34 വർഷത്തിനു ശേഷം അച്ചൂട്ടിയും മുത്തും കൊച്ചുരാമനും വീണ്ടുമെത്തുമ്പോൾ; ‘അമരം’ റീ റിലീസ് തീയതി പുറത്ത്

34 വർഷത്തിനു ശേഷം അച്ചൂട്ടിയും മുത്തും കൊച്ചുരാമനും വീണ്ടുമെത്തുമ്പോൾ; ‘അമരം’ റീ റിലീസ് തീയതി പുറത്ത്

മമ്മൂട്ടിയും മുരളിയും തകർത്തഭിനയിച്ച ചിത്രമാണ് അമരം. ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത ചിത്രം 1991 ലാണ് റിലീസിനെത്തിയത്. മമ്മൂട്ടിയുടെ അച്ചൂട്ടി എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ഇന്നും ഒട്ടേറെ ആരാധകരാണുള്ളത്. ഇപ്പോഴിതാ അമരം റിലീസ് ചെയ്ത് 34 വർഷത്തിന് ശേഷം സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.

നവംബർ 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അമരം എത്തും. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ റീ റിലീസിന് ഒരുങ്ങുന്നത്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ചലച്ചിത്ര വിതരണ കമ്പനിയായ സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമയായി എത്തിയ അമരം തിയറ്ററില്‍ വലിയ വിജയമായിരുന്നു.

200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. മദ്രാസിലെ തിയറ്ററുകളിലും 50 ദിവസത്തോളം അമരം നിറഞ്ഞ സദസുകളെ നേടി. അതേസമയം, മമ്മൂട്ടി ആരാധകരുടെ പക്കൽ നിന്നും നിരാശയുണർത്തുന്ന പ്രതികരണമാണ് അമരം റീ റിലീസിന് ഉയരുന്നത്. രാജമാണിക്യം, മായാവി, ബിഗ് ബി, ന്യൂഡൽഹി തുടങ്ങിയ മമ്മൂട്ടി സിനിമകളാണ് റീ റിലീസ് ചെയ്യണ്ടതെന്നും അമരം പോലെയുള്ള സിനിമകൾക്ക് റീ റിലീസിൽ ആളെക്കൂട്ടാൻ സാധിക്കില്ലെന്നാണ് പലരും പറയുന്നത്. മധു അമ്പാട്ട്, ജോണ്‍സണ്‍, രവീന്ദ്രന്‍, വി ടി വിജയന്‍, ബി ലെനിന്‍ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും പ്രതിഭാധനരായ പിന്നണിപ്രവര്‍ത്തകര്‍ അണിനിരന്ന ചിത്രം കൂടിയായിരുന്നു അമരം.

സിനിമയിലെ ഗാനങ്ങളെല്ലാം എവര്‍ഗ്രീന്‍ സോങ്ങ്‌സായി ഇന്നും തുടരുകയാണ്. കൂടാതെ ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം അവരുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളുടെ നിരയിലും ഇടംപിടിച്ചിരുന്നു.ഭാര്‍ഗവിയായുള്ള പെര്‍ഫോമന്‍സിലൂടെ കെ പി എ സി ലളിതയ്ക്ക് മികച്ച സഹനടിയ്ക്കുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മുരളിയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരപട്ടികയില്‍ ആ വര്‍ഷത്തെ മികച്ച ഛായാഗ്രാഹകനായത് മധു അമ്പാട്ടായിരുന്നു.

