by Midhun HP News | Jul 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മരിച്ചു പോയ അച്ഛന് ഒരു മകള്‍ എഴുതിയ കത്തിന് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കത്ത് വായിച്ചു കണ്ണ് നിറഞ്ഞുവെന്നാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് എയുപി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീനന്ദ എഴുതിയ കത്തിന്റെ പകര്‍പ്പും പങ്കുവെച്ചിട്ടുണ്ട്.
വായനമാസാചരണത്തിന്റെ ഭാഗമായി പനങ്ങാട് നോര്‍ത്ത് എയുപി സ്‌കൂള്‍ വിദ്യാരംഗം കുട്ടികള്‍ക്കായി നടത്തിയ കത്തെഴുതാം സമ്മാനം നേടാം എന്ന പരിപാടിയുടെ വിജയിയെ കണ്ടെത്താനുള്ള തപാല്‍പ്പെട്ടി പൊട്ടിച്ചപ്പോഴാണ് കണ്ണ് നനയിച്ച വൈകാരികമായ ഒരു കത്ത് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ആ കത്തിലെ വരികള്‍ ഇങ്ങനെയാണ്,
എന്റെ പ്രിയപ്പെട്ട അച്ഛന്, അച്ഛന് അവിടെ സുഖമാണെന്ന് വിശ്വസിക്കുന്നു. അച്ഛനെ മറക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്നാണ് അച്ഛന്‍ തിരികെ വരിക? ആ ദിവസത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കും. എപ്പോഴെങ്കിലും ഞാന്‍ എന്റെ അച്ഛനെ കാണും. ഞാന്‍ നന്നായി പഠിക്കുന്നുണ്ട്. പിന്നെ അമ്മ ഞങ്ങളെ നന്നായി നോക്കുന്നുണ്ട്, എന്ന് എഴുതിയാണ് ശ്രീനന്ദ കത്ത് അവസാനിപ്പിക്കുന്നത്.
2024 ഏപ്രില്‍ 10ന് ബൈക്കപകടത്തില്‍ വിട്ടുപോയ അച്ഛന്‍ വായിക്കാന്‍ വേണ്ടി എഴുതിയ കത്താണ് മന്ത്രിയുടെയും കണ്ണ് നിറച്ചത്. ഓരോ വരിയിലും അച്ഛനോടുള്ള സ്‌നേഹം പ്രകടമാകുന്ന കത്ത് വായിക്കുന്ന ആരുടേയും കണ്ണ് നനയിക്കും. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പനങ്ങാട് നോര്‍ത്തിലെ നെരവത്ത് മീത്തല്‍ ബൈജുവിന്റെ മരണം കുടുംബത്തിന് മാത്രമല്ല നാടിനെയും ഏറെ സങ്കടത്തിലാഴ്ത്തിയ ദുരന്തമായിരുന്നു.
ശ്രീനന്ദയുടെ അമ്മ ബേക്കറി ജോലി ചെയ്താണ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്. നൂറോളം കുട്ടികള്‍ പങ്കെടുത്ത കത്തെഴുത്ത് മത്സരത്തില്‍ ഒരു മകള്‍ അച്ഛന് ഹൃദയത്തില്‍ നിന്നെഴുതിയ സ്വര്‍ഗത്തിലേയ്ക്ക് ഒരു കത്ത് ഒന്നാം സ്ഥാനത്തിന് അര്‍ഹമാവുകയും ചെയ്തു. വൈകാരിതയ്ക്ക് അപ്പുറം കത്തിന്റെ ഉള്ളടക്കവും ഭാഷയും ഏറെ ശക്തവും തീവ്രവുമാണെന്ന് സ്‌കൂളിലെ അധ്യാപകര്‍ പറയുന്നു.
മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ട ശ്രീനന്ദയ്ക്ക് ഒരു കുറിപ്പ്,
മരിച്ചുപോയ അച്ഛന് ശ്രീമോളെഴുതിയ കത്ത് വായിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു.
ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നും പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടുപോയാലും അവരുടെ സ്‌നേഹം എന്നും നമ്മളോടൊപ്പം ഉണ്ടാകുമെന്നും കത്ത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അച്ഛന്‍ ശ്രീമോളുടെ ഓര്‍മ്മകളില്‍ വഴികാട്ടിയായി കൂടെയുണ്ടാകും.
ശ്രീമോള്‍ക്കും കുടുംബത്തിനും എല്ലാ പിന്തുണയും നല്‍കാന്‍ എല്ലാവരുമുണ്ടാകും.
സ്‌നേഹത്തോടെ,
വി ശിവന്‍കുട്ടി
by Midhun HP News | Jul 5, 2025 | Latest News, ജില്ലാ വാർത്ത
കിഴുവിലം ഗ്രാമപഞ്ചായത്ത്, കിഴുവിലം കൃഷിഭവനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 8 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. വി. ശശി എംഎൽഎ അധ്യക്ഷനാകും. അഡ്വക്കേറ്റ് അടൂർ പ്രകാശ് എം പി മുഖ്യാതിഥിയാകും.
കർഷകസഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എ ശൈലജ ബീഗം നിർവഹിക്കും. കർഷക തൊഴിലാളികളെ ആദരിക്കൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സിയും നിർവഹിക്കും.
കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത ആർ, കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീകണ്ഠൻ നായർ, കൃഷി ഓഫീസർ മേരി കെ അലക്സ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ. എസ്, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ സുനിൽ റ്റി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനീത എസ് തുടങ്ങി മറ്റു പ്രമുഖരും പങ്കെടുക്കും.
by Midhun HP News | Jul 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിലെ പുരോഗതിയില്‍ പ്രതീക്ഷ പങ്കുവച്ച് സന്തത സഹചാരിയും മുന്‍ പഴ്‌സണല്‍ അസിസ്റ്റന്റുമായ എ സുരേഷ്. എസ് യു ടി ആശുപത്രിയുടെ താഴെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ഇല്ല, വിട്ടുപോകില്ല കേരളത്തിന്റെ കാവലാളെന്നും സുരേഷ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
‘ഇപ്പോഴത്തെ ആശുപത്രി വാസത്തിന്റെ തുടക്കവും ശ്വാസം നിലച്ച വിഎസ് തിരിച്ചു വന്നതിന്റെ അസാധ്യ മനക്കരുത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഒരു അത്ഭുത കഥ തന്നെയാണ്. അര മണിക്കൂറിലേറെ സിപിആര്‍ കൊടുത്താണ് സഖാവ് തിരിച്ചെത്തിയത്. അതാണ് യഥാര്‍ഥ പോരാളിയുടെ ചങ്കുറപ്പ്’- കുറിപ്പില്‍ പറയുന്നു.
കുറിപ്പ്
ഇല്ല വിട്ടു പോകില്ല… കേരളത്തിന്റെ കാവലാൾ..
ഇന്നേക്ക് പന്ത്രണ്ടാം നാൾ ശ്വസന പ്രക്രിയ യന്ത്ര സഹായമില്ലാതെ തനിക്കാവും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു
സ വി എസ്….
പരിശോധിച്ച ഡോക്ടർമാരെയൊക്കെയും അത്ഭുതപ്പെടുത്തിയ സഖാവ്..
പണ്ടൊരു യാത്രയിൽ എന്നോട് പറഞ്ഞത് തികട്ടി വരുന്നു..
ചത്തെന്നു കരുതി എന്നെ പൊലീസ് ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പോലീസ് മൃതശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി കള്ളൻ കോലപ്പൻ പൊലീസ് ജീപ്പിലെ ചാക്കിൽ അനക്കം ശ്രദ്ധയിൽ പ്പെടുത്തിയതും കള്ളൻ കോലപ്പന്റെ ശാസനക്കു വഴങ്ങി പൊലീസ് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചതും.
ഡോക്ടർമാർ പൊലീസ് ഇൻസ്‌പെക്ടറേ കണക്കിന് ശകാരിച്ചതും ഓക്കേ വി എസ് പറയുമ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടത് ഒരു പോരാളിയുടെ പുനർ ജന്മ ത്തിന്റെ കനലാണ്..
ഇപ്പോഴത്തെ ആശുപത്രി വാസത്തിന്റെ തുടക്കവും ശ്വാസം നിലച്ച വി എസ് തിരിച്ചു വന്നതിന്റെ അസാധ്യ മനക്കരുത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഒരു അത്ഭുത കഥ തന്നെയാണ്..
അര മണിക്കൂറിലേറെ സി പി ആർ കൊടുത്താണ് സഖാവ് തിരിച്ചെത്തിയത്…
അതാണ് യഥാർത്ഥ പോരാളിയുടെ ചങ്കുറപ്പ്..
കാരിരുമ്പിന്റെ ചങ്ക്..
ഒറ്റ ചങ്ക്…
ഇപ്പോഴും എസ് യു ടി ആശുപത്രിയുടെ താഴെ പ്രതീക്ഷിയോടെ കാത്തിരിക്കുന്നു..
സഖാവിന്റെ തിരിച്ചു വരവിനായി..
അദ്ദേഹം ഇവിടെ ഉണ്ടെന്ന തോന്നൽ മതി എന്നെ പോലെ പതിനായിരങ്ങൾക്ക് ധൈര്യം പകരാൻ..
മണ്ണിനും മനുഷ്യനും കാവലായി…
അദ്ദേഹം ഇവിടെ ഉണ്ടാവണം..
ആശുപത്രിയിൽ എത്തുന്ന ആളുകൾ പല തരമാണ് ചിലർ ബോധ്യപ്പെടുത്തുന്നു..
