ഓണത്തിന് ഒരു ലക്ഷം തൊഴില്‍; പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കുടുംബശ്രീ

ഓണത്തിന് ഒരു ലക്ഷം തൊഴില്‍; പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കുടുംബശ്രീ

തിരുവനന്തപുരം: പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇടപെടല്‍ ശക്തമാക്കാന്‍ കുടുംബശ്രീ. സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി പ്രാദേശിക തൊഴിലുകള്‍ ലഭ്യമാക്കുന്നതിന് വിജ്ഞാന കേരളവുമായി സഹകരിച്ചുകൊണ്ട് കുടുംബശ്രീ കാംപയിന്‍ ആരംഭിക്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ആണ് പദ്ധതി പ്രഖ്യാപിച്ചത്. മന്ത്രിയുടെ അധ്യക്ഷതയില്‍ വിജ്ഞാനകേരളം മുഖ്യ അഡൈ്വസര്‍ ഡോ. ടി എം തോമസ് ഐസക്ക്, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും അവലോകന യോഗങ്ങളില്‍ തൊഴില്‍ കാംപയിന്‍ സംബന്ധിച്ച നടപടികള്‍ ആരംഭിക്കാന്‍ ധാരണയായി.

കേരളത്തിലെ തൊഴില്‍ പ്രായത്തിലുള്ള സ്ത്രീകളില്‍ 20 ശതമാനം പേര്‍ മാത്രമേ വീട്ടിനു പുറത്തുള്ള ജോലികളില്‍ ഏര്‍പ്പെടുന്നുള്ളൂ. ഇത് ഏതാനും വര്‍ഷംകൊണ്ട് 50 ശതമാനമായി ഉയര്‍ത്തുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഓണത്തിന് ഒരു ലക്ഷം തൊഴില്‍ എന്ന കാംപയിനിലൂടെ ഇതിന് തുടക്കമാകും. കാംപയിനിന്റെ മുന്നോടിയായി ഒരു ലക്ഷം സ്ത്രീകള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വിജ്ഞാനകേരളം ക്യാമ്പയിന്‍ നിര്‍വഹണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സമിതികള്‍ രൂപീകരിക്കും. പ്രാദേശിക സാമ്പത്തിക വികസന സമീപനത്തിന്റെ ഭാഗമായി തൊഴില്‍ കാംപയിനെ ഉള്‍പ്പെടുത്തും. ഇതിനായി, കുടുംബശ്രീ മുഖേന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കര്‍മപരിപാടി രൂപപ്പെടുത്തും. പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍ ഇതുമായി സംയോജിപ്പിക്കും. വിജ്ഞാന കേരളം തൊഴില്‍ ക്യാമ്പയിന്റെ നിര്‍വഹണ സംവിധാനം എന്ന നിലയില്‍ കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷനുകളില്‍ ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും.

പ്രാദേശിക തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് സംരംഭക സംഘടനകളുമായി ജില്ലാതല യോഗങ്ങള്‍ സംഘടിപ്പിക്കും. സംരംഭകരെ നേരിട്ട് ബന്ധപ്പെടുന്നതിന് മൂന്നു തലങ്ങളിലും പ്രത്യേക ടീമുകള്‍ക്ക് രൂപം നല്‍കും. ഓരോ പ്രദേശത്തുമുള്ള തൊഴിലുകള്‍ക്ക് കുടുംബശ്രീ സി.ഡി.എസുകള്‍ വഴി സ്ത്രീ തൊഴിലാളികളെ കണ്ടെത്തും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ എല്ലാ ബ്ലോക്കുകളിലും, മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും തൊഴില്‍മേളകള്‍ സംഘടിപ്പിക്കും. തൊഴില്‍ ലഭിക്കുന്നവര്‍ക്കുള്ള പരിശീലനം നല്‍കുന്നതിന് അസാപ്, കെ.എ.എസ്.ഇ. തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെയും അക്രഡിറ്റഡ് ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളെ വിജ്ഞാനകേരളം ഏകോപിപ്പിക്കും.

വിജ്ഞാനകേരളത്തിന്റെ പരിശീലനപരിപാടികളുടെ ഏകോപനം കിലയാണ് നിര്‍വഹിക്കുക. കെ-ഡിസ്‌കില്‍ നിന്നുള്ള വിദഗ്ദ്ധരാണ് ജില്ലകളിലെ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിന് നേതൃത്വം നല്‍കുന്നത്. കാംപയിന് ആവശ്യമായ സോഫ്റ്റ്വെയര്‍ കെ-ഡിസ്‌ക് ലഭ്യമാക്കും. നാഷണല്‍ സര്‍വീസ് സ്‌കീം സന്നദ്ധപ്രവര്‍ത്തകര്‍ കാംപയിനില്‍ സജീവ പങ്കാളികളായിരിക്കും.

