ഹോമിയോപ്പതിക്ക് മറ്റ് ആരോഗ്യ വിഭാഗങ്ങൾക്ക് തുല്യമായ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി

ഹോമിയോപ്പതിക്ക് മറ്റ് ആരോഗ്യ വിഭാഗങ്ങൾക്ക് തുല്യമായ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി

ഹോമിയോപ്പതിക്ക് മറ്റ് ആരോഗ്യ വിഭാഗങ്ങൾക്ക് തുല്യമായ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി കെ മുരളീധരൻ. കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസർ അസോസിയേഷൻ 60 വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിഷൻ 2031 കോൺക്ലേവും സംഘടനയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കെ ജി എച്ച് എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ പി ജി ബിജു അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോക്ടർ എസ് ശ്രീജിത്ത്, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ, ഹോമിയോപ്പതി ഡയറക്ടർ ഡോക്ടർ എം പി ബീന, ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ വി കെ പ്രിയദർശിനി, പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജു, ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോക്ടർ എസ് കെ അനിൽ, കോൺക്ലേവ് കോൺഫറൻസ് ഡയറക്ടർ ഡോക്ടർ മനു വർഗീസ് എന്നിവർ പങ്കെടുത്തു.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി; ആഴ്ചയില്‍ അഞ്ചുദിവസവും ടെസ്റ്റ്, ക്രമീകരണം ഇങ്ങനെ

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി; ആഴ്ചയില്‍ അഞ്ചുദിവസവും ടെസ്റ്റ്, ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ സര്‍ക്കാര്‍ ഇടപെടല്‍. അടുത്ത മൂന്ന് മാസത്തേയ്ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

പുതിയ പരിഷ്‌കാരം അനുസരിച്ച് ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 50 സ്ലോട്ടുകളില്‍ 28 എണ്ണം പുതിയ ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായും 20 എണ്ണം റീടെസ്റ്റിനായും നീക്കിവെക്കും. ബാക്കിയുള്ള രണ്ട് സ്ലോട്ടുകള്‍ വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി മാറ്റിവെച്ചിട്ടുണ്ട്. സബ് ആര്‍ടിഒ ഓഫീസുകളില്‍ നിലവില്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ടെസ്റ്റുകള്‍ ഇനി മുതല്‍ അഞ്ച് ദിവസവും നടത്തും. അപേക്ഷകള്‍ വലിയ തോതില്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് താല്‍ക്കാലികമായി ഇത്തരം ഒരു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍പ് കെ ബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 60 പേര്‍ക്കുണ്ടായിരുന്ന സ്ലോട്ടുകള്‍ 40 ആയി കുറച്ചിരുന്നു. ഇതാണ് ഇപ്പോള്‍ 50 ആയി വര്‍ധിപ്പിച്ചത്. ഡ്രൈവിങ് ടെസ്റ്റിന് പുറമെ ലേണേഴ്‌സ് ലൈസന്‍സിനുള്ള കാത്തിരിപ്പും കുറയ്ക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷിച്ച് എട്ടു ദിവസത്തിനുള്ളില്‍ സ്ലോട്ടുകള്‍ ലഭ്യമാക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അടുത്ത മൂന്ന് മാസത്തെ ഈ മാറ്റങ്ങള്‍ കൃത്യമായി പഠിച്ചതിനുശേഷം മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

‘യഥാര്‍ഥ രാജ്യസ്‌നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു’

‘യഥാര്‍ഥ രാജ്യസ്‌നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു’

തിരുവനന്തപുരം: യുവജന- വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതില്‍ പ്രതികരണവുമായി മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍ എംഎല്‍എ. തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ ഒരു യഥാര്‍ഥ രാജ്യസ്‌നേഹിക്കേ സാധിക്കൂ. വിധ്വംസകശക്തികള്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ച സമരത്തീയില്‍ ഇന്ത്യന്‍ യുവത്വം എരിഞ്ഞൊടുങ്ങരുത് എന്നാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.

കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള പ്രതിപക്ഷത്തിന്റെ ഹീനമായ തന്ത്രമാണ് ധര്‍മേന്ദ്ര പ്രധാന്റെ രാജിയോടെ പൊളിഞ്ഞത്. എബിവിപി പ്രവര്‍ത്തനകാലം മുതല്‍ ധര്‍മേന്ദ്ര പ്രധാന്റെ രാഷ്ട്രീയ സത്യസന്ധതയും നീതിബോധവും നേരിട്ടറിയുന്നയാളാണ് താന്‍. പെട്രോളിയം മന്ത്രിയായിരിക്കെ ഉജ്ജ്വല യോജന പോലുള്ള പദ്ധതിയിലൂടെ ദരിദ്രര്‍ക്ക് വേണ്ടി നടത്തിയ ഇടപെടലുകള്‍, ഊര്‍ജമേഖലയില്‍ രാജ്യത്തിന് കുതിപ്പായി നടപ്പാക്കിയ പദ്ധതികള്‍ എല്ലാംതന്നെ അദ്ദേഹത്തിലെ ഭരണാധികാരിയുടെ മികവിന് അടിവരയിടുന്നു.

വിദ്യാഭ്യാസ രംഗത്തെ അടിമുടിമാറ്റിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിലും ധര്‍മേന്ദ്ര പ്രധാന്റെ സംഭാവനകള്‍ വളരെ വലുതാണ്. അദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടിയുടെ കരുത്തുറ്റ നേതാവായി പൊതുമണ്ഡലത്തില്‍ സജീവമായി ഇനിയും ഉണ്ടാകുക തന്നെ ചെയ്യും. ഇവിടെ വിജയിച്ചത് നരേന്ദ്രമോദിയും ധര്‍മേന്ദ്ര പ്രധാനുമാണ്. രാജ്യവിരുദ്ധശക്തികള്‍ ഇന്ത്യന്‍ യുവത്വത്തെ കീഴടക്കാതിരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പദവിയില്‍ നിന്ന് രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് അഭിവാദ്യങ്ങളെന്നും വി മുരളീധരന്‍ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു

സംസ്ഥാന പ്രസിഡന്റ് ജയകൃഷ്ണൻ എം. എസ്. അധ്യക്ഷത വഹിച്ച സമ്മേളനം INTUC യുടെ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്തുകളിലെ ആരോഗ്യ-ശുചിത്വ മേഖലയിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ സേവനം അനിവാര്യമാണെന്നും, മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമായി പഞ്ചായത്ത് തലങ്ങളിൽ ഏകോപിപ്പിച്ച് നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

ശുചീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, പൊതുജനാരോഗ്യം സംരക്ഷിക്കുക, എൻഫോസ്‌മെന്റ് പരിശോധനകൾ ശക്തിപ്പെടുത്തുക, പ്ലാസ്റ്റിക്. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് നിയമങ്ങൾ പാലിക്കുന്നതിനെ കുറിച്ചും, ഹരിതകർമ്മ സേന പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനു ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ ചുമതലയെ കുറിച്ചും, ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരുടെ സേവന-തൊഴിൽപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ തലത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തുക തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്തു.സമ്മേളനത്തിന്റെ ഉദ്ദേശം സ്വാഗതം പ്രസംഗത്തിൽ സംഘടന വൈസ് പ്രസിഡന്റ്‌ റിനിൽ പറയുകയുണ്ടായി
സെക്രട്ടറി പ്രിയ, ട്രഷർർ ജിഷ, ഉണ്ണിക്കണ്ണൻ, സുജിത് ലാൽ, ഡിജിൽ, ചിത്ര, സുനിൽ, ഷമീർ, അഭിലാഷ്, സൂര്യ വിദ്യ, ബഷീർ, മനോജ്‌ എന്നിവർ ആശംസ അർപ്പിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധി അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്ത് സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കും ക്ഷേമപരമായ പദ്ധതികൾക്കും പിന്തുണ പ്രഖ്യാപിച്ചു.

