by Midhun HP News | Jun 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തോടെ ജനജീവിതം ദുസ്സഹമായി. കണ്ണൂര്‍ ആറളം ഫാമില്‍ തെങ്ങുചെത്ത് തൊഴിലാളി തെങ്ങ് ചെത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചു. തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ ശിവക്ഷേത്രം മുങ്ങി. ചൂരല്‍മഴ പുനപ്പുഴയില്‍ കുത്തൊഴുക്ക് തുടരുകയാണ്. മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി.
സംസ്ഥാനത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്ന് രാവിലെയും തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് മഴ മുന്നറിയിപ്പില്‍ കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂരില്‍ ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴ രാവിലെയും തുടരുകയാണ്. കനത്തമഴയില്‍ ജില്ലയിലെ താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളം കയറി. കണ്ണൂര്‍ നഗരത്തിലെ റോഡുകളിലുള്‍പ്പെടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ആറളം ഫാമില്‍ തെങ്ങുചെത്ത് തൊഴിലാളി രാജീവന്‍ ആണ് തെങ്ങ് ചെത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത്. മാടപ്പീടിക മേഖലയില്‍ കാറ്റില്‍ കനത്ത നാശമുണ്ടായി. മലയോര മേഖലയിലാണ് കനത്ത മഴ പെയ്യുന്നത്. ഇരിട്ടി പഴശ്ശി ഡാമില്‍ മൂന്ന് മീറ്ററിലധികം വെള്ളം ഉയര്‍ന്നു. പഴശ്ശി ഡാമിന്റെ 16 സ്പില്‍വേ ഷട്ടറുകളില്‍ 13 എണ്ണം ആണ് തുറന്നിട്ടുള്ളത്. നിലവിലെ ജലനിരപ്പ് 24.05 മീറ്റര്‍ ആണ്. ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കോഴിക്കോടും മഴ ശക്തമായി തുടരുകയാണ്. കക്കയം ഡാമില്‍ ജലനിരപ്പ് 2484.6 അടി ആയി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മഴ തുടര്‍ന്നാല്‍ ഡാം ഷട്ടര്‍ തുറന്ന് വെള്ളം കരിയാത്തുംപാറ പുഴയിലേക്ക് ഒഴുക്കും. കരിയാത്തുംപാറ, കുറ്റ്യാടി പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പുതുക്കുറിച്ചി സ്വദേശി ആന്റണി ലിയോണിനെ (65) ആണ് കാണാതായത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. വയനാട് മുത്തങ്ങയില്‍ കല്ലൂര്‍പുഴ കരകവിഞ്ഞൊഴുകുകയാണ്. കനത്തമഴയെ തുടര്‍ന്ന് ചൂരല്‍മല പുനപ്പുഴയിലെ കുത്തൊഴുക്ക് തുടരുകയാണ്. കബനിയില്‍ കാലാവസ്ഥ വകുപ്പ് പ്രളയസാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
by Midhun HP News | Jun 26, 2025 | Latest News, ജില്ലാ വാർത്ത
കണിയാപുരം പടിഞ്ഞാറ്റുമുക്ക് സെൻറ് വിൻസെൻ്റ് ഹൈസ്കൂളിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ലഹരിവിമുക്ത വ്യക്തി, ലഹരിവിമുക്ത കുടുംബം, ലഹരിവിമുക്ത കലാലയം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി തിരുവനന്തപുരം ജില്ലയിൽ ഒട്ടനവധി ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞുവെന്ന് ജാഗ്രത സമിതി ചെയർമാൻ എം.എ.ലത്തീഫ് പറഞ്ഞു.
