2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ

2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാടില്‍ നിന്നും പാകിസ്ഥാന്‍ പിന്‍മാറിയതോടെ ക്രിക്കറ്റ് ആരാധകർ വലിയ ആവേശത്തിലാണ്. മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറുമെന്ന സർക്കാർ പ്രഖ്യാപനം വൻ വിവാദങ്ങളാണ് സൃഷ്ട്ടിച്ചത്. ഏറ്റവും ഒടുവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്, ഐസിസി എന്നിവർ ലാഹോറിൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം മാറ്റിയത്.

ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിന്റെ മൂല്യം ഏകദേശം 250 മില്യൺ ഡോളർ (ഏകദേശം 2200 കോടി രൂപ) ആണ്. ഈ മത്സരം നടന്നില്ലെങ്കിൽ അത് വലിയ രീതിയിൽ ഐസിസിയുടെ പ്രവർത്തനങ്ങളെ ബാധിക്കും. ഇത് ഒഴിവാക്കാനാണ് ഐസിസി തിരക്കിട്ട ചർച്ചകൾ പാകിസ്ഥാനുമായി നടത്തിയത്.

ഇതുവരെ ഇരു ടീമുകളും പരസ്‌പരം 16 തവണയാണ് ഏറ്റുമുട്ടിയത്. ഇതിൽ 13 തവണയും വിജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. ഏറ്റവും ഒടുവിൽ ദുബൈയിൽ വെച്ച് നടന്ന ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യ 5 വിക്കറ്റിനാണ് പാകിസ്ഥാനെ തകർത്തത്. ഐസിസി അംഗീകരിച്ച ന്യൂട്രൽ വേദിയിൽ ഇരു ടീമുകളും 13 തവണ ഏറ്റുമുട്ടിയപ്പോൾ 2 തവണ മാത്രമാണ് പാകിസ്ഥാന് വിജയിക്കാനായത്.ടി20 ലോകകപ്പ് മത്സരങ്ങളിൽ 8 തവണ ഇരു ടീമുകളും നേർക്ക് നേർ വന്നപ്പോൾ ഇതിൽ ആറ് മത്സരങ്ങൾ ഇന്ത്യ സ്വന്തമാക്കി. രണ്ട് മത്സരങ്ങൾ പാകിസ്ഥാൻ ജയിച്ചു. 2007 ലെ പ്രഥമ ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിലും ഫൈനലിലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ഐസിസിയുടെ ടി20 റാങ്കിങ്ങിൽ 77 മത്സരത്തിൽ നിന്ന് 273 പോയിന്റോടെ ഇന്ത്യൻ ടീം ആണ് ഒന്നമത്. 79 മത്സരത്തിൽ നിന്ന് 238 പോയിന്റുമായി ആറാം സ്ഥാനത്താണ് പാകിസ്ഥാൻ.

ഈ മാസം 15 ന് ശ്രീലങ്കയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഈ സ്റ്റേഡിയത്തിൽ ഇതുവരെ നടന്ന 60 ടി20 മത്സരങ്ങളിൽ 24 തവണ ആദ്യം ബാറ്റ് ചെയ്ത ടീമും 35 തവണ രണ്ടാമത് ബാറ്റ് ചെയ്ത ടീമുമാണ് വിജയിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ടോസ് ഇവിടെ നിർണ്ണായകമാകും.

ഗ്രൗണ്ടിലെ ഒന്നാം ഇന്നിങ്‌സ് ശരാശരി സ്കോർ 142 റൺസും രണ്ടാം ഇന്നിങ്‌സ് ശരാശരി സ്കോർ 128 റൺസുമാണ്. ഏറ്റവും ഉയർന്ന ടീം സ്കോർ 215 റൺസും ഏറ്റവും കുറഞ്ഞ ടീം സ്കോർ 80 റൺസുമാണ്. എങ്ങനെയാകും പിച്ചിന്റെ സ്വഭാവമെന്നും കൃത്യമായി പറയാൻ കഴിയില്ല.