വിഴിഞ്ഞത്തിന് മറ്റൊരു പൊന്‍തൂവല്‍, സമ്പൂര്‍ണ അന്താരാഷ്ട്ര വാണിജ്യ കവാടമായി മാറുന്നു; ഇനി കരമാര്‍ഗമുള്ള ചരക്കുനീക്കവും

വിഴിഞ്ഞത്തിന് മറ്റൊരു പൊന്‍തൂവല്‍, സമ്പൂര്‍ണ അന്താരാഷ്ട്ര വാണിജ്യ കവാടമായി മാറുന്നു; ഇനി കരമാര്‍ഗമുള്ള ചരക്കുനീക്കവും

തിരുവനന്തപുരം: സമ്പൂര്‍ണ അന്താരാഷ്ട്ര വാണിജ്യ കവാടമായി മാറുന്നതിനുള്ള അവസാന കടമ്പയും കടന്ന് വിഴിഞ്ഞം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് കരമാര്‍ഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമ അനുമതി ലഭിച്ചു. ഓഗസ്റ്റ് 18 മുതല്‍ തുറമുഖത്ത് കയറ്റുമതി, ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് അറിയിച്ചു.

കണ്ടെയ്‌നറുകള്‍ റോഡ് മാര്‍ഗം കൊണ്ടുപോകുന്നതിനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഇതുവരെ കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് മാത്രമായിരുന്നു (ട്രാന്‍സ്ഷിപ്പ്‌മെന്റ്) വിഴിഞ്ഞത്ത് ചരക്കുനീക്കം നടത്തിയിരുന്നത്. ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഔദ്യോഗികമായി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

നിലവില്‍ തുറമുഖത്ത് കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ (സിഎഫ്എസ്) ഇല്ല. അതിനാല്‍ കര്‍ശന വ്യവസ്ഥകളോടെയാണ് എക്‌സിം കാര്‍ഗോ കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്നവയില്‍ ഡയറക്ട് പോര്‍ട്ട് ഡെലിവറിക്ക് (ഡിപിഡി) അര്‍ഹതയുള്ള ഫുള്‍ കണ്ടെയ്‌നര്‍ ലോഡുകള്‍ക്ക് (എഫ്‌സിഎല്‍) മാത്രമായിരിക്കും അനുമതി. ഇവ തുറമുഖത്ത് എത്തി 48 മണിക്കൂറിനുള്ളില്‍ ഇറക്കുമതിക്കാരന്റെ കേന്ദ്രത്തിലേക്ക് മാറ്റണം.

സിഎഫ്എസ് പ്രവര്‍ത്തനസജ്ജമാകുന്നത് വരെ ലെസ്-ദാന്‍-കണ്ടെയ്‌നര്‍ ലോഡ് (എല്‍സിഎല്‍), ലൂസ് കാര്‍ഗോ എന്നിവ അനുവദിക്കില്ല. കയറ്റുമതിയില്‍ ഫാക്ടറികളില്‍ നിന്ന് സീല്‍ ചെയ്ത ഫുള്‍ കണ്ടെയ്‌നറുകള്‍ക്ക് ഡയറക്ട് പോര്‍ട്ട് എന്‍ട്രി (ഡിപിഇ) വഴി മാത്രമായിരിക്കും പ്രവേശനം. തുറമുഖ യാര്‍ഡിനുള്ളില്‍ വച്ച് സാധനങ്ങള്‍ പരിശോധിക്കുന്നതിനോ മാറ്റുന്നതിനോ കര്‍ശന വിലക്കുണ്ട്.

