by Midhun HP News | Feb 11, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവും പുറത്തേക്ക്. പ്രതി സമര്‍പ്പിച്ച സ്വാഭാവിക ജാമ്യ ഹര്‍ജിയില്‍ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എന്‍ വാസു.

റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യം തേടിയത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. വിവേചനം കാണിക്കാന്‍ പറ്റില്ലെന്നും ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയുമെന്നുമാണ് ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി വ്യക്തമാക്കിയത്. ഇതുവരെ നാലു പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായ മുന്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് മൂന്‍കൂര്‍ ജാമ്യം വേണമെന്നാണ് ആവശ്യം. ജയശ്രീയുടെ അറസ്റ്റ് നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്. തന്ത്രി കണ്ഠരര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹര്‍ജികളില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ഈ മാസം 18 നാണ് വിധി പറയുന്നത്.

by Midhun HP News | Feb 11, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലേബര്‍ കോഡുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര നിയമങ്ങള്‍ക്കെതിരെ വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ കേരളം സ്തംഭിക്കുമെന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്.
ബുധനാഴ്ച അര്‍ധരാത്രി 12ന് ആരംഭിക്കുന്ന പണിമുടക്ക് വ്യാഴം രാത്രി പന്ത്രണ്ടുവരെ തുടരും. പണിമുടക്കിന്റെ ഭാഗമായി രാജ്യമെമ്പാടും ആയിരത്തിലധികം കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും. സംസ്ഥാനത്ത് അഞ്ഞൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും റാലികളും സംഘടിപ്പിക്കും. തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക എന്നതിനു പുറമെ, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി – വിത്ത് ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.

പണിമുടക്കിന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. അധ്യാപക – വിദ്യാര്‍ഥി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കാനാണ് സാധ്യത. കര്‍ഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്.
തൊഴിലുകള്‍ നിര്‍ത്തിവച്ചും കടകമ്പോളങ്ങള്‍ അടച്ചും യാത്രകള്‍ ഒഴിവാക്കിയും വാഹനങ്ങള്‍ റോഡിലിറക്കാതെയും എല്ലാവരും സഹകരിക്കണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. അധ്യാപകര്‍ക്ക് പുറമെ കേന്ദ്ര – സംസ്ഥാന ജീവനക്കാരും, ഇന്‍ഷുറന്‍സ്, പ്രതിരോധ ജീവനക്കാരും വിവിധ ഫെഡറേഷനുകളും മഹിളാ – യുവജന – വിദ്യാര്‍ഥി സംഘടനകളും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പണിമുടക്കിന് മുന്നോടിയായി തൊഴിലുടമകള്‍ക്ക് ട്രേഡ് യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

by Midhun HP News | Feb 10, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് 2026- 27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചരിത്രത്തില്‍ ആദ്യമായാണ് സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു.
79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നാണ് മന്ത്രി അറിയിച്ചത്. ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. അടുത്ത അധ്യായന വര്‍ഷത്തിന് മൂന്നുമാസം മുമ്പാണ് പുസ്തകമെത്തുന്നത്. സൗജന്യ യൂണിഫോമും മൂന്നുമാസം മുമ്പ് വിതരണം ചെയ്യും. യൂണിഫോമിനുള്ള കേന്ദ്ര ഫണ്ട് ലഭ്യമായിട്ടില്ലെന്നും എങ്കിലും സംസ്ഥാന സര്‍ക്കാര്‍ യൂണിഫോം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളുടെ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകമാണ് വിതരണം ചെയ്യുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ പതിനൊന്നാം ക്ലാസിന് പുതിയ പാഠപുസ്തകം ലഭ്യമാക്കും. 15 വര്‍ഷത്തിനുശേഷമാണ് ഹയര്‍ സെക്രട്ടറി തലത്തില്‍ പാഠപുസ്തകം പരിഷ്‌കരിക്കുന്നത്. SCERT പാഠപുസ്തകങ്ങളാണ് പരിഷ്‌കരിച്ചത്. NCERT യുടെ പുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് ആലോചന പിന്നീടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


by Midhun HP News | Feb 10, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണ്മാനില്ല. ആറ്റിങ്ങൽ ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചൽ എന്നീ വിദ്യാർത്ഥിനികളെയാണ് രാവിലെ മുതൽ കാണാതായത്. സ്കൂളിലേക്ക് പോകാനായാണ് വിദ്യാർത്ഥിനികൾ വീട്ടിൽനിന്നും ഇറങ്ങിയത്.
ചിറയിൻകീഴ്, വക്കം സ്വദേശിനികളാണ് രണ്ടുപേരും. സ്കൂൾ യൂണിഫോമിലാണ് പോയിട്ടുള്ളത്. ആറ്റിങ്ങൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
by Midhun HP News | Feb 10, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ എംസിഎഫ് തീപിടിച്ച് നശിച്ചു. ആറ്റിങ്ങൽ നഗരസഭ ആറാം വാർഡ് തച്ചൂർ കുന്നിലെ ഹരിത കർമ്മ സേനയുടെ എംസിഎഫിനാണ് കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെ തീപിടിച്ചത്. സംഭവം അറിഞ്ഞു ഓടിക്കൂടിയ നാട്ടുകാരും ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർഫോഴ്സും തീ നിതന്ത്രണ വിധേയമാക്കി. തീപിടുത്തത്തിന് കാരണം വ്യക്തമല്ല.


by Midhun HP News | Feb 10, 2026 | Latest News, ജില്ലാ വാർത്ത
തിരു: ഫെബ്രുവരി 10 മുതൽ 15 വരെ വർക്കല ആർട്ട് ഫെസ്റ്റിവൽ വർക്കല ക്ലിഫിലെ സൺ വ്യൂ ബീച്ച് റിസോർട്ടിൽ നടക്കുന്ന വർക്കല 2026 കലാ മാമങ്കം കലാസ്നേഹികൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കാൻ ഒരുങ്ങുന്നു. ദി ആർട്ടിസ്റ്റ് ഗ്രൂപ്പ് – ബൈ രഹന സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ, ചിത്രകലയും സംസ്കാരവും ഒരുമിക്കുന്ന വേദിയാകുന്നു.
ഫെബ്രുവരി 10-ന് വൈകിട്ട് 4.30-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് വർക്കല എം.എൽ.എ ശ്രീ. വി. ജോയ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരം മീനാക്ഷി മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വി. പ്രിയദർശിനി ദീപം തെളിക്കും. പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും.
വർക്കല മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് കുമാർ, ചലച്ചിത്ര അഭിനേതാവും സംവിധായകനുമായ ജയൻ വി. പോറ്റി, എന്നിവർ സംസാരിക്കും. ആർട്ട് ഫെസ്റ്റിവൽ ക്യൂറേറ്റർ രഹന സ്വാഗത പ്രസംഗം നടത്തും.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കലാകാരൻമാർ പങ്കെടുക്കുന്ന ഫെസ്റ്റിവലിൽ, പെയിന്റിംഗ്, മിക്സ്ഡ് മീഡിയ, സ്റ്റോൺ ആർട്ട് തുടങ്ങിയ വിവിധ കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്നു. എല്ലാ ദിവസവും 6 മണി മുതൽ വിവിധ കലാപരിപാടികൾ നടക്കും. വർക്കലയുടെ പ്രകൃതിസൗന്ദര്യത്തിനൊപ്പം കലയുടെ നിറങ്ങൾ ചേർന്ന ഈ ഫെസ്റ്റിവൽ, സന്ദർശകർക്കു ഒരു ദൃശ്യവിരുന്നായിരിക്കും.


Recent Comments