by Midhun HP News | Jul 18, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലും രാജ്യത്തിന്റെ സമുദ്ര വ്യാപാര മേഖലയിലും ചരിത്രപരമായ നാഴികക്കല്ലായി മാറിക്കൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഓഗസ്റ്റ് 18 മുതൽ സമ്പൂർണ്ണ എക്സിം (EXIM – കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് തുടക്കമാകും. ഇതോടെ കേവലം ഒരു ട്രാൻഷിപ്‌മെന്റ് തുറമുഖം എന്ന നിലയിൽ നിന്ന് മാറി, ആഗോള ചരക്കുകൾ നേരിട്ട് ഇന്ത്യയിലേക്ക് എത്തുന്നതും തിരിച്ചു പോകുന്നതുമായ സമ്പൂർണ്ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. തുറമുഖത്തുനിന്നുള്ള ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഈ ചരിത്ര നേട്ടം യാഥാർത്ഥ്യമാക്കുന്നത്.
ആഗോള പ്രമുഖർ പങ്കെടുക്കുന്ന ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റ്
എക്സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ആഗോള ഷിപ്പിംഗ് കമ്പനികൾ, അന്താരാഷ്ട്ര ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, വൻകിട കയറ്റുമതിക്കാർ, ആഗോള നിക്ഷേപകർ, പ്രമുഖ വ്യവസായ പ്രമുഖർ എന്നിവർ ഈ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിൽ കേരളത്തിന്റെ മാരിടൈം സാമ്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതോടൊപ്പം, സംസ്ഥാന സർക്കാരിന്റെ ദീർഘകാല സമുദ്ര വികസന ദൗത്യമായ ‘മിഷൻ സമുദ്ര’ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും.
തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, നിർമ്മാണ മേഖല, ഉൾനാടൻ ജലഗതാഗതം, മൾട്ടിമോഡൽ കണക്റ്റിവിറ്റി എന്നിവയെ പരസ്പരം സമന്വയിപ്പിച്ച് ദക്ഷിണേഷ്യയിലെ തന്നെ പ്രമുഖ മാരിടൈം-ലോജിസ്റ്റിക്സ് കേന്ദ്രമായി കേരളത്തെ മാറ്റുകയെന്നതാണ് മിഷൻ സമുദ്രയിലൂടെ ലക്ഷ്യമിടുന്നത്.
18 മാസം, 20 ലക്ഷം ടി.ഇ.യു; വിഴിഞ്ഞത്തിന്റെ വിശ്വരൂപം
കേരള സർക്കാരും അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണും സംയുക്തമായി പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ വികസിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിലവിൽ ലോകത്തിലെ തന്നെ അതിവേഗം വളരുന്ന കണ്ടെയ്നർ തുറമുഖങ്ങളിലൊന്നാണ്. വാണിജ്യ പ്രവർത്തനം ആരംഭിച്ച് വെറും 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനും ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പുകൾക്ക് വിജയകരമായി ആതിഥേയത്വം വഹിക്കാനും വിഴിഞ്ഞത്തിന് സാധിച്ചിട്ടുണ്ട്. ഇതിലൂടെ ഒരു ലോകോത്തര മാരിടൈം ഹബ്ബായി മാറാനുള്ള ശേഷി വിഴിഞ്ഞം അന്താരാഷ്ട്ര തലത്തിൽ തെളിയിച്ചു കഴിഞ്ഞു.
വിലക്കുറവും പുതിയ തൊഴിലവസരങ്ങളും
പൂർണ്ണതോതിലുള്ള എക്സിം സേവനങ്ങൾ ആരംഭിക്കുന്നതോടെ രാജ്യത്തെ ചരക്ക് ഗതാഗതച്ചെലവ് വൻതോതിൽ കുറയും. വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാകുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ശേഷിയും അന്താരാഷ്ട്ര വിപണിയിലെ മത്സരക്ഷമതയും വർദ്ധിക്കും. കേരളത്തിലേക്ക് വലിയ തോതിലുള്ള പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനും പതിനായിരക്കണക്കിന് നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും ഇത് വഴിവെക്കും.
ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻഷിപ്‌മെന്റ് തുറമുഖവും ദക്ഷിണേഷ്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖവുമായ വിഴിഞ്ഞം, എല്ലാ ഷിപ്പിംഗ് കമ്പനികൾക്കും ഒരുപോലെ സേവനം ലഭ്യമാക്കുന്ന പൊതുഉപയോഗത്തിനുള്ള തുറമുഖമായിട്ടായിരിക്കും പ്രവർത്തനം തുടരുക. ഇതോടെ ആഗോള മാരിടൈം വ്യാപാര രംഗത്ത് ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥാനം കൂടുതൽ ശക്തമാകും.