കണക്കുകളിൽ മുൻ‌തൂക്കം ഇന്ത്യയ്ക്ക് ആണെങ്കിലും ക്രിക്കറ്റ് മത്സരങ്ങൾ ഇപ്പോഴും പ്രവചനാതീതമാണ്. ഇരു ടീമുകളിലും ശക്തരായ കളിക്കാരുള്ളത് കൊണ്ട് തന്നെ ഒരു താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞാൽ മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിക്കാം.

വൈദ്യുതാലങ്കാരങ്ങൾ കൈയെത്തും ദൂരത്ത് വേണ്ട!; ഉത്സവാഘോഷങ്ങളിൽ ജാ​ഗ്രതാ നിർദേശവുമായി കെഎസ്ഇബി

വൈദ്യുതാലങ്കാരങ്ങൾ കൈയെത്തും ദൂരത്ത് വേണ്ട!; ഉത്സവാഘോഷങ്ങളിൽ ജാ​ഗ്രതാ നിർദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങളും പെരുന്നാളുകളും നടന്നുവരുന്ന സമയമാണിത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി.

ഉത്സവ ആവശ്യങ്ങൾക്ക് താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെഎസ് ഇബിയുടെ അനുമതി ആവശ്യമാണ്. അനുമതികൂടാതെ എക്സ്റ്റൻഷനെടുക്കുന്നത് നിയമവിരുദ്ധമാണ്. ഏതൊരു താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിനു മുമ്പ് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതിയും വാങ്ങണമെന്നും കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചു.

‘കണക്ഷനുകളുടെ തുടക്കത്തിൽത്തന്നെ RCCB അഥവ ELCB ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇത് വൈദ്യുതി അപകടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. RCCB നിശ്ചിത ഇടവേളകളിൽ ടെസ്റ്റ് ചെയ്ത്, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം. വൈദ്യുതിലൈനിനു സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്. പൊതുഇടങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ ഇൻസുലേഷൻ നഷ്ടമായതും ജോയിൻ്റ് ഉള്ളതുമായ വയറുകൾ ഉപയോഗിക്കരുത്.

കൈയെത്താത്ത ഉയരത്തിലാകണം വിളക്കുകൾ സ്ഥാപിക്കേണ്ടത്. ബോർഡുകൾ, കമാനങ്ങൾ, തോരണങ്ങൾ തുടങ്ങിയവ വൈദ്യുതിലൈനിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചുമാത്രമേ സ്ഥാപിക്കാൻ പാടുള്ളു. വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും’- കുറിപ്പിൽ പറയുന്നു.

കുറിപ്പ്:

ഉത്സവാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്താം.

ഉത്സവ ആവശ്യങ്ങൾക്ക് താത്കാലിക വൈദ്യുതികണക്ഷൻ എടുക്കുന്നതിന് കെ എസ് ഇ ബിയുടെ അനുമതി ആവശ്യമാണ്. അനുമതികൂടാതെ എക്സ്റ്റൻഷനെടുക്കുന്നത് നിയമവിരുദ്ധമാണ്.

ഏതൊരു താത്കാലിക വൈദ്യുതി കണക്ഷനും എടുക്കുന്നതിനുമുമ്പ് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതിയും വാങ്ങണം.

കണക്ഷനുകളുടെ തുടക്കത്തിൽത്തന്നെ RCCB അഥവ ELCB ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇത് വൈദ്യുതി അപകടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. RCCB നിശ്ചിത ഇടവേളകളിൽ ടെസ്റ്റ് ചെയ്ത്, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം.

ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ അംഗീകാരമുള്ള കോൺട്രാക്ടർ മുഖേന മാത്രമേ നടത്താവൂ. ഇതിനും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ മുൻ‌കൂർ അനുമതി വാങ്ങിയിരിക്കണം.

വൈദ്യുതിസംബന്ധമായ ഏന്തുജോലിയും ചെയ്യുന്നതിനുമുമ്പ് വൈദ്യുതിബന്ധം വിച്ഛേദിച്ചു എന്നും ജനറേറ്ററിൽ നിന്നുള്ള സപ്ലൈ കടന്നുവരുന്നില്ല എന്നും ഉറപ്പാക്കണം.

വൈദ്യുതിലൈനിനു സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്.

പൊതുഇടങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ ഇൻസുലേഷൻ നഷ്ടമായതും ജോയിൻ്റ് ഉള്ളതുമായ വയറുകൾ ഉപയോഗിക്കരുത്. കൈയെത്താത്ത ഉയരത്തിലാകണം വിളക്കുകൾ സ്ഥാപിക്കേണ്ടത്.

ബോർഡുകൾ, കമാനങ്ങൾ, തോരണങ്ങൾ തുടങ്ങിയവ വൈദ്യുതിലൈനിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചുമാത്രമേ സ്ഥാപിക്കാൻ പാടുള്ളു.

വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും

ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ.

ലൈസൻസുള്ള കോൺട്രാക്ടറെ മാത്രമേ വൈദ്യുതി സംബന്ധമായ ജോലികൾ ചെയ്യാൻ ചുമതലപ്പെടുത്താൻ പാടുള്ളു.

താത്കാലിക വയറിംഗിന് ഗുണമേന്മയുള്ള വയറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആനയെഴുന്നള്ളിപ്പ് നടത്തുമ്പോഴും കെട്ടുകാഴ്ചകൾ ഒരുക്കുമ്പോഴും വൈദ്യുതിലൈനിൽ നിന്ന് സുരക്ഷിത അകലത്തിലായിരിക്കാൻ ജാഗ്രത വേണം.

വൈദ്യുതി ലൈനുകൾക്ക് സമീപം കരിമരുന്ന് പ്രയോഗം നടത്തരുത്.

വൈദ്യുതി ലൈനുകൾക്കു സമീപത്തുകൂടിയോ , അടിയിലൂടെയോ വൈദ്യുതീകരണത്തിനുള്ള വയറുകൾ അലക്ഷ്യമായി വലിക്കുകയോ എറിയുകയോ ചെയ്യരുത്

‘ബിജു മേനോനെതിരെ നിയമനടപടി’, നഷ്‍ടക്കണക്കുകളും വെളിപ്പെടുത്തി നിര്‍മാതാവ് അനൂപ് കണ്ണൻ

‘ബിജു മേനോനെതിരെ നിയമനടപടി’, നഷ്‍ടക്കണക്കുകളും വെളിപ്പെടുത്തി നിര്‍മാതാവ് അനൂപ് കണ്ണൻ

കരാര്‍ പ്രകാരമുള്ള സിനിമയുടെ പ്രമോഷനില്‍ ബിജു മേനോൻ പങ്കെടുത്തില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ രംഗത്ത് എത്തിയിരുന്നു. നിര്‍മാതാവിന് നഷ്‍ടമായത് 25 ലക്ഷം രൂപയാണ് എന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ബിജു മേനോനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നിര്‍മാതാവ് അനൂപ് കണ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. നടപടി എടുക്കാമെന്ന് നേരത്തെ പ്രൊഡ്യൂസർസ് അസോസിയേഷൻ ഉറപ്പ് നൽകിയിരുന്നുവെന്നും അനൂപ് കണ്ണൻ പറഞ്ഞു.

ബിജു മേനോനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണ്. നടപടി എടുക്കാമെന്ന് നേരത്തെ പ്രൊഡ്യൂസർസ് അസോസിയേഷൻ ഉറപ്പ് നൽകിയിരുന്നു. 25 ലക്ഷം നഷ്ടമുണ്ടായി എന്നും നി‍ർമാതാവ് അനൂപ് കണ്ണൻ വ്യക്തമാക്കി. ബിജു മേനോൻ പങ്കെടുത്തത് ആകെ മൂന്ന് മണിക്കൂർ പ്രമോഷൻ പരിപാടിയിൽ മാത്രം. ബിജു മേനോൻ പ്രമോഷന് വരാമെന്ന് സമ്മതിച്ചതാണ്. ബിജു മേനോനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല എന്നും അനൂപ് കണ്ണൻ വ്യക്തമാക്കി.

