ആറ്റിങ്ങൽ ബോയ്സ് സ്കൂളിൽ അധ്യാപക ഒഴിവ്

ആറ്റിങ്ങൽ ബോയ്സ് സ്കൂളിൽ അധ്യാപക ഒഴിവ്

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.മോഡൽ വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിൽ സുവോളജി എച്ച് എസ് എസ് ടിയുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2026 ജൂലൈ 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് അഭിമുഖം നടത്തുന്നു. സർട്ടിഫിക്കറ്റ് പകർപ്പും സിവിയുമായി ഉദ്യോഗാർത്ഥികൾ ഹാജരാകേണ്ടതാണെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.

ഓസ്ട്രേലിയയില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു

ഓസ്ട്രേലിയയില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു

ബ്രിസ്‌ബെയ്ന്‍: ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. ജൈഡന്‍ ജോ സാനി (17) ആണ് മരിച്ചത്. ക്വീന്‍സ്ലന്‍ഡിലെ ലാസീ ക്രീക്കില്‍ ജൂലൈ 12ന് ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം. മാതാപിതാക്കള്‍: ജോ സാനി, ട്രീസ സിജോ.

ജൈഡന്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജൈഡനെ എയര്‍ ആംബുലന്‍സില്‍ റോയല്‍ ബ്രിസ്‌ബെയ്ന്‍ ആന്‍ഡ് വിമന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.

അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന 55കാരന് പരുക്കേറ്റിട്ടില്ല. അപകടത്തില്‍ ക്വീന്‍സ്ലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആറ്റിങ്ങൽ നഗരസഭ കൗൺസിലറിന്റെ പിതാവ് രാമചന്ദ്രൻ നായർ (78) അന്തരിച്ചു

ആറ്റിങ്ങൽ നഗരസഭ കൗൺസിലറിന്റെ പിതാവ് രാമചന്ദ്രൻ നായർ (78) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചിയിൽ ആർ എസ്സ് നിവാസിൽ രാമചന്ദ്രൻ നായർ (78) അന്തരിച്ചു. ബി ജെ പി നോർത്ത് ജില്ല വൈസ് പ്രസിഡന്റും ആറ്റിങ്ങൽ നഗരസഭ കൗൺസിലറുമായ രാജലക്ഷ്മിയുടെ
(മഞ്ചു) പിതാവാണ്.

ഭാര്യ: രാധമ്മ
മകൻ: രാജേഷ്
ആറ്റിങ്ങൽ കരിച്ചയിൽ 2 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും

കടയ്ക്കാവൂർ ലേഖകനായിരുന്ന ഡി. ശിവദാസ് (90) നിര്യാതനായി

കടയ്ക്കാവൂർ ലേഖകനായിരുന്ന ഡി. ശിവദാസ് (90) നിര്യാതനായി

ആറ്റിങ്ങൽ: ദീർഘകാലം കേരള കൗമുദിയിൽ കടയ്ക്കാവൂർ ലേഖകനായിരുന്ന ഡി. ശിവദാസ് (90) നിര്യാതനായി. അഞ്ചുതെങ്ങ് നെടുങ്ങണ്ടയാണ് സ്വദേശം. രണ്ട് മാസമായി വാർദ്ധക്യ സഹജമായ അവശതയിലായിരുന്നു. അതിനു തൊട്ടുമുമ്പുവരെയും വാർത്തകൾ ചെയ്യുമായിരുന്നു

പ്രായപൂർത്തിയായതു മുതൽ കേരള കൗമുദി പത്രത്തിൻ്റെ ഏജൻസിയും കൈകാര്യം ചെയ്തിരുന്നു. ഒപ്പം വാർത്തകളും പരസ്യവും ശ്രദ്ധേയമായ വിധം പത്രത്തിൽ കൊടുത്തിരുന്നു. ഇരുപത് വർഷത്തോളമായി അദ്ദേഹം കേരളകൗമുദി കടയ്ക്കാവൂർ ബ്യൂറോ ഓഫീസിൽ പ്രവർത്തനം തുടങ്ങിയിട്ട്. ഇതോടൊപ്പം കുമാരനാശാൻ സ്മാരകത്തിൻ്റെയും വിവിധ സാംസ്കാരിക സംഘടനകളുടെയും പ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്നു.

ഭാര്യ: രത്നമ്മ.
മക്കൾ: പരേതയായ അനിത, അജിത (നിലയ്ക്കാമുക്ക് ഏജന്റ്), അജികുമാർ (ഷാർജ), അർച്ചന.
മരുമക്കൾ: ശിവകുമാർ, സുരേഷ് ബാബു (കായിക്കര ഏജന്റ്), മണി, അഭില.

