by Midhun HP News | Jun 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പുതുതലമുറയെ ആകര്‍ഷിക്കുന്നതില്‍ റാപ്പര്‍ വേടനെ മാതൃകയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ സമര്‍പ്പിച്ച സംഘടനാ പ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്. സമരമാര്‍ഗങ്ങളിലടക്കം വ്യത്യസ്ത സമീപനങ്ങള്‍ ആവശ്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് ഇതിലേക്ക് കടക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.
അരാഷ്ട്രീയ പ്രവണതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനായില്ലെന്നത് സംഘടനയുടെ വലിയ വീഴ്ചയാണെന്നും കാലത്തിനനുസരിച്ച് പ്രവര്‍ത്തനരീതി പുതുക്കേണ്ടതുണ്ടെന്നും നിര്‍ദ്ദേശം ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസില്‍ അംഗമായി പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 40 ആയി നിശ്ചയിക്കണമെന്ന ശുപാര്‍ശയും പ്രമേയത്തില്‍ ഉള്‍പ്പെടുത്തി.
സംഘടനാ ഭാരവാഹിത്വത്തില്‍ അനര്‍ഹരായ ആളുകള്‍ കടന്നുകൂടുന്നതായി ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഭാരവാഹികള്‍ ജനപ്രതിനിധികള്‍ ആയാല്‍ സ്ഥാനം ഒഴിയണമെന്നും ചില അംഗങ്ങള്‍ വ്യക്തമാക്കി. ജനപ്രതിനിധികള്‍ക്ക് തിരക്ക് കാരണം സംഘടന ശ്രദ്ധിക്കാനാകുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തലിന്റെ പേര് പറയാതെ ഒരംഗം പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ഉയര്‍ന്ന ക്യാപ്റ്റന്‍ മേജര്‍ വിളികള്‍ നാണക്കേടാണെന്നും ചില അംഗങ്ങള്‍ പറഞ്ഞു. ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചര്‍ച്ചകള്‍ കോണ്‍ഗ്രസിന് നാണക്കേടെന്നുമായിരുന്നു വിമര്‍ശനം. ജനത്തിന് അവമതിപ്പുണ്ടാക്കുന്ന ഇടപെടലുകള്‍ ഒഴിവാക്കണമെന്നും ഇത്തരം വിളികള്‍ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കള്‍ തന്നെയാണെന്നും ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി.
by Midhun HP News | Jun 30, 2025 | Latest News, ജില്ലാ വാർത്ത
പുതിയ ഇരുചക്രവാഹന സുരക്ഷാ നിയമങ്ങളെക്കുറിച്ച് ഭാരത സർക്കാർ ഒരു കരട് വിജ്ഞാപനം പുറത്തിറക്കി. ജൂൺ 23, 2025-നാണ് ഈ വിജ്ഞാപനം വന്നത്. ഇത് നമ്മുടെയെല്ലാം സുരക്ഷ ഉറപ്പാക്കുന്ന നല്ലൊരു നീക്കമാണ്. സർക്കാരിന്റെ ഈ ദീർഘവീക്ഷണത്തെ അഭിനന്ദിച്ചേ മതിയാകൂ!
പുതിയ നിയമങ്ങളിലെ പ്രധാന കാര്യങ്ങൾ ഇവയാണ്:
* രണ്ട് ഹെൽമെറ്റ് നിർബന്ധം: ഇനി മുതൽ പുതിയ ഇരുചക്രവാഹനം വാങ്ങുമ്പോൾ രണ്ട് ഹെൽമെറ്റുകൾ ഒപ്പം നൽകണം.
* BIS അംഗീകൃത ഹെൽമെറ്റുകൾ: ഈ ഹെൽമെറ്റുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (BIS) സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം.
* ABS നിർബന്ധം: 2026 ജനുവരി മുതൽ വിൽക്കുന്ന എല്ലാ പുതിയ ഇരുചക്രവാഹനങ്ങൾക്കും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) നിർബന്ധമാണ്. എൻജിൻ വലുപ്പം എത്രയാണെങ്കിലും ഇത് ബാധകമാണ്.
