by Midhun HP News | Aug 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതേ സമയം എംഎല്‍എയായി തുടരും. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഷന്‍. എത്ര കാലത്തേക്കാണ് സസ്പെന്‍ഷന്‍ എന്നത് വ്യക്തമല്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരാനാവുന്ന തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം. അതേ സമയം മുഖം രക്ഷിക്കാന്‍ പേരിന് സസ്‌പെന്‍ഷന്‍ നീക്കത്തിനാണ് കെപിസിസി തീരുമാനമെടുത്തിരിക്കുന്നത്. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്ന കാര്യത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതേ സമയം ഇപ്പോഴത്തെ കെപിസിസി നിലപാടില്‍ അമര്‍ഷം പുകയുകയാണ്.
രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ രാജിവെക്കണമെന്ന നിലപാടാണ് സൂക്ഷിക്കുന്നത്. എന്നാല്‍ ഈ ആവശ്യത്തെ തള്ളി രാഹുലിനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
മാങ്കൂട്ടത്തില്‍ എംഎല്‍എ പദത്തില്‍ തുടര്‍ന്നാല്‍ തിരിച്ചടി ഉറപ്പെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കെസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളിലെ വനിതാ നേതാക്കളും ഷാനി മോള്‍ ഉസ്മാന്‍, ഉമാ തോമസ് എംഎല്‍എ അടക്കമുള്ള മുതിര്‍ന്ന വനിതാ നേതാക്കളും രാഹുല്‍ രാജിവെക്കണമെന്ന നിലപാട് തുറന്നു പറഞ്ഞിരുന്നു. യുഡിഎഫ് പക്ഷത്തോടൊപ്പം നില്‍ക്കുന്ന കെ കെ രമ എംഎല്‍എയും രാഹുല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.


by Midhun HP News | Aug 25, 2025 | Latest News, ജില്ലാ വാർത്ത
ഈ വർഷത്തെ നബിദിനത്തോടനുബന്ധിച്ച് റബീഉൽ അവ്വൽ ഒന്ന് ആലംകോട് എച്ച് എസ് മസ്ജിദിൽ വഹാബു മുസ്ലിയാരുടെയും വാക്കേഴ്സ് ടീമിൻ്റെയും മദ്രസ വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ മസ്ജിദ് ഇമാംസൈഫുദ്ദീൻ മുസ്‌ലിയാർ പതാക ഉയർത്തി. എം എച്ച് അഷറഫ്, റസൂൽ ഷാ, എം എം അഷറഫ്, വഹാബ്. നിസാർകാവ് നട, ഗഫൂർ. സലിം തുടങ്ങിയവർ പങ്കടുത്തു.



by Midhun HP News | Aug 25, 2025 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ ഇടിച്ചു കയറിയ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 74,440 ആണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്റെ വില 74520 ആയിരുന്നു. 80രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9,305 രൂപയാണ്. ഇന്നല 9,315 ആയിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഗസ്റ്റ് എട്ടിലെ 75,760 രൂപയായിരുന്നു ഈ മാസത്തെ ഉയര്‍ന്ന വില.

ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ.വിവാഹ സീസണ്‍ അടുത്തിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും.


by Midhun HP News | Aug 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.00 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഇ.കെ.നായനാര്‍ പാര്‍ക്കില്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍, എം.എല്‍.എ.മാരായ ആന്റണി രാജു. കടകംപള്ളി സുരേന്ദ്രന്‍, വി.ജോയ്,വി.കെ.പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, പൊതു വിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയര്‍മാനുമായ എം.ജി.രാജമാണിക്യം, പൊതുവിതരണ, ഉപഭോക്തൃകാര്യ കമ്മിഷണര്‍ കെ.ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ.അശ്വതി ശ്രീനിവാസ്, നഗരസഭ കൗണ്‍സിലര്‍ സിമി ജ്യോതിഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സപ്ലൈകോ സബ്‌സിഡി-നോണ്‍സബ്‌സിഡി ഉത്പന്നങ്ങള്‍ക്കു പുറമെ കൈത്തറി, കുടുംബശ്രീ, മില്‍മ ഉത്പന്നങ്ങളും പച്ചക്കറിയും പ്രത്യേക സ്റ്റാളുകളില്‍ ലഭ്യമാവും. കരകുളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള കാസ്‌ക്കോ വില്ലേജില്‍ നിന്നും വിളവെടുത്ത ജൈവ പച്ചക്കറി ഉത്പന്നങ്ങളാണ് ചന്തയില്‍ ലഭ്യമാക്കുക.
ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിലവില്‍ നല്കിവരുന്ന 8 കിലോ സബ്‌സിഡി അരിയ്ക്കു പുറമെ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കും. സബ്‌സിഡി നിരക്കില്‍ നല്കുന്ന മുളകിന്റെ അളവ് അരക്കിലോയില്‍ നിന്നും ഒരു കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മറ്റ് പ്രമുഖ റീട്ടെയില്‍ ചെയിനുകളോട് കിടപിടിക്കുന്ന ബ്രാന്‍ഡഡ് എഫ്.എം.സി.ജി. ഉല്പന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250 ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകളും വിലക്കുറവും നല്കുന്നുണ്ട്. സെപ്റ്റംബര്‍ 4 വരെയാണ് ജില്ലാ ഫെയറുകള്‍ സംഘടിപ്പിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളിലും ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ ഒരു പ്രധാന ഔട്ട് ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ മുഖേന മിതമായ നിരക്കില്‍ നിത്യോപയോഗസാധനങ്ങള്‍ കൂടാതെ സബ്‌സിഡി ഉല്പന്നങ്ങളും ലഭിക്കും.

