by Midhun HP News | Jul 22, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കടയ്ക്കാവൂരിൽ യുവതിയെ റോഡിൽ വെട്ടി വീഴ്ത്തിയ കേസിൽ പ്രതി പിടിയിൽ. ആക്രമണത്തിന് ഇരയായ കടയ്ക്കാവൂർ വയൽത്തിട്ട വീട്ടിൽ വിജിയുടെ ഭർത്താവ് അനു (38) ആണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് കേസ്നസ്പദമായ സംഭവം. കടയ്ക്കാവൂർ ചെക്കാല വിളാകം ജംഗ്ഷന് സമീപം ഇട റോഡിൽ വിജിയുടെ ഭർത്താവ് അനു ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപ വീട്ടുകാർ ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ച് നിലയിൽ യുവതി റോഡിൽ കിടക്കുന്നതാണ് കണ്ടത്. യുവാവ് നാട്ടുകാരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. നാട്ടുകാരാണ് പോലീസിൽ വിവരം അറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തുമ്പോൾ ഒരു കൈ മുട്ടിന് സമീപത്ത് വെട്ടേറ്റ് തൂങ്ങിയ നിലയിലും മറ്റൊരു കയ്യുടെ കൈപ്പത്തി ശരീരത്തിൽ നിന്ന് വിട്ട് മാറിയ നിലയിലും ആയിരുന്നു. ശരീരത്തിൽ ആഴത്തിൽ ഉള്ള വെട്ടേറ്റിട്ടുണ്ട്. ഉടൻതന്നെ പ്രാഥമിക ചികിത്സ നൽകി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു. ശരീരത്തിൽ നിന്ന് വിട്ട് മാറിയ കൈപ്പത്തി വൃത്തിയാക്കി പ്രത്യേകം ബോക്സിൽ ആണ് രോഗിക്ക് ഒപ്പം അയച്ചത്.
തലയ്ക്ക് നേരെ ഉണ്ടായ ആക്രമണം തടുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്ക് വെട്ടേൽക്കുക ആയിരുന്നു. അപ്പോൽ തന്നെ പ്രതിയെ പിടികൂടാൻ കടയ്ക്കാവൂര് പോലീസ് ശ്രമം തുടങ്ങി. മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിൽ എടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. ഒരു വർഷം മുമ്പും സമാനരീതിയിൽ കൂടെ താമസിക്കുന്ന ഈ യുവാവിൽ നിന്നും വിജിക്ക് ആക്രമണം ഏൽക്കേണ്ടി വന്നിരുന്നു. അന്നും അനു അറസ്റ്റിൽ ആയിരുന്നു.
by Midhun HP News | Jul 22, 2026 | Latest News, ജില്ലാ വാർത്ത
വെമ്പായം ബാറിൽ മദ്യപിക്കാൻ എത്തിയവർ തമ്മിൽ അടിപിടിയും തുടർന്ന് തീവയ്പ്‌പും ഉണ്ടായ സംഭവത്തിൽ തീയിട്ട യുവാവും മരിച്ചു. പോത്തൻകോട് നന്നാട്ടുകാവ് മുണ്ടക്കൽ ഹൗസിൽ അനീഷ് (32) ആണ് മരിച്ചത്. തീവെപ്പിൽ 80 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര കുട്ടതട്ടി നവാസ് മൻസിലിൽ നവാസ് (35) ചൊവ്വാഴ്ച ഉച്ചയ്ക്ക് മരിച്ചിരുന്നു. ഇവരെ കൂടാതെ ഇരിഞ്ചയം സ്വദേശി അരുൺ (36), വെമ്പായം സ്വദേശികളായ നൗഫൽ(32), റിയാസ് എന്നിവർക്കാണ് പൊള്ളലേറ്റത്. അരുൺ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി 9.30-ന് വെമ്പായം ജങ്ഷനിൽ പ്രവർത്തിക്കുന്ന വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസി ബാറിൽവെച്ചായിരുന്നു സംഭവം. നവാസ്, നൗഫൽ അരുൺ എന്നിവർ ഉൾപ്പെടുന്ന ആറംഗ സംഘം ബാറിലെ എസി ഹാളിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഈസമയം ഇവിടെയെത്തിയ ഇവരുടെ പരിചയക്കാരനായ അനീഷ് ഇവർക്കൊപ്പമിരുന്ന് മദ്യപിച്ചു. കുറച്ചുസമയത്തിനുശേഷം ഇവർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഉന്തുംതള്ളും ഉണ്ടാവുകയും ചെയ്തു. തുടർന്ന് അനീഷ് പുറത്തേക്ക് പോയി.
അരമണിക്കൂറിന് ശേഷം അനീഷ് കന്നാസിൽ പെട്രോളുമായി ബാറിലേക്ക് എത്തുകയും തുടർന്ന് ഇവർ തമ്മിൽ പിടിവലി നടക്കുകയും ചെയ്തു. ഇതിനിടയിൽ അനീഷ് കൈയിൽ ഇരുന്ന പെട്രോൾ മറ്റുള്ളവരുടെ പുറത്തേക്ക് ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീകൊടുത്തു.
