by Midhun HP News | Oct 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കല്ലിയൂര് പുന്നമൂട് സ്കൂളിലെ വിദ്യാര്ത്ഥികള്ക്ക് ദേഹാസ്വാസ്ഥ്യം. ഒരു വിദ്യാര്ഥി പെപ്പര് സ്പ്രേ അടിച്ചതാണ് കുട്ടികള്ക്കും അധ്യാപികയ്ക്കും ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവാന് കാരണമെന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. പ്ലസ് ടു വിദ്യാര്ഥികളും ഒരു അധ്യാപികയും ആശുപത്രിയില് ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം. ഉടന് തന്നെ ഇവരെ ആദ്യം തിരുവനന്തപുരം ജനറല് ആശുപത്രിയിലാണ് എത്തിച്ചത്. തുടര്ന്ന് വിദഗ്ധ ചികിത്സയ്ക്കായി വിദ്യാര്ഥികളെ മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുന്നമൂട് സ്കൂളില് നിന്നും ജനറല് ആശുപത്രിയിലേക്ക് കൊണ്ടുവന്ന സമയത്ത് കുട്ടികള്ക്ക് സാരമായ ശ്വാസതടസ്സമുണ്ടായിരുന്നെന്ന് ജനറല് ആശുപത്രി സൂപ്രണ്ട് ആര് കൃഷ്ണ വേണി മാധ്യമങ്ങളോട് പറഞ്ഞു. ആറ് വിദ്യാര്ത്ഥികളെയാണ് ജനറല് ആശുപത്രിയില് എത്തിച്ചത്. ഇതില് നാലും ആണ്കുട്ടികളാണ്. പ്ലസ് വണ് സയന്സ് ബാച്ചിലെ വിദ്യാര്ഥികള്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
റെഡ് കോപ്പ് എന്ന പെപ്പര് സ്പ്രേ ആണ് ഉപയോഗിച്ചതെന്ന് കുട്ടികള് പറഞ്ഞതായും ആറ് വിദ്യാര്ഥികളെയും നിലവില് മെഡിക്കല് കോളജിലേക്ക് റഫര് ചെയ്തിട്ടുണ്ടെന്നും അധികൃതര് പറഞ്ഞു.


by Midhun HP News | Oct 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഈ വർഷത്തെ നാവികസേനാ ദിനാഘോഷം തിരുവനന്തപുരത്ത്. പ്രധാന വേദിയായ ശംഖുമുഖത്ത് ഡിസംബർ നാലിനു നടക്കുന്ന ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തിയേക്കും. ആഘോഷത്തിന് സൗകര്യമൊരുക്കാൻ 14 കോടി രൂപ ചെലവിൽ ശംഖുമുഖത്ത് 360 മീറ്റർ കടൽഭിത്തി പുതുതായി നിർമിക്കും. 1971ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ ‘ഓപ്പറേഷൻ ട്രൈഡന്റ്’ എന്ന പേരിൽ കറാച്ചി ഉന്നമിട്ട് നാവികസേന വിജയകരമായി നടത്തിയ ദൗത്യത്തിന്റെ സ്മരണാർഥമാണു ദിനാഘോഷം. സ്ഥിരമായി ഡൽഹിയിൽ നടത്തിയിരുന്ന ആഘോഷം 2022 മുതലാണ് മറ്റിടങ്ങളിലേക്കു മാറ്റാൻ തീരുമാനിച്ചത്.
വിശാഖപട്ടണം, മഹാരാഷ്ട്രയിലെ സിന്ധുദുർഗ് , ഒഡീഷയിലെ പുരി എന്നിവിടങ്ങളിലായിരുന്നു മുൻവർഷങ്ങളിലെ ദിനാഘോഷം. സേനയുടെ ആയുധക്കരുത്തിന്റെയും പ്രതിരോധശേഷിയുടെയും കാഴ്ചവിരുന്നൊരുക്കുന്ന അഭ്യാസപ്രകടനങ്ങൾക്ക് ശംഖുമുഖം വേദിയാവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാവികസേനയുടെ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും മറ്റു സന്നാഹങ്ങളും തിരുവനന്തപുരത്തേക്കെത്തും. ആഘോഷത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ സേനാ വിമാനങ്ങളുടെ പരിശീലനപ്പറക്കലുമുണ്ടാകും.


