by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം:ക്രിസ്മസ് പ്രമാണിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക. തിങ്കളാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറുമെന്ന് മന്ത്രി അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചു മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നശേഷം 33,800 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു.
രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനം കണ്ടെത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 2023 ജൂലൈ മുതലുള്ള 425 കോടിയോളം രൂപ ഈ നവംബര്‍ വരെ കുടിശികയുണ്ടെന്ന് മന്ത്രി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ സാംസ്‌കാരിക വിഭാഗമായ സര്‍ഗ നല്‍കുന്ന കാനം രാജേന്ദ്രന്‍ സാഹിത്യ പുരസ്‌കാരത്തിന് സലിന്‍ മാങ്കുഴിയുടെ നോവല്‍ എതിര്‍വാ അര്‍ഹമായി. 11111 രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ. പി കെ രാജശേഖരന്‍, രാഹുല്‍ രാധാകൃഷ്ണന്‍, എസ് ബിനുരാജ് എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. വേണാടിന്റെ ചരിത്രത്തിലെ ഒരു ചരിത്രസംഭവത്തിലെ കാണാക്കാഴ്ചകള്‍, ആരും അറിയാത്ത കഥകള്‍ എന്നിവ അത്യപൂര്‍വമായ ഗവേഷണ പാടവത്തോടെ കണ്ടെടുത്ത് സാധാരണ വായനക്കാരോട് സംവദിക്കുന്ന രീതിയില്‍ നോവല്‍ അവതരിപ്പിച്ചതായി സമിതി വിലയിരുത്തി.
പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറാണ് സലിന്‍ മാങ്കുഴി. പേരാള്‍, പത യു/എ, എന്നീ കഥാ സമാഹാരങ്ങളും ‘എതിര്‍വാ’യ്ക്ക് പുറമേ ആനന്ദ ലീല എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
ഗവ:സിദ്ധ ഡിസ്പെൻസറി അവനവഞ്ചേരിയിൽ എട്ടാമത് സിദ്ധ ദിനം ആചരിച്ചു. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ: എസ്.കുമാരി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭയിൽ മികച്ച ആരോഗ്യ സേവനം കാഴ്ചവച്ചതിന് ഗവ.സിദ്ധ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.വി.ബി വിജയകുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
തുടർന്ന് “പൊതുജനാരോഗ്യം സിദ്ധയിലൂടെ” എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. വി. ബി വിജയകുമാർ ഒരു ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി. ആറ്റിങ്ങൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, എച്ച്.എം.സി സീനിയർ അംഗം മുരളി എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് സിദ്ധ വർമ്മ മെഡിക്കൽ ഓഫീസർ ഡോ. ദേവിക.പി.എസ് നന്ദി പ്രകാശനം നടത്തി.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 552 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ചിറ്റൂരിൽ വിറ്റ PF 331110 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ മൂവാറ്റുപുഴയിൽ വിറ്റ PG 873015 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. ടിക്കറ്റ് വില 40 രൂപയാണ്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് സ്കൂൾ വിദ്യാർത്ഥിയുടെ കാലിൽ കാർ കയറി കാലിന് പരിക്ക്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതായി പരാതി. കൂന്തള്ളൂർ പി എൻ എം ഗവ.എച്ച് എസിലെ ഒൻപതാം ക്ലാസിലെ ഗോവർദ്ധൻ എസ്സിനാണ് പരിക്ക്. സ്‌കൂൾ പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് ഒരുമണിയോടെ ഗോവർദ്ധനും സുഹൃത്തും കൂടി ആഹാരം കഴിക്കുന്നതിനായി വീട്ടിലേയ്ക്കു നടന്നു പോകവേയാണ് ഗോവർദ്ധന്റെ കാൽപ്പാദത്തിലൂടെ കാർ കയറിയത്.
ചിറയിൻകീഴ് ഭാഗത്തു നിന്ന് കോരാണിയിലേയ്ക്കു പോയ കാർ അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയതായി കാണിച്ചു ഗോവർദ്ധന്റെ മാതാവ് ചിറയിൻകീഴ് പോലീസിൽ പരാതി നൽകി. നീരും വേദനയും വർദ്ധിച്ചതിനെത്തുടർന്ന് ഗോവർദ്ധനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കാൽ വിരലിന് പൊട്ടൽ ഉണ്ടായതിനാൽ പ്ലാസ്റ്ററിടുകയുമായിരുന്നു.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
കേരള യൂണിവേഴ്സിറ്റി എം എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ധനശ്രീ. വി.എ. തോന്നയ്ക്കൽ എ.ജെ. കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യർത്ഥിനിയാണ്. ചിറയിൻകീഴ് കൂന്തള്ളൂർ പഞ്ചവടിയിൽ അനിൽകുമാർ – വിജയ അനിൽകുമാർ (ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമം വനിതാ ഭക്തജനസമിതി സെക്രട്ടറി) ദമ്പതികളുടെ മകളാണ് ധനശ്രീ.
Recent Comments