കണിയാപുരത്ത് വീട്ടിലും ക്ഷേത്രത്തിലും കവർച്ച

കണിയാപുരത്ത് വീട്ടിലും ക്ഷേത്രത്തിലും കവർച്ച

കണിയാപുരത്തെ വീട്ടിലും ക്ഷേത്രത്തിലും കവർച്ച നടത്തി സ്വർണവും പണവും മോഷ്ടിച്ചതായി പരാതി. കണിയാപുരം കോണത്ത് കേദാരം വീട്ടിൽ മധുസൂദനൻ നായരുടെ വീടിന്റെ വാതിൽ പൊളിച്ചായിരുന്നു കവർച്ച.

കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവനോളം വരുന്ന ആഭരണങ്ങളും ഭാര്യയുടെ ശസ്ത്രക്രിയയ്ക്കായി സൂക്ഷിച്ചിരുന്ന 35,000 രൂപയുമാണ് മോഷ്ടിച്ചത്. മധുസൂദനൻ നായരും ഭാര്യയും ഞായറാഴ്ച മകന്റെ വീട്ടിൽ പോയിരുന്നതിനാൽ വീട്ടിൽ ആരുമില്ലായിരുന്നു. രാത്രിയിൽ ശബ്ദം കേട്ട് അയൽക്കാരാണ് വീട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്.

പൊലീസെത്തിപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപെട്ടു.ഇവിടെ നിന്നും അധികം ദൂരത്തല്ലാത്ത കണ്ടൽ ഭഗവതി ക്ഷേത്രത്തിലും മോഷണം നടത്തിയതായി പരാതി. ക്ഷേത്രം ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചി കവർന്നു. ഒരു മാസത്തെ വരുമാനമാണ് കാണിക്കയിലുണ്ടായിരുന്നത്. മംഗലപുരം പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

കാട്ടാക്കട പോക്സോ കോടതിയിലെ തീപിടിത്തം:  അന്വേഷണം പുരോഗമിക്കുന്നു

കാട്ടാക്കട പോക്സോ കോടതിയിലെ തീപിടിത്തം:  അന്വേഷണം പുരോഗമിക്കുന്നു

കാട്ടാക്കട പോക്സോ കോടതിയിലെ തീപിടിത്തത്തിൽ അട്ടിമറി സാധ്യത തള്ളാതെ പൊലീസ്. തീപിടിത്തത്തിൽ കോടതിയിലെ ഫയലുകളും തൊണ്ടിമുതലുകളും കത്തിനശിച്ചിട്ടുണ്ട്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ അട്ടിമറി സാധ്യത ഉണ്ടോ എന്ന് പറയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു കാട്ടാക്കട പോക്സോ കോടതിയിലെ തീപിടിത്തമിണ്ടായത്.

കോടതിയുടെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന മുറിയിൽനിന്നാണ് തീ പടർന്നത്. കോടതിയിലെ തീപിടിത്ത വിവരമറിഞ്ഞ് ജഡ്‌ജി എസ്. രമേഷ്കുമാർ രാത്രി തന്നെ സ്ഥലത്തെത്തി കോടതിരേഖകളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള നിർദേശങ്ങൾ നൽകിയിരുന്നു. കാട്ടാക്കട ബസ് ഡിപ്പോയ്ക്ക് എതിർവശമുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി പ്രവർത്തിക്കുന്നത്.

ഡയറ്റ് സ്‌കൂളിലെ പുതിയ ബസ് ഉദ്ഘാടനം ചെയ്തു

ഡയറ്റ് സ്‌കൂളിലെ പുതിയ ബസ് ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങല്‍: ഡയറ്റ് സ്‌കൂളിലെ പുതിയ ബസ് എ.എ.റഹീം എം.പി. ഉദ്ഘാടനം ചെയ്തു. എം.പി.യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് സ്‌കൂളിലേക്ക് പുതിയ ബസ് വാങ്ങി നല്കിയത്.