അദാനി ഗ്രൂപ്പിന്റെ കൊളംബോ തന്ത്രം; വിഴിഞ്ഞത്ത് എംഎസ്സി സഖ്യത്തിലൂടെ ചരിത്ര മുന്നേറ്റം ലക്ഷ്യം

അദാനി ഗ്രൂപ്പിന്റെ കൊളംബോ തന്ത്രം; വിഴിഞ്ഞത്ത് എംഎസ്സി സഖ്യത്തിലൂടെ ചരിത്ര മുന്നേറ്റം ലക്ഷ്യം

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് ശൃംഖലയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയും (MSC) തമ്മിലുള്ള 13,000 കോടി രൂപയുടെ ഓഹരി കൈമാറ്റ കരാർ യാഥാർത്ഥ്യമാകുന്നതോടെ, അയൽരാജ്യമായ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തിന്റെ വലിയൊരു പങ്ക് കാർഗോ ബിസിനസ്സും ഇന്ത്യയിലേക്ക് വഴിമാറുമെന്ന് അദാനി ഗ്രൂപ്പ്.

വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ നടപ്പിലാക്കുന്ന, രാജ്യത്തെ തന്നെ ഏറ്റവും വലിയ ഒറ്റത്തവണ വിദേശ സ്വകാര്യ നിക്ഷേപമായി വിശേഷിപ്പിക്കപ്പെടുന്ന ഈ കരാറിനെതിരെ മുഖ്യമന്ത്രി വിഡി സതീശൻ ഉന്നയിച്ച ആശങ്കകൾക്ക് മറുപടിയായി സംസ്ഥാന സർക്കാരിന് നൽകിയ കത്തിലാണ് അദാനി ഗ്രൂപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം മാത്രം 8.4 ദശലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത കൊളംബോ തുറമുഖം നിലവിൽ ഈ മേഖലയിലെ പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി തുടരുകയാണെങ്കിലും, അദാനി-എംഎസ്സി സഖ്യം പ്രാദേശിക സമുദ്ര വ്യാപാര സമവാക്യങ്ങളെ പൂർണ്ണമായി തിരുത്തിയെഴുതും. 2028 ഡിസംബറോടെ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനം പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ ശേഷി 3.5 മടങ്ങ് വർദ്ധിച്ച് 5.7 ദശലക്ഷം ടിഇയുവായി ഉയരും.

അദാനി ഗ്രൂപ്പിന്റെ കത്തിലെ പ്രധാന വിശദീകരണങ്ങൾ

സംസ്ഥാന സർക്കാരിന്റെ അന്തിമ അനുമതിക്കായി അപേക്ഷ സമർപ്പിച്ചതിന് പിന്നാലെ അദാനി പോർട്സ് സിഇഒ അശ്വനി ഗുപ്ത ഈ സഖ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് ലൈനായ എം.എസ്.സിയുടെ സാന്നിധ്യം കൊളംബോ ഉൾപ്പെടെയുള്ള പ്രാദേശിക ഹബ്ബുകളിൽ നിന്നുള്ള പ്രധാന കാർഗോ ട്രാഫിക്കിനെ വിഴിഞ്ഞത്തേക്ക് നേരിട്ട് ആകർഷിക്കും.

ഇത് തുറമുഖ ആവാസവ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും പ്രാദേശികമായി വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകും.കരാർ ഒപ്പിട്ടാലും വിഴിഞ്ഞം ഒരു ‘കോമൺ യൂസർ ടെർമിനൽ’ ആയിത്തന്നെ തുടരും. മറ്റെല്ലാ അന്താരാഷ്ട്ര കപ്പൽ കമ്പനികൾക്കും വിവേചനരഹിതമായ പ്രവേശനവും തുല്യ അവകാശവും വിഴിഞ്ഞത്ത് ഉറപ്പാക്കും. ഈ തന്ത്രപ്രധാനമായ പങ്കാളിത്തത്തിലൂടെ വിഴിഞ്ഞത്തുനിന്നും കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ബംഗ്ലാദേശിലേക്കും പുതിയ കപ്പൽ സർവീസുകൾ ആരംഭിക്കാൻ സാധിക്കും.

തുറമുഖ നിയന്ത്രണം അദാനിക്ക് തന്നെ; അന്തിമ തീരുമാനം മന്ത്രിസഭയുടെ
വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പവകാശമുള്ള ‘അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ’ 49 ശതമാനം ഓഹരികൾ സ്വിറ്റ്സർലൻഡ് ആസ്ഥാനമായയുള്ള എംഎസ്സി കമ്പനിക്ക് 13,000 കോടി രൂപയ്ക്ക് വിൽക്കാനാണ് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് ലക്ഷ്യമിടുന്നത്.

ഓഹരികൾ കൈമാറിയാലും തുറമുഖത്തിന്റെ ഭൂരിപക്ഷ ഓഹരി നിയന്ത്രണം അദാനി ഗ്രൂപ്പിന്റെ പക്കൽ തന്നെ സുരക്ഷിതമായി തുടരുകയുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരണസമിതിയിലെ ഭൂരിപക്ഷം ഡയറക്ടർമാരെയും നിശ്ചയിക്കുന്നതും തുറമുഖത്തിന്റെ സമ്പൂർണ്ണ പ്രവർത്തനങ്ങളും മാനേജ്‌മെന്റും നിലവിലെ കരാർ വ്യവസ്ഥകൾക്ക് വിധേയമായി അദാനി ഗ്രൂപ്പ് തന്നെയായിരിക്കും നിർവ്വഹിക്കുക. അദാനി ഗ്രൂപ്പിന്റെ അപേക്ഷ നിലവിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന എംപവേർഡ് കമ്മിറ്റിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷം, കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ സംസ്ഥാന മന്ത്രിസഭയായിരിക്കും ഈ കരാറിൽ അന്തിമ തീരുമാനമെടുക്കുക.

