ഇ സന്തോഷ് കുമാറിനും സലിന്‍ മാങ്കുഴിയ്ക്കും മലയാറ്റൂര്‍ പുരസ്‌കാരം

ഇ സന്തോഷ് കുമാറിനും സലിന്‍ മാങ്കുഴിയ്ക്കും മലയാറ്റൂര്‍ പുരസ്‌കാരം

തിരുവനന്തപുരം: മലയാറ്റൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പതിനെട്ടാമത് മലയാറ്റൂര്‍ പുരസ്‌കാരം ഇ.സന്തോഷ് കുമാറിന്റെ’ തപോമയിയുടെ അച്ഛന്‍’ എന്ന നോവലിന്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പുതു തലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസ് സലിന്‍ മാങ്കുഴിയുടെ ‘ആനന്ദലീല’ എന്ന നോവലിനാണ്. 10,001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

കെ ജയകുമാര്‍ ഐഎഎസ് ചെയര്‍മാനും ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ. വികെ ജയകുമാര്‍, അനീഷ് കെ അയിലറ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് കൃതികള്‍ തെരഞ്ഞെടുത്തത്. കെല്‍ക്കത്തയുടെ തെരുവുകളില്‍ മറയുന്ന അഭയാര്‍ത്ഥികളുടെ ജീവിത ചിത്രങ്ങള്‍ കോറിയിടുന്ന ‘തപോമയിയുടെ അച്ഛന്‍’ ആധുനിക മലയാള നോവലിന്റെ സങ്കീര്‍ണ ഗതികള്‍ ആവിഷ്‌ക്കരിക്കുന്ന കൃതിയാണ്. മനുഷ്യജീവിതത്തെ ചൂഴ്ന്നു നില്ക്കുന്ന ദുരൂഹതകള്‍ ചിത്രീകരിക്കുന്ന ഈ നോവല്‍ മലയാള സാഹിത്യത്തില്‍ വേറിട്ട അസ്തിത്വം അടയാളപ്പെടുത്തുന്നുവെന്നു ജൂറി വിലയിരുത്തി.

രണ്ടു കാലങ്ങളില്‍ ജീവിച്ച രണ്ട് പ്രതിഭകളെ സര്‍ഗ്ഗഭാവനയുടെ ഊര്‍ജ്ജം കൊണ്ട് വിളക്കിച്ചേര്‍ത്ത് പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ വരഞ്ഞിടുന്ന അസാധാരണ നോവലാണ് ‘ആനന്ദലീല’. കുമാരനാശാന്റെ കാവ്യജീവിതത്തെയും പ്രണയജീവിതത്തെയും ദാര്‍ശനിക ഭംഗിയോടെയും കയ്യടക്കത്തോടെയും അവതരിപ്പിക്കുന്നതിനോടൊപ്പം പ്രേംനസീറിന്റെ അവസാന കാലവും നോവലില്‍ സംയോജിപ്പിക്കുന്നു. മുന്‍മാതൃകകളൊന്നുമില്ലാത്ത, ധീരമായ ഭാവനയാണ് ആനന്ദലീലയുടെ കരുത്തും കമനീയതയുമെന്ന് അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

സേതു , എം മുകുന്ദന്‍, യുഎ ഖാദര്‍, പി മോഹനന്‍, പെരുമ്പടവം ശ്രീധരന്‍, കെ പി രാമനുണ്ണി, എന്‍ പ്രഭാകരന്‍ , ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട്, പ്രഭാവര്‍മ്മ, വി മധുസൂദനന്‍നായര്‍, ടിഡി രാമകൃഷ്ണന്‍, സതീഷ്ബാബുപയ്യന്നൂര്‍, സക്കറിയ, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, സജില്‍ ശ്രീധര്‍, ബെന്യാമിന്‍, സാറാ ജോസഫ് എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ മലയാറ്റൂര്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. അവാര്‍ഡുകള്‍ സെപ്റ്റംബര്‍ അവസാനവാരം തിരുവനന്തപുരത്തു വച്ച് നല്‍കുമെന്നു മലയാറ്റൂര്‍ പുരസ്‌കാര സമിതി അറിയിച്ചു.

കളഞ്ഞു കിട്ടിയ താലി തിരികെ ഏൽപ്പിച്ച് മാതൃകയായി ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർ

കളഞ്ഞു കിട്ടിയ താലി തിരികെ ഏൽപ്പിച്ച് മാതൃകയായി ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർ

ആറ്റിങ്ങൽ: കളഞ്ഞു കിട്ടിയ താലി തിരികെ ഏൽപ്പിച്ച് മാതൃകയായി ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലറും സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽക്കമ്മിറ്റി അംഗവുമായ വീണ പി.എസ്. ഇക്കഴിഞ്ഞ ബുധനാഴ്ച ആറ്റിങ്ങൽ വെള്ളൂർക്കോണം ശാരിഭവനിൽ വർഷ വി.എസ് ന്റെ നാലുഗ്രാം തൂക്കമുള്ള സ്വർണ്ണ താലി സൂപ്പർമാർക്കറ്റിന് മുന്നൽവച്ച് നഷ്ടപ്പെട്ടത്. .

