‘തമാശയൊന്നും പ്രതീക്ഷിക്കരുത്, അതിന് പറ്റിയ മാനസികാവസ്ഥയിൽ അല്ല ഞാൻ’; അച്ഛന്റെ ഓർമയിൽ ധ്യാൻ ശ്രീനിവാസൻ

‘തമാശയൊന്നും പ്രതീക്ഷിക്കരുത്, അതിന് പറ്റിയ മാനസികാവസ്ഥയിൽ അല്ല ഞാൻ’; അച്ഛന്റെ ഓർമയിൽ ധ്യാൻ ശ്രീനിവാസൻ

നടൻ‌ ശ്രീനിവാസന്റെ വിയോ​ഗത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി മകൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ വിടവാങ്ങിയിട്ട് ഒന്നരമാസം മാത്രമേ ആയിട്ടുള്ളൂവെന്നും എല്ലാവരെയും ചിരിപ്പിക്കേണ്ട ഉത്തരവാദിത്വം ഇപ്പോൾ വലിയ ഭാരമായി തോന്നുന്നുവെന്നും ധ്യാൻ പറഞ്ഞു. വർ​ഗീസ് ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാനാണ് ധ്യാൻ‌ എത്തിയത്.

“ഇവിടെ വന്നാൽ ഉടനേ തമാശ പറയും, എല്ലാവരെയും ചിരിപ്പിക്കും എന്നാണ് പലരും കരുതുന്നത്. സത്യം പറഞ്ഞാൽ ഇപ്പോൾ അങ്ങനെയൊരു അവസ്ഥയിലല്ല ഞാൻ. അച്ഛൻ പോയിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുള്ളൂ. അച്ഛൻ പോയതിന് ശേഷം ഞാൻ ആദ്യമായി പങ്കെടുക്കുന്ന പരിപാടിയാണിത്. അതുകൊണ്ട് തന്നെ തമാശകളൊന്നും പ്രതീക്ഷിക്കണ്ട.

കോളജിൽ പഠിക്കുന്ന കാലത്ത് സുഹൃത്തുക്കൾ വീട്ടിൽ വന്നാൽ കൂട്ടുകാരുടെ മുന്നിൽ വച്ച് അപമാനിക്കുന്നത് അച്ഛന്റെ സ്ഥിരം ഹോബിയായിരുന്നു. അതിന് ഞാൻ അർഹനാണെന്ന് കരുതി ഒന്നും മറുപടി പറയാതെ കേട്ടിരിക്കും”.- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. അക്കാലത്ത് അച്ഛന്റെ സുഹൃത്ത് നൽകിയ ഉപദേശത്തെക്കുറിച്ചും ധ്യാൻ സംസാരിച്ചു.

“ഭാവിയിൽ പണം സമ്പാദിക്കാൻ തുടങ്ങിയാൽ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ആദ്യത്തെ അക്കൗണ്ട് ജീവിതചെലവുകൾക്കായി. രണ്ടാമത്തേത് നികുതി അടയ്ക്കാൻ, മൂന്നാമത്തേത് ചാരിറ്റിക്കായി മാറ്റി വയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നീ എത്ര വലിയ വീടും ആഢംബര ജീവിതവും നയിച്ചാലും ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നിനക്ക് കിട്ടുന്നത് ചാരിറ്റി ചെയ്യുമ്പോഴായിരിക്കും എന്ന വാക്കുകൾ ഇന്ന് അച്ഛന്റെ പേരിൽ നടക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളിലൂടെ പൂർണത നേടുന്നുവെന്നും” ധ്യാൻ പറഞ്ഞു.

അച്ഛന്റെ പേരിൽ നടത്തുന്ന സഹായ പ്രവർത്തനങ്ങൾ കൊണ്ട് സന്തോഷിക്കുന്നവരേക്കാൾ കൂടുതൽ സന്തോഷം അച്ഛനുണ്ടാവുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താമരശ്ശേരി ചുരത്തിലെ ആറ്-ഏഴ് വളവുകള്‍ക്കിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി ചുരത്തിലെ ആറ്-ഏഴ് വളവുകള്‍ക്കിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി ചുരത്തിലെ ആറ്-ഏഴ് വളവുകള്‍ക്കിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ചുരം ഇറങ്ങിവന്ന കെ.എസ്.ആര്‍.ടി.സി. ബസും എതിര്‍ദിശയില്‍ സഞ്ചരിച്ചിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസ് യാത്രക്കാരായ ഏതാനും പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരില്‍ 33 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, രണ്ടുപേരെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നിലവില്‍ വാഹനങ്ങള്‍ വണ്‍വേ രീതിയിലാണ് കടന്നുപോകുന്നത്. സ്ഥലത്ത് പൊലീസ് എത്തി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

