വയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നു

വയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭ്യതയില്‍ 28 ശതമാനം കുറവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ പതിനേഴുവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. വയനാട്ടില്‍ ആണ് മഴ ലഭ്യതയില്‍ ഏറ്റവും കുറവ് ഉണ്ടായിരിക്കുന്നത്. രണ്ടാമത് ഇടുക്കി ജില്ലയാണ്.

വയനാട്ടില്‍ 54 ശതമാനത്തിന്റെ കുറവും ഇടുക്കിയില്‍ 47 ശതമാനത്തിന്റെ കുറവുമാണ് രേഖപ്പെടുത്തിയത്. സാധാരണഗതിയില്‍ കാലവര്‍ഷം തുടങ്ങിയാല്‍ ഏറ്റവും മഴ ലഭിക്കുന്ന ജില്ലകളാണ് വയനാടും ഇടുക്കിയും. മഴ പെയ്യാത്തത് സംസ്ഥാനത്തെ താപനില ഉയരുന്നതിനും നിലവിലെ വൈദ്യുതി പ്രതിസന്ധി ഗുരുതരമാകുന്നതിനും കാരണമാകുന്നുണ്ട്.

ഇത്തവണ കാലവര്‍ഷം ഇത്രത്തോളം ദുര്‍ബലമാകാന്‍ പ്രധാന കാരണം ‘എല്‍നിനോ’പ്രതിഭാസമാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടു ദിവസത്തിനകം ഒരു ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

ന്യൂനമര്‍ദ്ദം രൂപപ്പെടുകയാണെങ്കില്‍ വരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ ചില ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ഈ മഴ നിലവിലെ കടുത്ത ചൂടിന് എത്രത്തോളം ആശ്വാസമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഇന്ന് സംസ്ഥാനത്ത് ഏറ്റവും ചൂട് പുനലൂരിലാണ് രേഖപ്പെടുത്തിയത്. ഇതാദ്യമായി ചൂട് 37 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. തെട്ടുപിന്നില്‍ തിരുവനന്തപുരം നഗരമാണ്.

ഓണാഘോഷത്തോടനുബന്ധിച്ച് നാടകോത്സവം സംഘടിപ്പിച്ച ആറ്റിങ്ങൽ നഗരസഭ അധ്യക്ഷനെ ആദരിച്ചു

ഓണാഘോഷത്തോടനുബന്ധിച്ച് നാടകോത്സവം സംഘടിപ്പിച്ച ആറ്റിങ്ങൽ നഗരസഭ അധ്യക്ഷനെ ആദരിച്ചു

ആറ്റിങ്ങൽ: ഡ്രാമ ഫാൻസിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് നാടകോത്സവം സംഘടിപ്പിച്ച ആറ്റിങ്ങൽ നഗരസഭ അധ്യക്ഷനെ ആദരിച്ചു. അനിൽ ആറ്റിങ്ങലിന്റെ നേതൃത്വത്തിലാണ് ആദരവ്
സംഘടിപ്പിച്ചത്.

4500 രൂപ ബോണസ് നല്‍കും; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

4500 രൂപ ബോണസ് നല്‍കും; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതോടെയാണ് സമരം അവസാനിച്ചത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കീഴില്‍ കോണ്‍ട്രാക്ടായി പ്രവര്‍ത്തിക്കുന്ന ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസിന്റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഈ മാസം 17നാണ് 108 ആംബുലന്‍സ് ജീവക്കാര്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്. 2025- 26 വര്‍ഷത്തിലെ ബോണസ് സംബന്ധിച്ച തര്‍ക്കമാണ് സമരത്തിലേക്ക് എത്തിച്ചത്. 2025- 26 വര്‍ഷത്തിലെ ബോണസ് 3500 രൂപയാണ് സാധാരണയായി നല്‍കുക. എന്നാല്‍ തങ്ങള്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. ഇതുസംബന്ധിച്ച് മാനേജുമെന്റുമായി തര്‍ക്കം നിലനിന്നിരുന്നു. വിഷയത്തില്‍ പലതവണ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്.

