by Midhun HP News | Dec 20, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് വടക്കൻ തമിഴ്‌നാട്-തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്ക് നീങ്ങാനും തുടർന്ന് വടക്കു ദിശയിൽ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാനും സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ആന്ധ്രാപ്രദേശ് തീരം, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ, വടക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Dec 20, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാനും ജോലി ചെയ്യാനുമായി നഗരസഭ നിര്‍മിച്ച ഷീ സ്പേസും ഷീ ഹബും ഉദ്ഘാടനം ചെയ്തു. തമ്പാനൂരിലെ നഗരസഭ ഗോൾഡൻ ജൂബിലി ബിൽഡിംഗിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രി എം ബി. രാജേഷ് ഷീ ഹബും ഷീ സ്പേസും തുറന്നകൊടുത്തു.
നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി വൃത്തിയുള്ള താമസസ്ഥലമൊരുക്കുക എന്ന ആശയമാണ് ഷീ സ്പെയിസിനു പിന്നിലെന്ന് മന്ത്രി പറഞ്ഞു. ഷീ ഹബ് സ്ത്രീ സംരംഭകർക്കുള്ള, സ്റ്റാർട്ടപ്പുകൾക്കുള്ള തൊഴിലിടമാണ്. രണ്ടും ഒരു പുതിയ തലത്തിലേക്ക് കോർപറേഷന്റെ പ്രവർത്തനങ്ങളെ ഉയർത്തുകയാണെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ പറഞ്ഞു. എ.സി, നോൺ എ.സി റൂമുകൾ, ഡോർമെറ്ററികൾ എന്നിവ ഷീ സ്പെയിസിൽ ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയിൽ ഫർണിഷ് ചെയ്ത് കമ്പ്യൂട്ടർ, വൈഫൈ ഉൾപ്പെടെ ക്രമീകരിച്ചതാണ് ഷീ ഹബ്.ഷീ സ്പെയിസ് ഓൺലൈൻ ബുക്കിങ്ങിനുള്ള സംവിധാനവും ഇവിടെയുണ്ട്.
നഗരത്തിലെ വനിതാ സംരംഭകർക്ക് തൊഴിലിടമായി ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലാണ് ഷീ ഹബ് ഒരുക്കിയിരിക്കുന്നത്. ആധുനിക രീതിയിൽ ഫർണിഷ് ചെയ്ത ശീതീകരിച്ച കോൺഫറൻസ് ഹാളും, കമ്പ്യൂട്ടർ, വൈഫൈ തുടങ്ങിയ എല്ലാ സൗകര്യങ്ങളോടെ വനിതകൾക്ക് മാത്രമായി ഒരു വർക്കിംഗ് സ്പെയ്‌സും സജ്ജീകരിച്ചിരിക്കുന്നു. നഗരത്തിലെത്തുന്ന വനിതകൾക്ക് ഈ പുതിയ സംവിധാനങ്ങൾ സ്വതന്ത്രവും സുരക്ഷിതവുമായി ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളതെന്നും മേയര്‍ ഫേസ്ബുക്കിൽ കുറിച്ചു.
സ്ത്രീകളുടെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കിയുള്ള നഗരസഭയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നേറുകയാണ്. ഒരു വനിത സൗഹൃദ നഗരമെന്ന നിലയിൽ നിരവധി പദ്ധതികളാണ് ഈ മേഖലയിൽ നമ്മൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്. നഗരസഭയുടെ ഗോൾഡൻ ജൂബിലി ബിൽഡിംഗിൽ രണ്ട് പദ്ധതികളാണ് ഇപ്പോൾ ആരംഭിച്ചത്. ഷീ സ്പെസിൽ എ.സി, നോൺ എ.സി റൂമുകളും ഡോർമെറ്ററികളും ഉൾപ്പെടെ 20 കിടക്കകളോടെയുള്ള താത്കാലിക താമസസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ മുറികൾ ബുക്ക് ചെയ്യുന്നതിന് മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർഥികളായ റിസ്വാൻ ഷാജഹാൻ, അനസ് മുഹമ്മദ്, അദ്വൈത് എസ് ജിത്ത് എന്നിവർ സൗജന്യമായി തയ്യാറാക്കി നൽകിയ സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നതെന്നും മേയര്‍ വ്യക്തമാക്കി.