by Midhun HP News | Aug 24, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് മീരാൻ കടവിന് സമീപം പഴയ പിഡബ്ല്യുഡി റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പുതിയപാലം വന്നതിനുശേഷം യാതൊരുവിധ നടപടിയും സ്വീകരിക്കാതെ ആ റോഡ് തകർന്ന അവസ്ഥയിലായിരുന്നു. പുത്തൻ നട, കൊടിക്കകം, കേട്ടുപുര തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് ആളുകളാണ് ഇതുവഴി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

റോഡ് അഗാധമായ ഘട്ടങ്ങൾ രൂപപ്പെട്ടതിന്റെ ഭാഗമായി മഴ പെയ്യുമ്പോൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇവിടെ വീഴുന്ന സംഭവങ്ങൾ നിരവധിയാണ്. ഗ്രാമപഞ്ചായത്ത്, എംഎൽഎ എന്നിവർ അധികാരികളുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് അറ്റകുറ്റപ്പണിക്കുള്ള നടപടികൾ ആരംഭിച്ചത്. ഫില്ലിംഗ് നടത്തുന്നതിന് ആവശ്യമായ മണ്ണു അടിച്ചു തുടങ്ങി.
മെയിൻ റോഡിന്റെ പണി പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കി ടാറിങ് ഉൾപ്പെടെയുള്ള പണികൾ ആരംഭിക്കും.


by Midhun HP News | Aug 24, 2025 | Latest News, ജില്ലാ വാർത്ത
വക്കം/തിരുവനന്തപുരം: സംസ്ഥാനത്ത് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മാജിക്ക് ഹോം പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ താക്കോല്‍ദാനം 26-08-25 (ചൊവ്വ) രാവിലെ 11ന് നടക്കും.
വക്കം അടിവാരത്ത് നടക്കുന്ന ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ രക്ഷാധികാരിയും വിഖ്യാത ചലച്ചിത്ര സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍, ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ ഐ.എ.എസ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ ചേര്‍ന്ന് വീടിന്റെ താക്കോല്‍ കൈമാറും. ചടങ്ങില്‍ മുഖ്യാതിഥിയായി ഗായകന്‍ ആദിത്യസുരേഷ് പങ്കെടുക്കും.

വക്കം സ്വദേശി ചലനപരിമിതയായ ഇന്ദിരയ്ക്കും മകന്‍ ബൗദ്ധിക പരിമിതനായ രാഹുലിനുമാണ് പദ്ധതി പ്രകാരം വീട് ലഭിച്ചത്. ജില്ലയില്‍ നിന്നും ലഭിച്ച നിരവധി അപേക്ഷകളില്‍ നിന്നും ഡിഫറന്റ് ആര്‍ട് സെന്റര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഏറ്റവും അനുയോജ്യമായ കുടുംബത്തിനാണ് വീട് നിര്‍മിച്ചു നല്‍കുന്നത്.
എസ്.എസ്.ബി.എം പ്രൊവെന്‍ചേഴ്സിന്റെ നേതൃത്വത്തില്‍ റിയാദ് റഷീദ് ആണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി വക്കം സ്വദേശി ഷക്കീബില്‍ നിന്നും സൗജന്യ നിരക്കില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ 3 സെന്റ് ഭൂമി വാങ്ങിയിരുന്നു. 540 ചതുരശ്രഅടിയില്‍ നിര്‍മിച്ചിട്ടുള്ള വീട്ടില്‍ വീല്‍ ചെയര്‍ കടന്നുപോകാന്‍ പാകത്തിലുള്ള റാമ്പ്, ഭിന്നശേഷി സൗഹൃദ ബാത്ത്റൂം തുടങ്ങിയവ സൗകര്യങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.
ഡി.എ.സി യുടെ സംരംഭമായ മാജിക് ഹോംസ് പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയില്‍ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങളാണ് നിര്‍മ്മിച്ചു കൈമാറുന്നത്. ഗുണഭോക്താവിന്റെ പ്രത്യേക പരിമിതികള്‍ക്ക് അനുസൃതമായാണ് ഓരോ വീടും നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ എല്ലാ ജില്ലയിലും ഗുണഭോക്താക്കളെ കണ്ടെത്തി വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.
ഇതിനോടകം കാസര്‍ഗോഡ്, ഇടുക്കി, മലപ്പറം, വയനാട് ജില്ലകളില്‍ വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. മാജിക് ഹോംസ് പദ്ധതിക്കു കീഴില്‍ നിര്‍മ്മിച്ച ഭിന്നശേഷി സൗഹൃദങ്ങളായ വീടുകള്‍ മാതൃകയാക്കി സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ജീവകാരുണ്യ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതുപോലെയുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ പ്രചോദനമാകുമെന്ന വിശ്വാസത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സൂത്രധാരന്‍ കൂടിയായ ഗോപിനാഥ് മുതുകാട് പറഞ്ഞു.


Recent Comments