by Midhun HP News | Feb 10, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണ്മാനില്ല. ആറ്റിങ്ങൽ ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചൽ എന്നീ വിദ്യാർത്ഥിനികളെയാണ് രാവിലെ മുതൽ കാണാതായത്. സ്കൂളിലേക്ക് പോകാനായാണ് വിദ്യാർത്ഥിനികൾ വീട്ടിൽനിന്നും ഇറങ്ങിയത്.
ചിറയിൻകീഴ്, വക്കം സ്വദേശിനികളാണ് രണ്ടുപേരും. സ്കൂൾ യൂണിഫോമിലാണ് പോയിട്ടുള്ളത്. ആറ്റിങ്ങൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
by Midhun HP News | Feb 10, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ എംസിഎഫ് തീപിടിച്ച് നശിച്ചു. ആറ്റിങ്ങൽ നഗരസഭ ആറാം വാർഡ് തച്ചൂർ കുന്നിലെ ഹരിത കർമ്മ സേനയുടെ എംസിഎഫിനാണ് കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെ തീപിടിച്ചത്. സംഭവം അറിഞ്ഞു ഓടിക്കൂടിയ നാട്ടുകാരും ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർഫോഴ്സും തീ നിതന്ത്രണ വിധേയമാക്കി. തീപിടുത്തത്തിന് കാരണം വ്യക്തമല്ല.


by Midhun HP News | Feb 10, 2026 | Latest News, ജില്ലാ വാർത്ത
തിരു: ഫെബ്രുവരി 10 മുതൽ 15 വരെ വർക്കല ആർട്ട് ഫെസ്റ്റിവൽ വർക്കല ക്ലിഫിലെ സൺ വ്യൂ ബീച്ച് റിസോർട്ടിൽ നടക്കുന്ന വർക്കല 2026 കലാ മാമങ്കം കലാസ്നേഹികൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കാൻ ഒരുങ്ങുന്നു. ദി ആർട്ടിസ്റ്റ് ഗ്രൂപ്പ് – ബൈ രഹന സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ, ചിത്രകലയും സംസ്കാരവും ഒരുമിക്കുന്ന വേദിയാകുന്നു.
ഫെബ്രുവരി 10-ന് വൈകിട്ട് 4.30-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് വർക്കല എം.എൽ.എ ശ്രീ. വി. ജോയ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരം മീനാക്ഷി മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വി. പ്രിയദർശിനി ദീപം തെളിക്കും. പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും.
വർക്കല മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് കുമാർ, ചലച്ചിത്ര അഭിനേതാവും സംവിധായകനുമായ ജയൻ വി. പോറ്റി, എന്നിവർ സംസാരിക്കും. ആർട്ട് ഫെസ്റ്റിവൽ ക്യൂറേറ്റർ രഹന സ്വാഗത പ്രസംഗം നടത്തും.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കലാകാരൻമാർ പങ്കെടുക്കുന്ന ഫെസ്റ്റിവലിൽ, പെയിന്റിംഗ്, മിക്സ്ഡ് മീഡിയ, സ്റ്റോൺ ആർട്ട് തുടങ്ങിയ വിവിധ കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്നു. എല്ലാ ദിവസവും 6 മണി മുതൽ വിവിധ കലാപരിപാടികൾ നടക്കും. വർക്കലയുടെ പ്രകൃതിസൗന്ദര്യത്തിനൊപ്പം കലയുടെ നിറങ്ങൾ ചേർന്ന ഈ ഫെസ്റ്റിവൽ, സന്ദർശകർക്കു ഒരു ദൃശ്യവിരുന്നായിരിക്കും.


by Midhun HP News | Feb 10, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമൊരുക്കാൻ രണ്ട് വൻകിട പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയെന്ന് സുരേഷ് ഗോപി എംപി. ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ എന്നിവയ്ക്കാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‍റെ പച്ചക്കൊടി ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്‍റെയും നേതൃത്വത്തിൽ കേരളത്തിന്‍റെ റെയിൽവേ വികസനത്തിന് കരുത്തേകുന്ന തീരുമാനമാണിതെന്ന് സുരേഷ് ഗോപി എംപി അറിയിച്ചു.
ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ
എറണാകുളം – തുറവൂർ – കായംകുളം റൂട്ടിലെ ട്രെയിൻ ഗതാഗതത്തിന് വലിയ തടസമായിരുന്ന സിംഗിൾ ലൈൻ കുരുക്ക് ഇതോടെ ഇല്ലാതാകും. 12.66 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിക്കായി 324.16 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പാത ഇരട്ടിപ്പിക്കുന്നതോടെ പ്രതിദിനം ഇരുവശങ്ങളിലേക്കുമായി ഒമ്പത് പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി സർവീസ് നടത്താൻ സാധിക്കും. ചരക്ക് നീക്കം വേഗത്തിലാകുന്നതിലൂടെ റെയിൽവേയുടെ വരുമാനത്തിലും വലിയ വർദ്ധനവ് പ്രതീക്ഷിക്കുന്നു.
പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ
പാലക്കാട് വഴിയുള്ള ട്രെയിൻ യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. 1.80 കിലോമീറ്റർ വരുന്ന ബൈപാസ് ലൈനിനായി 163.57 കോടി രൂപ അനുവദിച്ചു. പാലക്കാട് ജംഗ്ഷനിൽ എൻജിൻ മാറ്റുന്നത് മൂലമുണ്ടാകുന്ന കാലതാമസം ഇതോടെ ഒഴിവാകും. പാസഞ്ചർ ട്രെയിനുകൾക്ക് 40 മുതൽ 44 മിനിറ്റ് വരെയും, ചരക്ക് തീവണ്ടികൾക്ക് ഏകദേശം രണ്ട് മണിക്കൂറും (120 മിനിറ്റ്) യാത്രാസമയം ലാഭിക്കാം. ഷൊർണൂർ, തിരുവനന്തപുരം, പൊള്ളാച്ചി ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയക്രമം മെച്ചപ്പെടാൻ ഈ ബൈപാസ് സഹായിക്കും.


by Midhun HP News | Feb 10, 2026 | Latest News, ജില്ലാ വാർത്ത
മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാടില്‍ നിന്നും പാകിസ്ഥാന്‍ പിന്‍മാറിയതോടെ ക്രിക്കറ്റ് ആരാധകർ വലിയ ആവേശത്തിലാണ്. മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറുമെന്ന സർക്കാർ പ്രഖ്യാപനം വൻ വിവാദങ്ങളാണ് സൃഷ്ട്ടിച്ചത്. ഏറ്റവും ഒടുവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്, ഐസിസി എന്നിവർ ലാഹോറിൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം മാറ്റിയത്.

ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിന്റെ മൂല്യം ഏകദേശം 250 മില്യൺ ഡോളർ (ഏകദേശം 2200 കോടി രൂപ) ആണ്. ഈ മത്സരം നടന്നില്ലെങ്കിൽ അത് വലിയ രീതിയിൽ ഐസിസിയുടെ പ്രവർത്തനങ്ങളെ ബാധിക്കും. ഇത് ഒഴിവാക്കാനാണ് ഐസിസി തിരക്കിട്ട ചർച്ചകൾ പാകിസ്ഥാനുമായി നടത്തിയത്.
