാധീനഫലമായി ആന്ധ്രയിലും തെലങ്കാനയിലും ഒഡിഷയിലും ശക്തമായ മഴ തുടരുകയാണ്.
by Midhun HP News | Oct 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്വര്ണമാലയും മാലയും താലിയും നഷ്ടപ്പെട്ടെന്ന് കോണ്ഗ്രസ് നേതാവ് വീണ എസ് നായര്. വീണ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് കെപിസിസി ഡിജിറ്റല് മീഡിയ സെല് അംഗം വീണ എസ് നായര് വിവരം പങ്കുവച്ചത്. ഇക്കാര്യം അറിയിച്ചത്. ഒക്ടോബര് 26-ാം തീയതി രാത്രി പത്തരയ്ക്ക് ശേഷമാണ് മാലയും താലിയും കാണാതായതെന്ന് കുറിപ്പില് പറയുന്നു.
നഷ്ടപ്പെട്ട സാധനങ്ങള് ആരുടെയെങ്കിലും കൈയില് കിട്ടിയിട്ടുണ്ടെങ്കില് അറിയിക്കണം. വില്പനക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയില് പെടുന്നെങ്കില് പൂജപ്പുര പൊലീസ് സ്റ്റേഷനില് അറിയിക്കണം എന്ന അഭ്യര്ഥനയും കോണ്ഗ്രസ് നേതാവ് കുറിപ്പില് പറയുന്നു. മാല നഷ്ടപ്പെട്ട സംഭവത്തില് പൊലീസില് പരാതി നല്കി കാത്തിരിക്കുകയാണ് വീണ എസ് നായര്.
ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്ണരൂപം-
’26ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം എന്റെ മാലയും താലിയും കാണ്മാനില്ല. പോലീസില് പരാതി നല്കിയിട്ടുണ്ട്. ആരുടെയെങ്കിലും കയ്യില് ലഭിച്ചിട്ടുണ്ടെങ്കില് അറിയിക്കണം എന്ന് അഭ്യര്ത്ഥിക്കുന്നു. മാലയുടെ ചിത്രം ചുവടെ ചേര്ക്കുന്നു. വില്പനക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയില് പെടുന്നെങ്കില് പൂജപ്പുര പോലീസ് സ്റ്റേഷനില് അറിയിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു.
Contact @തിലകന് 8921285681′, എന്നാണ് വീണ ഫേസ്ബുക്കില് കുറിച്ചത്.


Recent Comments