by Midhun HP News | Jul 18, 2026 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങിൽ അമ്പലകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നു. അഞ്ചുതെങ്ങ് മുടിപ്പുര (വയ്യക്കര) ദീവി ക്ഷേത്രത്തിന്റെ അമ്പലകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയത്. മീനുകൾ ചത്തുപൊങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ വിവരം ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ ക്ഷേത്ര ഭാരവാഹികൾ ഗ്രാമ പഞ്ചായത്ത് അംഗത്തെ വിളിച്ചു വരുത്തുകയും ക്ഷേത്രക്കുളം വൃത്തിയാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഓൺ ഫണ്ട്ഇല്ലെന്ന കാരണത്താൽ തുക അനുവദിച്ചിരുന്നില്ല. തുടർന്ന് ആറാം വാർഡ് അംഗം ലിജബോസ് തന്നെ തുക ചിലവഴിച്ച് കഴിഞ്ഞ 14 ന് ക്ഷേത്രക്കുളം ശുചീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ തുടർന്നുള്ള ദിവസങ്ങളിലും വൻതോതിൽ മീനുകൾ ചത്തുപൊങ്ങുകയായിരുന്നു. കാരി, ഒടതല, ബ്രാൽ തുടങ്ങിയ ഇനത്തിൽപ്പെട്ട 1 മുതൽ 4 കിലോയോളം തൂക്കം വരുന്ന 200 ഓളം ചെറുതും വലുതുമായ മീനുകളാണ് നിലവിൽ ചത്തു പൊങ്ങിയത്. നിലവിൽ കുളത്തിലെ വെള്ളം വിവിധ ടെസ്റ്റുകൾക്കായി ശേഖരിച്ചു.

by Midhun HP News | Jul 17, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിച്ചുകൊണ്ട് കേരളത്തെ ഒരു ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള വന്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി ‘കേരള ക്യാംപസ് ഡൈവേഴ്‌സിറ്റി മിഷന്‍’ എന്ന പേരില്‍ ഒരു പ്രത്യേക ഏജന്‍സി രൂപീകരിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. പ്രത്യേക ഫണ്ടിന്റെ പിന്തുണയോടെ രൂപീകരിക്കുന്ന ഈ മിഷന്‍, കേരളത്തിലെ ക്യാംപസുകളില്‍ മറ്റ് സംസ്ഥാനങ്ങളിലെയും വിദേശത്തെയും വിദ്യാര്‍ഥികളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ ‘ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട്’ പറഞ്ഞു.

ഉന്നതപഠനത്തിനായി വിദ്യാര്‍ഥികള്‍ സംസ്ഥാനം വിട്ടുപോകുന്ന പ്രവണത ഘട്ടംഘട്ടമായി മാറ്റിയെടുക്കുക കൂടിയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഒരു വിദ്യാഭ്യാസ ഹബ്ബ് എന്ന നിലയില്‍ കേരളത്തിന്റെ ഖ്യാതി വളരുകയും ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ഥികള്‍ നമ്മുടെ സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങുകയും ചെയ്യും. ഇതുവഴി കേരളത്തിലെ വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോകുന്നത് കുറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും, അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കുമുള്ള കുടിയേറ്റമെങ്കിലും കുറയ്ക്കാന്‍ സഹായിക്കുമെന്ന് മന്ത്രി പറയുന്നു.

