നീറ്റ് പരീക്ഷയിൽ 788 ആം റാങ്ക് നേടിയ മുഷ്താക്കിനു സൗഹൃദയുടെ ആദരവ്

നീറ്റ് പരീക്ഷയിൽ 788 ആം റാങ്ക് നേടിയ മുഷ്താക്കിനു സൗഹൃദയുടെ ആദരവ്

കല്ലമ്പലം: ഏകദേശം 23 ലക്ഷം പേർ പങ്കെടുത്ത അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപരീക്ഷയിൽ (NEET) 788ആം റാങ്ക് നേടി ഉന്നത വിജയം കൈവരിച്ച കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശി മുഷ്താക്കിനെ കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ & പാലിയേറ്റീവ് കെയർ യൂണിറ്റ് പൊന്നാടയും പ്രശംസാ ഫലകവും മധുരവും നൽകി ആദരിച്ചു.

ഇടത്തരം കുടുംബ പശ്ചാത്തലത്തിൽ നിന്നും നാവായിക്കുളം, ആലംകോട് എന്നീ സർക്കാർ സ്കൂളുകളിൽ പഠിച്ചു ഇത്ര മികച്ച വിജയം നേടിയ മുഷ്ത്താക്കിനെയും അതിനു വേണ്ട പിന്തുണ നൽകിയ മാതാപിതാക്കളെയും സൗഹൃദ അസോസിയേഷൻ സെക്രട്ടറി ഖാലിദ് പനവിള പ്രകീർത്തിച്ചു. വിദ്യാർഥിയുടെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാകൃഷ്ണ കുറുപ്പ്, സുനിൽ കുമാർ, ഹസീന എന്നിവർ സംസാരിച്ചു.

കേരള കർഷകസംഘം ആറ്റിങ്ങൽ വെസ്റ്റ് വില്ലേജ് സമ്മേളനം നടന്നു

കേരള കർഷകസംഘം ആറ്റിങ്ങൽ വെസ്റ്റ് വില്ലേജ് സമ്മേളനം നടന്നു

ആറ്റിങ്ങൽ: കേരള കർഷകസംഘം ആറ്റിങ്ങൽ വെസ്റ്റ് വില്ലേജ് സമ്മേളനം സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എം പ്രദീപ് ഉദ്ഘാടനം ചെയ്തു. വെസ്റ്റ് വില്ലേജ് പ്രസിഡന്റ് അഡ്വ. എൻ മോഹനൻ നായർ അധ്യക്ഷത വഹിച്ചു.

രക്തസാക്ഷ്യ പ്രമേയം ആർ.എസ് രേഖയും അനുശോചനപ്രമേയം എൽ .ജി വത്സൻദേവും, സംഘടനാ റിപ്പോർട്ട് ഏരിയാ സെക്രട്ടറി സി ദേവരാജനും, പ്രവർത്തന റിപ്പോർട്ട് വില്ലേജ് സെക്രട്ടറി സി.വി അനിൽകുമാറും, വരവ് ചെലവ് കണക്ക് ട്രഷറർ എൽ.ജി വത്സൻദേവും അവതരിപ്പിച്ചു.

പാർട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ ആർ രാജു, സി.ജി വിഷ്ണു ചന്ദ്രൻ, കർഷക സംഘം ജില്ലാക്കമ്മിറ്റി അംഗം സിന്ധു, ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി കൊച്ചുകൃഷ്ണകുറുപ്പ്, എസ് മനോഹരൻ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി.

ചർച്ചകൾക്ക് ശേഷം പ്രവർത്തനറിപ്പോർട്ടും, സംഘടനാ റിപ്പോർട്ടും വരവ്ചെലവ് കണക്കും അംഗീകരിച്ചു. പുതിയ പ്രസിഡന്റായി അഡ്വ. എൻ മോഹനൻ നായരേയും സെക്രട്ടറിയായി സി.വി അനിൽകുമാറിനേയും ട്രഷറായി എൽ.ജി വൽസൻദേവിനേയും തെരഞ്ഞെടുത്തു.