ലഹരി വില്പന നടത്തുന്നവരെ നേരിൽ കണ്ടു അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാനും, നിയമ നടപടി എടുക്കുവാനും 101 പേർ അടങ്ങുന്ന കമ്മിറ്റിക്ക് രൂപം നൽകിയതായി കെ പി ആർ എയുടെയും, ജാഗ്രത സമിതിയുടെയും ചെയർമാനായ എം.എ.ലത്തീഫ് പറഞ്ഞു. എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ആറ്റിങ്ങൽ ഡി വൈ എഫ് ഐ മഞ്ജുലാൽ എസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ എൻട്രൻസിൽ ഓൾ ഇന്ത്യ തലത്തിൽ 158 ആം റാങ്ക് കിട്ടിയ ഫിദ നിഷാദ് ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷംഷുദ്ധീൻ, ഹെഡ് മിസ്ട്രസ് ഷീജറാണി, പി ടി എ പ്രസിഡന്റ് നാസർ, ശാന്തി ടീച്ചർ, ഹാമിൽ റാഫേൽ, സഞ്ജു, നൈസാം, റാഫി ആലായി, തൻസീർ, അസീം, ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
by Midhun HP News | Jun 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളായ വിനീത, ദിവ്യ, രാധ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം, ജീവനക്കാരികള്‍ നല്‍കിയ തട്ടികൊണ്ടു പോകല്‍ കേസില്‍ കൃഷ്ണകുമാറിനും ദിയയ്ക്കും കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചു. പരാതിയിൽ തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്.
ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ജീവനക്കാരികള്‍ ക്യുആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് പരാതി. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കാത്തതിനാൽ പ്രതികളെ കസ്റ്റഡയിൽ ചോദ്യം ചെയ്യണമെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
by Midhun HP News | Jun 26, 2025 | Latest News, ജില്ലാ വാർത്ത
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പട്ടം എസ് യൂ ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന വി എസിന്റെ ആരോഗ്യനിലയെ പറ്റി 11.30 ന് ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിലാണ് വിവരങ്ങൾ.
മെഡിക്കൽ ബുള്ളറ്റിൻ
പട്ടം എസ് യൂ ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ്റെ നില മാറ്റമില്ലാതെ തുടരുന്നു. വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ വിദഗ്ദ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘം ശ്രമിച്ചുവരുന്നു.
by Midhun HP News | Jun 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി നടപ്പാക്കി വരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സ് പുനഃസ്ഥാപിച്ചു. നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെട്ട ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് നിരാമയുടെ ഗുണം ലഭിക്കുക. പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ എഴുപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. എല്‍ഐസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഒരു ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കഴിഞ്ഞില്ലെന്ന സാഹചര്യം വിലയിരുത്തിയാണ് നടപടി. നിരാമയയ്ക്കുള്ള തുക സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിവിഹിതത്തില്‍ നിന്നും വിനിയോഗിക്കാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സാമൂഹ്യനീതി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ ആര്‍ ബിന്ദു നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയായി നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി പുനരാരംഭിക്കാന്‍ തീരുമാനമായത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സാമൂഹ്യനീതി വകുപ്പിന് ലഭ്യമായിട്ടുള്ള തുകയില്‍നിന്നുള്ള പണം ഉപയോഗിച്ചാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ എ എല്‍ സി മുഖേന തുടരുന്നതിന് അനുമതി നല്‍കിക്കൊണ്ടുമാണ് തീരുമാനം.
പദ്ധതിയ്ക്കുള്ള ഗുണഭോക്തൃ പ്രീമിയം തുക മുഴുവനായും 2017 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ സാമൂഹ്യനീതി വകുപ്പ് അടച്ച് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിരുന്നു. എഴുപത്തയ്യായിരം ഭിന്നശേഷിക്കാര്‍ ഗുണഭോക്താക്കളായിരുന്ന പദ്ധതിയില്‍ ചേരുന്നതിന് എ പി എല്‍ വിഭാഗത്തിന് 250 രൂപ, ബി പി എല്‍ വിഭാഗത്തിന് 50 രൂപ എന്നിങ്ങനെയായിരുന്നു സര്‍ക്കാര്‍ അനുവദിച്ചത്.