2024ല്‍ പുറത്തുവിട്ട കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം സംസ്ഥാനത്ത് നിന്ന് 2.5 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ വിദേശത്തും 2.15 ലക്ഷം വിദ്യാര്‍ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലും ഉന്നതപഠനം നടത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ ഒഴുക്ക് തടയാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഉപദേശക സമിതിയായ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനായിരിക്കും മിഷന്റെ മേല്‍നോട്ട ചുമതല. പദ്ധതിക്ക് കീഴില്‍, ഇന്ത്യയിലെ ഓരോ സംസ്ഥാനത്തുനിന്നുമുള്ള രണ്ട് വിദ്യാര്‍ഥികള്‍ക്ക് വീതം കേരളത്തില്‍ ഉന്നതപഠനം നടത്തുന്നതിനായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. ഇവര്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായം ലഭിക്കും. വിദേശ വിദ്യാര്‍ഥികള്‍ക്കായി ഫെലോഷിപ്പ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനും കൗണ്‍സില്‍ പദ്ധതിയിടുന്നുണ്ട്.
അന്താരാഷ്ട്ര തലത്തിലുള്ള പ്രചാരണം ശക്തമാക്കുന്നതിനായി, വിദേശത്ത് ജോലി ചെയ്യുന്ന കേരളീയരായ മുതിര്‍ന്ന പ്രൊഫസര്‍മാരെയും ഗവേഷകരെയും പത്തോളം രാജ്യങ്ങളില്‍ കേരളത്തിന്റെ ‘അക്കാദമിക് അംബാസഡര്‍മാരായി’ നിശ്ചയിക്കും. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദേശത്ത് പരിചയപ്പെടുത്താനും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനും ഇവര്‍ പ്രവര്‍ത്തിക്കും.
ഈ സംരംഭം വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് മാത്രമല്ല, ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും വേണ്ടിയുള്ളതാണെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അച്യുത്ശങ്കര്‍ എസ്. നായര്‍ പറഞ്ഞു. ക്യാംപസുകളില്‍ വിവിധ പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ എത്തുന്നത് ആശയവിനിമയ ശേഷി, ക്ലാസ്‌റൂം ഇടപെടലുകള്‍, മൊത്തത്തിലുള്ള അക്കാദമിക അന്തരീക്ഷം എന്നിവ മെച്ചപ്പെടുത്തും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സാന്നിധ്യം ഉയര്‍ന്ന അക്കാദമിക നിലവാരവും ആഗോള തലത്തിലുള്ള ബോധനരീതികളും സ്വീകരിക്കാന്‍ അധ്യാപകര്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രേരണയാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സര്‍വകലാശാലയില്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു സെമസ്റ്റര്‍ നീളുന്ന ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ പ്രോഗ്രാം വിജയകരമായി നടപ്പാക്കിയ തന്റെ അനുഭവം അച്യുത്ശങ്കര്‍ പങ്കുവച്ചു. അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങള്‍ സാധ്യമാണെന്നതിന് മികച്ച ഉദാഹരണമാണിത്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള മികച്ച കേന്ദ്രമാക്കി മാറ്റുന്നതിന് സ്‌കോളര്‍ഷിപ്പുകള്‍ക്കും ഫെലോഷിപ്പുകള്‍ക്കുമൊപ്പം ഇത്തരം ഹ്രസ്വകാല ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ പ്രോഗ്രാമുകളും പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Jul 17, 2026 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസ് വൈ.ടു.കെ ജെൻക്ഷനിൽ സ്ഥാപിച്ചിരുന്ന റോഡ് സുരക്ഷാ ഗ്ലാസ് സാമൂഹ്യവിരുദ്ധർ തല്ലിതകർത്തു. വൈ.ടു.കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പേരിൽ നാലായിരത്തോളം രൂപ ചിലവിൽ സ്ഥാപിച്ചിരുന്ന കോൺവെക്സ് ഗ്ലാസാണ് കഴിഞ്ഞ ദിവസം രാത്രിയോടെ തല്ലി തകർത്തത്.

ആഴ്ചകൾക്ക് മുൻപ് ഇവിടെ പ്രവർത്തിക്കുന്ന പോസ്റ്റ്‌ഓഫീസ് കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അടിച്ചുപൊട്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ മേഖലയിൽ ഒരുകൂട്ടം സാമൂഹ്യ വിരുദ്ധർ തമ്പടിച്ചിരുന്നതായി പറയപ്പെടുന്നു. ഇവിടം കേന്ദ്രീകരിച്ച് അടുത്തിടെയായി സാമൂഹ്യ വിരുദ്ധ പ്രവർത്തികൾ പെരുകുന്നതായും ആക്ഷേപമുണ്ട്. കൂടാതെ, ഈ മേഖല കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വിൽപ്പനയും ഉപയോഗവും വ്യാപകമാണ്.
വാഹനയാത്രികർക്ക് ഗുണകരമായിരുന്ന കോൺവെക്സ് ഗ്ലാസ് തല്ലിതകർത്തവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ക്ലബ് കൺവീനർ അഞ്ചുതെങ്ങ് സജൻ പോലീസിൽ പരാതി നൽകി.

by Midhun HP News | Jul 17, 2026 | Latest News, ജില്ലാ വാർത്ത
നാഷണൽ അബാക്കസ് ചാമ്പ്യൻഷിപ്പ് നേടി ഇന്റർനാഷണൽ അബാക്കസ് ഒളിംപ്യാഡ് സിംഗപ്പൂർ ടീമിലേക്ക് സി എം എ ഇന്ത്യയുടെ ഭാഗമായി പങ്കെടുക്കുകയും അവിടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്ത ആര്യൻ.എസ്.എസിന് ആറ്റിങ്ങൽ മങ്കാട്ടുമൂല റസിഡന്റ്സ് അസോസിയേഷൻ സ്നേഹോപഹാരം നൽകി.
അസോസിയേഷൻ സെക്രട്ടറി ജി.എസ്.മണികണ്ഠൻ, ട്രഷറർ അജിത സുരേഷ്ബാബു, ജോയിന്റ് സെക്രട്ടറി രതീഷ്, വൈസ് പ്രസിഡന്റ് കവിത പ്രബുദ്ധറാം, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രശാന്ത് മങ്കാട്ടു, റാംകുമാർ, അഖിൽ തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Jul 17, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: പാർവ്വതിപുരം വാർഡിൽ ആട്ടക്കുളം വാരിക്കാട് വീട്ടിൽ രുഗ്മിണി അമ്മ (85) നിര്യാതയായി.
മക്കൾ: രാജേശ്വരി, ശ്രീകുമാർ, തങ്കമണി
Recent Comments