പരിശീലനത്തിനിടെ കഴുത്തില്‍ പന്ത് കൊണ്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മരിച്ചു

പരിശീലനത്തിനിടെ കഴുത്തില്‍ പന്ത് കൊണ്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മരിച്ചു

മെല്‍ബണ്‍: ഫില്‍ ഹ്യൂസിന്റെ ദാരുണമായ മരണം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ വീണ്ടും പിടിച്ചുകുലുക്കി മറ്റൊരു ദാരുണ സംഭവം. മെല്‍ബണില്‍ ടി20 മത്സരത്തിന് മുന്‍പുള്ള പരിശീലനത്തിനിടെ പന്ത് കഴുത്തില്‍ കൊണ്ട് 17 വയസുള്ള ക്രിക്കറ്റ് താരം മരിച്ചു. ഉടന്‍ തന്നെ കൗമാരക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മെല്‍ബണിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ഫെര്‍ന്‍ട്രീ ഗള്ളിയിലെ വാലി ട്യൂ റിസര്‍വില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ബുധനാഴ്ച എയില്‍ഡണ്‍ പാര്‍ക്കിനെതിരായ ടി20 മത്സരത്തിനായി നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെ ബെന്‍ ഓസ്റ്റിന്റെ തലയിലും കഴുത്തിലുമായാണ് പന്ത് തട്ടിയത്. ഹെല്‍മെറ്റ് ധരിച്ച് ബാറ്റ് ചെയ്യുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്.

ഉടന്‍ തന്നെ മെഡിക്കല്‍ എമര്‍ജന്‍സി ടീമിനെ ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തി, ഓസ്റ്റിന് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ‘ബെന്നിന്റെ വിയോഗത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയി, ബെന്നിന്റെ മരണത്തിന്റെ ആഘാതം ഞങ്ങളുടെ ക്രിക്കറ്റ് സമൂഹത്തിലെ എല്ലാവരെയും ബാധിച്ചു’- ക്ലബ് പ്രസ്താവനയില്‍ പറയുന്നു.

2014ലാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ കഴുത്തില്‍ പന്ത് കൊണ്ട് പരിക്കേറ്റ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസ് മരിച്ചത്. ഇതിന് പിന്നാലെ താരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി നടപടികള്‍ക്കാണ് അധികൃതര്‍ തയ്യാറായത്. അതിനിടെയാണ് മറ്റൊരു ദാരുണമായ സംഭവം ഉണ്ടായത്.

റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ട‌ക്കേസ് നൽകി രാജീവ് ചന്ദ്രശേഖർ

റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ട‌ക്കേസ് നൽകി രാജീവ് ചന്ദ്രശേഖർ

റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്‌മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കേസ് നൽകിയിരിക്കുന്നത്.

രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എൽ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ അദ്ദേഹത്തിന്റെ്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്‌തതോടെയാണ് മുംബൈ ആസ്ഥാനമായ ആർ എച്ച് പി പാർട്ട്നേഴ്സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ആറ്റിങ്ങൽ ഗവ. മോഡൽ എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബർ നാലിന് രാവിലെ 10-ന് നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം സ്കൂളിൽ എത്തേണ്ടതാണ്.

2026ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; സമ്പൂർണ പട്ടിക കാണാം

2026ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; സമ്പൂർണ പട്ടിക കാണാം

തിരുവനന്തപുരം: 2026 ലെ പൊതുഅവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ച കൂട്ടത്തിലുണ്ട്.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള പട്ടികയില്‍ പെസഹാ വ്യാഴം കൂടി ഉള്‍പ്പെടുത്തും. തൊഴില്‍നിയമം -ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട്സ്, കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958ന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. മാര്‍ച്ച് നാല് ബുധനാഴ്ച ഹോളിദിനത്തില്‍ ന്യൂഡല്‍ഹിയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി അനുവദിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ച് 22 അവധിയാണുള്ളത്. ഇതില്‍ മൂന്ന് ഞായറാഴ്ചയുണ്ട്.

അവധി ദിനങ്ങള്‍: ജനുവരി 2 മന്നം ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20 ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 2 പെസഹ വ്യാഴം, ഏപ്രില്‍ 3 ദുഃഖവെള്ളി, ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15 വിഷു, മേയ് 1 മേയ് ദിനം, മേയ് 27 ബക്രീദ്, ജൂണ്‍ 25 മുഹറം, ഓഗസ്റ്റ് 12 കര്‍ക്കടകവാവ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം/നബിദിനം, ഓഗസ്റ്റ് 26 തിരുവോണം, ഓഗസ്റ്റ് 27 മൂന്നാം ഓണം, ഓഗസ്റ്റ് 28 നാലാം ഓണം /ശ്രീനാരായണഗുരു ജയന്തി/ അയ്യങ്കാളി ജയന്തി, സെപ്റ്റംബര്‍ 4 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21 ശ്രീനാരായണഗുരു സമാധി, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 20 മഹാനവമി, ഒക്ടോബര്‍ 21 വിജയദശമി, ഡിസംബര്‍ 25 ക്രിസ്മസ്.