ഇതുവരെ ഇരു ടീമുകളും പരസ്‌പരം 16 തവണയാണ് ഏറ്റുമുട്ടിയത്. ഇതിൽ 13 തവണയും വിജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. ഏറ്റവും ഒടുവിൽ ദുബൈയിൽ വെച്ച് നടന്ന ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യ 5 വിക്കറ്റിനാണ് പാകിസ്ഥാനെ തകർത്തത്. ഐസിസി അംഗീകരിച്ച ന്യൂട്രൽ വേദിയിൽ ഇരു ടീമുകളും 13 തവണ ഏറ്റുമുട്ടിയപ്പോൾ 2 തവണ മാത്രമാണ് പാകിസ്ഥാന് വിജയിക്കാനായത്.ടി20 ലോകകപ്പ് മത്സരങ്ങളിൽ 8 തവണ ഇരു ടീമുകളും നേർക്ക് നേർ വന്നപ്പോൾ ഇതിൽ ആറ് മത്സരങ്ങൾ ഇന്ത്യ സ്വന്തമാക്കി. രണ്ട് മത്സരങ്ങൾ പാകിസ്ഥാൻ ജയിച്ചു. 2007 ലെ പ്രഥമ ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിലും ഫൈനലിലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ഐസിസിയുടെ ടി20 റാങ്കിങ്ങിൽ 77 മത്സരത്തിൽ നിന്ന് 273 പോയിന്റോടെ ഇന്ത്യൻ ടീം ആണ് ഒന്നമത്. 79 മത്സരത്തിൽ നിന്ന് 238 പോയിന്റുമായി ആറാം സ്ഥാനത്താണ് പാകിസ്ഥാൻ.
ഈ മാസം 15 ന് ശ്രീലങ്കയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഈ സ്റ്റേഡിയത്തിൽ ഇതുവരെ നടന്ന 60 ടി20 മത്സരങ്ങളിൽ 24 തവണ ആദ്യം ബാറ്റ് ചെയ്ത ടീമും 35 തവണ രണ്ടാമത് ബാറ്റ് ചെയ്ത ടീമുമാണ് വിജയിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ടോസ് ഇവിടെ നിർണ്ണായകമാകും.
ഗ്രൗണ്ടിലെ ഒന്നാം ഇന്നിങ്‌സ് ശരാശരി സ്കോർ 142 റൺസും രണ്ടാം ഇന്നിങ്‌സ് ശരാശരി സ്കോർ 128 റൺസുമാണ്. ഏറ്റവും ഉയർന്ന ടീം സ്കോർ 215 റൺസും ഏറ്റവും കുറഞ്ഞ ടീം സ്കോർ 80 റൺസുമാണ്. എങ്ങനെയാകും പിച്ചിന്റെ സ്വഭാവമെന്നും കൃത്യമായി പറയാൻ കഴിയില്ല.
കണക്കുകളിൽ മുൻതൂക്കം ഇന്ത്യയ്ക്ക് ആണെങ്കിലും ക്രിക്കറ്റ് മത്സരങ്ങൾ ഇപ്പോഴും പ്രവചനാതീതമാണ്. ഇരു ടീമുകളിലും ശക്തരായ കളിക്കാരുള്ളത് കൊണ്ട് തന്നെ ഒരു താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞാൽ മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിക്കാം.

by Midhun HP News | Feb 10, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങളും പെരുന്നാളുകളും നടന്നുവരുന്ന സമയമാണിത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി.
ഉത്സവ ആവശ്യങ്ങൾക്ക് താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെഎസ് ഇബിയുടെ അനുമതി ആവശ്യമാണ്. അനുമതികൂടാതെ എക്സ്റ്റൻഷനെടുക്കുന്നത് നിയമവിരുദ്ധമാണ്. ഏതൊരു താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിനു മുമ്പ് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതിയും വാങ്ങണമെന്നും കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചു.
‘കണക്ഷനുകളുടെ തുടക്കത്തിൽത്തന്നെ RCCB അഥവ ELCB ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇത് വൈദ്യുതി അപകടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. RCCB നിശ്ചിത ഇടവേളകളിൽ ടെസ്റ്റ് ചെയ്ത്, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം. വൈദ്യുതിലൈനിനു സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്. പൊതുഇടങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ ഇൻസുലേഷൻ നഷ്ടമായതും ജോയിൻ്റ് ഉള്ളതുമായ വയറുകൾ ഉപയോഗിക്കരുത്.