ഒ.എസ്.അംബിക എം.എല്‍.എ. അധ്യക്ഷയായി. നഗരസഭാധ്യക്ഷ എസ്.കുമാരി, വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷ എസ്.ഗിരിജ, കൗണ്‍സിലര്‍ ജി.എസ്.ബിനു, എസ്.എം.സി. ചെയര്‍മാന്‍ ബി.ശ്രീകുമാര്‍, എം.സുധീര്‍, പ്രിന്‍സിപ്പാള്‍ ഗീതാനായര്‍, സ്‌കൂള്‍ ചുമതലയുള്ള വി.എസ്.സിന്ധു എന്നിവര്‍ പങ്കെടുത്തു.

ചെയർമാനെ ‘പുറത്താക്കി’, ഇനി ചെയർപേഴ്സൺ മാത്രം; തീരുമാനവുമായി ഭരണപരിഷ്‌ക്കാരവകുപ്പ്

ചെയർമാനെ ‘പുറത്താക്കി’, ഇനി ചെയർപേഴ്സൺ മാത്രം; തീരുമാനവുമായി ഭരണപരിഷ്‌ക്കാരവകുപ്പ്

തിരുവനന്തപുരം: ഇനിമുതൽ ഒരിടത്തും ചെയർമാൻ ഇല്ല, ചെയർപേഴ്സൺ മാത്രമാകും ഉണ്ടാവുക. ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനും ലിംഗ വിവേചനം ഒഴിവാക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന തുടർച്ചയായ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ഉദ്യോഗസ്ഥ ഭരണപരിഷ്കാര (മാതൃഭാഷ) വകുപ്പാണ് ചെയർമാൻ എന്ന പദം ഒഴിവാക്കി ചെയർപേഴ്സൺ ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു കൊണ്ട് കഴിഞ്ഞദിവസം സർക്കുലർ പുറത്തിറക്കിയത്. ഇക്കാര്യത്തിന് നിയോഗിച്ച ഭാഷ വിദഗ്ധരുടെ സമിതിയുടെ ശുപാർശ പ്രകാരമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ലിംഗ സമത്വം ഉറപ്പാക്കുന്നതിന് വേണ്ടി ലിംഗ നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശം വളരെ മുൻപുതന്നെ ഉയർന്നുവന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ വനിതകളായിരുന്നു പ്രധാനമായും ഈ ആവശ്യം മുന്നോട്ടുവച്ചത്.

ഭരണതലത്തിൽ ലിംഗ നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സർക്കാർ അപേക്ഷ ഫോമുകളിൽ അപേക്ഷകൻ എന്നത് മാത്രം ഉണ്ടായിരുന്നത് മാറ്റി അപേക്ഷക എന്നുകൂടി ചേർക്കണമെന്ന നിർദ്ദേശം വളരെ മുൻപുതന്നെ സർക്കാർ പുറത്തിറക്കിയിരുന്നു. അതുപോലെ സർക്കാറിന് സമർപ്പിക്കുന്ന അപേക്ഷ ഫോമുകളിൽ അവൻ/ അവൻ്റെ എന്നതിന് ഒപ്പം അവൾ/അവളുടെ എന്നുകൂടി ചേർക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഈ തീരുമാനത്തിന് അന്ന് വ്യാപകമായ സ്വീകാര്യത കിട്ടുകയുണ്ടായി. ഇതിൻ്റെ കൂടെ പശ്ചാത്തലത്തിലാണ് സർക്കാരിൻ്റെ പുതിയ തീരുമാനം.

