വരുന്നൂ എല്‍നിനോ, എടവപ്പാതിയില്‍ മഴ കുറയും; ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

വരുന്നൂ എല്‍നിനോ, എടവപ്പാതിയില്‍ മഴ കുറയും; ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ഇന്ത്യയില്‍ ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ദക്ഷിണേന്ത്യയില്‍ പൊതുവെ മഴ കുറയും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് എടവപ്പാതി എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പെയ്യുന്നത്. എല്‍നിനോ പ്രതിഭാസമാണ് മഴക്കുറവിന് കാരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജൂണ്‍-ജൂലായില്‍ത്തന്നെ എല്‍നിനോ പ്രതിഭാസം രൂപപ്പെടാം. പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകും. ഇന്ത്യയിലെ കാലവര്‍ഷത്തെ ഇത് ബാധിക്കും. കേരളത്തിലെ മഴയെയും താപനിലയെയും എല്‍നിനോ ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. രാജ്യത്താകെ ദീര്‍ഘകാല ശരാശരിയുടെ 92 ശതമാനമേ ലഭിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തല്‍.

90 മുതല്‍ 95 ശതമാനം വരെയുള്ള മഴ ‘സാധാരണയില്‍ കുറഞ്ഞ’ (Below Normal) വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. എടവപ്പാതിയുടെ രണ്ടാം പകുതിയില്‍ മഴ കുറവാകാനാണ് സാധ്യത. കേരളത്തില്‍ ഇത്തവണ വേനല്‍മഴയിലും കുറവുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ നിതാ കെ ഗോപാല്‍ അറിയിച്ചു. അതേസമയം കാലവര്‍ഷം എന്നു മുതലാണ് തുടങ്ങുകയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ല.

ഇതിനു മുമ്പ് കേരളത്തില്‍ കേരളത്തില്‍ ഉഷ്ണതരംഗം ഉണ്ടായത് 2016-ലും 2024-ലും ആയിരുന്നു. ഇവ രണ്ടും എല്‍നിനോ വര്‍ഷങ്ങളായിരുന്നു. കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണ തോതിലായിരിക്കുമെന്നാണ് സ്‌കെമെറ്റ് എന്ന സ്വകാര്യ ഏജന്‍സി പ്രവചിച്ചിട്ടുള്ളത്. ചൂടിന്റെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജ മുന്നറിയിപ്പ് പ്രചരിപ്പിച്ചാല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

ബാർ കൗൺസിൽ തിരഞ്ഞെടുപ്പ്: ആറ്റിങ്ങൽ കോടതി സെന്ററിൽ എഐഎൽയു (AILU) കൺവെൻഷൻ

ബാർ കൗൺസിൽ തിരഞ്ഞെടുപ്പ്: ആറ്റിങ്ങൽ കോടതി സെന്ററിൽ എഐഎൽയു (AILU) കൺവെൻഷൻ

ആറ്റിങ്ങൽ, ഏപ്രിൽ 17: ബാർ കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ (AILU) ആറ്റിങ്ങൽ കോടതി സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്ന് മത്സരിക്കുന്ന അഡ്വ. ഗീന കുമാരിക്കും അഡ്വ. പള്ളിച്ചൽ പ്രമോദിനും ഫസ്റ്റ്, സെക്കന്റ് പ്രിഫറന്റിയൽ ക്രമത്തിൽ വോട്ടുകൾ നൽകണമെന്ന് അഭ്യർത്ഥിക്കുകയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചിട്ടപ്പെടുത്തലും യോഗത്തിൽ നിർവഹിച്ചു.

ആറ്റിങ്ങൽ കോടതി സെൻട്രൽ മേഖലയിൽ നിന്നുള്ള നിരവധി അഭിഭാഷകർ കൺവെൻഷനിൽ പങ്കെടുത്തു. എഐഎൽയു തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് അഡ്വ. കെ.എസ്. അശോകൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കനിരാജ് അധ്യക്ഷത വഹിച്ചു. അഡ്വ. നിസാം കണിയാപുരം സ്വാഗതവും രേഖപ്പെടുത്തി. അഡ്വ. കല്ലമ്പലം ഷാജഹാൻ, അഡ്വ. ലെനിൻ ലാൽ, ആറ്റിങ്ങൽ മുൻ മുനിസിപ്പൽ ചെയർമാൻ അഡ്വ.സി.ജെ. രാജേഷ്, അഡ്വ കരേറ്റ് മോഹൻദാസ്,അഡ്വ. ബിന്ദു ഉമർ അഡ്വ. അഡ്വ ജിനി, അഡ്വ.സലിം ഷാ എന്നിവർ ആശംസകൾ അർപ്പിച്ചു.
കൺവെൻഷനിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും തീരുമാനങ്ങളും കൈക്കൊണ്ടു. അഡ്വ ദിലീപ് നന്ദി രേഖപ്പെടുത്തി.