മലയാളി നഴ്സുമാർക്ക് ജർമനിയിൽ ജോലി; അപേക്ഷിക്കാൻ ജർമൻ ഭാഷ പ്രാവീണ്യം വേണ്ട; നോർക്ക വഴി ഇപ്പോൾ അപേക്ഷിക്കാം

മലയാളി നഴ്സുമാർക്ക് ജർമനിയിൽ ജോലി; അപേക്ഷിക്കാൻ ജർമൻ ഭാഷ പ്രാവീണ്യം വേണ്ട; നോർക്ക വഴി ഇപ്പോൾ അപേക്ഷിക്കാം

നോർക്കയുടെ ട്രിപ്പിൾ വിൻ പ്രോഗ്രാമിന് കീഴിൽ ജർമ്മനിയിൽ പ്ലേസ്‌മെന്റിനായി നോർക്ക മലയാളി നഴ്‌സുമാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.ബിഎസ്‌സി നഴ്‌സിങ് അല്ലെങ്കിൽ ജനറൽ നഴ്‌സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 250 ഒഴിവുകളാണ് ഉള്ളത്.

ബിഎസ്‌സി നഴ്‌സിങ് / പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് യോഗ്യതയുള്ളവർക്ക് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം,

ജനറൽ നഴ്‌സിങ് ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

അപേക്ഷകർക്ക് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്ലിനിക്കൽ പരിചയം ഉണ്ടായിരിക്കണം, കൂടാതെ അപേക്ഷിക്കുന്ന സമയത്തെ കരിയർ ബ്രേക്ക് ഒരു വർഷത്തിൽ കൂടാൻ പാടില്ല.

ഉയർന്ന പ്രായപരിധി 2026 മെയ് 31-ന് 36 വയസ്സാണ്.

2026 ഏപ്രിൽ 22 മുതൽ 29 വരെ തിരുവനന്തപുരത്തും കൊച്ചിയിലും അഭിമുഖങ്ങൾ നടക്കും.
ഇന്റൻസീവ് കെയർ യൂണിറ്റുകൾ (ഐസിയു), ഇന്റർമീഡിയറ്റ് കെയർ യൂണിറ്റുകൾ (ഐഎംസി), ജെറിയാട്രിക്സ്, ലോംഗ്-ടേം കെയർ, ജനറൽ വാർഡ്, സർജിക്കൽ, മെഡിക്കൽ വാർഡുകൾ, ന്യൂറോളജി, ഓങ്കോളജി, ഓർത്തോപീഡിക്സ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവരെ പരിഗണിക്കും.

വയോജന പരിചരണത്തിൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വയോജന പരിചരണത്തിൽ പരിചയം, ദീർഘകാല പരിചരണം, ആശുപത്രി അധിഷ്ഠിത നഴ്‌സിങ് പരിചയം (ഉദാഹരണത്തിന് ഹോം കെയർ/നഴ്‌സിങ് ഹോം, ഇൻ-പേഷ്യന്റ് പരിചയം) എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം.

വിദേശത്ത് ക്ലിനിക്കൽ പരിചയവും 200 ൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ പരിചയവുമുള്ളവർക്ക് മുൻഗണന നൽകും.

എമർജൻസി ഡിപ്പാർട്ട്‌മെന്റ്, എൻഐസിയു, പീഡിയാട്രിക്സ്, പിഐസിയു, സ്കൂൾ നഴ്‌സിങ്, വാക്‌സിനേഷൻ നഴ്‌സിങ്, കമ്മ്യൂണിറ്റി ഹെൽത്ത് എന്നിവയിൽ മാത്രം പരിചയമുള്ളവരെ പരിഗണിക്കില്ല.

ജർമ്മൻ ഭാഷാ പരിശീലനം
അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ജർമ്മൻ ഭാഷാ പ്രാവീണ്യം ആവശ്യമില്ല. പ്രാഥമിക അഭിമുഖ ഘട്ടത്തിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ ജർമ്മൻ ഭാഷാ പരിശീലനത്തിൽ പങ്കെടുക്കണം. പ്രോഗ്രാം ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ A2 ലെവലിൽ 70% മാർക്ക് നേടിയാൽ, അപേക്ഷകരെ നിബന്ധനയോടെ പ്രോഗ്രാമിലേക്ക് സ്വീകരിക്കും.

ഈ യോഗ്യത നേടുന്ന സ്ഥാനാർത്ഥികളെ പിന്നീട് ഔദ്യോഗികമായി പ്രോഗ്രാമിലേക്ക് ചേർക്കും, അതായത് തൊഴിലുടമയുടെ സിവി തയ്യാറാക്കൽ, പ്ലേസ്‌മെന്റ് അഭിമുഖങ്ങൾ എന്നിവയ്‌ക്കൊപ്പം B1 ഉം. ഈ ഘട്ടത്തിൽ സ്ഥാനാർത്ഥിക്ക് ഭാഗിക റീഫണ്ട്/ധനസഹായത്തിനും അർഹതയുണ്ട്.