ഈ താലി വീണ പി.എസിന് റോഡൽ നിന്ന് കിട്ടുകയും സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം പ്രദീപിനെ ഏൽപ്പിക്കുകയും ചെയ്തു. അടുത്ത ദിവസം ഉടമയെ കണ്ടെത്തി താലി തിരികെ ഏൽപ്പിക്കുകയും ചെയ്തു. വീണ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗംകൂടിയാണ്.

ചിറ്റൂര്‍ പുഴയില്‍ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

ചിറ്റൂര്‍ പുഴയില്‍ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

പാലക്കാട്: ചിറ്റൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കോയമ്പത്തുര്‍ കര്‍പ്പകം കോളേജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. രാമേശ്വരം സ്വദേശി ശ്രീഗൗതം, കോയമ്പത്തുര്‍ സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്. ചിറ്റൂര്‍ ഷണ്‍മുഖം കോസ് വേയിലാണ് അപകടം ഉണ്ടായത്.

തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കോസ്‌വേയുടെ ഓവില്‍ കുടുങ്ങിയാണ് അപകടം. ഒഴുക്കില്‍പ്പെട്ട ശ്രീഗൗതമിനെ രക്ഷപ്പടുത്തി പുറത്തെത്തിച്ചെങ്കിലും ആശുപത്രിലെത്തിയപ്പോഴേക്കും മരിച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് അരുണിനെ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം ഉള്‍പ്പെടെ തിരച്ചിലിന്റെ ഭാഗമായി.

സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയയിലെ വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയയിലെ വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനത്തിൽ നിന്ന് 50 ആക്കി ഉയര്‍ത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നടപടിയിൽ സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയ യിലെ വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഏരിയ കമ്മിറ്റി അംഗം ആർ രാജു ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗങ്ങളായ സി ദേവരാജൻ,സി.ജി വിഷ്ണുചന്ദ്രൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ,ലോക്കൽക്കമ്മിറ്റി അംഗങ്ങളായ എസ് സതീഷ്കുമാർ,അജി,എസ് സുഖിൽ,പി സന്തോഷ്,അഡ്വ സജി,ജോയി,വേണുഗോപാൽ,വി വിശ്വംഭരൻ ,എസ് ഷീജ എന്നിവർ പങ്കെടുത്തു.

ആശ്വാസം; നാളെ മുതല്‍ ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല

ആശ്വാസം; നാളെ മുതല്‍ ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും ദിവസങ്ങള്‍ നീണ്ടുനിന്ന ശക്തവും വ്യാപകവുമായ മഴയ്ക്ക് താത്കാലിക ശമനം. നാളെ മുതല്‍ ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് ഇല്ല.

എന്നാല്‍ ഇന്ന് (വെള്ളിയാഴ്ച) പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും അതിതീവ്രവുമായ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ മഴ ലഭിച്ചത്. വരുംദിവസങ്ങളില്‍ ഒരു ജില്ലയിലും കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് ഇല്ലാത്തത് ആശ്വാസമാകും.

വയോധികയുടെ മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

വയോധികയുടെ മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

വയോധികയുടെ മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. വെഞ്ഞാറമൂട് കൊക്കോട് സീബാ ഭവനിൽ ലീലാമ്മ (70) എന്ന വയോധികയുടെ ഒന്നര പവൻ തൂക്കമുള്ള മാല കവർന്ന കേസിൽ തൃശ്ശൂർ ഒരുമനയൂർ തങ്ങൾപടിപട്ടത്ത് വീട്ടിൽ തൊപ്പി യൂസഫ് (45) ആണ് പിടിയിലായത്. സംസ്ഥാനത്തുടനീളം ഇരുപതിലധികം കേസുകളുള്ളതും കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമാണ് തൃശ്ശൂർ സ്വദേശിയായ യൂസഫ്.

പകൽസമയം ബസ്റ്റാൻഡുകളിൽ റെയിൽവേ സ്റ്റേഷനുകളിലും മറ്റ് തിരക്കുള്ള ജംഗ്ഷനുകളിലും കറങ്ങി നടന്ന വൃദ്ധരായ സ്വർണാഭരണം ധരിച്ച ആളുകളെ കണ്ടെത്തി അവരെ കവർച്ച ചെയ്യുകയാണ് യൂസഫിന്റെ മോഷണ രീതി.

വൈറ്റില ഹബ്ബിൽ വച്ച് റൂറൽ എസ് പി സുദർശനൻ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആലുവ, അങ്കമാലി, കൈപ്പമംഗലം, പേരാവൂർ, നോർത്ത് പരവൂർ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉൾപ്പെട്ട പ്രതി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ്.

റൂറൽ എസ് പി സുദർശനൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡി വൈ എസ് പി മഞ്ജുലാൽ, വെഞ്ഞാറമൂട് ഐ എസ് എച്ച് ഒ ആസാദ് അബ്ദുൽകലാം, എസ് ഐ മാരായ സജിത്ത്, ഷാൻ ഷാജി, സിപിഒമാരായ സിയാസ്, ഷാനവാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.