ബി ഉണ്ണികൃഷ്‍ണൻ ഇന്നലെ പറഞ്ഞത്

ലൊക്കേഷനില്‍ സിനിമാ ചിത്രീകരണം പലപ്പോഴും വൈകാൻ കാരണക്കാര്‍ നടീനടൻമാരെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ. നടൻ ബിജു മേനോന്റെ പേരെടുത്ത് പറഞ്ഞും വിമര്‍ശനവുമായി ബി ഉണ്ണികൃഷ്‍ണൻ. കരാര്‍ പ്രകാരമുള്ള സിനിമയുടെ പ്രമോഷനില്‍ ബിജു മേനോൻ പങ്കെടുത്തില്ല. നിര്‍മാതാവിന് നഷ്‍ടമായത് 25 ലക്ഷം രൂപയാണ്. ബിജു മേനോന്റെ പേര് പറയാൻ തനിക്ക് മടിയും പേടിയും ഇല്ല എന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി.

മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രമോഷന് പോവാത്തതുകൊണ്ട് ഒരു നിര്‍മാതാവിന് 25 ലക്ഷം രൂപയാണ് ചാനലില്‍ നിന്ന് കിട്ടാനുള്ള തുകയില്‍ നിന്ന് കുറഞ്ഞത്. ആ നിര്‍മാതാവ് ഒരു സംവിധായകനുമാണ്. ഞങ്ങളുടെ അംഗമാണ്. അതേ നടൻ ജീത്തു ജോസഫ് സംവിധാനം ചെയ്‍ത സിനിമയുടെ പ്രമോഷനും പോയിട്ടില്ല. ഞാൻ ബിജു മേനോനെ കുറിച്ചാണ് സംസാസരിക്കുന്നത്. പേരുപറയാൻ മടിയുള്ള ആളല്ല ഞാൻ. പ്രമോഷൻ എന്നത് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമല്ലേ എന്നും ബി ഉണ്ണികൃഷ്‍ണൻ ചോദിച്ചു.

പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറില്‍ ഒപ്പിട്ട ശേഷം പോവാതിരിക്കുക. അതിനെത്തുടര്‍ന്ന് നിര്‍മാതാവിന്റെ 25 ലക്ഷം രൂപ നഷ്‍ടപ്പെടുക. ഇപ്പോള്‍ വന്ന സിനിമയിലും അത് തന്നെയാണ് സംഭവിക്കുന്നതെന്നും ബി ഉണ്ണികൃഷ്‍ണൻ ചൂണ്ടിക്കാട്ടി.

അടുത്തിടെ ഇറങ്ങിയ വലതുവശത്തെ കള്ളൻ സിനിമയുടെ പ്രമോഷനിലും ബിജു മേനോൻ പങ്കെടുത്തിരുന്നില്ല. ജീത്തു ജോസഫായിരുന്നു വലതുവശത്തെ കള്ളൻ സംവിധാനം ചെയ്‍തത്. പൊലീസ് വേഷത്തിലായിരുന്നു ബിജു മേനോൻ ചിത്രത്തില്‍ അഭിനയിച്ചത്. ജോജു ജോര്‍ജും നിര്‍ണായക വേഷത്തില്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.

‘ബലാത്സംഗ രം​ഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ആൾ’; ടി ജി രവിയോടുള്ള ചോദ്യത്തിൽ മീരക്ക് വിമർശനം

‘ബലാത്സംഗ രം​ഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ആൾ’; ടി ജി രവിയോടുള്ള ചോദ്യത്തിൽ മീരക്ക് വിമർശനം

ഒരുകാലത്ത് ക്രൂരനായ വില്ലൻ ഇമേജിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടനാണ് ടി ജി രവി. ബാലൻ കെ നായരോടൊപ്പം ടി ജി രവി ചെയ്ത വില്ലൻ വേഷങ്ങൾ ഇപ്പോഴും മലയാള സിനിമാ പ്രേക്ഷകർ ചർച്ചയാക്കാറുണ്ട്. അവതാരക മീര ടി ജി രവിയോട് ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