ഷീ ഹബ്
ഒരേസമയം 26 പേർക്ക് വരെ ഷീ ഹബ് സൗകര്യം ഉപയോഗിക്കാം. കഫറ്റേരിയ, സൂം മീറ്റിംഗിനുള്ള സംവിധാനവും അടക്കമുള്ള മിനി കോൺഫറൻസ് ഹാളും ഇവിടെയുണ്ട്. മണിക്കൂറിന് 50 രൂപ മുതലാണ് ഈടാക്കുന്നത്.
ഷീ സ്പേസ്
എസി, നോൺ എസി റൂമുകൾ, ഡോമറ്ററികൾ ഉൾപ്പെടെ 20 ബെഡാളാണ് ഷീ സ്പേസിൽ ഉള്ളത്. കംപ്യൂട്ടര്‍, വൈഫൈ സൗകര്യമടക്കം ഉവിടെയുണ്ട്. ദിവസം 100 രൂപയാണ് നിരക്ക്.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
ബംഗളൂരു: കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
പാലോട്: അന്താരാഷ്ട്രാ അറബിക് ഭാഷാ ദിനത്തിൻ്റെ ഭാഗമായി താന്നിമൂട് ഗവ.ട്രൈബൽ എൽ.പി.സ്കൂളിൽ അറബിക് ഭാഷാ സെമിനാർ സംഘടിപ്പിച്ചു. കൊല്ലായിൽ അൽ ഫലാഹ് ഹിഫ്ദ് അക്കാദമി അധ്യപകൻ ജസീൽ അൻസാരി കലയപുരം സെമിനാർ ഉദ്ഘാടനം ചെയ്തു.
റിട്ട. അറബിക് അധ്യാപകൻ അബ്ദുൾ അസീസ് മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി. ചെയർമാൻ നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ജമനിസാ ബീഗം, എസ്.എം.സി. വൈസ് പ്രസിഡന്റ് സഫീർഖാൻ, രാഗേഷ് തമ്പി, ജാരിയാ മോൾ, ആൻസി പി.സി, അൻസാറുദ്ദിൻ തുടങ്ങിയവർ സംസാരിച്ചു. ഭാഷാ ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും നടത്തി.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം:ക്രിസ്മസ് പ്രമാണിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക. തിങ്കളാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറുമെന്ന് മന്ത്രി അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചു മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നശേഷം 33,800 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു.
രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനം കണ്ടെത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 2023 ജൂലൈ മുതലുള്ള 425 കോടിയോളം രൂപ ഈ നവംബര്‍ വരെ കുടിശികയുണ്ടെന്ന് മന്ത്രി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ സാംസ്‌കാരിക വിഭാഗമായ സര്‍ഗ നല്‍കുന്ന കാനം രാജേന്ദ്രന്‍ സാഹിത്യ പുരസ്‌കാരത്തിന് സലിന്‍ മാങ്കുഴിയുടെ നോവല്‍ എതിര്‍വാ അര്‍ഹമായി. 11111 രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ. പി കെ രാജശേഖരന്‍, രാഹുല്‍ രാധാകൃഷ്ണന്‍, എസ് ബിനുരാജ് എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. വേണാടിന്റെ ചരിത്രത്തിലെ ഒരു ചരിത്രസംഭവത്തിലെ കാണാക്കാഴ്ചകള്‍, ആരും അറിയാത്ത കഥകള്‍ എന്നിവ അത്യപൂര്‍വമായ ഗവേഷണ പാടവത്തോടെ കണ്ടെടുത്ത് സാധാരണ വായനക്കാരോട് സംവദിക്കുന്ന രീതിയില്‍ നോവല്‍ അവതരിപ്പിച്ചതായി സമിതി വിലയിരുത്തി.
പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറാണ് സലിന്‍ മാങ്കുഴി. പേരാള്‍, പത യു/എ, എന്നീ കഥാ സമാഹാരങ്ങളും ‘എതിര്‍വാ’യ്ക്ക് പുറമേ ആനന്ദ ലീല എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Recent Comments