by Midhun HP News | Oct 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ∙ മത്സ്യോൽപാദനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള തീരത്ത് ചെറിയ മത്സ്യങ്ങളെ പിടിക്കുന്നത് കർശനമായി തടയാൻ ഫിഷറീസ് വകുപ്പ്. മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങളെ പൂർണ വളർച്ചയെത്തും മുൻപ് പിടികൂടുന്നതു മത്സ്യോൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണു നീക്കം.കേന്ദ്ര സർക്കാരിന്റെ മറൈൻ ഫിഷറീസ് റഗുലേഷൻസ് ആക്ട് പ്രകാരം ഓരോ തീര സംസ്ഥാനവും മത്സ്യങ്ങളെ പിടിക്കുന്നതിനായി എംഎൽഎസ് (മിനിമം ലീഗൽ സൈസ്) ഏർപ്പെടുത്തണമെന്ന് നിഷ്കർഷിച്ചിരുന്നു. കേരളം, തമിഴ്നാട്, ഗോവ, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ തങ്ങളുടെ എംഎൽഎസ് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകെ ഏകീകരിച്ചിട്ടില്ല.
കേരള മറൈൻ ഫിഷറീസ് വകുപ്പിന്റെ ഉത്തരവു പ്രകാരം 10 സെന്റീമീറ്ററിൽ കുറവു വലുപ്പമുള്ള മത്തി പിടിക്കാൻ അനുവാദമില്ല. അയല (20 സെ.മീ), നെയ്മീൻ (45 സെ.മീ), കടൽ വരാൽ (60 സെ.മീ), ആവോലി (25 സെ.മീ) എന്നിങ്ങനെയാണ് കേരളത്തിൽ മറ്റു മത്സ്യങ്ങളുടെ പരമാവധി കുറഞ്ഞ വലുപ്പം.വലുപ്പമാകും മുൻപ് പിടിക്കുന്നതു വഴി മത്സ്യങ്ങളുടെ വളർച്ചയും പ്രജനനവും തടസ്സപ്പെടുന്നതായി കണ്ടെത്തി.
ചിലയിനം ചെറു മത്സ്യങ്ങൾ വലിയ മത്സ്യങ്ങളുടെയും മറ്റു സമുദ്ര ജീവികളുടെയും ആഹാരമാണ്. ചെറു മത്സ്യങ്ങൾ ഇല്ലാതാകുന്നതു വഴി സമുദ്ര പരിസ്ഥിതിയും തകിടം മറിയുന്നു. ചെറുമത്സ്യങ്ങളെ തീറ്റ, വളം എന്നിവ നിർമിക്കാനായി മാറ്റുകയാണെന്നും കണ്ടെത്തി. നിർദേശം ലംഘിക്കുന്ന യാനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും പിഴ ഈടാക്കാനുമാണു തീരുമാനം.