കൈയെത്താത്ത ഉയരത്തിലാകണം വിളക്കുകൾ സ്ഥാപിക്കേണ്ടത്. ബോർഡുകൾ, കമാനങ്ങൾ, തോരണങ്ങൾ തുടങ്ങിയവ വൈദ്യുതിലൈനിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചുമാത്രമേ സ്ഥാപിക്കാൻ പാടുള്ളു. വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും’- കുറിപ്പിൽ പറയുന്നു.
കുറിപ്പ്:
ഉത്സവാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്താം.
ഉത്സവ ആവശ്യങ്ങൾക്ക് താത്കാലിക വൈദ്യുതികണക്ഷൻ എടുക്കുന്നതിന് കെ എസ് ഇ ബിയുടെ അനുമതി ആവശ്യമാണ്. അനുമതികൂടാതെ എക്സ്റ്റൻഷനെടുക്കുന്നത് നിയമവിരുദ്ധമാണ്.
ഏതൊരു താത്കാലിക വൈദ്യുതി കണക്ഷനും എടുക്കുന്നതിനുമുമ്പ് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതിയും വാങ്ങണം.
കണക്ഷനുകളുടെ തുടക്കത്തിൽത്തന്നെ RCCB അഥവ ELCB ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇത് വൈദ്യുതി അപകടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. RCCB നിശ്ചിത ഇടവേളകളിൽ ടെസ്റ്റ് ചെയ്ത്, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം.
ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ അംഗീകാരമുള്ള കോൺട്രാക്ടർ മുഖേന മാത്രമേ നടത്താവൂ. ഇതിനും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം.
വൈദ്യുതിസംബന്ധമായ ഏന്തുജോലിയും ചെയ്യുന്നതിനുമുമ്പ് വൈദ്യുതിബന്ധം വിച്ഛേദിച്ചു എന്നും ജനറേറ്ററിൽ നിന്നുള്ള സപ്ലൈ കടന്നുവരുന്നില്ല എന്നും ഉറപ്പാക്കണം.
വൈദ്യുതിലൈനിനു സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്.
പൊതുഇടങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ ഇൻസുലേഷൻ നഷ്ടമായതും ജോയിൻ്റ് ഉള്ളതുമായ വയറുകൾ ഉപയോഗിക്കരുത്. കൈയെത്താത്ത ഉയരത്തിലാകണം വിളക്കുകൾ സ്ഥാപിക്കേണ്ടത്.
ബോർഡുകൾ, കമാനങ്ങൾ, തോരണങ്ങൾ തുടങ്ങിയവ വൈദ്യുതിലൈനിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചുമാത്രമേ സ്ഥാപിക്കാൻ പാടുള്ളു.
വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും
ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ.
ലൈസൻസുള്ള കോൺട്രാക്ടറെ മാത്രമേ വൈദ്യുതി സംബന്ധമായ ജോലികൾ ചെയ്യാൻ ചുമതലപ്പെടുത്താൻ പാടുള്ളു.
താത്കാലിക വയറിംഗിന് ഗുണമേന്മയുള്ള വയറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആനയെഴുന്നള്ളിപ്പ് നടത്തുമ്പോഴും കെട്ടുകാഴ്ചകൾ ഒരുക്കുമ്പോഴും വൈദ്യുതിലൈനിൽ നിന്ന് സുരക്ഷിത അകലത്തിലായിരിക്കാൻ ജാഗ്രത വേണം.
വൈദ്യുതി ലൈനുകൾക്ക് സമീപം കരിമരുന്ന് പ്രയോഗം നടത്തരുത്.
വൈദ്യുതി ലൈനുകൾക്കു സമീപത്തുകൂടിയോ , അടിയിലൂടെയോ വൈദ്യുതീകരണത്തിനുള്ള വയറുകൾ അലക്ഷ്യമായി വലിക്കുകയോ എറിയുകയോ ചെയ്യരുത്
Recent Comments