by Midhun HP News | Jun 24, 2025 | Latest News, ജില്ലാ വാർത്ത
വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവ് ജങ്ഷന് വികസനത്തിന്റെ പേരു പറഞ്ഞ് വ്യാപാരികളെ ഒഴിപ്പിച്ച സ്ഥലം കരാറുകാരന് കെട്ടിടങ്ങള്‍ പൊളിച്ച സാധന സാമഗ്രികളുടെ വില്‍പ്പന കേന്ദ്രമാക്കി മാറ്റിയതായി പരാതി.
വ്യാപാരികളെ ഒഴിപ്പിച്ച സ്ഥലം ഏറ്റെടുത്ത് രണ്ടരമാസക്കാലത്തോളമായിട്ടും എത്രയും വേഗം പുനരധിവാസം നടത്താതെ ഒഴിപ്പിച്ച സ്ഥലത്ത് കെട്ടിടങ്ങള്‍ പൊളിക്കുവാന്‍ കരാര്‍ എടുത്ത കരാറുകാരന് തന്നെ സാധന സാമഗ്രികള്‍ കച്ചവടത്തിനായി നിരത്തി വെച്ചിരിക്കുന്നതായാണ് ആക്ഷേപം. റോഡിന് വശത്തായി ഇരുമ്പ്-മര സാമഗ്രികള്‍ കൂട്ടിയിട്ടിരിക്കുന്നത് വാഹന യാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും തടസ്സമുണ്ടാക്കുന്നുണ്ട്. മണ്ണറക്കോണം-വട്ടിയൂര്‍ക്കാവ് റോഡില്‍ പതിവായി ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്.
കടകളില്‍ സാധനം വാങ്ങാന്‍ എത്തുന്നവരുടെ വാഹനം കൂടെ റോഡിനു വശത്തായി പാര്‍ക്കുചെയ്യുന്നതിനാല്‍ വന്‍ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ എട്ടിന് നടന്ന ജനമൈത്രി യോഗത്തിൽ വ്യാപാരി-വ്യവസായികളും അസോസിയേഷനുകളും കരാറുകാരന്റെ നടപടിയെ എം.എല്‍.എ യുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത മണ്ണറക്കോണം പ്രദേശത്തെ സ്ഥലം കച്ചവട സ്ഥാപനങ്ങളില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് വാഹന പാര്‍ക്കിങ് ഏരിയ ആയി തുറന്നുകൊടുക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. മാസങ്ങളായി കടകള്‍ നഷ്ടപ്പെട്ട വ്യാപാരികള്‍ പട്ടിണിയിലും ദിരിതത്തിലുമാണ് കഴിഞ്ഞുകൂടുന്നത്. അവര്‍ക്ക് പുനരധിവാസത്തിനായുളള നടപടികള്‍ ആയിട്ടുമില്ല. കരാറുകാരന്റെ കയ്യേറ്റം ഉടനടി ഒഴിപ്പിക്കാത്ത പക്ഷം വ്യാപാരി സമൂഹം ഒറ്റക്കെട്ടായി പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പു നല്കുകയുണ്ടായി.
by Midhun HP News | Jun 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും മുഖ്യമന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വിഎസിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ചികിത്സയില്‍ തുടരുന്ന പട്ടം എസ്‌യുടി ആശുപത്രിയിലാണ് വി എസ് ചികിത്സയിലുള്ളത്. രാവിലെ 11.15 ഓടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
‘ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ് യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലയില്‍ നേരിയ പുരോഗതി ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കാര്‍ഡിയോളജിസ്്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്’- മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവര്‍ ആശുപത്രിയിലത്തിയിരുന്നു.
by Midhun HP News | Jun 24, 2025 | Latest News, ജില്ലാ വാർത്ത
വർക്കല നഗരസഭയിൽ സേവനം അനുഷ്ഠിച്ച മുൻ ജീവനക്കാരും ഇപ്പോൾ ജോലി ചെയ്യുന്ന ജീവനക്കാരും ചേർന്ന് സംഘടിപ്പിച്ച സൗഹൃദസംഗമം “ഞങ്ങൾ തുടരും” വർക്കല വല്ലഭൻ ഇൻ്റർനാഷണൽ ഹോട്ടലിൽ വച്ച് നടന്നു.
വർക്കല നഗരസഭയുടെ ചരിത്രത്തിന്റെ ഭാഗമായ നിരവധി മുൻ ജീവനക്കാരും വിവിധ വിഭാഗങ്ങളിൽ സേവനം ചെയ്യുന്ന നിലവിലെ ജീവനക്കാരും സംഗമത്തിൽ പങ്കെടുത്തു. സംഗമത്തിന്റെ ഉദ്ഘാടനം കൊല്ലം ജോയിന്റ് ഡയറക്ടർ സുബോധ്. എസ്. നിർവ്വഹിച്ചു.