പെട്രോൾ ഇവരുടെ പുറത്തേക്ക് ഒഴിച്ച് തീ കത്തിക്കുന്നിടയിൽ അനീഷിന്റെ പുറത്തേക്കും തീ പടർന്ന് പിടിച്ചു. അനീഷ് പെട്രോൾ ഒഴിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോളാണ് അടുത്ത ടേബിളിൽ ഇരുന്ന റിയാസിന് പൊള്ളലേറ്റത്. ബാറിലേക്ക് പെട്രോളുമായി എത്തുന്ന അനീഷ് മൂന്നുവട്ടം നിലത്ത് വീഴുന്നതും സിസിടിവിയിൽ കാണാം. വെമ്പായത്തിന് സമീപത്തായി രണ്ട് പെട്രോൾ പമ്പുകൾഉണ്ട്. ഇതിൽ എവിടെനിന്നെങ്കിലും ആവാം പെട്രോൾ വാങ്ങിയത് എന്നാണ് പോലീസിന്റെ നിഗമനം.
സംഭവം നടക്കുന്ന സമയത്ത് മുപ്പതോളംപേർ ബാറിനുള്ളിൽ ഉണ്ടായിരുന്നു. തീ പടർന്നതോടെ ബാറിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. എസി ബാറിനകത്ത് ഉണ്ടായിരുന്ന മേശ, കസേര, എസി, ഫാൻ തുടങ്ങിയവ പൂർണമായും കത്തിനശിച്ചു.
by Midhun HP News | Jul 21, 2026 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി:നീറ്റ് പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ ജയിലില്‍ അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തിലാണ് മോദിയുടെ പരാമര്‍ശം. വിദ്യാര്‍ഥികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പരീക്ഷകളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
പരീക്ഷയിലെ ക്രമക്കേടിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവിയെ തകര്‍ക്കുന്നതൊന്നും സര്‍ക്കാര്‍ അനുവദിക്കില്ല. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുമെന്നും അവരെ ജയിലിലടയ്ക്കുമെന്നും മോദി പറഞ്ഞു.
എന്‍ഡിഎയോഗത്തില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ച ചെയ്തതായി പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. അതേസമയം, ജന്തര്‍ മന്തറില്‍ നേരിട്ടെത്തി ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിജെപി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാര്‍ക്കോ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കോ പൊലീസിനോ ചര്‍ച്ചയില്‍ പങ്കെടുക്കാം. നേരത്തെ കേന്ദ്രമന്ത്രി ജെപി നഡ്ഡയുമായി സിജെപി പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ നഡ്ഡയുമായുള്ള ചര്‍ച്ച വെറുതെ സമയം കളഞ്ഞെന്നും കൂടിയാലോചന നടത്തി തീരുമാനം പറയാമെന്നു പറഞ്ഞ് നഡ്ഡ കബളിപ്പിച്ചെന്നും സിജെപി ആരോപിച്ചു. സമരം അവസാനിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ അഭ്യര്‍ഥന. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പിന്മാറില്ലെന്നു സിജെപി നേതാക്കള്‍ വ്യക്തമാക്കി.
by Midhun HP News | Jul 21, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് കൂട്ടപിരിച്ചുവിടലിന് വിധേയമാക്കപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നൽകാൻ തീരുമാനം. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് അനക്സ് ഹാളിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഇതോടെ നേരത്തെ നൽകിയ രണ്ട് മാസത്തേത് ഉൾപ്പെടെ ഏഴുമാസത്തെ ശമ്പളം ജീവനക്കാർക്ക് ലഭിക്കും. ഈ മാസം 26ന് മുൻപ് തന്നെ ഉറപ്പുനൽകിയ തുക കമ്പനി കൈമാറുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് മറ്റ് ഇടങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്നതിന് വേണ്ട എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിംഗ് ലെറ്റർ ഉൾപ്പെടെയുള്ള മറ്റ് രേഖകളും നൽകുമെന്നും മന്ത്രി പറഞ്ഞു. കോറോ ഹെൽത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് മനുഷ്യത്വ രഹിതമായ നടപടിയായിരുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ ചർച്ചയിൽ പറഞ്ഞു.
കോറോയുടെ അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ച് മുഴുവൻ ജീവനക്കാർക്കും തൊഴിൽ ഉറപ്പാക്കണം എന്ന നിർദ്ദേശം മന്ത്രി മുന്നോട്ടുവച്ചു. കമ്പനി തുറന്നു പ്രവർത്തിക്കുന്നതിന് വേണ്ട സഹായവും ഉറപ്പു നൽകി. എന്നാൽ കേരളത്തിലെ പ്രവർത്തനവുമായി മുന്നോട്ടു പോകാൻ കമ്പനിയുടെ സാങ്കേതിക കാരണങ്ങൾ മൂലം കഴിയില്ല എന്ന് കോറോ ഹെൽത്ത് ഇന്ത്യ ഹെഡ് യോഗത്തിൽ അറിയിച്ചു. തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണ ജീവനക്കാരുടെ പ്രതിനിധികളുമായും, തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും സംസാരിച്ച് ഒത്തുതീർപ്പ് ധാരണ തയ്യാറാക്കി കമ്പനി അധികൃതരെ അറിയിച്ചു.