വീട്ടമ്മമാര്‍ക്ക് ജോലി ചെയ്യുന്നതിലുള്ള സാമൂഹിക പിന്തുണ നല്‍കുക എന്നത് ക്യാമ്പയിനിന്റെ പ്രധാനപ്പെട്ട ലക്ഷ്യമാണ്. ഓരോ തരം ജോലിക്കും പ്രത്യേകം നൈപുണ്യ പരിശീലന കോഴ്‌സുകള്‍ പ്രാദേശിക കേന്ദ്രങ്ങളില്‍ നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംയുക്ത പ്രൊജക്ട് ആയിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിനുള്ള ചിലവിലേക്കായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ജൂലൈയില്‍ പദ്ധതിയില്‍ പ്രൊജക്ടുകള്‍ ഉള്‍ക്കൊള്ളിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

വിജ്ഞാനകേരളത്തിന്റെ പ്രാദേശിക ജോബ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ ഇനിമുതല്‍ തൊഴില്‍കേന്ദ്രം എന്ന പേരില്‍ സിഡിഎസ് ഓഫീസുകളിലായിരിക്കും പ്രവര്‍ത്തിക്കുക. ബ്ലോക്ക്-നഗരസഭാ തലത്തില്‍ ജോബ് സ്റ്റേഷനുകളായിരിക്കും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക. ജില്ലാതലത്തില്‍ കുടുംബശ്രീ ജില്ലാ മിഷനും വിജ്ഞാനകേരളം പിഎംയുവും സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

എല്ലാ ജില്ലകളിലും മന്ത്രിമാര്‍ അധ്യക്ഷരായി വിജ്ഞാന കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ജൂലൈയില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ബ്ലോക്ക്-നഗരസഭാ കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരും മുന്‍കൈ എടുക്കും. അതുപോലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വിജ്ഞാനകൗണ്‍സില്‍ രൂപീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ നേതൃത്വം നല്‍കും.

സംസ്ഥാനത്തിന്റെ വികസനത്തെയും സ്ത്രീപദവിയെയും ഗാഢമായി സ്വാധീനിക്കാന്‍ കഴിയുന്ന ഒരു ദൗത്യമാണ് വിജ്ഞാനകേരളത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ഏറ്റെടുത്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. 25 വര്‍ഷം പിന്നിടുമ്പോള്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു ദിശാബോധം വേതനാധിഷ്ഠിത തൊഴില്‍ ക്യാമ്പയിനിലൂടെ ലഭിക്കുകയാണ്. സാമ്പത്തികവും സാമൂഹികവുമായ വലിയ ചലനം ഉണ്ടാക്കാന്‍ ഈ ക്യാമ്പയിനിലൂടെ കഴിയും. സംസ്ഥാനത്തെ ജിഡിപിയിലും വലിയ മാറ്റം ഉണ്ടാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

തൊഴിലന്വേഷകരുടെ പ്രായപരിധി നിശ്ചയിക്കുന്നത് സംരംഭകരായിരിക്കുമെന്ന് വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. ടി. എം. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാലും 30 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കാണ് പ്രാമുഖ്യം നല്‍കുക. ഓണക്കാലത്ത് ജോലി കിട്ടിയവരെയും തൊഴില്‍ ദാതാക്കളെയും തദ്ദേശസ്വയംഭരണസ്ഥാപനതലത്തില്‍ ആദരിക്കും. ഇതൊരു സാമൂഹിക ദൗത്യമായി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ കിലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു വി ജോസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍, കില ഡയറക്ടര്‍ ജനറല്‍ എ നിസാമുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിന്ദുവിന്റെ വീട് നവീകരണത്തിന് നാഷണല്‍ സര്‍വീസ് സ്‌കീം, പ്രഖ്യാപനവുമായി മന്ത്രി

ബിന്ദുവിന്റെ വീട് നവീകരണത്തിന് നാഷണല്‍ സര്‍വീസ് സ്‌കീം, പ്രഖ്യാപനവുമായി മന്ത്രി

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ബിന്ദുവിന് വീട് നവീകരിച്ച് നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇക്കാര്യം ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണില്‍ വിളിച്ചു അറിയിച്ചതായി മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

വീട് നവീകരണവുമായി ബന്ധപ്പെട്ട് നാഷണല്‍ സര്‍വീസ് സ്‌കീം അധികൃതര്‍ എത്രയും വേഗംതന്നെ വേണ്ട നടപടികള്‍ എന്തൊക്കെയെന്ന് വിലയിരുത്തും. ഒട്ടും കാലതാമസം കൂടാതെ തന്നെ ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. പ്രവൃത്തിയുടെ പുരോഗതി നാഷണല്‍ സര്‍വീസ് സ്‌കീം അധികൃതരുമായി ബന്ധപ്പെട്ട് വിലയിരുത്തുമനെന്നും മന്ത്രി അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സയും മകന്‍ നവനീതിന്റെ തുടര്‍പഠനവും ഇതിനകം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കുടുംബത്തിന് വിവിധ കോണുകളില്‍ നിന്ന് ഇങ്ങനെ വന്നെത്തുന്ന കൈത്താങ്ങുകള്‍ക്കൊപ്പമാണ് ഈയൊരു പ്രവൃത്തി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം ഏറ്റെടുക്കുന്നത് എന്നും മന്ത്രി അറിയിച്ചു.

