by Midhun HP News | Jul 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ എട്ടു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
സംസ്ഥാനത്ത് ദിവസങ്ങള്‍ക്ക് ശേഷം കാലവര്‍ഷം വീണ്ടും സജീവമായിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും അലര്‍ട്ട് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്.
by Midhun HP News | Jul 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെടുമങ്ങാട് – വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. കൂശർകോട് സ്വദേശികളാണ് ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കാണ് അപകടം ഉണ്ടായത്. ആനാട് ഗ്രാമപഞ്ചായത്തിന്‍റെ നീന്തൽ പരിശീലന കുളത്തിലാണ് അപകടം ഉണ്ടായത്. രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തൽ പരിശീലനം നടത്തുക. എന്നാല്‍ ഉച്ചയോടെ കുട്ടികളെത്തി കുളത്തില്‍ ഇറങ്ങുകയുമായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികൾ മതിൽ ചാടിയാണ് നീന്തൽ കുളത്തിലെത്തിയതെന്ന് ജില്ലാ പഞ്ചായത്ത് മുൻ അംഗം ആനാട് ജയൻ പറഞ്ഞു.
by Midhun HP News | Jul 12, 2025 | Latest News, ജില്ലാ വാർത്ത
ഒരു മാസം മുൻപ് തിരുവനന്തപുരം എസ് എ ടി ഹോസ്പിറ്റലിൽ സ്വന്തം മകളുടെ ചികിൽസക്കായി ചെന്നപ്പോൾ ഹോസ്പിറ്റലിനു സമീപമുള്ള മരകൊമ്പ് തലക്ക് വീണ് ഗുരുതര പരുക്ക് പറ്റിയിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽചികിത്സയിൽ കഴിയുകയായിരുന്നു. പരവൂർ നെടുങ്ങോലം സ്വദേശിയായ സുനിലാണ് മരണപ്പെട്ടത്.
by Midhun HP News | Jul 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങി കേരള സിലബസുകാര്‍. പുതിയ ഫോര്‍മുല അനുസരിച്ച് തയ്യാറാക്കിയ കീം റാങ്ക് പട്ടികയാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെയ്ക്കുകയും ചെയ്തു. കീമില്‍ ഇനി നിയമയുദ്ധം വേണ്ടെന്നു തീരുമാനിച്ച് പഴയ രീതിയനുസരിച്ച് കഴിഞ്ഞ ദിവസം പുതുക്കിയ റാങ്ക് പട്ടിക സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ തോറ്റു കൊടുക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് ‘കീമില്‍ ഞങ്ങള്‍ക്ക് നീതി വേണം’ എന്ന പേരില്‍ എന്‍ജിനിയറിങ് റാങ്ക്പട്ടികയിലുള്ള ഒരു കൂട്ടം വിദ്യാര്‍ഥികള്‍ വാട്‌സ്ആപ്പ് കൂട്ടായ്മയും രൂപവത്കരിച്ചു.
ഗ്രൂപ്പ് ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ ആയിരത്തിലേറെപ്പേരാണ് ഇതില്‍ അംഗങ്ങളായത്. സാമൂഹിക മാധ്യമങ്ങള്‍ വഴി കൂടുതല്‍ പിന്തുണ നേടിയെടുക്കാനാണ് ശ്രമം. കേരള സിലബസുകാരുടെ വേദനയും പ്രതീക്ഷയും മന്ത്രിമാരായ ആര്‍ ബിന്ദുവിനെയും വി ശിവന്‍കുട്ടിയെയും അറിയിക്കാന്‍ എല്ലാ സാധ്യതകളും തേടണമെന്നാണ് അംഗങ്ങളോട് ഗ്രൂപ്പ് അഡ്മിന്‍ അജാസിന്റെ അഭ്യര്‍ഥന.
അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാഷ്ട്രീയക്കാരെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രവും ആവിഷ്‌കരിക്കും. ഇപ്പോഴത്തെ റാങ്ക്പട്ടികയിലുള്ള മിക്കവര്‍ക്കും അടുത്തവര്‍ഷം 18 വയസ്സാവും. വോട്ടവകാശം ലഭിക്കും. കഴിഞ്ഞവര്‍ഷവും ഇത്തവണയും രണ്ടുലക്ഷം പേര്‍ വീതം കീം പരീക്ഷയെഴുതി. അടുത്തവര്‍ഷവും രണ്ടുലക്ഷംപേര്‍ എഴുതും. ഇത്രയുംപേര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമൊക്കെ വോട്ടുണ്ടെന്നും ആ സാധ്യത ഒരു സമ്മര്‍ദമാക്കണമെന്നുമാണ് ആഹ്വാനം. അതിനാല്‍, വിദ്യാര്‍ഥി-യുവജന സംഘടനാ നേതാക്കളെയും എംഎല്‍എമാരെയും എംപിമാരെയുമൊക്കെ സമീപിച്ച് സമ്മര്‍ദം ചെലുത്താനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. പുതിയ ഫോര്‍മുലയനുസരിച്ചുള്ള കീം റാങ്ക്പട്ടിക റദ്ദാക്കപ്പെട്ടപ്പോള്‍, പരാതിയുള്ളവര്‍ക്ക് മേല്‍ക്കോടതിയില്‍ പോവാമെന്നായിരുന്നു മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രതികരണം.
പ്രവേശന നടപടികള്‍ ആരംഭിക്കുന്നത് കേസിനെ ബാധിക്കുമെന്നതിനാല്‍, അത് ഒരാഴ്ചയെങ്കിലും വൈകിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് അഭ്യര്‍ഥന. നിയമയുദ്ധത്തില്‍, കീം പട്ടികയില്‍ യോഗ്യത നേടിയ 48,000 പേരുടെയും പിന്തുണ തേടാനാണ് വിദ്യാര്‍ഥികളുടെ ശ്രമം.
by Midhun HP News | Jul 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നിലെത്തിയ അമിത് ഷാ ആദ്യം പാര്‍ട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ കണിക്കൊന്നയുടെ തൈ നട്ടു . തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സംഘടനയുടെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാദ്ധ്യായയുടെയും വെങ്കല പ്രതിമകൾക്ക് മുന്നിൽ നിലവിളക്കു കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.
തുടർന്ന്ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ അര്‍ധകായ വെങ്കലപ്രതിമ അമിത് ഷാ അനാച്ഛാദനം ചെയ്തു. ദേശീയ- സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ പ്രതിമയിൽ ഹാരാർപ്പണം നടത്തി. തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓഫീസ് കെട്ടിടം നടന്നു കണ്ടു. തൈക്കാട് രണ്ടര പതിറ്റാണ്ട് മുമ്പ് വാങ്ങിച്ച 55 സെന്റ് സ്ഥലത്താണ് 60,000 ചതുരശ്ര അടിയുള്ള മാരാർജി ഭവൻ നിർമ്മിച്ചിരിക്കുന്നത്. കേരളീയ വാസ്തു വിദ്യയെ അടിസ്ഥാനമാക്കി നാലുകെട്ട് മാതൃകയിൽ ഏഴ് നിലകളായാണ് കാര്യാലയം ഒരുക്കിയിരിക്കുന്നത്.
കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കര്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കെ സുരേന്ദ്രന്‍, സികെപി പത്മനാഭന്‍, കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, എസ് സുരേഷ് തുടങ്ങിയവര്‍ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
പരിപാടിക്ക് ശേഷം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തേക്ക് പോയ അമിത് ഷാ ബിജെപി വാര്‍ഡ് തല നേതൃസംഗമത്തില്‍ പങ്കെടുക്കും. നേതൃസംഗമം ഉദ്ഘാടനം ചെയ്ത് അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5,000 വാർഡ് സമിതികളിലെ 25,000 പേരാണ് നേതൃ സംഗമത്തിനെത്തുന്നത്. മറ്റു 10 ജില്ലകളിലെ അഞ്ചംഗ വാർഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതൽ ജില്ലാതലം വരെയുള്ള നേതാക്കളും വെർച്വലായി പങ്കെടുക്കും. ഒന്നര ലക്ഷത്തോളം പേർ വെർച്വലായി സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
by Midhun HP News | Jul 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം വർക്കല അയിരൂരിൽ വണ്ടിപ്പുര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചങ്കോണം സ്വദേശി മോനു (27)ആണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് കുളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ മുതൽ മനുവും സുഹൃത്തുക്കളും പ്രദേശത്ത് മദ്യപാനം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. രാത്രി വൈകിയും മനുവും സുഹൃത്തുക്കളും ഈ കുളത്തിന് സമീപത്ത് ഇരുന്ന് മദ്യപിച്ചിരുന്നു. മനുവിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമാർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.
Recent Comments