മറ്റു ചിലർ ആത്മാർത്ഥമായി വേദനിക്കുന്നു…
അങ്ങനെ പല വിധ മനുഷ്യരെ കാണുന്നു..
ഈ പന്ത്രാണ്ടം നാളിലും എനിക്ക് ഒരു ചിന്ത മാത്രം വർഷങ്ങൾ
വി എസ്സിനൊപ്പം ഒരേ മുറിയിൽ ഉറങ്ങിയത് പോലെ എനിക്ക് ഒരു രാത്രിയെങ്കിലും ഒന്നുറങ്ങണം…
അദ്ദേഹത്തിന്റെ കൂടെ…
അദ്ദേഹം ഇടയ്ക്കിടെ ഉണരുമ്പോൾ കൂടെ ഉണരാൻ..
അത് സാധ്യമാവും എന്ന പ്രതീക്ഷയോടെ
by Midhun HP News | Jul 5, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റുകളും എസ്പിസി യൂണിറ്റും സംയുക്തമായി പിരപ്പമൺകാട് പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു. നടീൽ ഉത്സവം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാമിൽ പ്രിൻസിപ്പൽ ജവാദ്, എച്ച് എം അനിൽകുമാർ, പിടിഎ പ്രസിഡന്റ് സന്തോഷ്, പിടിഎ വൈസ് പ്രസിഡന്റ് ആശാദേവ്, പ്രോഗ്രാം ഓഫീസർമാരായ ജിമ്മി, ഡോക്ടർ ബിനു എസ് പി സി പ്രോഗ്രാം കോഡിനേറ്റർ ദിവ്യ, അധ്യാപകരായ ഡോക്ടർ മുഹമ്മദ് ഷജീർ, സിന്ധു, ജിഷ, വിപിൻകുമാർ, ഷീബ, ഷീജാകുമാരി എന്നിവരും പാടശേഖര സമിതി അംഗങ്ങളും പങ്കെടുത്തു.
by Midhun HP News | Jul 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്.
ജൂലൈ 4 മുതല്‍ 7 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള- കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും; നാളെ മുതല്‍ ചൊവ്വാഴ്ച വരെ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Jul 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വാട്‌സ്ആപ്പ് വഴിയോ മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ ഫോണുകളിലേക്ക് വരുന്ന എപികെ ആപ്പുകളില്‍ ജാഗ്രതാ മുന്നറിയിപ്പുമായി പൊലീസ്. സര്‍ക്കാര്‍ പദ്ധതികളുടെയോ മറ്റോ പേരിലാകും ഈ ഫയലുകള്‍ നിങ്ങളുടെ ഫോണിലേക്ക് എത്തുക. ഇത്തരം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുതെന്നാണ് പൊലീസ് നിര്‍ദേശം.
ഇത്തരം ആപ്ലിക്കേഷന്‍ ഫയല്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ആയാല്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കയ്യടക്കും. തുടര്‍ന്ന് നിങ്ങളുടെ ഫോണിലുള്ള ബാങ്കിങ് ആപ്ലിക്കേഷനുകള്‍ വഴി നിങ്ങളുടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും നിങ്ങളുടെ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഈ അപ്ലിക്കേഷന്‍ ഫയലുകള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയും ചെയ്യും.
ഓണ്‍ലൈന്‍ സാമ്പത്തികകുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുകയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെടാം. https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പൊലീസിനെ വിവരമറിയിക്കാം.
പൊലീസിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം
നിങ്ങളുടെ ഫോണിലേക്ക് സാമൂഹ്യമാധ്യമങ്ങള്‍ വഴിയെത്തുന്ന. apk (അപ്ലിക്കേഷന്‍) ഫയലുകളെ സൂക്ഷിക്കണം. സര്‍ക്കാര്‍ പദ്ധതികളുടെയോ മറ്റോ പേരിലാകും ഇത്തരം ഫയലുകള്‍ നിങ്ങളുടെ ഫോണിലേക്ക് എത്തുന്നത്. നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടില്‍ നിന്നും ഇത്തരം ഫയലുകള്‍ വന്നേക്കാം. ഒരിക്കലും ഇത്തരം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുത്. ഇത്തരം ആപ്ലിക്കേഷന്‍ ഫയല്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ആയാല്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കയ്യടക്കും. തുടര്‍ന്ന് നിങ്ങളുടെ ഫോണിലുള്ള ബാങ്കിങ് ആപ്ലിക്കേഷനുകള്‍ വഴി നിങ്ങളുടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും നിങ്ങളുടെ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഈ അപ്ലിക്കേഷന്‍ ഫയലുകള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയും ചെയ്യും. ശ്രദ്ധിക്കണേ..
ഓണ്‍ലൈന്‍ സാമ്പത്തികകുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുകയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെടാം. https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പോലീസിനെ വിവരമറിയിക്കാം.
Recent Comments