ഔദ്യോഗികമായി പ്രവേശനം ലഭിച്ച സ്ഥാനാർത്ഥികൾക്ക് B1 പരീക്ഷ പാസാകുന്നതിന് 4 അവസരങ്ങൾ ലഭിക്കും. 70% മാർക്കോടെ B1 ലെവൽ വിജയകരമായി പൂർത്തിയാക്കിയാൽ, ശേഷിക്കുന്ന റീഇംബേഴ്‌സ്‌മെന്റും പ്രോസസ്സ് ചെയ്യും.

ജർമ്മൻ ഭാഷാ പ്രാവീണ്യം ഉള്ളവരുടെ ശ്രദ്ധയ്ക്ക്
B1 അല്ലെങ്കിൽ B2 ജർമ്മൻ ഭാഷാ സർട്ടിഫിക്കേഷൻ ഇതിനകം ഉള്ളവരെ ഒരു ഫാസ്റ്റ്-ട്രാക്ക് പ്രോഗ്രാമിന് കീഴിൽ പരിഗണിക്കും. വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും പ്രോഗ്രാം വഹിക്കും. ട്രിപ്പിൾ വിൻ കേരള പ്രോഗ്രാമിന് അപേക്ഷിക്കാൻ കേരളീയർക്ക് മാത്രമേ യോഗ്യതയുള്ളൂ.

മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍

മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍

ആറ്റിങ്ങലില്‍ മുക്കുപണ്ടം പണയംവെച്ച് അഞ്ചുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി ശാലിനിയാണ് അറസ്റ്റിലായത്. 69 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 5,74,000 രൂപയാണ് യുവതി കൈക്കലാക്കിയത്. ‘താഴെയില്‍ നിധി ലിമിറ്റഡ്’ എന്ന സ്ഥാപനത്തില്‍ 2025 ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുളള കാലയളവിലാണ് യുവതി തട്ടിപ്പ് നടത്തിയത്.

പ്രാഥമിക പരിശോധനയിൽ ശാലിനി നൽകിയത് മുക്കുപണ്ടമാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പണയപ്പെടുത്തിയത് മറ്റൊരാള്‍ നല്‍കിയ ആഭരണമാണെന്നും വ്യാജമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ അന്വേഷണം നടക്കുകയാണ്.

‘എന്തിനാണ് വെറുതെ കാശ് കളയുന്നത്?’; ഡല്‍ഹി യാത്ര വേണ്ടെന്ന് വച്ചതില്‍ വിശദീകരണവുമായി ആര്‍ ശ്രീലേഖ

‘എന്തിനാണ് വെറുതെ കാശ് കളയുന്നത്?’; ഡല്‍ഹി യാത്ര വേണ്ടെന്ന് വച്ചതില്‍ വിശദീകരണവുമായി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ തിരുവനന്തപുരത്തെ മറ്റു ബിജെപി കൗണ്‍സിലര്‍മാര്‍ക്കൊപ്പം പോകാത്തതില്‍ വിശദീകരണവുമായി ആര്‍. ശ്രീലേഖ. ഈ പ്രായത്തില്‍ ട്രെയിനില്‍ പോകാനാവില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും അഞ്ച് ദിവസം തിരുവനന്തപുരത്ത് നിന്നും മാറിനില്‍ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞു.

പൈസ അനാവാശ്യമായി ചെലവാക്കുന്നതില്‍ മടിയുള്ള വ്യക്തിയാണ് താനെന്നും അതിനാല്‍ വിമാന ടിക്കറ്റ് നല്‍കാമെന്നു പറഞ്ഞിട്ടും യാത്ര ഒഴിവാക്കുകയായിരുന്നെന്നും ശ്രീലേഖ പറഞ്ഞു. അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശ്രീലേഖ തള്ളി. വരുന്ന അഞ്ചുവര്‍ഷവും കൗണ്‍സിലറായി തുടരാനാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. തന്റെ തീരുമാനങ്ങളെല്ലാം പാര്‍ട്ടിയുടെ അറിവോടെയാണെന്നും ആര്‍ ശ്രീലേഖ വ്യക്തമാക്കി.

ശ്രീലേഖയുടെ വാക്കുകള്‍….

