by Midhun HP News | Oct 26, 2025 | Latest News, ജില്ലാ വാർത്ത
പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിങ് ഡിഗ്രി കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. എൽ.ബി.എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ വച്ച് ഒക്ടോബർ 28ന് ആണ് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നത്.
www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അന്നേ ദിവസം രാവിലെ 10നകം എൽ.ബി.എസ് സെന്ററിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.
നിലവിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള അപേക്ഷാർത്ഥികൾക്ക് പുതിയ നിരാക്ഷേപപത്രം നിർബന്ധമാണ്. അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം ടോക്കൺ ട്യൂഷൻ ഫീസ് ഒടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.


by Midhun HP News | Oct 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്വീസുകള് 22 ശതമാനം കൂടും. വിന്റര് ഷെഡ്യൂള് കാലയളവിലാണ് സര്വീസുകള് വര്ധിക്കുന്നത്. പ്രതിവാര എയര് ട്രാഫിക് മൂവ്മെന്റുകള് 732 ആയി ഉയരും. നിലവിലെ സമ്മര് ഷെഡ്യൂളില് ഇത് 600 ആയിരുന്നു. ഇന്ന് മുതല് 2026 മാര്ച്ച് 28 വരെയാണ് വിന്റര് ഷ്യെഡ്യൂള്.
നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടന് പുതിയ സര്വീസുകള് തുടങ്ങും. കണ്ണൂര്, കൊച്ചി, ബെംഗളൂരു, ഡല്ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സര്വീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമ്മാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂര്, മാലെ എന്നിവിടങ്ങളിലേക്കും സര്വീസുകള് വര്ധിക്കും. രാജ്യാന്തര സര്വീസുകള് 300 പ്രതിവാര എടിഎമ്മുകളില് നിന്ന് 326 ആയി കൂടും. 9 ശതമാനം വര്ധനയാണ് രേഖപ്പെടുത്തുക. ആഭ്യന്തര സര്വീസുകള് 300 ഇല് നിന്ന് 406 ആയി ഉയരും. 35 ശതമാനമാണ് വര്ധന.
പ്രതിവാര സര്വീസുകള്:
അബുദാബി – 66
ഷാര്ജ – 56
ദമ്മാം – 28
കുവൈത്ത് – 24
മാലെ- 24
ദുബായ് – 22
മസ്കത്ത് – 22
ക്വലാലംപൂര് – 22
ദോഹ – 20
സിംഗപ്പൂര് – 14
ബഹ്റൈന് – 10
കൊളംബോ – 08
റിയാദ് – 06
ഹാനിമാധൂ – 04
ആഭ്യന്തര സര്വീസുകള്:
ബെംഗളൂരു – 92
ഡല്ഹി – 84
മുംബൈ – 70
ചെന്നൈ – 42
ഹൈദരാബാദ് – 28
നവി മുംബൈ – 28
കൊച്ചി – 26
ട്രിച്ചി – 12
കണ്ണൂര് – 10
പുണെ – 08
മംഗളൂരു – 06