“സാർ പണ്ട് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ഒരാളാണ്, അന്ന് ഇൻസ്റ്റ​ഗ്രാമില്ല, യൂട്യൂബില്ല, ട്രോളൻമാരില്ല ഒന്നുമില്ല. ആ സമയത്ത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എന്തായേനെ?” എന്നായിരുന്നു മീരയുടെ ചോദ്യം. ഇതിന് ടി ജി രവി പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. “എനിക്ക് മമ്മൂട്ടിയേക്കാൾ ആരാധകർ ഉണ്ടായേനെ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാൽ മീരയുടെ ഈ ചോദ്യത്തിനെതിരെ ഒരു വിഭാ​ഗം പ്രേക്ഷകർ വിമർശനവുമായെത്തിയിരിക്കുകയാണ്. ക്രൂരമായ ഒരു കുറ്റകൃത്യത്തെ, ഗൗരവകരമായ ഒരു വിഷയത്തെ ഇത്ര ലാഘവത്തോടെയും നിലവാരമില്ലാതെയും എങ്ങനെയാണ് ഒരാൾക്ക് ചോദിക്കാൻ കഴിയുന്നത് എന്നാണ് പലരും കുറിക്കുന്നത്.

അഭിനയത്തെയും സിനിമയിലെ കഥാപാത്രങ്ങളെയും വിലയിരുത്തുമ്പോൾ പാലിക്കേണ്ട മിനിമം മര്യാദ ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ബലാത്സംഗം പോലുള്ള ഒരു ക്രൂരതയെ സ്‌ക്രീനിൽ കാണിക്കുന്നത് കലയുടെ ഭാഗമായിരിക്കാം, എന്നാൽ അതിനെ മനോഹരമെന്ന് വിശേഷിപ്പിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്.

ഇത്തരം നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവർ സ്വയം ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.- എന്നാണ് ചിലർ കുറിക്കുന്നത്. ആസാദിയാണ് ടി ജി രവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

കാശില്ലെന്ന് കാലടി സര്‍വകലാശാല; നാലര വര്‍ഷം കഴിഞ്ഞിട്ടും ശോഭനയുടെ ഡി ലിറ്റ് നല്‍കിയിട്ടില്ല

കാശില്ലെന്ന് കാലടി സര്‍വകലാശാല; നാലര വര്‍ഷം കഴിഞ്ഞിട്ടും ശോഭനയുടെ ഡി ലിറ്റ് നല്‍കിയിട്ടില്ല

കൊച്ചി: നടി ശേഭന ഉള്‍പ്പെടെ മൂന്ന് പ്രമുഖര്‍ക്ക് ഡി ലിറ്റ് ബിരുദം നല്‍കുമെന്ന കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. മുമ്പ് ഗവര്‍ണറുടെ സമയം ലഭിച്ചിട്ടില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ചടങ്ങിന്റെ സാമ്പത്തിക ചെലവ് വഹിക്കാന്‍ സര്‍വകലാശാലയ്ക്ക് ശേഷിയില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം.

ചടങ്ങ് നടത്താന്‍ 15 ലക്ഷം രൂപ വേണമെന്ന് സര്‍വകലാശാല വിസി ഡോ. കെ കെ ഗീതാകുമാരി പറഞ്ഞു. സര്‍വകലാശാല സാമ്പത്തിക ബുദ്ധിമുട്ടു നേരിടുകയാണ്. അതുകൊണ്ടുതന്നെ ഇതേപ്പറ്റി ചിന്തിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരുയോഗവും ചേര്‍ന്നിട്ടില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് ഡി ലിറ്റ് നല്‍കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും വിസി വ്യക്തമാക്കി.

2021 ഒക്ടോബര്‍ 8 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് ശോഭന, സംസ്‌കൃത പണ്ഡിതനും സര്‍വകലാശാല മുന്‍ വിസിയുമായ ഡോ. എന്‍ പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന്‍ ഡോ. ടി എം കൃഷ്ണ എന്നിവരെ ഡി ലിറ്റ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് അക്കാദമിക് കൗണ്‍സില്‍ അതിന് അനുമതിയും നല്‍കി. കഴിഞ്ഞദിവസം ഒരു ചടങ്ങിനെത്തിയ ശോഭന സൗഹൃദ സംഭാഷണത്തിനിടെ ഇക്കാര്യം സൂചിപ്പിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.

ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തും നൽകിയ സംഭാവനകള്‍ പരിഗണിച്ചാണ്​ ശോഭനയ്ക്ക് ഡി ലിറ്റ് നല്‍കുന്നതെന്നാണ് സർവകലാശാല പ്രഖ്യാപിച്ചത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ ശോഭന നേടിയിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. സംസ്‌കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഡോ. എന്‍ പി ഉണ്ണിക്കും, ശാസ്ത്രീയ സംഗീത രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്​ ടി എം കൃഷ്ണയ്ക്കും ബഹുമതി പ്രഖ്യാപിക്കുകയായിരുന്നു.