വീട് പണിക്കായി ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എയും പ്രഖ്യാപിച്ചിരുന്നു. ബിന്ദുവിന്റെ വീടു നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള 5 ലക്ഷം രൂപ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നല്‍കുമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം. ബിന്ദുവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ചാണ്ടി ഉമ്മന്‍ ഇക്കാര്യം പറഞ്ഞത്.

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തില്‍ സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിട്ടില്ലെങ്കിലും അടിയന്തര ധന സഹായമായി സര്‍ക്കാര്‍ 50000 രൂപ അനുവദിച്ചിരുന്നു. സംസ്‌കാര ചടങ്ങിന്റെ ചെലവിന് എന്ന പേരിലാണ് 50,000 രൂപ നല്‍കുമെന്നായിരുന്നു മന്ത്രി വാസവന്‍ അറിയിച്ചത്. ബാക്കി ധനസഹായം പിന്നാലെ നല്‍കുമെന്നും വാസവന്‍ പറഞ്ഞു. അതേസമയം, ബിന്ദുവിന്റെ കുടുംബത്തിനു കുറഞ്ഞത് 25 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നായിരുന്നു ചാണ്ടി ഉമ്മനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.

മുഹറം: തിങ്കളാഴ്ച അവധി ഇല്ല, മുന്‍ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ

മുഹറം: തിങ്കളാഴ്ച അവധി ഇല്ല, മുന്‍ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ

തിരുവനന്തപുരം: കേരളത്തില്‍ മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടര്‍ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ചന്ദ്രമാസപ്പിറവി പ്രകാരം ഈ വര്‍ഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇതോടെ തിങ്കളാഴ്ചയും അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് ടി വി ഇബ്രാഹീം എംഎല്‍എ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

”ചന്ദ്രമാസ പിറവിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തില്‍ ആചരിക്കുന്നത്. സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം ജൂലൈ 6 ഞായറാഴ്ച ആണ് നിലവില്‍ അവധി ഉള്ളത്. എന്നാല്‍ മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഫയല്‍ ജനറല്‍ അഡ്മിസ്ട്രേഷന്‍ വിഭാഗത്തിന്റെ പരിഗണനയിലാണ്.” ടി വി ഇബ്രാഹീം എംഎല്‍എ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണം നടന്നു

ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണം നടന്നു

കെ. കരുണാകരൻ അനുസ്മരണം ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ആർ. എസ് പ്രശാന്ത് നേതൃത്വം നൽകി. ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.

ലീഡറുടെ ജന്മദിനം ആഘോഷിച്ചു

ലീഡറുടെ ജന്മദിനം ആഘോഷിച്ചു

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗവുമായിരുന്ന ലീഡർ കെ. കരുണാകരൻ്റെ ജന്മദിനം വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.

ലീഡറുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങ് മണ്ഡലം പ്രസിഡൻ്റ് എം.ആർ.ഷാനവാസിൻ്റെ അദ്ധ്യക്ഷതയിൽ ഐ.എൻ.റ്റി.യു.സി സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രട്ടറിയുമായ ആർ.എസ്. വിനോദ് മണി ഉദ്ഘാടനം ചെയ്തു.ഡി സി സി മെമ്പർ തോന്നയ്ക്കൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ നിസാർ ക്രസൻ്റ് സ്വാഗതവും ഷംനാദ് കൃതജ്ഞതയും പറഞ്ഞു. വാർഡ് പ്രസിഡൻ്റുമാരായ പാറയിൽ രാജൻ, അഷ്റഫ് തോപ്പുവിള ഐ.എൻ.റ്റി.യു.സി. ഭാരവാഹികളായ അജയൻ, ത്യാഗരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

സംസ്ഥാന സ്‌കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

സംസ്ഥാന സ്‌കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സ്‌കൂള്‍ കായികമേള തിരുവനന്തപുരത്തും നടക്കും.

ടിടിഐ/ പിപിടിടിഐ കലോത്സവം വയനാട്ടിലും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും നടക്കും. കഴിഞ്ഞ കലോത്സവത്തില്‍ തൃശൂരാണ് ചാമ്പ്യന്‍മാരായത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍ നൂറ്റാണ്ടിന് ശേഷം തൃശൂര്‍ ചാമ്പ്യന്മാരായത്. തിരുവനന്തപുരത്ത് വച്ചായിരുന്നു കലോത്സവം നടന്നത്.