by Midhun HP News | Oct 26, 2025 | Latest News, കായികം, ജില്ലാ വാർത്ത
മുംബൈ: ഇന്ത്യന് വെറ്ററന് സൂപ്പര് താരങ്ങളായ വിരാട് കോഹ് ലിയേയും രോഹിത് ശര്മയേയും പിന്തുണച്ച്, സെലക്ടര്മാര്ക്കെതിരെ ഗുരുതര ആരോപണവുമായി മുന് ഇന്ത്യന് ഓള് റൗണ്ടര് മുഹമ്മദ് കൈഫ്. രോഹിതും കോഹ്ലിയും 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമിലുണ്ടാകരുതെന്നു ചിലര്ക്ക് നിര്ബന്ധമുണ്ട്. ഓസീസ് മണ്ണിലടക്കം ഇരുവരും ഫോമിലെത്തരുതെന്നു സെലക്ഷന് കമ്മിറ്റിയിലെ ചിലരും ചില മാധ്യമ പ്രവര്ത്തകരും ആഗ്രഹിക്കുന്നുണ്ട്.
ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില് രോഹിത് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില് അര്ധ സെഞ്ച്വറിയും മൂന്നാം പോരില് ഹിറ്റ്മാന് സെഞ്ച്വറിയും നേടി. ആദ്യ രണ്ട് മത്സരങ്ങളിലും തുടരെ പൂജ്യത്തില് പുറത്തായ കോഹ്ലിയും മൂന്നാം പോരില് അര്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു തിരിച്ചു വരവ് ഗംഭീരമാക്കി. ഇരുവരും ചേര്ന്നു മൂന്നാം മത്സരത്തില് ഇന്ത്യയെ 9 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയും ചെയ്തു.
പിന്നാലെയാണ് യു ട്യൂബ് ചാനലിലൂടെ തുറന്നു പറച്ചിലുമായി കൈഫ് രംഗത്തെത്തിയത്.’തങ്ങള് പരാജയപ്പെടാന് കാത്തിരിക്കുന്നവരുണ്ടെന്നു രോഹിതിനും കോഹ്ലിക്കും അറിയാം. ചില സെലക്ടര്മാരും മാധ്യമ പ്രവര്ത്തകരും അതാഗ്രഹിക്കുന്നുണ്ട്. എന്നാല് അവര് രണ്ട് പേരും ദൃഢ നിശ്ചയമുള്ളവരാണ്. അവരുടെ മുഖം നോക്കു. ശന്തമായാണ് അവര് കളിക്കുന്നത്. ഈ ഫോര്മാറ്റില് തങ്ങളെ വെല്ലാന് ആരുമില്ലെന്ന ആത്മവിശ്വാസമുണ്ട് രണ്ട് പേര്ക്കും.’
മത്സരത്തില് 168 റണ്സ് കൂട്ടുകെട്ടാണ് ഇതിഹാസങ്ങള് ചേര്ന്നു സിഡ്നിയില് ഉയര്ത്തിയത്. രോഹിത് 121 റണ്സും കോഹ്ലി 74 റണ്സും നേടി പുറത്താകാതെ നിന്നു.
‘2027ലെ ഏകദിന ലോകകപ്പ് നടക്കുന്ന ദക്ഷിണാഫ്രിക്കന് മണ്ണില് ഇരു താരങ്ങളും ഇന്ത്യക്കായി കളിക്കണ്ടേത് അനിവാര്യമാണ്. ദക്ഷിണാഫ്രിക്കയിലെ ബൗണ്സ് നിറഞ്ഞ പിച്ചുകളില് ഇരുവരുടേയും പരിചയ സമ്പത്ത് ഇന്ത്യയ്ക്ക് അനിവാര്യമാണ്. രോഹിതിനെ ബൗണ്സി ട്രാക്കില് ടീമിനു വേണം. സമാനമാണ് കോഹ്ലിയും. ഇരുവരും ഇത്തരം പിച്ചുകളില് നന്നായി കളിച്ച് മികവ് അടിവരയിട്ട താരങ്ങളാണ്. പ്രായം വെരും സംഖ്യ മാത്രമാണെന്നു ഇരുവരും തെളിയിക്കുന്നുണ്ട്. രോഹിതിനും കോഹ്ലിക്കും ആരാധക പിന്തുണയുണ്ട്’- കൈഫ് വ്യക്തമാക്കി.


by Midhun HP News | Oct 26, 2025 | Latest News, ജില്ലാ വാർത്ത
സർക്കാർ ആയുഷ് മേഖലയിലെ സിദ്ധ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനോട് അനുബന്ധിച്ച് നാഷണൽ ആയുഷ് മിഷൻ മുഖേന നടപ്പിലാക്കുന്ന സിദ്ധ വർമ്മ തെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് സിദ്ധ ഡിസ്പെൻസറി അവനവഞ്ചേരിയിൽ സിദ്ധ വർമ്മ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.
ഗ്രാമത്ത് മുക്ക് കമ്മ്യൂണിറ്റി ഹാളിൽ കൂടിയ നിയോജകമണ്ഡലതല ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി സ്വാഗതം ആശംസിക്കുകയും, ആറ്റിങ്ങൽ എം. എൽ. എ ഒ. എസ് അംബിക അധ്യക്ഷത വഹിക്കുകയും ചെയ്തു. ഗവൺമെൻറ് സിദ്ധ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ചന്ദ്രപ്രഭു. എം വിഷയാവതരണം നടത്തുകയും തുടർന്ന് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജി. തുളസീധരൻ പിള്ള, ഷീജാ എസ്., എ. നജാം, രമ്യാ സുധീർ, അവനവഞ്ചേരി രാജു, എസ്. ഗിരിജ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും മെഡിക്കൽ ഓഫീസർ (വർമ്മ) ഡോ. ദേവിക. പി. എസ് എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ എൻ.എ.ബി.എച്ച് അംഗീകാരം നേടിയ ആദ്യ സർക്കാർ സിദ്ധ ഡിസ്പെൻസറിയും, ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ഡിസ്പെൻസറുകളിൽ നിന്നും പ്രഥമ കായകൽപ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് ഗവ സിദ്ധ ഡിസ്പെൻസറി അവനവഞ്ചേരി. സേവനത്തിന്റെ വഴിയിൽ ഒരു ചുവടുവെപ്പ് കൂടി നടത്തിക്കൊണ്ട് പുതിയതായി തുടങ്ങുന്ന സിദ്ധ വർമ്മ തെറാപ്പി യൂണിറ്റിൽ ഒരു വർമ്മ മെഡിക്കൽ ഓഫീസറിനെയും രണ്ട് തെറാപ്പിസ്റ്റുകളെയും ലഭ്യമാക്കിയിട്ടുണ്ട്. വിവിധ അസ്ഥി, പേശി, നാഡീ രോഗങ്ങൾക്കും ജീവിതശൈലി രോഗങ്ങൾ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും, ഉറക്കക്കുറവ്, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകൾക്കും വർമ്മ ചികിത്സ ഫലപ്രദമാണ്.


