by Midhun HP News | Aug 1, 2026 | Latest News, ജില്ലാ വാർത്ത
നെടുമങ്ങാട്: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നെടുമങ്ങാട് വേങ്കവിള സ്വദേശി അഖിൽ എ.ജെ (33) ആണ് മരിച്ചത്.
വാമനപുരം നദിയിലെ ചെല്ലഞ്ചിപ്പാലത്തിന് സമീപം സപ്തപുരത്ത് കുള്ളിക്കടവിലായിരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പം എത്തിയ അഖിൽ, കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെടുകയായിരുന്നു.
വിവരമറിഞ്ഞതിനെ തുടർന്ന് പൊലീസും വിതുര ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

by Midhun HP News | Aug 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കാനൊരുങ്ങി കേരളം. അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. പ്രാഥമിക പ്രോട്ടൊക്കോൾ തയ്യാറാക്കി. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം. അതുപോലെ ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്താൻ കളക്ടർമാർക്ക് നിർദേശം നൽകും. രണ്ടിൽ കൂടുതൽ നായ്ക്കളുള്ള വീടുകൾ ഷെൽട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്‌മോൾ -ഷെൽട്ടർ ലൈസൻസ് നൽകും. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ തയ്യാറാക്കാനാണ് തീരുമാനം.

by Midhun HP News | Jul 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പത്താം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് 37 വർഷം കഠിനതടവും ₹2.10 ലക്ഷം പിഴയും വിധിച്ചു. നെയ്യാറ്റിൻകര കൊടുങ്ങാവിള ചരിവുവിള വീട്ടിൽ റെസ്റ്റിൻ ദാസ് (46) നെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി-1 ജഡ്ജി കെ.എം. സുജ വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.
2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിനിയെ സ്ഥിരമായി സ്കൂളിൽനിന്ന് വീട്ടിലെത്തിച്ചിരുന്നത് പ്രതിയായിരുന്നു. ഈ അവസരം മുതലെടുത്ത് കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ നിയന്ത്രണത്തിലാക്കി.
തുടർന്ന് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതി, ഓട്ടോയിൽ തമിഴ്നാട്ടിലെ തൃപ്പരപ്പിലേക്ക് കൊണ്ടുപോയി വീണ്ടും ലൈംഗികാതിക്രമം നടത്തിയെന്നതാണ് കേസ്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദും അഡ്വ. മായാദേവിയും ഹാജരായി. അന്നത്തെ നെയ്യാറ്റിൻകര എസ്.എച്ച്.ഒ കെ.എസ്. അരുണാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കോടതി പ്രതിക്കെതിരെ വിവിധ പോക്സോ, ഇന്ത്യൻ ശിക്ഷാനിയമ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിക്കുകയായിരുന്നു.