മാക്‌സ്‌വെല്‍ തിരിച്ചെത്തും; ജാക്ക് എഡ്വേര്‍ഡ്‌സ്, ബീര്‍ഡ്മാന്‍ പുതുമുഖങ്ങള്‍; അഴിച്ചു പണിത് ഓസീസ് ടീം

മാക്‌സ്‌വെല്‍ തിരിച്ചെത്തും; ജാക്ക് എഡ്വേര്‍ഡ്‌സ്, ബീര്‍ഡ്മാന്‍ പുതുമുഖങ്ങള്‍; അഴിച്ചു പണിത് ഓസീസ് ടീം

സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഉറപ്പിച്ചതോടെ ടീമില്‍ വന്‍ അഴിച്ചുപണിയുമായി ഓസ്‌ട്രേലിയ. ഇന്ത്യക്കെതിരായ അവസാന ഏകദിനത്തിനും ടി20 പരമ്പരയ്ക്കുമുള്ള ടീമുകളിലാണ് ഓസീസ് മാറ്റം വരുത്തിയത്. സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിനുള്ള ടീമിലേക്ക് പുതുമുഖം ജാക്ക് എഡ്വേര്‍ഡ്‌സിനെ ഉള്‍പ്പെടുത്തി. ഇതാദ്യമായാണ് താരത്തിനു ഓസീസ് സീനിയര്‍ ടീമിലേക്ക് വിളിയെത്തുന്നത്. പരിക്കേറ്റ് വിശ്രമിക്കുന്ന ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം പരിശീലനത്തിനിടെയാണ് മക്‌സ്‌വെല്ലിനു പരിക്കേറ്റത്. പരിക്കു മാറുന്ന മുറയ്ക്കു താരം ഓസീസ് ടീമിലെത്തും. അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലാണ് താരമുള്ളത്. ബെന്‍ ഡ്വാര്‍ഷുയിസും പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലാണ്. താരത്തെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലും ഉള്‍പ്പെടുത്തി.

ഇന്ത്യ എയ്‌ക്കെതിരായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ എ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തതാണ് ജാക്ക് എഡ്വേര്‍ഡ്‌സിനെ തുണച്ചത്. ഓസീസ് എ ടീമിനെ നയിച്ച താരം രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ താരം 88 റണ്‍സ് നേടിയിരുന്നു. പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ താരം 75 പന്തില്‍ 89 റണ്‍സ് നേടിയും തിളങ്ങി.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ 20കാരന്‍ മഹ്‌ലി ബീര്‍ഡ്മാനാണ് അപ്രതീക്ഷിത വിളിയെത്തിയ മറ്റൊരു താരം. താരത്തെ അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലേക്കാണ് വിളിച്ചത്. എ ടീമിനായും ബിഗ് ബാഷ് ലീഗിലെ മികച്ച പ്രകടനങ്ങളുമാണ് ബീര്‍ഡ്മാനെ തുണച്ചത്.

ഏകദിന ടീമിലുണ്ടായിരുന്ന മര്‍നസ് ലാബുഷെയ്‌നെ ടീമില്‍ നിന്നു മാറ്റിയിട്ടുണ്ട്. താരം ക്വീന്‍സ്‌ലന്‍ഡിനായി ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടത്തില്‍ ഇറങ്ങും. ആഷസ് പരമ്പര തുടങ്ങാനിരിക്കെയാണ് താരത്തെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനായി ഓസീസ് നിയോഗിച്ചത്.

പേസര്‍മാരായ ജോഷ് ഹെയ്‌സല്‍വുഡ്, സീന്‍ ആബട്ട് എന്നിവരും എല്ലാ ടി20 മത്സരങ്ങളും കളിക്കില്ല. ആദ്യ രണ്ട് മത്സരങ്ങളിലായിരിക്കും ഹെയ്‌സല്‍വുഡ് കളിക്കുക. ആദ്യ മൂന്ന് മത്സരങ്ങള്‍ക്കു ശേഷം ആബട്ടും ടീം വിടും. ഇരുവരും ഷെഫീല്‍ഡ് പോരാട്ടത്തിനായാണ് ടീമില്‍ നിന്നു ഒഴിവാകുന്നത്.