ബൈക്കിൽ കഞ്ചാവ് കടത്തിയ യുവാവിനെ ഡാൻസാഫ് ടീം പിടികൂടി

ബൈക്കിൽ കഞ്ചാവ് കടത്തിയ യുവാവിനെ ഡാൻസാഫ് ടീം പിടികൂടി

ആന്ധ്രയിൽ നിന്നും ബൈക്കിൽ കഞ്ചാവ് കടത്തിയ യുവാവിനെ കല്ലമ്പലത്ത് വച്ച് പോലീസ് പിടികൂടി. 10 കിലോയിലേറെ കഞ്ചാവാണ്‌ ബാലരാമപുരം പള്ളിച്ചൽ സ്വദേശി ആരുൺ പ്രശാന്തിൻറെ (42) പക്കൽ നിന്നും ഡാൻസാഫ് ടീം പിടിച്ചെടുത്തത്.

വർക്കല സ്വദേശിയെ കാണ്മാനില്ല

വർക്കല സ്വദേശിയെ കാണ്മാനില്ല

തിരുവനന്തപുരം ജില്ലയിൽ വർക്കല, ചാലുവിള സരസ്വതി ഭവനിൽ കാർത്തികേയൻ (85) 22/06/2025 (ഞായർ) ഇന്ന് രാത്രി 1.30 ന് ശേഷം കാണാതായി. നീല കോളർ ഉള്ള ടീഷർട്ടും, നീല ചെക്ക് ലുങ്കിയുമാണ് ധരിച്ചിരുന്നത്. ഈ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8281931259 (രാജീവ്) നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ആശ വർക്കർമാർക്ക് മുൻകൂറായി മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ചു

ആശ വർക്കർമാർക്ക് മുൻകൂറായി മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ചു

തിരുവനന്തപുരം: ആശമാർക്ക് മൂന്നുമാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ച് സംസ്ഥാന സർക്കാർ. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഓണറേറിയമാണ് അനുവദിച്ച് ഉത്തരവിറങ്ങിയത്. ആറ് മാസത്തെ തുക മുൻകൂര്‍ അനുവദിക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

സംസ്ഥാനത്തെ 26,125 ആശാവർക്കർമാർക്ക് പ്രതിമാസം 7000 രൂപ വീതം നൽകാനുള്ള 54, 86,25,000 രൂപയാണ് ദേശീയ ഹെൽത്ത് മിഷന് അനുവദിച്ചിട്ടുള്ളത്. ഇതോടെ ജൂൺ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലെ ഓണറേറിയം മുൻകൂറായി ആശ വർക്കർമാരുടെ കൈകളിലെത്തും. നിലവിൽ കുടിശ്ശികയില്ലാതെയാണ് ആശ വർക്കർമാർക്ക് ഓണറേറിയം ലഭ്യമാകുന്നതെന്ന് സർക്കാർ സൂചിപ്പിച്ചു.

വിപണി ഇടപെടലിനായി സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 100 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ്‌ തുക ലഭ്യമാക്കുന്നതെന്ന് മന്ത്രി അറിയിച്ചു. 2011-12 മുതൽ 2024– 25 വരെ, 15 വർഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 7630 കോടി രൂപയാണ് സർക്കാർ നൽകിയത്. അതിൽ 7220 കോടി രൂപയും എൽഡിഎഫ്‌ സർക്കാരുകളാണ്‌ അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മഴ തുടരും; മുന്നറിയിപ്പുകളില്‍ മാറ്റം, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ തുടരും; മുന്നറിയിപ്പുകളില്‍ മാറ്റം, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 11 ജില്ലകളില്‍ കലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളലാണ് യെല്ലോ അലര്‍ട്ട്. 24 നും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. 25/06/2025: ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്. 26/06/2025: ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലും യെല്ലോ മുന്നറിയിപ്പാണുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.