കൊളംബോയുടെ 80% ബിസിനസ്സും ഇന്ത്യൻ കാർഗോ; വിഴിഞ്ഞത്തിന് ഭൂമിശാസ്ത്രപരമായ മേൽക്കൈ

ചരിത്രപരമായി കൊളംബോ തുറമുഖം അതിന്റെ നിലനിൽപ്പിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. കൊളംബോ കൈകാര്യം ചെയ്യുന്ന ആകെ ട്രാൻസ്ഷിപ്പ്മെന്റ് കാർഗോയുടെ 80 ശതമാനവും ഇന്ത്യൻ തുറമുഖങ്ങളിൽ നിന്നുള്ളതോ ഇന്ത്യയിലേക്ക് വരാനുള്ളതോ ആയ കണ്ടെയ്നറുകളാണ്. വിഴിഞ്ഞത്തിന് ആവശ്യമായ ശേഷി കൈവരുന്നതോടെ ഈ കാർഗോ കൊളംബോ വഴി തിരിച്ചുവിടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് നവി മുംബൈയിലെ ജവഹർലാൽ നെഹ്‌റു പോർട്ട് മുൻ ആക്ടിങ് ചെയർമാൻ ജോസ് പോളും മുൻ ഷിപ്പിംഗ് സെക്രട്ടറി കെ. മോഹൻദാസും വ്യക്തമാക്കുന്നു.

ഇന്റർനാഷണൽ ഈസ്റ്റ്-വെസ്റ്റ് ഷിപ്പിംഗ് റൂട്ടിൽ (അന്താരാഷ്ട്ര കപ്പൽ ചാനൽ) നിന്നും കൊളംബോ തുറമുഖത്തിലേക്ക് 30 നോട്ടിക്കൽ മൈൽ സഞ്ചരിക്കേണ്ടതുണ്ടെങ്കിൽ, വിഴിഞ്ഞത്തേക്ക് വെറും 10 നോട്ടിക്കൽ മൈൽ ദൂരം മാത്രമാണുള്ളത്. ഈ ഭൂമിശാസ്ത്രപരമായ മേൽക്കൈ വിഴിഞ്ഞത്തിന് വൻ അനുകൂല ഘടകമാണ്. പ്രവർത്തനം ആരംഭിച്ച് വെറും 18 മാസത്തിനുള്ളിൽ 2 ദശലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് ചരിത്ര നേട്ടം കുറിച്ച വിഴിഞ്ഞത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ച, സിംഗപ്പൂർ, ടാൻജുങ് പെലെപാസ് തുറമുഖങ്ങളുടെ ബിസിനസ്സിനെയും വരും നാളുകളിൽ ഇന്ത്യയിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.

കടൽഭിത്തി പൊളിച്ചുനീക്കിയവർക്കെതിരെ പരാതിനൽകി

കടൽഭിത്തി പൊളിച്ചുനീക്കിയവർക്കെതിരെ പരാതിനൽകി

അഞ്ചുതെങ്ങ് കായിക്കരയിൽ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ കടൽഭിത്തി പൊളിച്ചുനീക്കിയതിനെതിരെ പരാതി നൽകി. കായിക്കര അയ്യപ്പാതോട്ടം തൊമ്മൻവിളാകത്ത് 25 മീറ്ററോളം വരുന്ന കടൽഭിത്തി പൊളിച്ചുനീക്കിയ സംഭവത്തിലാണ് കായിക്കര കുമാരനാശാൻ ജന്മഭൂമി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പരാതി നൽകിയത്.

അനധികൃതമായി കടൽ ഭിത്തി പൊളിച്ചു നീക്കുന്നത് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിൽ പ്രദേശവാസികൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധ സർക്കാർ വകുപ്പുകൾ സ്ഥലത്തെത്തി പരിശോധിക്കുകയും 25 മീറ്ററോളം കടൽഭിത്തി പൊളിച്ച് കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നതായി കണ്ടത്തുകയും ചെയ്തിരുന്നു. ജെസിബി വാഹനമുപയോഗിച്ചാണ് ഈ അനധികൃത പ്രവർത്തി നടത്തിയത്. ഈ പ്രവർത്തി രാജ്യ സുരക്ഷയ്ക്കും, കടൽതീര സംരക്ഷണത്തിന് ആഘാതവും കടലാക്രമണ ഭീഷണിക്കും കാരണമാകുമെന്നത് ചൂണ്ടികാട്ടിയാണ് തിരുവനന്തപുരം റൂറൽ, ജില്ലാ പോലീസ് മേധാവി, ഡി.വൈ.എസ്.പി, അഞ്ചുതെങ്ങ് പോലീസ്, മേജർ ഇറിഗേഷൻ തുടങ്ങിയവർക്കാണ് പരാതി നൽകിയത്.