ഇന്ത്യക്കെതിരെ ആദ്യ ഏകദിന കളിച്ച സ്പിന്നര്‍ മാത്യു കുനെമന്‍ മൂന്നാം ഏകദിന ടീമിലേക്ക് തിരിച്ചെത്തും. രണ്ടാം പോരില്‍ ആദം സാംപ തിരിച്ചെത്തിയപ്പോള്‍ താരത്തിനു അവസരം കിട്ടിയിരുന്നില്ല. ആദ്യ മത്സരത്തില്‍ ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പിനെ ടി20 പരമ്പരയ്ക്കുള്ള ടീമിലും ഉള്‍പ്പെടുത്തി. രണ്ടാം ഏകദിനത്തില്‍ അലക്‌സ് കാരി തിരിച്ചെത്തിയതോടെ താരത്തെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിയിരുന്നു. മൂന്നാം ഏകദിന ടീമിലും താരമുണ്ട്.

മൂന്നാം ഏകദിനത്തിനുള്ള ഓസ്ട്രേലിയ ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, അലക്‌സ് കാരി, കൂപ്പര്‍ കോണോലി, ജാക്ക് എഡ്വേര്‍ഡ്‌സ്, നതാന്‍ എല്ലിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ്, മാറ്റ് റെന്‍ഷോ, മാത്യു ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ.

ഓസ്ട്രേലിയ ടി20 ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സീന്‍ ആബട്ട് (ആദ്യ മൂന്ന് മത്സരങ്ങള്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, മഹ്ലി ബീര്‍ഡ്മാന്‍ (അവസാന മൂന്ന് മത്സരങ്ങള്‍), ടിം ഡേവിഡ്, ബെന്‍ ഡ്വാര്‍ഷുയിസ് (അവസാന രണ്ട് മത്സരങ്ങള്‍), നതാന്‍ എല്ലിസ്, ജോഷ് ഹെയ്‌സല്‍വുഡ് (ആദ്യ രണ്ട് മത്സരങ്ങള്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ്, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ.

കനത്ത മഴ തുടരും; 5 ജില്ലകളിൽ ഓറഞ്ച്, അഞ്ചിടത്ത് യെല്ലോ അലർട്ട്

കനത്ത മഴ തുടരും; 5 ജില്ലകളിൽ ഓറഞ്ച്, അഞ്ചിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്. അഞ്ച് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 40 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റ് വീശാനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 27 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ വടക്കു കിഴക്കൻ ഭാഗങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കൻ കൊങ്കൺ, ഗോവ തീരങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, ലക്ഷദ്വീപ് പ്രദേശം, മാലിദ്വീപ് പ്രദേശം, തെക്കു കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കൻ ആന്ധ്രപ്രദേശ് തീരം, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പേ വിഷമുക്ത കേരളത്തിനായി കിഴുവിലം ജി. വി. ആർ. എം. യൂ. പി. സ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി

പേ വിഷമുക്ത കേരളത്തിനായി കിഴുവിലം ജി. വി. ആർ. എം. യൂ. പി. സ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി

കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ‘പേ വിഷരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി പേവിഷബാധയെക്കുറിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ബോധവത്കരണ ക്ലാസ് കിഴുവിലം ജി. വി. ആർ. എം. യു. പി. സ്കൂളിൽ സംഘടിപ്പിച്ചു.

ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. മൃഗസംരക്ഷണ വകുപ്പ് പ്രോജക്ട് ‘റാബീസ് ഫ്രീ കേരള’യുടെ ജില്ലാ വിദ്യാഭ്യാസ ഓഫീസറും CAWA അംഗവുമായ എം. അശ്വനി ക്ലാസ് നയിച്ചു. മൃഗങ്ങളുമായുള്ള ഇടപെടലുകൾ, പേവിഷബാധയുടെ ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ, കടിയേറ്റാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ലളിതമായി വിശദീകരിച്ചു. പി. ടി. എ പ്രസിഡന്റ്‌ ശ്യാംകൃഷ്ണ അധ്യക്ഷനായ പരിപാടിയിൽ സ്കൂൾ അധ്യാപിക റീനാറാണി സ്വാഗതം ആശംസിച്ചു. അധ്യാപകൻ ശ്രീശേഖർ നന്ദി പ്രകാശിപ്പിച്ചു.