വിഴിഞ്ഞം തുറമുഖത്തിനും മറ്റ് കസ്റ്റംസ് സ്റ്റേഷനുകള്‍ക്കും (ഐസിഡി, സിഎഫ്എസ്, സെസ്) ഇടയില്‍ റോഡ് മാര്‍ഗമുള്ള കണ്ടെയ്‌നര്‍ നീക്കത്തിനും കസ്റ്റംസ് നിയമം സെക്ഷന്‍ 54 പ്രകാരം അനുമതിയുണ്ട്. അംഗീകൃത ട്രാന്‍സ്ഷിപ്പര്‍മാരോ കാരിയര്‍മാരോ മുഖേന മാത്രമേ ഇത് നടത്താവൂ. സുരക്ഷ ഉറപ്പാക്കുന്നതിനായി കണ്ടെയ്‌നര്‍ ട്രക്കുകളില്‍ ഹൈ-സെക്യൂരിറ്റി സീലുകള്‍ പതിപ്പിക്കണം. കൂടാതെ, തുറമുഖത്തെ എല്ലാ പ്രവര്‍ത്തനങ്ങളും 2018ലെ സീ കാര്‍ഗോ മാനിഫെസ്റ്റ് ആന്‍ഡ് ട്രാന്‍സ്ഷിപ്പ്‌മെന്റ് റെഗുലേഷന്‍സ് (എസ്സിഎംടിആര്‍) പൂര്‍ണമായും പാലിച്ചായിരിക്കണം. ഷിപ്പിങ് ലൈനുകള്‍, സ്റ്റീമര്‍ ഏജന്റുമാര്‍, ടെര്‍മിനല്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ ഐസ്‌ഗേറ്റ് വഴി നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.

തുറമുഖത്തെത്തുന്ന എല്ലാ വ്യക്തികളും വാഹനങ്ങളും കണ്ടെയ്‌നറുകളും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ട്രാന്‍സ്ഷിപ്പ്‌മെന്റ് കാര്‍ഗോ, എക്‌സിം കാര്‍ഗോ എന്നിവയ്ക്കായി പ്രത്യേക യാര്‍ഡുകള്‍ സജ്ജമാക്കേണ്ടത് കസ്റ്റോഡിയനായ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) ചുമതലയാണ്. കസ്റ്റംസിന്റെ ഔട്ട് ഓഫ് ചാര്‍ജ് (ഒഒസി) ഇല്ലാതെ ഒരു കണ്ടെയ്‌നര്‍ പോലും തുറമുഖത്തിന് പുറത്തുപോകുന്നില്ലെന്ന് കസ്റ്റോഡിയന്‍ ഉറപ്പാക്കണം.

ഗുരുവായൂരിൽ ഓഗസ്റ്റ് മുതൽ  ആഴ്ചയിൽ രണ്ട് ദിനം വെർച്വൽ ക്യൂ

ഗുരുവായൂരിൽ ഓഗസ്റ്റ് മുതൽ ആഴ്ചയിൽ രണ്ട് ദിനം വെർച്വൽ ക്യൂ

ഓൺലൈൻ ബുക്കിങ് വഴി വെർച്വൽ ക്യൂ സംവിധാനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി സൗജന്യ ദർശനം നടത്താം. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഗുരുവായൂർ ദേവസ്വം സംവിധാനം ഒരുക്കിയത്. ഓഗസ്‌റ്റ് 4 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമാകും തുടക്കത്തിൽ ഈ സംവിധാനം. ദിവസം 2400 പേർക്ക് ദർശനം നടത്താവുന്ന വിധത്തിലാണ് ക്രമീകരണം.

ബുക്കിങ് താഴെ പറയും പ്രകാരം:

സമയം രാവിലെ 7 മണി, 8 മണി, 9 മണി, 10 മണി

ഉച്ചയ്ക്ക് 12 മണി , 1 മണി

വൈകിട്ട് 4 മണി, 5 മണി

ഓരോ മണിക്കൂറിലും 300 പേർക്കാണ് പ്രവേശനം.

ഒരു സ്ലോട്ടിൽ 6 പേർക്കു വരെ ബുക്ക് ചെയ്യാം.

ബുക്കിങ്ങിന് guruvayurdevaswom.in