by Midhun HP News | Oct 25, 2025 | Latest News, ജില്ലാ വാർത്ത
2025-ലെ പി.ജി. മെഡിക്കൽ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള അപേക്ഷകളിലും അനുബന്ധരേഖകളിലുമുള്ള ന്യൂനതകൾ 27നകം പരിഹരിക്കണം. www.cee.kerala.gov.in ൽ ന്യൂനതകളുള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ 967 പേരുടെ ലിസ്റ്റാണുള്ളത്. സാമുദായിക സംവരണത്തിനായി സമർപ്പിച്ചിട്ടുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുകളിലാണ് ഏറ്റവും കൂടുതൽ പേർ പിഴവ് വരുത്തിയത്.
‘സംസ്ഥാന വിദ്യാഭ്യാസ ആവശ്യത്തിനായി’ വില്ലേജ് ഓഫീസർ നൽകുന്ന നോൺക്രീമിലയർ സർട്ടിഫിക്കറ്റാണ് അപ്ലോഡ് ചെയ്യേണ്ടത്. നേറ്റിവിറ്റി, മൈനോറിറ്റി, വരുമാനം തുടങ്ങിയ സർട്ടിഫിക്കറ്റുകളിലും അപാകതകൾ കണ്ടെത്തിയിട്ടുണ്ട്. മതിയായ രേഖകൾ നൽകി നേറ്റിവിറ്റിയിലെ ന്യൂനതകൾ പരിഹരിക്കാത്തവരെ സംവരണം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ സമർപ്പിച്ചാലും സമുദായ/പ്രത്യേക സംവരണത്തിനായി പരിഗണിക്കില്ല.
www.cee.kerala.gov.in ലെ ‘PG Medical 2025-Candidate Portal’-ൽ ലോഗിൻ ചെയ്ത് ‘Memo Details’ മെനുവിലൂടെ അപേക്ഷകർക്ക് രേഖകൾ അപ്ലോഡ് ചെയ്ത് പിഴവുകൾ പരിഹരിക്കാം. ഹെൽപ് ലൈൻ നമ്പർ : 0471 – 2332120, 2338487.


by Midhun HP News | Oct 25, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപഞ്ചായത്തിലെ മുൻ സി പി എം മെമ്പർ സന്തോഷ് കോൺഗ്രസ്സിൽ ചേർന്നു. സിപിഎം-ബിജെപി പി എം -ശ്രീ പദ്ധതി നടപ്പിലാക്കി കേരളത്തിലെ വിദ്യാഭ്യാസ രംഗം വർഗീയ വത്കരിക്കുന്നതിനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെ പ്രതിഷേധിച്ചാണ് സന്തോഷ് സിപിഎം വിട്ട് കോൺഗ്രസ്സിൽ ചേർന്നത്.


by Midhun HP News | Oct 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള നീന്തൽ മത്സരങ്ങളിൽ തലസ്ഥാന ജില്ല ഏകാധിപത്യം നിലനിർത്തി. 103 മത്സരങ്ങളും പൂർത്തിയായപ്പോൾ 73 സ്വർണ്ണവും 63 വെള്ളിയും 46 വെങ്കലവും ഉൾപ്പെടെ 649 പോയിൻ്റ് ആണ് തിരുവനന്തപുരം നേടിയത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂർ 16 സ്വർണ്ണവും 10 വെള്ളിയും 17 വെങ്കലവും ഉൾപ്പെടെ 149 പോയിൻ്റ് നേടി. മൂന്നാം സ്ഥാനത്തുള്ള എറണാകുളം 8 സ്വർണ്ണവും 18 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 133 പോയിൻ്റ് നേടി.
മുൻ സംസ്ഥാന കായിക മേളയിൽ 74 സ്വർണ്ണവും, 56 വെള്ളിയും, 60 വെങ്കലവും ഉൾപ്പെടെ 654 പോയിൻ്റ് ആയിരുന്നു ജില്ലയുടെ നേട്ടം. അതിൽ നിന്നും നേരിയ കുറവ് ഉണ്ടായിട്ടുണ്ട്.
ഭൂരിഭാഗം മത്സരയിനങ്ങളിലും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കുട്ടികൾ തമ്മിലായിരുന്നു പ്രധാന മത്സരം. വ്യക്തിഗതയിനങ്ങൾ മുതൽ ഗ്രൂപ്പിനങ്ങളിൽ വരെ ഇതേ അവസ്ഥയായിരുന്നു. സ്കൂളുകളുടെ വിഭാഗത്തിലും ആദ്യത്തെ ആറ് സ്ഥാനങ്ങളിൽ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾ മാത്രമാണ്. എം.വി.എച്ച്.എസ്.എസ് തുണ്ടത്തിൽ 16 സ്വർണവും 12 വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 118 പോയിൻ്റ് നേടി സ്കൂളുകളുടെ വിഭാഗത്തിൽ ഒന്നാമതെത്തി.