ഓപ്പണിങില്‍ 212 റണ്‍സ് ചേര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

ഓപ്പണിങില്‍ 212 റണ്‍സ് ചേര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

മുംബൈ: വനിതാ ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ കിടിലന്‍ ബാറ്റിങുമായി ഇന്ത്യന്‍ വനിതകള്‍. ടോസ് നേടി ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയില്‍. ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും പ്രതിക റാവലും സെഞ്ച്വറികളുമായി കളം വാണു.

ഓപ്പണര്‍ സ്മൃതി മന്ധാന കിടിലന്‍ സെഞ്ച്വറിയുമായി മടങ്ങി. സുസി ബെയ്റ്റ്‌സാണ് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ഓപ്പണിങ് സഖ്യം പൊളിച്ച് കിവികള്‍ക്ക് ആശ്വാസം നല്‍കിയത്. കരിയറിലെ 14ാം ശതകം കുറിച്ച സ്മൃതി 94 പന്തില്‍ 4 സിക്‌സും 10 ഫോറും സഹിതം 109 റണ്‍സുമായി പുറത്തായി.

സ്മൃതി പുറത്തായതിനു പിന്നാലെ പ്രതിക റാവലും സെഞ്ച്വറി അടിച്ചു. കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് പ്രതിക കുറിച്ചത്. താരം 122 പന്തില്‍ 13 ഫോറുകള്‍ സഹിതം 100 റണ്‍സിലെത്തി. പ്രതികയ്‌ക്കൊപ്പം 16 റണ്‍സുമായി ജെമിമ റോ‍ഡ്രി​ഗസാണ് ക്രീസില്‍. പ്രതിക നിലവിൽ 125 പന്തിൽ 108 റൺസുമായി നിൽക്കുന്നു.

ലോകകപ്പിന്റെ സെമിയിലെത്താന്‍ ജയം അനിവാര്യമായ ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 212 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

രണ്ടര ലക്ഷം; ഭൂ പതിവിനുള്ള വരുമാന പരിധി വര്‍ധിപ്പിച്ചു

രണ്ടര ലക്ഷം; ഭൂ പതിവിനുള്ള വരുമാന പരിധി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സൗജന്യമായി ഭൂമി പതിച്ചു നല്‍കുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തി. നിലവില്‍ ഒരു ലക്ഷം രൂപയായിരുന്ന പരിധി രണ്ടര ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. വരുമാന പരിധി രണ്ടര ലക്ഷം രൂപയായി വര്‍ധിപ്പിക്കാനുള്ള തീരുമാനം പതിനായിരക്കണക്ക് ഗുണഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്നതാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

2013 ലാണ് വരുമാന പരിധി ഒരു ലക്ഷം രൂപയായി നിശ്ചയിച്ചത്. കേരളത്തിലെ ജീവിത നിലവാരം അനുസരിച്ച് ഒരു ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധി എന്നത് വളരെ കുറവായതിനാല്‍,ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് കമ്പോള വില ഒടുക്കി മാത്രമേ ഭൂമി പതിച്ചു നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. ദീര്‍ഘകാലമായുള്ള ജനങ്ങളുടെ ഒരു ആവശ്യമാണ് നിറവേറ്റപ്പെട്ടതെന്നും റവന്യൂമന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.

ദീര്‍ഘകാലമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചും വീടുവച്ച് താമസിച്ചും വരുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യ ഭൂമി പതിവിന് വരുമാന പരിധി ഒരു തടസമായ സാഹചര്യത്തിലാണ് ചട്ട ഭേദഗതിക്ക് റവന്യൂമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ചരിത്രപരമായ ഈ തീരുമാനം കൂടി നടപ്പിലാകുന്നതോടെ റവന്യൂ വകുപ്പില്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒന്‍പതാമത്തെ ഭേദഗതിയാണിത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ടേകാല്‍ ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.