മുൻകൂട്ടി നോട്ടീസ് നൽകാതെ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ചർച്ചകൾക്ക് ഒടുവിൽ നിലവിൽ കമ്പനി നൽകിയ രണ്ട് മാസം കൂടാതെ അഞ്ച് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂടി ജീവനക്കാർക്ക് നൽകണമെന്ന മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശം കോറോ ഹെൽത്ത് അധികൃതർ അംഗീകരിച്ചു. ഇതിന്റെ ഭാഗമായി ത്രികക്ഷി ധാരണ പത്രവും തയ്യാറാക്കി.
അഡീഷണൽ ലേബർ കമ്മീഷണർ, കോറോ ഹെൽത്തിന്റെ ഔദ്യോഗിക പ്രതിനിധി, തൊഴിലാളികളുടെ പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് ധാരണപത്രം ഉണ്ടാക്കിയത്. മന്ത്രി ബിന്ദു കൃഷ്ണ നടത്തിയ ചർച്ചയിലെ തീരുമാനത്തിൽ ജോലി നഷ്ടപ്പെട്ട ജീവനക്കാർ സംതൃപ്തി അറിയിച്ചു. കിട്ടാവുന്നതിൽ ഏറ്റവും നല്ല പരിഹാരമാണ് മന്ത്രിയുടെ നേതൃത്വത്തിൽ ലഭ്യമാക്കിയത് എന്ന് ജീവനക്കാർ പറഞ്ഞു. കോറോ ഹെൽത്തിൽ നിന്ന് ജോലി നഷ്ടപ്പെട്ടവർക്ക് മറ്റിടങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ കഴിയുമോ എന്നത് സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
by Midhun HP News | Jul 20, 2026 | Latest News, ജില്ലാ വാർത്ത
നീണ്ട 9 മാസത്തെ ഇടവേളയ്ക്ക് ശേഷം പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ പ്രവർത്തനവും ടിക്കറ്റ് വിതരണവും പുനരാരംഭിച്ചു.
പുതിയ ഹാൾട്ട് ഏജന്റ് (സ്റ്റേഷൻ മാസ്റ്റർ) ആയി അശ്വതി സനോജ് ചുമതലയേറ്റു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് രഞ്ജിത്ത് ലാൽ ബ്ലോക്ക് മെമ്പർ സുനിൽ ശങ്കർ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പ്രജിത മെമ്പർമാരായ ലാലു ശാലിനി തുടങ്ങിയവരും മറ്റ് പൗര പ്രമുഖരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് സന്തോഷം പങ്കിട്ടു.
സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിക്കുവാൻ നേതൃത്വം നൽകിയ പഞ്ചായത്ത് ഭരണസമിതിക്കും എല്ലാ പിന്തുണയും നൽകിയ രാജീവ് ചന്ദ്രശേഖർ എംഎൽഎ ഉൾപ്പെടെയുള്ള സംഘടന നേതാക്കൾക്കും ഒപ്പം നിന്ന് പ്രവർത്തിച്ച ഇന്നാട്ടിലെ മുഴുവൻ സജ്ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
by Midhun HP News | Jul 20, 2026 | Latest News, ജില്ലാ വാർത്ത
ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സാമൂഹ്യസേവന സംഘടനയായ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന “ഡോക്ടേഴ്സ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്–2026” ജേതാക്കൾക്ക് അവർഡുകൾ നൽകി.
ആരോഗ്യരംഗത്ത് നിസ്വാർത്ഥമായും ധാർമ്മികമായും മാതൃകാപരമായ സേവനം അനുഷ്ഠിക്കുകയും, സാമൂഹിക പ്രതിബദ്ധതയോടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകുകയും ചെയ്ത പത്മശ്രീ ഡോ. ജെ. ഹരീന്ദ്രൻ നായർ, ഡോ. കെ. പി. അയ്യപ്പൻ, ഡോ. സാഗർ തങ്കച്ചൻ എന്നിവരെയാണ് ഈ വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്.
ഡിസ്ട്രിക്ട് ഗവർണർ ലയൺ എൻജിനീയർ വി. അനിൽ കുമാർ, ലയൺ ഡോ. പി. രാധാകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജില്ലാ കോർ കമ്മിറ്റിയാണ് ദീർഘകാല ആതുരസേവനം, സാമൂഹ്യസേവനം, ലയൺസ് ക്ലബുമായി ചേർന്ന് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
അവാർഡ് സമർപ്പണച്ചടങ്ങ് തിരുവനന്തപുരം ഐ.എം.എ. ഹാളിലാണ് നടന്നത്. ഡിസ്ട്രിക് ട് ഗവർണർ Lion V. അനിൽ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൻ്റ ഉദ്ഘാടനവും അവാർഡു ദാനവും കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ നിർവ്വഹിച്ചു. ലയൺ നേതാക്കന്മാരും പ്രശസ്ത ഡോകടർമാരും സംബന്ധിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് ഡോ. രാധാകൃഷ്ണൻ നായർ രചിച്ച പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.

Recent Comments