”തീയില്ലാതെ പുകയുണ്ടാക്കാന്‍ വിദഗ്ധരാണല്ലോ ചില മാധ്യമപ്രവര്‍ത്തകര്‍. ഇന്ന് രാവിലെ മുതല്‍ ചിലര്‍ എന്നെ വിളിക്കുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ ഒരു ചരിത്ര വിജയമാണ് നേടിയിരിക്കുന്നത്. 45 വര്‍ഷത്തിന് ശേഷം ബിജെപിയുടെ നേതൃത്വത്തില്‍ ഒരു ഭരണം വന്നു. അങ്ങനെ വലിയ ഉത്സാഹത്തിമര്‍പ്പിലിരിക്കുമ്പോഴാണ് ഡല്‍ഹിയില്‍ നിന്ന് വിളിക്കുന്നത്. കൗണ്‍സിലര്‍മാര്‍ കുറച്ചു പേര്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കണമെന്ന്. കേരള എക്‌സ്പ്രസില്‍ കയറി ഡല്‍ഹിയിലേയ്ക്ക് പോകുന്നു, എല്ലാ സ്ഥലത്തും സ്വീകരണം വാങ്ങിക്കുന്നു. 13 ാം തിയതി രാവിലെയേ തിരിക്കൂ എന്നു പറഞ്ഞു. 14 പേരാണ് ആദ്യം തിരുവനന്തപുരത്ത് നിന്ന് പോകാന്‍ തീരുമാനിച്ചിരുന്നത്. ഈ പ്രായത്തില്‍ കേരള എക്‌സ്പ്രസില്‍ നടത്താന്‍ പ്രയാസമാണെന്ന് പറഞ്ഞു. ഫ്‌ളൈറ്റില്‍ വേണമെങ്കില്‍ അറേഞ്ച് ചെയ്യാമെന്ന് ഒരു ഓഫര്‍ ഉണ്ടായിരുന്നതാണ്. പക്ഷേ, ഞാന്‍ പറഞ്ഞു, വേണ്ട. എന്തിനാണ് വെറുതെ കാശ് കളയുന്നത്. എനിക്ക് പൈസ അനാവശ്യമായി മുടക്കുന്നതില്‍ വലിയ വിരോധമുള്ള വ്യക്തിയാണ് ഞാന്‍. എന്റെ തെരഞ്ഞെടുപ്പില്‍ പോലും ഞാന്‍ വളരെ പിടിച്ചാണ് ഓരോ ചെലവും നടത്തിയത്. പലരും എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് ശ്രീലേഖയുടെ പോസ്റ്റര്‍ മാത്രം ഇത്രയധികം കുറഞ്ഞു പോയത്. എന്തുകൊണ്ടാണ് വാഹനപ്രചാരണം ഒന്നും കാണുന്നില്ല. മൈക്ക് വെച്ച് ശ്രീലേഖയുടെ പേര് വിളിച്ചുകൊണ്ട് പോകുന്നില്ല എന്നൊക്കെ പറഞ്ഞു. ഇത്രയും ആളുകളുമായി ഡല്‍ഹിയില്‍ പോകുമ്പോള്‍ നല്ല ചെലവാണ് പാര്‍ട്ടിക്ക്. ഞാന്‍ കാരണം അത്രയും ചെലവുണ്ടാകേണ്ട എന്ന് തോന്നി. എനിക്ക് പേഴ്‌സണലായി ചില ബുദ്ധിമുട്ടുകളും ഉണ്ട്. അമ്മയ്ക്ക് 93 വയസായി.

അഞ്ച് ദിവസമൊന്നും വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല. വീട്ടില്‍ ആള് വേണം. അതാണ് ഞാന്‍ മാറി നില്‍ക്കാന്‍ കാരണം. അല്ലാതെ പ്രതിഷേധിച്ചിട്ടോ ആരോടും അനിഷ്ടമുണ്ടായിട്ടോ അല്ല പോകാതിരുന്നത്. ഞാനൊരു ബിജെപിയുടെ തികഞ്ഞ വിശ്വാസിയാണ്. ഒരു തെരഞ്ഞെടുപ്പില്‍ ജയിച്ചതുകൊണ്ട് ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല. അതിനുള്ള ചെലവ് വഹിക്കാന്‍ കഴിയില്ല. അത് പാര്‍ട്ടിയെക്കൊണ്ട് വഹിപ്പിക്കുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ല. ഇത് വിവാദമാക്കാന്‍ എനിക്ക് താല്‍പ്പര്യവുമില്ല”, ശ്രീലേഖ പറഞ്ഞു.

കെ ടി സി ടി എച്ച് എസ് എസിൽ ‘അന്നം അമൃതം’ പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ പൊതിച്ചോറ് വിതരണം ചെയ്തു

കെ ടി സി ടി എച്ച് എസ് എസിൽ ‘അന്നം അമൃതം’ പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ പൊതിച്ചോറ് വിതരണം ചെയ്തു

ജൂനിയർ റെഡ്ക്രോസ്സ് ന്റെ ‘അന്നം അമൃതം’പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ
കെ ടി സി ടി ഹയർ സെക്കന്ററി സ്കൂൾ ആയിരത്തി അറുന്നൂറ്‌ പൊതിച്ചോറ് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ വിതരണം ചെയ്‌തു.