by Midhun HP News | Jul 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വെമ്പായം ബാറിലെ തീവെപ്പ് സംഭവത്തിൽ പരിക്കേറ്റവരിൽ ഒരാൾകൂടി മരിച്ചു. പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫൽ ആണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി.
ബാറിൽ ഉണ്ടായ തീവെപ്പിൽ പൊള്ളലേറ്റ നൗഫൽ, സംഭവസ്ഥലത്തുനിന്ന് മതിൽ ചാടി രണ്ട് കിലോമീറ്റർ അകലെയുള്ള പിരപ്പൻകോട് ക്ഷേത്രക്കുളത്തിൽ ചാടിയിരുന്നു. കണ്ടുനിന്ന നാട്ടുകാരാണ് ഇയാളെ കന്യാകുളങ്ങരയിലെ ആശുപത്രിയിൽ എത്തിച്ചത്. നൗഫലിന്റെ ശരീരത്തിൽ 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.
പൊള്ളലേറ്റ ഉടൻതന്നെ ചികിത്സ തേടാതെ കുളത്തിൽ ചാടിയതുമൂലം ഉണ്ടായ അണുബാധയാണ് നൗഫലിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും സൂചനയുണ്ട്. മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് നടന്ന അക്രമത്തിൽ ആദ്യം നവാസും പിന്നീട് തീയിട്ട പ്രതി അനീഷും മരിച്ചിരുന്നു.
കൂടാതെ ഇവർക്കൊപ്പം ബാറിൽ ഉണ്ടായിരുന്ന തേക്കട ഉണ്ടപ്പാറ സ്വദേശി രതീഷ് സംഭവശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു.
by Midhun HP News | Jul 31, 2026 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ ബില്‍ രാജ്യസഭയും പാസ്സാക്കി. പ്രതിപക്ഷത്തിന്റെ വാക്കൗട്ടിനിടെ, ശബ്ദവോട്ടോടെയാണ് ബില്‍ രാജ്യസഭ പാസ്സാക്കിയത്. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ സഭ തള്ളി. ബില്ലിന് ലോക്‌സഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.
കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് ‘പൊതുപരീക്ഷാ (അനഭിലഷണീയ മാര്‍ഗ്ഗങ്ങള്‍ തടയല്‍) ഭേദഗതി ബില്‍, 2026’ (Public Examinations Amendment Bill, 2026) രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്മേല്‍ ഏഴു മണിക്കൂര്‍ ചര്‍ച്ച അനുവദിക്കുമെന്ന് ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ അറിയിച്ചു.
പരീക്ഷാക്രമക്കേടുകള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് പെല്ലറ്റ് ആക്രമണം നടത്തിയതില്‍ കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷം ഇന്നും ശക്തമായ വിമര്‍ശനം ഉന്നയിച്ചു. വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ഉത്തരവിട്ടത് അമിത് ഷാ ആണെന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശം ബഹളത്തിനിടയാക്കി.
രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും തടയുന്നതിനായി വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണ് ബില്‍. ചോദ്യ പേപ്പര്‍ ചോര്‍ത്തല്‍ അടക്കമുള്ള പ്രവൃത്തികളില്‍ലേര്‍പ്പെടുന്നവര്‍ക്ക് അഞ്ചു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും 50 ലക്ഷം രൂപ വരെ പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
സംഘടിത കുറ്റകൃത്യമെങ്കില്‍ മിനിമം 7 വര്‍ഷം തടവും 10 കോടി രൂപ പിഴയും ശിക്ഷ ലഭിക്കും. ഇത്തരം കുറ്റങ്ങള്‍ വിചാരണ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതിവേഗ കോടതി രൂപീകരിക്കാന്‍ ബില്‍ അധികാരം നല്‍കുന്നു. കൂടാതെ, കുറ്റപത്രം സമര്‍പ്പിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
by Midhun HP News | Jul 31, 2026 | Latest News, ജില്ലാ വാർത്ത
അനുമതിയില്ലാതെ വിദേശയാത്ര നടത്തി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ എഡിജിപി എസ് ശ്രീജിത്തിന് നൽകിയ ക്ലീൻചിറ്റ് ഹൈക്കോടതി റദ്ദാക്കി. ശ്രീജിത്തിനെ സംരക്ഷിച്ചതിന് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമർശനവും ഉണ്ടായി. ശ്രീജിത്തിനെതിരായ ആരോപണം വ്യാജമെന്ന ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ റിപ്പോർട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്.
എം ആർ അജിത് കുമാറിന്റെ സസ്പെൻഷന് പിന്നാലെ ശ്രീജിത്തിനെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന സൂചന നിലനിൽക്കെയാണ് ഹൈക്കോടതിയുടെ നടപടി. ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് നടത്തിയത് തെറ്റായ നടപടിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സംയുക്ത ഹിയറിംഗ് നീതിയുക്ത രീതിയല്ലെന്നും കോടതി വ്യക്തമാക്കി.
പരാതിക്കാരന് പല കാര്യങ്ങളും അതോറിറ്റിയോട് പറയാനുണ്ടാകുമെന്നും അതിൽ എഡിജിപി എസ് ശ്രീജിത്തിനെതിരായ തെളിവുകൾ ഉണ്ടാവുമെന്നും കോടതി പറഞ്ഞു. ഈ തെളിവുകൾ ഇല്ലാതാക്കാൻ സംയുക്ത ഹിയറിംഗ് വഴി സാധിക്കുമെന്ന കണ്ടെത്തലിലാണ് കോടതിയുടെ വിമർശനം.അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്ന പരാതിയാണ് എസ് ശ്രീജിത്തിനെതിരെ ലഭിച്ചിരുന്നത്. പരാതിക്കാരനായ ദിപിൻ ആഭ്യന്തര വകുപ്പിനുൾപ്പെടെയാണ് പരാതി നൽകിയിരുന്നത്. നടപടി വൈകിയതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
തുടർന്ന് പരാതിക്കാരനെ കേൾക്കാൻ ഹൈക്കോടതി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് ആവശ്യപ്പെടുകയായിരുന്നു.മൂന്ന് മാസത്തിനകം ഉചിതമായ തീരുമാനം കൈക്കൊള്ളാനും ആവശ്യപ്പെട്ടിരുന്നു.പരാതിക്കാരനായ ദിപിൻ ഇടവനയ്ക്ക് ശരിയായ അവസരം ബിശ്വനാഥ് സിൻഹ നൽകിയില്ലെന്നാണ് കോടതി വിമർശിച്ചത്. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് ഉയർന്ന അച്ചടക്കവും നീതിപൂർവമായ പെരുമാറ്റവും പ്രതീക്ഷിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, കോടതി റിപ്പോർട്ടിൽ തീയതി പോലും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കുറ്റപ്പെടുത്തി. ബിശ്വനാഥ് സിൻഹ ആഭ്യന്തര അഡീഷണൽ സെക്രട്ടറിയായിരിക്കെ നടത്തിയ ഹിയറിംഗലാണ് വിമർശനം.

Recent Comments