ഇടവയിൽ യുവതിക്ക് അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു

ഇടവയിൽ യുവതിക്ക് അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു

വർക്കല: ഇടവ വെൺകുളം മരക്കടമുക്ക് സ്വദേശിയായ 34 കാരിക്കാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. യുവതി നാല് ദിവസം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞദിവസം വന്ന പരിശോധനാ റിപ്പോർട്ടിലാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതെന്ന് ഇടവ ആരോഗ്യ വിഭാഗം അറിയിച്ചു.

രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. യുവതി കഴിഞ്ഞ ദിവസങ്ങളിലൊന്നിലും കുളത്തിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിച്ചിട്ടില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. യുവതിയുടെ വീട്ടിൽ കിണർ ഇല്ലാത്തതിനാൽ പൂർണമായും പൈപ്പ് ലൈൻ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ട്. കഴിഞ്ഞ ദിവസം ആറ്റിങ്ങലിലും ഒരാൾക്ക് അമീബിക് മസ്‌തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഇക്കൊല്ലം ഇതുവരെ 15 പേർക്കാണ് മസ്‌തിഷ്കജ്വരം ബാധിച്ചത്.

പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും; ഒന്നു മുതല്‍ പത്തു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സുമായി കേരളം

പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും; ഒന്നു മുതല്‍ പത്തു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സുമായി കേരളം

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ മറ്റൊരു ചരിത്രനേട്ടം കുറിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 35 ലക്ഷത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലൈഫ് ഇന്ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കേരളം ഒരുങ്ങുന്നു. സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സംസ്ഥാന സിലബസ് സ്‌കൂളുകളില്‍ പഠിക്കുന്ന ഒന്നുമുതല്‍ പത്തുവരെയുള്ള വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്ഷുന്‍സ് പരിരക്ഷ നല്‍കാനാണ് തീരുമാനം.

അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയില്‍ എല്ലാ വിദ്യാര്‍ഥികളുടെയും ഇന്‍ഷൂറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. സ്‌കൂളുകളില്‍ അവര്‍ത്തിച്ചുണ്ടാകുന്ന അപകടത്തിന്റെ പശ്ചാത്തലത്തിലും കഴിഞ്ഞ വര്‍ഷം കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ 13 വയസുകാരന്‍ മിഥുന്‍ ഷോക്കേറ്റ് മരിക്കുകയും ചെയ്തിരുന്നതിന്റെയും അടിസ്ഥാനത്തിലാണ് നീക്കം. ഇത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ധനമന്ത്രി കെഎന്‍ ബാലഗോപാലുമായി കൂടിക്കാഴ്ച നടത്തി.

ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും അടുത്ത ബജറ്റ് സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ന്യൂഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇന്‍ഷുറന്‍സ് വകുപ്പ് പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് പ്രാഥമിക വിശകലനം നടത്തിയതായി ഇന്‍ഷുറന്‍സ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബുഷ്റ എസ് ദീപ പറഞ്ഞു. അപകടമരണത്തിനും, അപകടത്തെത്തുടര്‍ന്നുള്ള ഇന്‍-പേഷ്യന്റ്, ഔട്ട്-പേഷ്യന്റ് കണ്‍സള്‍ട്ടേഷനുകള്‍ക്കുമുള്ള ഓപ്ഷനുകളും പ്രീമിയങ്ങളും ഉള്‍പ്പെടെ ഇത് എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ചുള്ള ഡാറ്റാഷീറ്റ് ഉള്‍പ്പടെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് കൈമാറിയതായും അവര്‍ പറഞ്ഞു.