* എല്ലാ വാഹനങ്ങൾക്കും ബാധകം: എൻജിൻ വലുപ്പം നോക്കാതെ എല്ലാ പുതിയ ഇരുചക്രവാഹനങ്ങൾക്കും ഈ നിയമങ്ങൾ ബാധകമായിരിക്കും.
ഈ നിയമങ്ങൾ അന്തിമ വിജ്ഞാപനമായി പുറത്തിറങ്ങിക്കഴിഞ്ഞാൽ മൂന്ന് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. നമ്മുടെയെല്ലാം സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഈ തീരുമാനം തീർച്ചയായും സ്വാഗതാർഹമാണ്. അപകടങ്ങൾ കുറയ്ക്കാനും ജീവൻ രക്ഷിക്കാനും ഇത് വലിയൊരു സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവരും നിയമങ്ങൾ പാലിച്ച് സുരക്ഷിതരായി യാത്ര ചെയ്യുക!
by Midhun HP News | Jun 30, 2025 | Latest News, ജില്ലാ വാർത്ത
തോന്നയ്ക്കൽ ജി.സജി സ്മാരക ഗ്രന്ഥശാലയിൽ വായന മാസാചരണം വാർഡ് മെമ്പർ എം.ബീന ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് വി.ഹരികുമാർ വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു.
ഗ്രന്ഥശാല അംഗം ദീപ്തകീർത്തി വായനാദിനത്തെ കുറിച്ചുള്ള പ്രസംഗവും കവിതയും ആലപിച്ചു. കേരള സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ.ഷഫ്ന ജെ. എസിനെ ആദരിച്ചു. 10, 12 ക്ലാസുകളിൽ ഫുൾ എപ്ലസ് നേടിയ കുട്ടികളെ ആദരിച്ചു. എൽ.കെ.ജി. മുതൽ പ്ലസ് ടൂ വരെയുള്ള ഗ്രന്ഥശാല അംഗങ്ങൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യതു. സെക്രട്ടറി കിരൺകുമാർ സ്വാഗതവും ലൈബ്രറേറിയൻ കെ.ദിവാകരൻ നായർ നന്ദിയും പറഞ്ഞു.
by Midhun HP News | Jun 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ തീരുമാനിക്കാന്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തില്‍ യുപിഎസ് സി നല്‍കിയ ചുരുക്കപ്പട്ടികയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് ഹിസ്റ്ററി മുഖ്യമന്ത്രി വിശദീകരിച്ചു. ഷോര്‍ട്ട് ലിസ്റ്റിലുള്ള മൂന്ന് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരെക്കുറിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചത്. ലിസ്റ്റിലുള്ളവരില്‍ തമ്മില്‍ ഭേദം റവാഡ ചന്ദ്രശേഖര്‍ ആണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ റവാഡ ചന്ദ്രശേഖറെ പൊലീസ് മേധാവിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുക്കുകയായിരുന്നു. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ച ഒഴിവിലാണ് പുതിയ പൊലീസ് മേധാവിയെ നിയമിച്ചത്. പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍ അവിടെ നിന്നും വിടുതല്‍ വാങ്ങി, കേരളത്തില്‍ രണ്ടു ദിവസത്തിനകം ചുമതലയേറ്റെടുക്കുമെന്നാണ് സൂചന. പുതിയ പൊലീസ് മേധാവി ചുമതലയേറ്റെടുക്കുന്നതുവരെ, ഡിജിപിയുടെ താല്‍ക്കാലിക ചുമതല ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ നാൽപത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖർ. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. നിലവിൽ ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷൽ ഡയറക്ടറാണ്. റവാഡയെ അടുത്തിടെയാണ് കേന്ദ്ര കാബിനറ്റിൽ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസർക്കാർ നിയമിച്ചത്. 1991 ബാച്ച് ഉദ്യോഗസ്ഥനായ, റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായതോടെ റവാഡ ചന്ദ്രശേഖറിന് ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും.
റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതില്‍ കൂത്തുപറമ്പ് സംഭവം ഓര്‍മ്മിപ്പിച്ച് സിപിഎം നേതാവ് പി ജയരാജന്‍. കൂത്തുപറമ്പ് വെടിവെയ്പില്‍ ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ കൂട്ടത്തിലൊരാളാണ് റവാഡ ചന്ദ്രശേഖര്‍. സര്‍ക്കാര്‍ റവാഡയെ പൊലീസ് മേധാവിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ മുന്നില്‍ വന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഈ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നും പി ജയരാജന്‍ പറഞ്ഞു.
by Midhun HP News | Jun 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അര്‍ബുദ രോഗചികിത്സാ മേഖലയിലെ നൂതന പ്രവണതകളും വെല്ലുവിളികളും ഗവേഷണത്തിന്റെ വഴിത്തിരിവുകളും ചര്‍ച്ച ചെയ്ത് കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2025 ന് സമാപനമായി. രണ്ട് ദിവസം നീണ്ടു നിന്ന കോണ്‍ക്ലേവില്‍ അര്‍ബുദരോഗ ചികിത്സയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സജീവ ചര്‍ച്ചകള്‍ നടന്നു. എട്ട് വിഭാഗങ്ങളിലായിട്ട് നടന്ന ചര്‍ച്ചകളില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഇരുനൂറിലധികം ഡോക്ടര്‍മാര്‍ പങ്കെടുത്തു.
കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2025 ന്റെ ഭാഗമായി സംഘടിപ്പിച്ച cancer opinion survey യുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. രണ്ട് ദിവസം നീണ്ട് നിന്ന കോണ്‍ക്ലേവില്‍ കേരളത്തിലെ കാന്‍സര്‍ രോഗികളുടെ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ കാന്‍സര്‍ രോഗചികിത്സ നേരിടുന്ന വെല്ലുവിളികളും സാധ്യതകളും വിശകലനം ചെയ്യപ്പെട്ടു. അര്‍ബുദ രോഗ ചികിത്സയില്‍ മരുന്നുകളുടെ ഉപയോഗത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ , കാന്‍സര്‍ ചികിത്സാ മേഖലയുടെ പ്രാപ്യത, ഇന്‍ഷ്വറന്‍സ് തുടങ്ങിയ സൗകര്യങ്ങളുടെ ലഭ്യത , കാന്‍സര്‍ ചികിത്സാ മേഖലയില്‍ നടക്കുന്ന ഗവേഷങ്ങളുടെയും തുടര്‍ പഠനങ്ങളുടെയും ആവശ്യകത, കാന്‍സര്‍ പരിചരണത്തിലെ ജീനോമിക്സും പ്രിസിഷന്‍ മെഡിസിനും; പൂര്‍ണ്ണമായ സാധ്യതകള്‍, കാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ മാധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും, എന്നിവ കോണ്‍ക്ലേവില്‍ പ്രധാന ചര്‍ച്ചാ വിഷയമായി.