by Midhun HP News | Oct 15, 2025 | Latest News, ജില്ലാ വാർത്ത, മരണം
ചിറയിൻകീഴ് തിട്ടയിൽ മുക്ക് തിട്ടയിൽ വീട്ടിൽ രാധാമണി അമ്മ (68) നിര്യാതയായി.
മകൾ: രജനി (അശ്വതി)
മരണാനന്തര ചടങ്ങ് : 19/10/25 (ശനിയാഴ്ച)
by Midhun HP News | Oct 15, 2025 | Latest News, കായികം, ജില്ലാ വാർത്ത
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ഞായറാഴ്ച പെര്ത്തില് ആരംഭിക്കുകയാണ്. മാസങ്ങള്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ സൂപ്പര് താരങ്ങളായ രോഹിത് ശര്മയും വിരാട് കോഹ് ലിയും കടുത്ത പരിശീലനത്തിലാണ്. ഇരുവരും അടുത്ത ഏകദിന ലോകകപ്പ് വരെ ഉണ്ടാവുമോ എന്ന അഭ്യൂഹങ്ങള് പ്രചരിക്കുന്നതിനിടെ, ഇരുതാരങ്ങളും ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ഇന്ത്യന് ആരാധകര്. അതിനിടെ രോഹിത്തിനെയും കോഹ് ലിയെയും കാണാനുള്ള ഓസ്ട്രേലിയന് ആരാധകരുടെ അവസാന അവസരമായിരിക്കാം ഇതെന്ന് പറഞ്ഞ് ആരാധകരുടെ ആവേശം കൂട്ടിയിരിക്കുകയാണ് ഓസ്ട്രേലിയന് ക്യാപ്റ്റന് പാറ്റ് കമ്മിന്സ്.
‘ഞായറാഴ്ച പെര്ത്തില് ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര ഏറെ പ്രത്യേകതകള് നിറഞ്ഞതാണ്. കാരണം ഇന്ത്യയുടെ സൂപ്പര് താരങ്ങളായ കോഹ് ലിയും രോഹിത്തും കളിക്കുന്നത് സ്വന്തം നാട്ടില് കാണാന് ഓസ്ട്രേലിയന് ആരാധകര്ക്കുള്ള അവസാന അവസരമായിരിക്കാം ഇത്’- പാറ്റ് കമ്മിന്സ് പറഞ്ഞു. പുറംവേദന കാരണം 32 കാരനായ കമ്മിന്സ് പരമ്പരയില് കളിക്കുന്നില്ല.
‘കഴിഞ്ഞ 15 വര്ഷമായി കോഹ്ലിയും രോഹിത്തും മിക്കവാറും എല്ലാ ഇന്ത്യന് ടീമുകളുടെയും ഭാഗമാണ്. അതിനാല് ഓസ്ട്രേലിയന് ആരാധകര്ക്ക് അവര് ഇവിടെ കളിക്കുന്നത് കാണാനുള്ള അവസാന അവസരമായിരിക്കാം ഇത്,’- കമ്മിന്സ് ജിയോഹോട്ട്സ്റ്റാറിനോട് പറഞ്ഞു.
‘അവര് ഇന്ത്യയുടെ ചാംപ്യന്മാരാണ്, എല്ലായ്പ്പോഴും അവര്ക്ക് മികച്ച പിന്തുണ ലഭിക്കുന്നു. ഞങ്ങള് അവര്ക്കെതിരെ കളിക്കുമ്പോഴെല്ലാം ആവേശം കൊണ്ട് കാണികളുടെ ശബ്ദം ഉയരാറുണ്ട്. പെര്ത്തിന് പുറമേ അഡലെയ്ഡിലും സിഡ്നിയിലുമായി നടക്കുന്ന പരമ്പര നഷ്ടമായതില് നിരാശയുണ്ട്. ഇന്ത്യയ്ക്കെതിരായ വൈറ്റ്-ബോള് പരമ്പര നഷ്ടമാകുന്നത് വിഷമകരമാണ്. ഓസ്ട്രേലിയയില് ഇതിനകം തന്നെ വളരെയധികം ആവേശം നിറഞ്ഞിട്ടുണ്ട്. ഇതുപോലുള്ള ഒരു വലിയ പരമ്പര നഷ്ടപ്പെടുന്നത് എല്ലായ്പ്പോഴും ഉള്ക്കൊള്ളാന് അല്പ്പം ബുദ്ധിമുട്ടാണ്.’- പാറ്റ് കമ്മിന്സ് കൂട്ടിച്ചേര്ത്തു.
‘ഏകദിന ലോകകപ്പിനോട് അടുക്കുമ്പോള്, ഞങ്ങളുടെ 15 അംഗ ടീം എന്തായിരിക്കുമെന്ന് ഞങ്ങള്ക്ക് അറിയാം. ഞങ്ങള് മികച്ച സ്ഥാനത്താണെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ ലോകകപ്പില് കളിക്കാത്ത യുവതാരങ്ങളെ കളിപ്പിക്കാന് ശ്രമിക്കുക. അവര്ക്ക് എന്തുചെയ്യാന് കഴിയുമെന്ന് കാണുക’- ഓസ്ട്രേലിയയുടെ പകരം ക്യാപ്റ്റന് മിച്ചല് മാര്ഷിന് പാറ്റ് കമ്മിന്സ് ഉപദേശം നല്കി. ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയുടെ അഞ്ച് മത്സരങ്ങളുള്ള ടി20 അന്താരാഷ്ട്ര പരമ്പര ഒക്ടോബര് 29 മുതലാണ്.


by Midhun HP News | Oct 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ആക്കുളം പാലത്തില് നിന്ന് കായലിലേക്ക് ചാടിയ പെൺകുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവറുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി. രാത്രി വൈകിട്ടായിരുന്നു സംഭവം. 15 വയസുള്ള പെണ്കുട്ടിയാണ് ചാടിയത്. പെൺകുട്ടി ചാടുന്നത് കണ്ട് ഇതുവഴി വന്ന ഓട്ടോ ഡ്രൈവറും കൂടെ ചാടി.
തുടർന്ന്, പെൺകുട്ടി മുങ്ങി പോകാതിരിക്കാന് പിടിച്ചു നിര്ത്തി. പിന്നാലെ ഫയര് ഫോഴ്സ് എത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. തുമ്പ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. പെണ്കുട്ടിയെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. വെള്ളായണി സ്വദേശി വിനോദ് ആണ് യുവതിയെ രക്ഷപ്പെടുത്തിയത്.അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പത്താം ക്ലാസ് വിദ്യാര്ഥിനിയാണ് കായലിൽ ചാടിയത്. വീട്ടുകാര് കഴക്കൂട്ടം പൊലീസില് പരാതി നല്കാന് നില്ക്കുമ്പോഴായിരുന്നു പെണ്കുട്ടി കായലില് ചാടിയത് അറിഞ്ഞത്.


Recent Comments