‘ജനനായകന്‍’ ലീക്ക്; ആറ് പേര്‍ അറസ്റ്റില്‍, 300 ലധികം ലിങ്കുകള്‍ നീക്കം ചെയ്തു

‘ജനനായകന്‍’ ലീക്ക്; ആറ് പേര്‍ അറസ്റ്റില്‍, 300 ലധികം ലിങ്കുകള്‍ നീക്കം ചെയ്തു

വിജയ് ചിത്രം ജനനായകന്‍ ചോര്‍ന്ന സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സൈബര്‍ ക്രൈം വിങ് ആണ് അറസ്റ്റ് ചെയ്തത്. വിജയ് നായകനായ ജനനായകന്റെ എച്ച്ഡി പ്രിന്റ് സോഷ്യല്‍ മീഡിയയിലൂടെ ലീക്കായത് വലിയ വിവാദമായിരിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. നിര്‍മാതാക്കളുടെ പരാതിയെ തുടര്‍ന്ന് ചിത്രത്തിന്റെ ലീക്കായ പതിപ്പ് പങ്കുവെച്ച 300 ലധികം ലിങ്കുകള്‍ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. ഏപ്രില്‍ 9 നാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. പിന്നാലെ മൂന്ന് മണിക്കൂറുള്ള മുഴുവന്‍ ചിത്രവും ലീക്കാവുകയായിരുന്നു.വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകന്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതിനെ തുടര്‍ന്ന് റിലീസ് നീണ്ടു പോവുകയായിരുന്നു. മലയാളി താരം മമിത ബൈജു, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

തന്റെ ചിത്രം ലീക്കായിട്ടും വിജയ് ഇതുവരേയും പ്രതികരിച്ചിട്ടില്ലെന്നതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പിന്തുണയുമായി രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി, ശിവ കാര്‍ത്തികേയന്‍, ഖുശ്ബു തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ലീക്കായ കോപ്പ് പ്രചരിപ്പിക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് സൈബര്‍ വിങ് അറിയിച്ചിട്ടുണ്ട്.

ശബരിമല സ്വര്‍ണ്ണക്കൊള്ള: കെ പി ശങ്കരദാസിനും സ്വാഭാവിക ജാമ്യം; എല്ലാ പ്രതികളും പുറത്ത്

ശബരിമല സ്വര്‍ണ്ണക്കൊള്ള: കെ പി ശങ്കരദാസിനും സ്വാഭാവിക ജാമ്യം; എല്ലാ പ്രതികളും പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം ലഭിച്ചു. രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇതോടെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചിരിക്കുകയാണ്.

കേസില്‍ എസ്‌ഐടി ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് എല്ലാവര്‍ക്കും സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണമായത്. ജനുവരി 14ന് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയ ശങ്കരദാസ് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും പ്രതിയാണ് ശങ്കരദാസ്.

ശബരിമല സ്വര്‍ണ കേസില്‍ 13 പ്രതികളില്‍ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. അതില്‍ ഒമ്പത് പേര്‍ക്ക് സ്വഭാവിക ജാമ്യവും രണ്ട് പേര്‍ക്ക് റിമാന്‍ഡ് കാലയളവില്‍ തന്നെ ജാമ്യവും ലഭിച്ചു. റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായി സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കപ്പെട്ടത്.

ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീ സിഡിഎസ് 2026 വിഷു വിപണന മേളയുടെ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീ സിഡിഎസ് 2026 വിഷു വിപണന മേളയുടെ ഉദ്ഘാടനം നടന്നു

തിരുവനന്തപുരം ജില്ലാമിഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീ സിഡിഎസ് 2026 വിഷു വിപണന മേളയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എം പ്രദീപ് നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ഗിരിജ, വൈസ് ചെയർപേഴ്സൺ മിനി, മറ്റു സി. ഡി. എസ് അംഗങ്ങൾ, അക്കൗണ്ടന്റ്, എം. ഇ. സി എന്നിവർ പങ്കെടുത്തു.

മാലിന്യക്കൂമ്പാരത്തിനിടയിൽ തിളങ്ങിയത് രണ്ട് പവൻ സ്വർണം! ആ സത്യസന്ധതയ്ക്ക് മുന്നിൽ നാട് കൈയ്യടിക്കുന്നു

മാലിന്യക്കൂമ്പാരത്തിനിടയിൽ തിളങ്ങിയത് രണ്ട് പവൻ സ്വർണം! ആ സത്യസന്ധതയ്ക്ക് മുന്നിൽ നാട് കൈയ്യടിക്കുന്നു

ചുട്ടുപൊള്ളുന്ന വെയിലും കോരിച്ചൊരിയുന്ന മഴയും വകവെക്കാതെ നമ്മുടെ വീടുകളിൽ എത്തി മാലിന്യം ശേഖരിക്കുന്നവരാണ് ഹരിതകർമസേനാംഗങ്ങൾ. പാലക്കാട് വാണിയംകുളം പഞ്ചായത്തിലെ ത്രാങ്ങാലി പ്രദേശത്ത് മാലിന്യം തരംതിരിക്കുന്നതിനിടയിലാണ് പ്രിയ, ഷീജ, വിജയലക്ഷ്മി എന്നിവർക്ക് ഒരു സ്വർണമാല ലഭിച്ചത്.

ഞാറയ്ക്കൽ മാധവൻ്റെ വീട്ടിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾക്കിടയിലായിരുന്നു അശ്വതി എന്ന യുവതിയുടെ രണ്ട് പവൻ തൂക്കം വരുന്ന മാല ഉണ്ടായിരുന്നത്. ഒട്ടും വൈകിപ്പിക്കാതെ തന്നെ അവർ വീട്ടുടമസ്ഥരെ വിവരമറിയിക്കുകയും നിറഞ്ഞ പുഞ്ചിരിയോടെ മാല തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഹരിതകർമസേനാംഗങ്ങളുടെ ഈ മാതൃകാപരമായ പ്രവർത്തിയിൽ സന്തോഷം പ്രകടിപ്പിച്ച വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ അവരെ പൊന്നാടയണിയിച്ച് ആദരിച്ചു. സത്യസന്ധതയ്ക്ക് ഇപ്പോഴും വിലയുണ്ടെന്ന് തെളിയിച്ച ഈ സഹോദരിമാർക്ക് നമുക്കും നൽകാം ഒരു ബിഗ് സല്യൂട്ട്!