അര്‍ബുദ ചികിത്സാ മേഖലയിലെ പ്രശസ്ത ഡോക്ടര്‍മാരായ അമേരിക്കയിലെ മായോ ക്ലിനിക്കില്‍ നിന്നുള്ള ഡോ ഷാജി കുമാര്‍ , അമേരിക്കയിലെ തന്നെ റോസ് വെല്‍ പാര്‍ക്കില്‍ നിന്നുള്ള ഡോ സാബി ജോര്‍ജ് , എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു .ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മുംബൈ ഡയറക്ടര്‍ ഡോ പ്രമീഷ് സി എസ് , മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ സതീശന്‍, ചെന്നൈ അപ്പോളോ പ്രോട്ടോണ്‍ സെന്ററിലെ വിദഗ്ദ്ധന്‍ ഡോ രാകേഷ് ജലാലി , തുടങ്ങിയവര്‍ സംസാരിച്ചു . അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഓഫ് കേരള ഭാരവാഹികളായ ഡോ ബോബന്‍ തോമസ് സ്വാഗതവും ഡോ അജു മാത്യു നന്ദിയും പറഞ്ഞു
by Midhun HP News | Jun 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ കോളജുകളിലും സര്‍വകലാശാലകളിലും പഠനത്തിന് താത്പര്യം പ്രകടിപ്പിക്കുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന. ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ കേരളത്തെ ഉന്നത പഠനത്തിന് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം പതിന്‍മടങ്ങ് വര്‍ധിച്ചെന്നാണ് കണക്കുകള്‍. കേരള സര്‍വകലാശാലയാണ് വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മുന്നില്‍.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ഇതുവരെ 81 രാജ്യങ്ങളില്‍നിന്ന് 2620 പേരാണ് കേരള സര്‍വകലാശാലയില്‍ മാത്രം വിവിധ വിഭാഗങ്ങളില്‍ പഠനത്തിനായി വിദേശത്ത് നിന്നും അപേക്ഷിച്ചിെട്ടുള്ളത്. കുസാറ്റാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 1761 അപേക്ഷകളാണ് കുസാറ്റില്‍ ലഭിച്ചിട്ടുള്ളത്. എം ജി സര്‍വകലാശാലയില്‍ ഇതുവരെ 982 അപേക്ഷകള്‍ വിദേശ വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പൊളിറ്റിക്കല്‍ സയന്‍സ് പഠന വിഭാഗത്തിലാണ് കേരള സര്‍വകലാശാലയില്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്.
2021ല്‍ കേരള സര്‍വകലാശാലയില്‍ പഠനത്തിനായി 1100 വിദേശ വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിരുന്നു. 2022ല്‍ 1400 പേരും 2023-ല്‍ 1,600 പേരും 2024-ല്‍ 2,600 പേരും അപേക്ഷിച്ചു. ഈ വര്‍ഷത്തെ 2620 അപേക്ഷകളില്‍ 1,265 എണ്ണം ബിരുദ കോഴ്‌സുകളിലേക്കും 1,020 എണ്ണം ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും 335 എണ്ണം പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുമാണ്. നിലവില്‍, കൊളംബിയ, പെറു, യുഎസ്എ തുടങ്ങി 52 രാജ്യങ്ങളില്‍ നിന്നുള്ള 205 വിദേശ വിദ്യാര്‍ത്ഥികള്‍ ഐസിസിആര്‍ സ്‌കോളര്‍ഷിപ്പുകളിലൂടെയും സ്വയം ധനസഹായത്തോടെയും കേരള സര്‍വ്വകലാശാലയില്‍ പഠിക്കുന്നുണ്ട്.
എംജി, കാലിക്കറ്റ് സര്‍വകലാശാലകളില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠന വിഭാഗത്തിലും കുസാറ്റ്, സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളില്‍ ബി ടെക് കോഴ്‌സിനും വിദേശ വിദ്യാര്‍ഥികള്‍ താത്പര്യം പ്രകടിപ്പിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് അപേക്ഷകരില്‍ ഭൂരിഭാഗവും. യുഎസ്എ, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ഈജിപ്ത്, ചൈന, ഇറാഖ്, സെനഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും സര്‍വകലാശാല വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
വിവിധ സര്‍വകലാശാലകള്‍ കോളജുകള്‍ എന്നിവിടങ്ങളിലായി കേരളത്തില്‍ നിലവില്‍ അഞ്ഞുറില്‍ അധികം വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കേരള സര്‍വകലാശാല (215), എം ജി (141), സാങ്കേതിക സര്‍വകലാശാല (50), കാലിക്കറ്റ് (46), കുസാറ്റ് (63), ന്യുവാല്‍സ് (2), കണ്ണൂര്‍ (1) എന്നിങ്ങനെയാണ് വിദേശ വിദ്യാര്‍ഥികളുടെ കണക്ക്. വിദേശ വിദ്യാര്‍ഥികള്‍ പഠനത്തിനായി കേരളത്തെ തെരഞ്ഞെടുക്കുന്നത് സംസ്ഥാനത്തെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസ നിലവാരം എന്നിവയ്ക്കുള്ള അംഗീകാരമാണെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ഉരുന്ന വാദം.
Recent Comments