അഞ്ചലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം

അഞ്ചലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം

കൊല്ലം അഞ്ചലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. അഞ്ചല്‍ അസുരമംഗലം പള്ളിക്കുന്നിന്‍പുറം റോഡിലാണ് സ്‌കൂള്‍ ബസ് മറിഞ്ഞത്. പരിക്ക് പറ്റിയ കുട്ടികളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ചല്‍ ചൂരക്കുളത്തു പ്രവര്‍ത്തിക്കുന്ന ആനന്ദഭവന്‍ സെന്റര്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ വശത്ത് ഇട്ടിരുന്ന വലിയ മരക്കുറ്റിയില്‍ തട്ടി ബസ് മറിയുകയായിരുന്നു.

സ്വര്‍ണപ്പാളി വിഷയത്തില്‍ കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

സ്വര്‍ണപ്പാളി വിഷയത്തില്‍ കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. എന്തിനും മറുപടി പറയാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുന്നു. അതിരുവിട്ട പ്രതിപക്ഷ പ്രതിഷേധമാണ് സഭയില്‍ നടന്നതെന്നും സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യമെന്നും സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ പ്രത്യേക രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്ന് ദിവസമായി സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവും ഉണ്ടായില്ല. സഭ നടത്തിക്കൊണ്ടുപോകുന്നതിന് സഹായകരമായ നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. തുടര്‍ച്ചയായ സ്പീക്കറുടെ അഭ്യര്‍ഥനയും അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കറുടെ മുഖം കാണാത്ത രീതിയില്‍ മറച്ചുപിടിച്ച പ്രതിഷേധം പ്രതിപക്ഷം പ്രബോധപൂര്‍വം ചെയ്തതാണ്. ഇതിന് മുന്‍പ് കേരളത്തില്‍ ഇത്തരമൊരു പ്രതിഷേധം ഉണ്ടായിട്ടില്ല. രാജ്യത്ത് പലയിടങ്ങളിലായി പാര്‍ലമെന്ററി പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എവിടെെയങ്കിലും ഇത്തരത്തില്‍ സ്പീക്കറെ സഭയുടെ ദൃശ്യത്തില്‍ നിന്ന് മറച്ചുപിടിക്കുന്ന പ്രവര്‍ത്തനം ഏതെങ്കിലും പ്രതിപക്ഷം നടത്തിയതായി കണ്ടിട്ടില്ല. സ്പീക്കര്‍ ശ്രമിച്ചത് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കാന്‍ കഴിയുമോ എന്നൊരു ശ്രമമാണ് നടത്തിയത്. അതിന്റെ ഭാഗമായി രാവിലെ എട്ടരയ്ക്ക് എല്ലാവരെയും സ്പീക്കര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഭരണകക്ഷി നേതാക്കള്‍ അവിടെ എത്തിയപ്പോഴാണ് പ്രതിപക്ഷത്തെ കാണാതിരുന്നത്. തുടര്‍ന്ന് സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷ നേതാവിനെ ബന്ധപ്പെട്ടപ്പോള്‍ ഞങ്ങള്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയാണ് ചെയ്തത്.