by Midhun HP News | Oct 25, 2025 | Latest News, ജില്ലാ വാർത്ത
പട്ടികജാതി വിദ്യാർഥികൾക്ക് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ നൽകുന്ന പ്രത്യേക പ്രോത്സാഹന സമ്മാനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ടി.ടി.സി പോളിടെക്നിക്, ബിരുദതല കോഴ്സുകൾ, പ്രൊഫഷണൽ ബിരുദതല കോഴ്സുകൾ, ബിരുദാനന്തര ബിരുദം, അതിനുമുകളിലുള്ള കോഴ്സുകൾ തുടങ്ങിയ പൊതുപരീക്ഷകളിൽ ഫസ്റ്റ് ക്ലാസ്, ഡിസ്റ്റിങ്ഷൻ നേടി വിജയിച്ച പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
പൊതു പരീക്ഷകളിൽ ഗ്രേഡ് ആണെങ്കിൽ എ പ്ലസ് മുതൽ ബി ഗ്രേഡ് വരെയും മാർക്ക് ആണെങ്കിൽ 60 ശതമാനമോ അതിന് മുകളിലോ നേടിയവർക്ക് അപേക്ഷിക്കാം. ഇ-ഗ്രാൻ്റ്സ് 3.0 എന്ന വെബ്സൈറ്റിലൂടെ ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക് പാസ് ബുക്ക് സഹിതം ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം കോഴ്സ് പൂർത്തിയാക്കിയ അപേക്ഷകർ കൺസോളിഡേറ്റ് മാർക്ക് ലിസ്റ്റ് കൂടാതെ പ്രൊവിഷണൽ അല്ലെങ്കിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. ഓൺലൈൻ സമർപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പിയും മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയും ബന്ധപ്പെട്ട ബ്ലോക്ക് മുൻസിപ്പാലിറ്റി/ കോപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നിർബന്ധമായും ഹാജരാക്കണം.
ഡിസംബർ 31 വരെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ/ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക. ഫോൺ : 0487 2360381.