പതിനാലാം പഞ്ചവത്സര പദ്ധതിക്കാലത്ത് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഏകോപിപ്പിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായി നിരാമയ അടക്കമുള്ള ഇന്‍ഷുറന്‍സ് പദ്ധതികളും ചികിത്സാ സഹായവും മെഡിക്കല്‍ ഇന്‍ഷുറന്‍സും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ ലയിപ്പിച്ച് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിച്ചിരുന്നു. കൂടാതെ, സംസ്ഥാനത്തെ നാല്‍പ്പതു ശതമാനമോ അതില്‍ക്കൂടുതലോ ഭിന്നശേഷിയുള്ള എല്ലാ വ്യക്തികള്‍ക്കും ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികള്‍ക്കും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും ധാരണയായിരുന്നു. ഇതേത്തുടര്‍ന്ന്, 2023 മുതല്‍ ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിരുന്നില്ല.
by Midhun HP News | Jun 26, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അഴൂർ പഞ്ചായത്തിലെ വിവിധ അംഗൻവാടികളിലേക്ക് ടീച്ചർമാരെയും, ആയമാരെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വം ഇടപെട്ട് പിൻവാതിൽ നിയമനം നടത്തുന്നതായി ആരോപിച്ചു കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ശിശുവികസന ഓഫീസറെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ സീമ തമ്പിയുടെ ഓഫീസിനുള്ളിൽ കയറി തടഞ്ഞു വച്ച് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പിന്നീട് പോലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കി.
അഴൂർ പഞ്ചായത്തിലെ 25 അംഗൻവാടികളിലേക്കുള്ള നിയമനങ്ങൾക്കായി 600ൽ പരം കുട്ടികളുടെ അപേക്ഷ ലഭിയ്ക്കുകയും 400 ഓളം കുട്ടികൾ ജനുവരി 22 മുതൽ 30 ആം തീയതി വരെ പ്രൊജക്ട് ഓഫീസിൽ വെച്ച് നടത്തിയ ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇന്റർവ്യൂബോർഡിൽ മതിയായ യോഗ്യത ഇല്ലാത്ത സി.പി.എം. അഴൂർ, പെരുംകുഴി ലോക്കൽകമ്മിറ്റി സെക്രട്ടറിമാരെയും, ഒരു മുൻ ഏരിയ കമ്മിറ്റി അംഗത്തെയും സാമൂഹ്യ പ്രവർത്തകർ എന്നപേരിൽ ഉൾപ്പെടുത്തി മാർക്ക് ഇടാൻ അനുവദിച്ചുവെന്നും, ഇവർ ചോദ്യങ്ങൾ മുൻ കൂട്ടി സി.പി.എം അനുഭാവികൾക്ക് ചോർത്തിക്കൊടുത്ത ശേഷം ആണ് ഇന്റർവ്യൂ നടത്തിയത് എന്നും കോൺഗ്രസ് ആരോപിച്ചു.
അർഹരായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും, പ്രൊജക്റ്റ് ഓഫീസറുടെ ഓഫീസിനു മുന്നിൽ അപേക്ഷകരെ ഉൾപ്പെടുത്തി നിരാഹാര സമരം ഇരിക്കുമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്.അജിത്ത് കുമാർ പറഞ്ഞു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ മുട്ടപ്പലം സജിത്തിന്റെ നേതൃത്വത്തിൽ, യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ, ബിജു ശ്രീധർ, പഞ്ചായത്ത് അംഗങ്ങളായ നസിയാ സുധീർ, അൻസിൽ അൻസാരി, നേതാക്കളായ മൻസൂർ, സി.എച്ച്.സജീവ്, ശിവപ്രസാദ്, ബിനോയ് എസ്.ചന്ദ്രൻ, സുരേഷ് ബാബു ചെട്ടിയാർ, ജയ സജിത്ത്, കറുവാമൂട് നാസർ, പെരുംകുഴി സുനിൽ, റഷീദ് റാവുത്തർ, അച്ചു അജയൻ, സുമേഷ് മുട്ടപ്പലം എന്നിവർ സംസാരിച്ചു.
Recent Comments