ചോദ്യോത്തരവേള അടക്കം സ്തംഭിപ്പിച്ച പ്രതിഷേധം ഉണ്ടായപ്പോള്‍ എന്താണ് അവരുടെ ആവശ്യമെന്ന് ചോദിച്ചപ്പോള്‍ അവര്‍ അത് ഉന്നയിക്കാന്‍ തയ്യാറായിട്ടില്ല, എന്താണ് അവര്‍ ഭയപ്പെടുന്നത്?. അവര്‍ ഉന്നയിച്ചാല്‍ ഏത് പ്രശ്‌നത്തിനും മറുപടി തയ്യാറാണ്. അവര്‍ ഉയര്‍ത്തിയ ബാനറില്‍ ചിലതില്‍ കാണാന്‍ കഴിഞ്ഞത് സഭയില്‍ ഭയമെന്നാണ്. അത് സ്വയമേവ അവര്‍ക്കുള്ള ഭയമല്ലേ?. അതിന്റെ ഭാഗമായാണ് ഒരു പ്രശ്‌നവും അവര്‍ ഉന്നയിക്കാതിരുന്നത്. സഭയില്‍ ഉന്നയിക്കാന്‍ എന്തെല്ലാം വഴികളുണ്ട്. ചോദ്യോത്തര വേളയില്‍ ഉന്നയിക്കാം. അടിയന്തരപ്രമേയമാകാം, ശ്രദ്ധ ക്ഷണിക്കാലാകാം, സബ്മിഷന്‍ ആകാം ഇതിനെല്ലാം പുറമെ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ പ്രത്യേക അവകാശം ഉന്നയിച്ചുകൊണ്ട് പലകാര്യങ്ങളും പറയാം. ഇതില്‍ ഏതെങ്കിലും ഒരുമാര്‍ഗം ഉപയോഗിക്കാന്‍ അവര്‍ തയ്യാറായോ. എന്താണ് അത് കാണിക്കുന്നത് അവര്‍ വസ്തുതകളെ ഭയപ്പെടുന്നു. അത് അവര്‍ക്ക് വിഷമകരമായ രീതിയില്‍ ഉയര്‍ന്നുവരും. വല്ലാത്ത പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. പുകമറ സൃഷ്ടിക്കാന്‍ എളുപ്പമാണ്. അതിന് അവര്‍ക്ക് അവരുടെതായ രീതികള്‍ക്ക് ഉണ്ട്. ആ രീതികള്‍ക്ക് അനുസരിച്ച് അവരോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് സംവിധാനങ്ങളുണ്ട്. അതെല്ലാം ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനെ ഭയപ്പെടുന്നില്ല. വസ്തുതകള്‍ വസ്തുതയായി അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ പരിശോധന നടത്താന്‍ ഇടയായപ്പോള്‍ സര്‍ക്കാര്‍ ആകെ സ്വീകരിച്ച നിലപാട് ഗൗരവമായ പരിശോധനയും അന്വേഷണവും നടക്കണമെന്നതാണ്. എല്ലാ കാലത്തും ഒരുതത്തിലുമുള്ള കുറ്റവാളികളെ സംരക്ഷിച്ചിട്ടില്ല. ആര് തെറ്റ് ചെയ്താലും ആ തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് സര്‍ക്കാരിന് ഉള്ളത്. ഹൈക്കോടതിയില്‍ കാര്യങ്ങള്‍ വന്നപ്പോള്‍ അഭിപ്രായം സര്‍ക്കാരും സംവിധാനങ്ങളും അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടണ്ട്. അന്വേഷണം നടക്കുമ്പോള്‍ അതില്‍ സിബിഐ ആണ് നടത്തേണ്ടതെന്നാണ് പ്രതിപക്ഷം പറയുന്നത്. അതിന് പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. അന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പോകുന്നില്ല. ഒന്നും പറയാന്‍ ഇല്ലാതെ വന്നപ്പോള്‍ ഇങ്ങനെയുള്ള രീതികള്‍ കാണിക്കുകയാണ്.

പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കുന്നത് നേരില്‍ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാച്ച് അന്‍ഡ് വാര്‍ഡുമാരും മനുഷ്യരാണല്ലോ. അവരെ ആക്രമിക്കുന്നതിനിടെ പ്രതിപക്ഷ അംഗമായ ഒരാള്‍ മെല്ലെ വലിയ ക്ഷീണഭാവം കാണുകയാണ്. ഇതിനെല്ലാം എന്തിനാണ് ഒരുമ്പെട്ടത്, നിശബ്ദജീവികളായ വാച്ച് ആന്‍ഡ് വാര്‍ഡനെ ഉപദ്രവിച്ചത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

കാന്താരയുടെ സെറ്റിലെത്തിയപ്പോഴാണ് ചിത്രത്തിന്റെ വലിപ്പം മനസിലാക്കുന്നത്’

കാന്താരയുടെ സെറ്റിലെത്തിയപ്പോഴാണ് ചിത്രത്തിന്റെ വലിപ്പം മനസിലാക്കുന്നത്’