ലിംഗ നിഷ്പക്ഷ പദങ്ങൾ ഭരണ തലത്തിൽ വ്യാപകമായി ഉപയോഗിക്കേണ്ടതാണെന്ന് സംസ്ഥാന സർക്കാരിന്റെ ജെൻഡർ കൺസൾട്ടൻ്റായ ടി കെ ആനന്ദി ചൂണ്ടിക്കാട്ടി. “ചെയർമാൻ എന്നതിനുപകരം ചെയർപേഴ്സൺ എന്ന് ഉപയോഗിക്കണമെന്ന് ആദ്യമായി ചൂണ്ടിക്കാണിച്ചത് തെരഞ്ഞെടുക്കപ്പെട്ട വനിത പ്രതിനിധികൾ തന്നെയാണ്. വനിതകൾ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ എത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോഴും പലയിടത്തും അവരെ ചെയർമാൻ എന്ന് തന്നെയാണ് എഴുതുന്നതും വിശേഷിപ്പിക്കുന്നതും. ഈ പശ്ചാത്തലത്തിലാണ് ചെയർപേഴ്സൺ എന്ന വാക്ക് ഉപയോഗിക്കണമെന്ന് അവർ ആവശ്യപ്പെട്ടത്.”

ഈ തീരുമാനത്തിന് തുടർച്ചയായി പോഷ് ആക്ട് ഉൾപ്പെടെയുള്ള നിലവിലെ നിയമങ്ങളിലും പുതുതായി വരുന്ന നിയമനിർമ്മാണങ്ങളിലും ലിംഗ നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കണമെന്ന് അവർ ചൂണ്ടിക്കാട്ടി.

“കഴിയുന്നിടത്തെല്ലാംഅവൻ/അവന്റെ എന്നതിനൊപ്പം അവൾ/അവളുടെ എന്നുകൂടി ചേർക്കണമെന്ന് തീരുമാനമെടുക്കാവുന്നതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ അവൻ/അവൻ്റെ എന്നതിനു മുൻപേ കൊടുക്കേണ്ടത് അവൾ/അവളുടെ എന്നീ പദങ്ങളാണ്. ഉദാഹരണത്തിന് ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമം. ഗാർഹിക തൊഴിലാളികളിൽ സിംഹഭാഗവും സ്ത്രീകളാണ്. സ്വാഭാവികമായും അവൻ/അവൾ എന്നതിനു പകരം അവൾ/അവൻ എന്നു കൊടുക്കുന്നതായിരിക്കും ഉചിതം. ഇക്കാര്യത്തിൽ സർക്കാർ നിയമ ഭേദഗതി കൊണ്ടുവരുന്നുണ്ട്,” ആനന്ദി പറഞ്ഞു.

ഭരണരംഗത്ത് ലിംഗ വിവേചനം ഒഴിവാക്കാനും ഔദ്യോഗിക ആശയവിനിമയങ്ങളിൽ ലിംഗ നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കാനും സർക്കാർ മുൻപുതന്നെ തീരുമാനിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് വ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരുന്നത്.

തീവ്ര ന്യൂനമര്‍ദം; വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

തീവ്ര ന്യൂനമര്‍ദം; വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ തീവ്രമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലും വ്യാഴാഴ്ചഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അതിശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ചപത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

നിപ: സമ്പര്‍ക്ക പട്ടികയില്‍ 609 പേര്‍, 38 പേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തില്‍, അഞ്ച് പേര്‍ ഐസൊലേഷനില്‍

നിപ: സമ്പര്‍ക്ക പട്ടികയില്‍ 609 പേര്‍, 38 പേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തില്‍, അഞ്ച് പേര്‍ ഐസൊലേഷനില്‍

തിരുവനന്തപുരം: പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേര്‍ ഉള്‍പ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളും ഫീവര്‍ സര്‍വൈലന്‍സും ശക്തമാക്കിയതായും മന്ത്രി അറിയിച്ചു.

വിവിധ ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 609 പേരാണ് ഉള്ളത്. അതില്‍ 112 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറം ജില്ലയില്‍ 207 പേരും പാലക്കാട് 286 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് എട്ട് പേരാണ് ഐസിയു ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയില്‍ ഇതുവരെ 72 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് അഞ്ച് പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 133 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മലപ്പുറം ജില്ലയില്‍ ഇതുവരെ 72 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.