by Midhun HP News | Oct 25, 2025 | Latest News, ജില്ലാ വാർത്ത
തൃശ്ശൂര്: ചായക്കടയിലിരിക്കുകയായിരുന്ന ആളിന്റെ കൈയിലുള്ള 75ലക്ഷം രൂപ കാറിലെത്തിയ സംഘം കവര്ന്നു. മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം കാറിലെത്തിയ സംഘം എടപ്പാള് സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവര്ന്നത്. ശനിയാഴ്ച പുലര്ച്ചെ നാലരയോടെയാണ് സംഭവം. പ്രതികള്ക്കായി പൊലീസ് അന്വേഷണം ഊര്ജിതമാക്കി.
ബംഗളൂരുവില്നിന്നുള്ള സ്വകാര്യബസ്സിലാണ് മുബാറക്ക് മണ്ണുത്തിയിലെത്തിയത്. ബസ്സിറങ്ങിയശേഷം മുബാറക്ക് സമീപത്തെ ചായക്കടയിലേക്ക് കയറി. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം മുബാറക്കുമായി പിടിവലി നടത്തുകയും പണമടങ്ങിയ ബാഗുമായി കടന്നുകളയുകയുമായിരുന്നു. കാര് വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിന്റെ മൊഴി. പണം തട്ടിയെടുത്തവര് എത്തിയ കാറിന്റെ മുന്ഭാഗത്തും പിന്ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകള് വ്യത്യസ്തമാണെന്നും മൊഴിയില് പറയുന്നു. സംഭവത്തില് ഒല്ലൂര് എസിപിയുടെ നേതൃത്വത്തില് അന്വേഷണം ആരംഭിച്ചു.


by Midhun HP News | Oct 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മധ്യ കിഴക്കന് അറബിക്കടലിനു മുകളിലായി തീവ്രന്യൂനമര്ദം രൂപപ്പെട്ടതായി കലാവസ്ഥാ വകുപ്പ്. ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തീവ്രന്യൂനമര്ദം അടുത്ത 24 മണിക്കൂറിനുള്ളില് മധ്യ കിഴക്കന് അറബിക്കടലിലൂടെ വടക്കുകിഴക്കന് ദിശയില് നീങ്ങാന് സാധ്യത. മധ്യ കിഴക്കന് അറബിക്കടലിനും അതിനോട് ചേര്ന്ന കര്ണാടക വടക്കന് കേരള തീരപ്രദേശങ്ങള്ക്കും മേല് നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടല് തീവ്ര ന്യൂനമര്ദവുമായി ചേര്ന്നു.
ബംഗാള് ഉള്ക്കടലില് വീണ്ടും ന്യൂനമര്ദം രൂപപ്പെട്ടു. ചുഴലിക്കാറ്റായി മാറാന് സാധ്യത, തെക്കുകിഴക്കന് ബംഗാള് ഉള്ക്കടലിനും അതിനോട് ചേര്ന്ന തെക്കന് ആന്ഡമാന് കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കുകിഴക്കന് ബംഗാള് ഉള്ക്കടലിന്റെയും അതിനോട് ചേര്ന്ന കിഴക്കന് മധ്യ ബംഗാള് ഉള്ക്കടലിന്റെയും മുകളില് ന്യൂനമര്ദമായി ശക്തി പ്രാപിച്ചു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില് നീങ്ങി, ഒക്ടോബര് 25-നകം തെക്കുകിഴക്കന് ബംഗാള് ഉള്ക്കടലിന്റെയും അതിനോട് ചേര്ന്ന മധ്യ ബംഗാള് ഉള്ക്കടലിന്റെയും ഭാഗങ്ങളില് തീവ്രന്യൂനമര്ദമായി ശക്തിപ്രാപിക്കാനും, ഒക്ടോബര് 26-നകം തീവ്രന്യൂനമര്ദമായും, തുടര്ന്ന് ഒക്ടോബര് 27-നു രാവിലെ തെക്കുപടിഞ്ഞാറന് ബംഗാള് ഉള്ക്കടലിന്റെയും അതിനോട് ചേര്ന്ന പടിഞ്ഞാറന് മധ്യ ബംഗാള് ഉള്ക്കടലിന്റെയും ഭാഗങ്ങളില് ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യത.
മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളില് ഓറഞ്ച്, മഞ്ഞ അലര്ട്ടുകള് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില് അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴക്കോ സാധ്യത. ഇന്ന് (ഒക്ടോബര് 24) ഒറ്റപ്പെട്ട അതിശക്തമായ മഴക്കും ഒക്ടോബര് 24 മുതല് 28 വരെയുള്ള തീയതികളില് ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


Recent Comments