മലയാളത്തിൽ മാത്രമല്ല കന്നഡത്തിലും പ്രശംസകൾ വാരിക്കൂട്ടുകയാണ് ന‍ടൻ ഹരിപ്രശാന്ത് ഇപ്പോൾ. ആട് 2 വിലെ ചെകുത്താൻ ലാസർ എന്ന കഥാപാത്രമാണ് മലയാളികൾക്കിടയിൽ ഹരിപ്രശാന്തിനെ സുപരിചിതനാക്കിയത്. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ മലൈക്കോട്ടൈ വാലിബനിലെ കേളു മല്ലൻ എന്ന കഥാപാത്രവും ശ്രദ്ധ നേടി.

ഇപ്പോഴിതാ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താരയിലും ഒരു പ്രധാന വേഷത്തിലെത്തി കയ്യടി നേടുകയാണ് ഹരിപ്രശാന്ത്. കാന്താര ചാപ്റ്റർ 1ൽ വിജേയന്ദ്ര രാജാവായാണ് ഹരിപ്രശാന്ത് എത്തിയത്. മലൈക്കോട്ടൈ വാലിബനിലെ കഥാപാത്രം കണ്ടിട്ടാണ് കാന്താരയിലേക്ക് തന്നെ ക്ഷണിക്കുന്നതെന്ന് പറയുകയാണ് ഹരിപ്രശാന്ത് ഇപ്പോൾ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

ഋഷഭ് തന്നെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത് വലിയ ഭാ​ഗ്യമാണെന്നും അദ്ദേഹത്തോടൊപ്പം പ്രവർ‌ത്തിക്കാൻ കഴിഞ്ഞത് ഒരു മികച്ച അനുഭവമായിരുന്നുവെന്നും ഹരിപ്രശാന്ത് കൂട്ടിച്ചേർത്തു. “മോഹൻലാലിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും വലിയ ആരാധകനാണ് ഋഷഭ് ഷെട്ടി.

മലൈക്കോട്ടൈയിലെ എന്റെ വേഷം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എന്നാണ് തോന്നുന്നത്. കാന്താരയുടെ രചയിതാവായ അനിരുദ്ധ് മഹേഷ് ആണ് കാന്താരയിലേക്ക് എന്നെ വിളിക്കുന്നത്. സ്ക്രീൻ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തണമെന്ന് പറഞ്ഞു. ആ സമയത്താണ് ഞാൻ ഋഷഭിനെ കാണുന്നത്. എന്റെ സൈസ് കണ്ട് ഋഷഭിന് എന്നോട് വളരെ മതിപ്പ് തോന്നി.

വളരെ അതിശയകരമായ ഒരു അനുഭവമായിരുന്നു അത്. കോസ്റ്റ്യൂം ട്രയൽ നോക്കിയപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. ഷൂട്ടിങ്ങിനിടയിലാണ് ഞാൻ ആദ്യമായി സെറ്റുകൾ കാണുന്നത്. അപ്പോഴാണ് ഈ സിനിമയുടെ വലിപ്പം എത്രത്തോളമാണെന്ന കാര്യം ഞാൻ മനസിലാക്കുന്നത്. അത് മനസിലാക്കിയെടുക്കാൻ എനിക്ക് കുറച്ചു സമയമെടുത്തു.

പ്ലസ്ടു വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

പ്ലസ്ടു വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: കുളത്തൂരില്‍ 17 കാരനെ കഴുത്തുറത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. റേഷന്‍കടവ് സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ പത്തോളം തുന്നലുണ്ട്. സംഭവത്തില്‍ കുളത്തൂര്‍ സ്വദേശിയായ അഭിജിത്ത് (34) എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്‌കൂള്‍വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങവേ വഴിയില്‍വെച്ച് വിദ്യാര്‍ഥിയും അഭിജിത്തും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അഭിജിത്ത് ബ്ലേഡ് എടുത്ത് വിദ്യാര്‍ഥിയെ ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.