‘തമാശയൊന്നും പ്രതീക്ഷിക്കരുത്, അതിന് പറ്റിയ മാനസികാവസ്ഥയിൽ അല്ല ഞാൻ’; അച്ഛന്റെ ഓർമയിൽ ധ്യാൻ ശ്രീനിവാസൻ

‘തമാശയൊന്നും പ്രതീക്ഷിക്കരുത്, അതിന് പറ്റിയ മാനസികാവസ്ഥയിൽ അല്ല ഞാൻ’; അച്ഛന്റെ ഓർമയിൽ ധ്യാൻ ശ്രീനിവാസൻ

നടൻ‌ ശ്രീനിവാസന്റെ വിയോ​ഗത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി മകൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ വിടവാങ്ങിയിട്ട് ഒന്നരമാസം മാത്രമേ ആയിട്ടുള്ളൂവെന്നും എല്ലാവരെയും ചിരിപ്പിക്കേണ്ട ഉത്തരവാദിത്വം ഇപ്പോൾ വലിയ ഭാരമായി തോന്നുന്നുവെന്നും ധ്യാൻ പറഞ്ഞു. വർ​ഗീസ് ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാനാണ് ധ്യാൻ‌ എത്തിയത്.

“ഇവിടെ വന്നാൽ ഉടനേ തമാശ പറയും, എല്ലാവരെയും ചിരിപ്പിക്കും എന്നാണ് പലരും കരുതുന്നത്. സത്യം പറഞ്ഞാൽ ഇപ്പോൾ അങ്ങനെയൊരു അവസ്ഥയിലല്ല ഞാൻ. അച്ഛൻ പോയിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുള്ളൂ. അച്ഛൻ പോയതിന് ശേഷം ഞാൻ ആദ്യമായി പങ്കെടുക്കുന്ന പരിപാടിയാണിത്. അതുകൊണ്ട് തന്നെ തമാശകളൊന്നും പ്രതീക്ഷിക്കണ്ട.

കോളജിൽ പഠിക്കുന്ന കാലത്ത് സുഹൃത്തുക്കൾ വീട്ടിൽ വന്നാൽ കൂട്ടുകാരുടെ മുന്നിൽ വച്ച് അപമാനിക്കുന്നത് അച്ഛന്റെ സ്ഥിരം ഹോബിയായിരുന്നു. അതിന് ഞാൻ അർഹനാണെന്ന് കരുതി ഒന്നും മറുപടി പറയാതെ കേട്ടിരിക്കും”.- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. അക്കാലത്ത് അച്ഛന്റെ സുഹൃത്ത് നൽകിയ ഉപദേശത്തെക്കുറിച്ചും ധ്യാൻ സംസാരിച്ചു.

“ഭാവിയിൽ പണം സമ്പാദിക്കാൻ തുടങ്ങിയാൽ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ആദ്യത്തെ അക്കൗണ്ട് ജീവിതചെലവുകൾക്കായി. രണ്ടാമത്തേത് നികുതി അടയ്ക്കാൻ, മൂന്നാമത്തേത് ചാരിറ്റിക്കായി മാറ്റി വയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നീ എത്ര വലിയ വീടും ആഢംബര ജീവിതവും നയിച്ചാലും ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നിനക്ക് കിട്ടുന്നത് ചാരിറ്റി ചെയ്യുമ്പോഴായിരിക്കും എന്ന വാക്കുകൾ ഇന്ന് അച്ഛന്റെ പേരിൽ നടക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളിലൂടെ പൂർണത നേടുന്നുവെന്നും” ധ്യാൻ പറഞ്ഞു.

അച്ഛന്റെ പേരിൽ നടത്തുന്ന സഹായ പ്രവർത്തനങ്ങൾ കൊണ്ട് സന്തോഷിക്കുന്നവരേക്കാൾ കൂടുതൽ സന്തോഷം അച്ഛനുണ്ടാവുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.