തൊഴില്‍ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അധികൃതരും സര്‍വീസ് കോണ്‍ട്രാക്ടറായ ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ബോണസ് വിഷയത്തില്‍ സമവായത്തിലെത്തിയത്. ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും ഒപ്പു വച്ചു.

ആറുവരി പാതയില്‍ റൂട്ട് ബസുകള്‍ക്ക് കര്‍ശന വിലക്ക്; കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇളവ്

ആറുവരി പാതയില്‍ റൂട്ട് ബസുകള്‍ക്ക് കര്‍ശന വിലക്ക്; കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയായിവരുന്ന ആറുവരി ദേശീയപാതകളുടെ സുരക്ഷയും ഗതാഗത സുഗമതയും മുന്‍നിര്‍ത്തി, പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോര്‍ വാഹന വകുപ്പ്. പുതുക്കിയ ഉത്തരവനുസരിച്ച് റൂട്ട് ബസുകള്‍ക്ക് ആറുവരി പാതകളില്‍ പ്രവേശനമില്ല. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയുടെ സാധാരണ സര്‍വീസുകളും ഇനിമുതല്‍ ദേശീയപാതയുടെ മെയിന്‍ ക്യാരേജ് ഒഴിവാക്കി സര്‍വീസ് റോഡുകള്‍ വഴിമാത്രമേ സര്‍വീസ് നടത്താവൂ.

എന്നാല്‍, യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പുതിയ ഉത്തരവില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ്, മിന്നല്‍, ഡീലക്‌സ് തുടങ്ങിയ സൂപ്പര്‍ക്ലാസ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് തടസ്സമില്ലാതെ ആറുവരിപ്പാതകള്‍ ഉപയോഗിക്കാം. ഹൈവേകളിലെ വേഗത നിലനിര്‍ത്തുന്നതിനും ലോക്കല്‍ ഗതാഗതം സര്‍വീസ് റോഡുകളിലേക്ക് തിരിച്ചുവിടുന്നതിനുമാണ് ഈ ക്രമീകരണം.

നിയമം ലംഘിച്ച് സാധാരണ റൂട്ട് ബസുകള്‍ ആറുവരി പാതയിലൂടെ സര്‍വീസ് നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചകിലം മുന്നറിയിപ്പ് നല്‍കി. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും, ഉത്തരവാദികളായ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം-അട്ടക്കുളം ബ്രാഞ്ചുകൾ ചൂട്ട് മാർച്ച് സംഘടിപ്പിച്ചു

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം-അട്ടക്കുളം ബ്രാഞ്ചുകൾ ചൂട്ട് മാർച്ച് സംഘടിപ്പിച്ചു

സംസ്ഥാനത്തെ അപ്രഖ്യാപിത പവർ കട്ടിനെതിരെ സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം-അട്ടക്കുളം ബ്രാഞ്ചുകൾ സംയുക്തമായി നടത്തിയ ചൂട്ട് മാർച്ച് ലോക്കൽകമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. എൽ.സി അംഗം എസ് സതീഷ് കുമാർ, ബ്രാഞ്ച് സെക്രട്ടറി എം.കെ മുകേഷ് എന്നിവർ നേതൃത്വം നൽകി.

ബിജിമോൾ എസ്… എൽഡിഎഫ് സ്ഥാനാർഥി

ബിജിമോൾ എസ്… എൽഡിഎഫ് സ്ഥാനാർഥി

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജിമോൾ എസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. സുഭാഷ് പ്രഖ്യാപിച്ചു.

ബാലസംഘത്തിലൂടെ പ്രവർത്തനം ആരംഭിച്ച ബിജിമോൾ ഡിവൈഎഫ്ഐ യിലൂടെയാണ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നത്. വർഷങ്ങളായി സിപിഎം കാപാലീശ്വരം ബ്രാഞ്ച് മെമ്പറാണ്. കുടുംബശ്രീ രൂപീകരിച്ച കാലം മുതൽ പ്രവർത്തകയും ഇപ്പോൾ സിഡിഎസ് അംഗവുമാണ്.