റിട്ടയർ ചെയ്ത വിവിധ വിഭാഗം ജീവനക്കാർ, സെക്രട്ടറിമാർ, വിവിധ വകുപ്പുകളുടെ മേൽനോട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വൈകിട്ട് നടന്ന സംഗമത്തിൽ പരിചയപ്പെടൽ, കലാപരിപാടികൾ, വിവിധങ്ങളായ ഗെയിംസ് തുടങ്ങിയവയും അരങ്ങേറി.
by Midhun HP News | Jun 24, 2025 | Latest News, ജില്ലാ വാർത്ത
വിദ്യാഭ്യാസ മേഖലയിലും സാമൂഹിക പ്രവർത്തന രംഗത്തും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ ഭാരത് സേവ ദേശീയ പുരസ്‌കാരം അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ അദ്ധ്യാപകൻ എൻ. സാബുവിന് ലഭിച്ചു. നിരവധി മേഖലകളിൽ വ്യത്യസ്തമായ പദ്ധതികൾക്ക് നേതൃത്വം കൊടുക്കുന്ന മാതൃക അധ്യാപകനാണ് അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ പുരസ്കാരം വിതരണം ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫിസർ കൂടിയായ ഇദ്ദേഹം കെപിഎസ്ടിഎ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ഗാന്ധിദർശൻ പഠന പരിപാടിയുടെ ജില്ലാ കൺവീനറുമാണ്
by Midhun HP News | Jun 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രി വി ശിവന്‍കുട്ടിയാണ് വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി അന്തിമോപചാരം അര്‍പ്പിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് രഞ്ജിത ജി നായരുടെ മൃതദേഹം സ്വദേശമായ പത്തനംതിട്ട പുല്ലാട്ടേക്ക് കൊണ്ടുപോയി. അഹമ്മദാബാദില്‍ നിന്നും പുലര്‍ച്ചെ എത്തിച്ച മൃതദേഹത്തെ ബന്ധുക്കള്‍ അനുഗമിച്ചിരുന്നു. നാട്ടില്‍ നിന്നും ബന്ധുക്കളടക്കം നിരവധി പേര്‍ മൃതദേഹം ഏറ്റുവാങ്ങാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി എത്തിയിരുന്നു. രാവിലെ 10 മണിക്ക് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനം നടത്തും. ഇതിനുശേഷം ഉച്ചയ്ക്ക് 1.30 ന് വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് 4.30 ന് സംസ്‌കാരചടങ്ങുകള്‍ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇന്നലെയാണ് തിരിച്ചറിഞ്ഞത്. വിമാന ദുരന്തം നടന്ന് പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നത്. സഹോദരന്റെ ഡിഎന്‍എ സാംപിള്‍ ഉപയോഗിച്ചായിരുന്നു രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാന്‍ വേണ്ട പരിശോധന നടത്തിയത്. എന്നാല്‍ ഇത് ഫലം കാണാതായതോടെ അമ്മയുടെ ഡി എന്‍ എ സാംപിളും പരിശോധനക്ക് എത്തിച്ചിരുന്നു.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഡിഎന്‍എ പരിശോധയില്‍ 231 ശരീരങ്ങള്‍ തിരിച്ചറിഞ്ഞിട്ടും രഞ്ജിതയുടെ ശരീരം മാച്ചിങ്ങില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുറത്തുവന്ന വന്ന ഫലത്തിലാണ് ശരീരം കണ്ടെത്തിയത്. കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നഴ്‌സായിരുന്ന രഞ്ജിത ജോലിയില്‍ നിന്നും ലീവെടുത്തായിരുന്നു വിദേശത്ത് ജോലിക്ക് പോയത്. സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള നടപടി ക്രമങ്ങള്‍ പുര്‍ത്തിയാക്കാനായി നാട്ടിലെത്തി മടങ്ങുമ്പോഴായിരുന്നു ദുരന്തത്തില്‍പ്പെട്ടത്.
by Midhun HP News | Jun 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചികിത്സയിൽ തുടരുന്നു. വി എസിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ് വിഎസ്. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസ് അച്യുതാനന്ദനെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും മകൻ വി എ അരുൺകുമാർ അറിയിച്ചു. നേരിയ ഹൃദ്രോഗ സാദ്ധ്യത കണ്ടെത്തിയതിനെത്തുടർന്ന് അതിതീവ്ര പരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അച്ഛനിപ്പോഴുള്ളതെന്നും അരുൺകുമാർ വ്യക്തമാക്കി.സിപിഎം നേതാക്കളായ എംഎ ബേബി, എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. 2006-2011 കാലത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നു. മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുണ്ട്.
Recent Comments