പൊതു അവധിയായ ഞായര്‍ ദിവസങ്ങളില്‍ വരുന്നതിനാല്‍ ഫെബ്രുവരി 15 മഹാശിവരാത്രി, ഏപ്രില്‍ 5 ഈസ്റ്റര്‍, നവംബര്‍ 8 ദീപാവലി എന്നീ അവധിദിവസങ്ങള്‍ പട്ടികയിലില്ല.

നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധി

ജനുവരി 2 മന്നം ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20 ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 1 ബാങ്ക് വാര്‍ഷിക കണക്കെടുപ്പ്, ഏപ്രില്‍ 3 ദുഃഖവെള്ളി, ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15 വിഷു, മേയ് 1 മേയ് ദിനം, മേയ് 27 ബക്രീദ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം/നബിദിനം, ഓഗസ്റ്റ് 26 തിരുവോണം, ഓഗസ്റ്റ് 28 ശ്രീനാരായണ ഗുരു ജയന്തി/ അയ്യങ്കാളി ജയന്തി, സെപ്റ്റംബര്‍ 4 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21 ശ്രീനാരായണ ഗുരു സമാധി, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 20 മഹാനവമി, ഒക്ടോബര്‍ 21 വിജയദശമി, ഡിസംബര്‍ 25 ക്രിസ്മസ്.

നിയന്ത്രിത അവധി

മാര്‍ച്ച് 4 അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 28 ആവണി അവിട്ടം, സെപ്റ്റംബര്‍ 17 വിശ്വകര്‍മദിനം.

വീരളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവതസപ്‌താഹയജ്ഞം നവംബർ 2 ന് തുടങ്ങും

വീരളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവതസപ്‌താഹയജ്ഞം നവംബർ 2 ന് തുടങ്ങും

ആറ്റിങ്ങൽ വീരളം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവതസപ്താഹം നവംബർ 2നു (ഞായറാഴ്ച) തുടങ്ങി 9നു അവസാനിക്കും. വൈകിട്ട് 6.15-ന് ആചാര്യവരണം തുടർന്ന് ഉദ്ഘാടനസമ്മേളനം. തിങ്കളാഴ്ച വരാഹാവതാര വർണന. ചൊവ്വാഴ്ച വൈകീട്ട് 6.30-ന് സർവൈശ്വര്യപൂജ. ബുധനാഴ്ച നരസിംഹാവതാരപൂജ. വ്യാഴാഴ്ച ശ്രീകൃഷ്ണാവതാരവർണന. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ഉണ്ണിയൂട്ട്, വൈകീട്ട് 5-ന് രുക്‌മിണീസ്വയംവര ഘോഷയാത്ര. ശനിയാഴ്ച കുചേലവൃത്തം. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് കലശം, ആറാട്ട്, യജ്ഞസമർപ്പണം.

തിരുവനന്തപുരത്ത് മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു, ആക്രമണം പൊട്ടിയ മദ്യക്കുപ്പികൊണ്ട്

തിരുവനന്തപുരത്ത് മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു, ആക്രമണം പൊട്ടിയ മദ്യക്കുപ്പികൊണ്ട്

തിരുവനന്തപുരം: കല്ലിയൂരില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. 74 കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗം ഉപയോഗിച്ചായിരുന്നു ആക്രമണം.

മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിജയകുമാരി. മുന്‍ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥനാണ് മകന്‍ അജയകുമാര്‍. രാത്രി വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി. ഈ വിഷയത്തില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിജയകുമാരി ചോദ്യം ചെയ്തതോടെ പ്രകോപിതനായ അജയകുമാര്‍ പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗമുപയോഗിച്ച് വിജയകുമാരിയുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവ സ്ഥലത്തുനിന്ന് തന്നെ വിജയകുമാരി മരിച്ചുവെന്നാണ് വിവരം. ഭാര്യയുമായി അകന്നതിന് ശേഷം അമ്മയോടൊപ്പമാണ് അജയകുമാര്‍ താമസിച്ചിരുന്നത്.