by Midhun HP News | Oct 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വെള്ളനാട് സര്വീസ് സഹകരണ ബാങ്ക് മുന് സെക്രട്ടറി ഇന് ചാര്ജിനെ മരിച്ച നിലയില് കണ്ടെത്തി. വെള്ളനാട് വെള്ളൂര്പ്പാറ സ്വദേശി അനില്കുമാറാണ് മരിച്ചത്. വീട്ടുമുറ്റത്തെ മരത്തില് തൂങ്ങി മരിച്ച നിലയിലായിരുന്നു. ഒന്നര വര്ഷത്തിലേറെയായി സസ്പെന്ഷനിലായിരുന്നു ഇദ്ദേഹം.
മുമ്പ് കോണ്ഗ്രസ് ഭരണത്തിലായിരുന്ന ബാങ്ക് ഇപ്പോള് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്. കോണ്ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയ വെള്ളനാട് ശശി പ്രസിഡന്റ്് ആയിരിക്കെയാണ് സര്വീസ് സഹകരണ ബാങ്ക് മുന് സെക്രട്ടറി ഇന് ചാര്ജിനെ സസ്പെന്ഡ് ചെയ്യുന്നത്. ഏതാണ്ട് ഒന്നരക്കോടിയോളം രൂപ ബാങ്കിന് നഷ്ടം വരുത്തി എന്നാരോപിച്ചായിരുന്നു നടപടി.
പിന്നീട് വെള്ളനാട് ശശി കോണ്ഗ്രസ് വിട്ട് സിപിഎമ്മില് ചേര്ന്നു. തുടര്ന്നാണ് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തില് കീഴിലായത്. അടുത്ത വര്ഷം മേയില് അനില്കുമാര് വിരമിക്കേണ്ടിയിരുന്നതാണ്. വലിയ സാമ്പത്തിക ബാധ്യത അനില്കുമാറിന് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.


by Midhun HP News | Oct 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ ആകെ 2,84,46,762 വോട്ടർമാർ. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനു ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതിനു പുറമേ പ്രവാസി വോട്ടർ പട്ടികയിൽ ആകെ 2798 പേരുണ്ട്.
14 ജില്ലകളിലായി 941 ഗ്രാമ പഞ്ചായത്തുകളിലെ 17,337 വാർഡുകളിലേയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലേയും 6 കോർപറേഷനുകളിലെ 421 വാർഡുകളിലേയും അന്തിമ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ പൊതു തെരഞ്ഞടുപ്പിനു വേണ്ടിയാണ് വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
പട്ടിക തെരഞ്ഞെടുപ്പ് കമ്മീന്റെ https://www.sec.kerala.gov.in എന്ന വെബ്സൈറ്റിലും അതാത് തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്കു ലഭ്യമാണ്. കരട് വോട്ടർ പട്ടിക സംബന്ധിച്ച് ഈ മാസം 14 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിങ് നടത്തിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഒ) അന്തിമ പട്ടിക തയ്യാറാക്കിയത്.
സംക്ഷിപ്ത പുതുക്കലിനായി സെപ്റ്റംബർ 29നു പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2,83,12,468 വോട്ടർമാരാണുണ്ടായിരുന്നത്. 1,33,52,961 പുരുഷൻമാരും 1,49,59,236 സ്ത്രീകളും 271 ട്രാൻസ്ജെൻഡറുമാണ് കരട് പട്ടികയിലുണ്ടായിരുന്നത്. 2087 പ്രവാസി വോട്ടർമാരുമുണ്ടായിരുന്നു.


Recent Comments